ഇക്‌രിമ ജയിലില്‍ അടക്കപ്പെടുന്നു

ജാബിറു അഥ്‌റാതില്‍ കിറാം 4

ജാബിറു അഥ്‌റാതില്‍ കിറാം 4

തനിക്ക് കിട്ടിയ പണവുമായി ഖുസൈമ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ അടുത്തേക്ക് പുറപ്പെട്ടു. ഖലീഫയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായിത്തീരേണ്ട ഒരു ഗുണമാണത്. അതുകൊണ്ട് തന്നെ സുലൈമാന്‍ കൂട്ടുകാരനെ സ്വാഗതം ചെയ്തു. ഫ്രാന്‍സിനും ചൈനക്കും ഇടയിലെ പ്രവിശാലമായ ഭൂപ്രദേശങ്ങളുടെ ഭരണാധികാരിയാണ് താനെന്നത് ഖുസൈമയെ കൂടെയിരുത്തുന്നതിനും സംസാരിക്കുന്നതിനും വിശേഷങ്ങള്‍ ചോദിക്കുന്നതിനും തടസ്സമായില്ല. തനിക്ക് പണക്കിഴി ലഭിച്ച കഥ അദ്ദേഹം ഖലീഫക്ക് വിശദീകരിച്ചു കൊടുത്തു. സംസാരം ജാബിറു അഥ്‌റാത്തില്‍ കിറാമില്‍ (ഉദാരമാരെ വീഴ്ച്ചയില്‍ സഹായിക്കുന്നവന്‍) എത്തിയപ്പോള്‍ ആരാണ് അയാളെന്ന് ഖലീഫ ചോദിച്ചു.

ഖുസൈമ: അമീറുല്‍ മുഅ്മിനീന്‍ എനിക്കയാളെ അറിയില്ല.
അയാളെ കുറിച്ച് അറിയാനുള്ള ആകാംക്ഷയോടെ സുലൈമാന്‍ പറഞ്ഞു: ആരായിരിക്കും അത്, അവന്റെ ഔന്നിത്യത്തിനും ഉദാരതക്കും നമുക്ക് പ്രതിഫലം നല്‍കാം.

സന്ദര്‍ശനം അവസാനിപ്പിച്ച് തിരിച്ച് പോരുമ്പോള്‍ ജസീറ പ്രദേശത്തിന്റെ ഗവര്‍ണര്‍ സ്ഥാനം ഖുസൈമക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ പാപ്പരായി പോയ ഖുസൈമ ഗവര്‍ണറായി മടങ്ങി. ഈ വാര്‍ത്ത ജനങ്ങള്‍ അറിഞ്ഞു. ആളുകള്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.

ജനങ്ങള്‍ എപ്പോഴും കാലത്തിനൊപ്പമാണ്. സമയം ഒരാള്‍ക്ക് അനുകൂലമാണെങ്കില്‍ അയാള്‍ക്കൊപ്പം അവരുമുണ്ടാകും. പ്രതികൂലമാണെങ്കിലോ അവരും പ്രതികൂലമായിരിക്കും. ഇന്നലെ പട്ടിണി കിടന്ന് വാതിലടച്ചപ്പോള്‍ അയാളിലേക്ക് തിരിഞ്ഞു നോക്കാത്ത ജനം യാതൊരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇറങ്ങി പുറപ്പെട്ടു. അതിനെ കുറിച്ചൊന്നും അവര്‍ ചിന്തിച്ചില്ല. അദ്ദേഹത്തിന്റെ ഔദാര്യത്തിന്റെ കരങ്ങള്‍ അവരെ വലയം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് ഒരു പരീക്ഷണ ഘട്ടം വന്നപ്പോള്‍ അവരില്‍ ഭൂരിഭാഗവും മുഖംതിരിച്ചു. അനുഗ്രഹീതമായ അവസ്ഥയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്തുതിപാഠകരായിരുന്നു അവര്‍. എക്കാലയത്തും എല്ലായിടത്തുമുള്ള ജനങ്ങളുടെ അവസ്ഥ ഇതുതന്നെ. കിരീടമണിയക്കപ്പെടുമ്പാള്‍ രാജാവിന് വേണ്ടി ആദ്യം മുദ്രാവാക്യം മുഴക്കുന്നവര്‍ തന്നെയാണ് അദ്ദേഹം പുറത്താക്കപ്പെടുമ്പോള്‍ ആക്ഷേപവുമായി ആദ്യം രംഗത്ത് വരുന്നതും.

ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ അധികാരമാണ് അന്നുണ്ടായിരുന്നത്. ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ പിന്‍ഗാമിയായി വരുന്നയാള്‍ അദ്ദേഹത്തെ വിചാരണ ചെയ്ത് അദ്ദേഹത്തില്‍ നിന്ന് സമ്പത്ത് ഏറ്റെടുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഖുസൈമ മുന്‍ ഗവര്‍ണറായിരുന്ന ഇക്‌രിമത്തുല്‍ ഫയ്യാദിനെ വിചാരണക്കായി വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ കൈവശം അവശേഷിക്കുന്ന സമ്പത്ത് തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടു. അതിന് അദ്ദേഹത്തിന് സാധിക്കാതെ വന്നപ്പോള്‍ ഇക്‌രിമ ജയിലിലടക്കപ്പെട്ടു. (തുടരും)

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus