സ്വന്തം വലയിലേക്ക് ഗോളടിക്കുന്ന മുസ്‌ലിം സമുദായം

ആകാശവും ഭൂമിയും കടലും കരയും ചന്ദ്രനും ഭൂമിയും നിറവുമൊക്കെ ജാതിമതങ്ങള്‍ വീതിച്ചെടുക്കുന്ന കാലത്ത് പച്ചക്കളറില്‍ ചന്ദ്രക്കല വരച്ച ഒരു ചിത്രം എവിടെയെങ്കിലും കാണുമ്പോള്‍ തോന്നാറുണ്ട്, അതിലെന്തോ ഒരു മുസ്‌ലിം വിഷയമുണ്ടെന്ന്. 2015 ഡിസംബര്‍ ലക്കം മലയാളം വാരിക മുസ്‌ലിം രാഷ്ട്രീയ വിശകലനങ്ങള്‍ കൈകാര്യം ചെയ്തതുകൊണ്ടായിരിക്കണം അത്തരമൊരു കവര്‍ കൊടുത്തതെന്നു കരുതുന്നു. 'സ്വന്തം വലയിലേക്ക് ഗോളടിക്കുന്ന മുസ്‌ലിം രാഷ്ട്രീയം' എന്ന പേരില്‍ പി.എസ് റംഷാദ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിനകത്തുള്ള പാര്‍ട്ടികളെകുറിച്ച് രാഷ്ട്രീയ വിശകലനം നടത്തുന്നുണ്ട്. ന്യൂനപക്ഷസമുദായത്തിന്റെ രാഷ്ട്രീയത്തിലെ പരസ്പര മത്സരങ്ങള്‍ക്ക് ഇടം എവിടെയാവാമെന്ന അന്വേഷണത്തിന് പ്രസക്തിയുണ്ടെന്ന പറച്ചിലിലൂടെ ഈ കളിയില്‍ ആരുടെ ഗോള്‍വലയാണ് കുലുങ്ങിയതെന്ന അന്വേഷണമാണ് ലേഖകന്‍ നടത്താന്‍ ശ്രമിച്ചതെന്നു തോന്നുന്നു.

സമുദായത്തിലെ പാര്‍ട്ടികളായ മുസ്‌ലിം ലീഗ് പി.ഡി.പി, ഐ.എന്‍എല്‍, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുടെ നേതാക്കന്മാര്‍ തെരഞ്ഞെടുപ്പു വേളയിലും വിധി വന്നതിനുശേഷവും നടത്തിയ പ്രസ്താവനകളിലൂടെ ലേഖകന്‍ കടന്നുപോകുന്നുണ്ട്. ലീഗിന്റെ ഇരു സമസ്തകളുടെയും സ്വാധീനവും ലീഗിനോട് വൈമനസ്യമുള്ള എ.പി വിഭാഗം സുന്നികളുടെ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യമുഖ്യവുമൊക്കെ ഈ ലേഖനത്തിലുടനീളം പ്രസ്താവിക്കുകയാണ്. സമസ്ത എന്നാല്‍ ലീഗും ലീഗെന്നാല്‍ സമസ്തയുമായിരുന്ന സ്ഥിതി മാറുന്നതിന്റെ സൂചനകള്‍ അദ്ദേഹം കാണുന്നു. കൂടാതെ കോണ്‍ഗ്രസ് ലീഗ് അടിയുടെ തുടക്കമായി ചില നിരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെതായി ഉണ്ട്. പത്ത് പേജോളം വരുന്ന ലേഖനത്തില്‍ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ രാഷ്ട്രീയ നിരീക്ഷണത്തിനും വിധേയമാക്കുകയാണ് ലേഖകന്‍ ചെയ്യുന്നത്.

പൗരത്വം ഉറക്കെപ്പറയേണ്ട ഗതികേട്
'ഇന്ത്യക്കാരനായ ഒരു പൗരന് താന്‍ ഇന്ത്യക്കാരനാണെന്നു പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാകുന്ന നിരഭാഗ്യകരമായ അവസ്ഥ'യെ കുറിച്ചാണ് 'അമീര്‍ഖാന്റെ ഉത്കണ്ഠകള്‍' എന്ന പേരില്‍ എസ്. ജയചന്ദ്രന്‍ നായരുടെ നിരീക്ഷണം. ഈ നിരീക്ഷണം വന്നിരിക്കുന്നത് 2015 ഡിസംബര്‍ കലാകൗമുദി വാരികയിലാണ്. ഗോദ്‌സെയെ തൂക്കിക്കൊന്ന ദിവസം ബലിദാന ദിവസമായി ആചരിക്കുകയും ഇനിയൊരു ഗാന്ധിക്ക് ഇടമില്ലെന്നും അങ്ങനെവന്നാല്‍ ആയിരം ഗോദ്‌സെമാര്‍ ഉണ്ടാകുമെന്നുമുള്ള ഹിന്ദുമഹാസഭാ നേതാവിന്റെ ചോദ്യം ആരെയാണ് ഉന്നംവെക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനത്തെ രാജ്യത്തിനെതിരെയുള്ള വിമര്‍ശനമായി വ്യാഖ്യാനിക്കുന്ന നിലവിലെ പാരിസ്ഥികാവസ്ഥയെ ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം ലേഖനത്തിലൂടെ. സാമൂഹ്യ രാഷ്ട്രീയ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരായ ആമിര്‍ഖാനെപ്പോലുള്ളവര്‍ അവര്‍ തന്നെ അസഹിഷ്ണുതയുടെ ഊഷ്മാവ് അസഹീനമായിരിക്കുന്നു എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ പഴയ രീതിയിലല്ല തുടരുന്നതെന്ന യാഥാര്‍ഥ്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമൂഹം അഅസ്വസ്ഥരാണെന്ന് അമീര്‍ഖാനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതേപ്പറ്റി ശ്രദ്ധിക്കാന്‍ നാം ബാധ്യസ്ഥരാണെന്നാണ് അദ്ദേഹം പറയുന്നത്.

ശാഹ് വലിയുല്ലാഹ്
പഠനാര്‍ഹവും ബൗന്ധിക നിലവാരം ഏറെ പുലര്‍ത്തുന്നതുമായ കനപ്പെട്ട ചിന്തകള്‍ തരുന്ന ത്രൈമാസികയാണ് ബോധനം. പഠന പരിശ്രമങ്ങളുടെ ഭാഗമായിക്കൊണ്ടാണ് അതിലെ ഓരോ ലക്കവും ഇറങ്ങുന്നത്. ഗവേഷണ സ്വഭാവത്തില്‍ പുറത്തിറങ്ങുന്ന ബോധനത്തിന്റെ ഈ ലക്കം (2015 ഒക്‌ടോബര്‍ ഡിസംബര്‍ ) ഇറങ്ങിയിരിക്കുന്നത് പ്രമുഖ പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശാഹ് വലിയുല്ലാഹഹിദ്ദഹ്ലവിയുടെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്‌കരണ പരിശ്രമങ്ങലെ കുറിച്ചുമാണ.് എണ്‍പത്തിയൊന്നു പേജു വരുന്ന ഇതിലെ നാല്‍പത്തി ആറോളം പേജുകള്‍ അതുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍, വിമര്‍ശനങ്ങളുടെ രാഷ്ടരീയ വായന അഹുലുല്‍ റഅ്‌യിന്റെയും അഹ്‌ലുല്‍ ഹദീസിന്റെയും ചരിത്രപശ്ചാത്തലത്തെ മുന്‍നിറുത്തി ശാഹ് വലിയുല്ലാഹ് അദ്ദഹ്ലിലവിയുടെ തന്നെ ലേഖനം, അദ്ദേഹത്തിന്റെ ഹജ്ജ് യാത്രയും വൈജ്ഞാനിക സ്വാധീനവും തുടങ്ങി ഇസ്‌ലാമിക വിഞ്‌നാനം സത്വം, ദൈവം ധര്‍മം, പ്രഥമ അധിനിവേശ പോരാട്ടം എന്നീ ഈടുറ്റ ലേഖനങ്ങളും ഈ ലക്കം ബോധനത്തിന്റെതായുണ്ട്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics