ഇസ്തിഗ്ഫാറും ധന്യജീവിതവും

عَنْ أَبِى ذَرٍّ عَنِ النَّبِىِّ –صلى الله عليه وسلم- فِيمَا رَوَى عَنِ اللَّهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ : يَا عِبَادِى إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا فَاسْتَغْفِرُونِى أَغْفِرْ لَكُمْ  (مسلم)

അബൂദര്‍റില്‍ നിന്ന് നിവേദനം. അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ ഉദ്ധരിക്കുന്നു: എന്റെ ദാസന്മാര്‍ രാത്രിയിലും പകലും തെറ്റുകള്‍ ചെയ്യുന്നു. ഞാനെല്ലാ തെറ്റുകളും പൊറുക്കുന്നു. അതിനാല്‍ എന്നോട് പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്കു പൊറുത്തുതരും. (മുസ്‌ലിം)

عَبْدٌ (ج) عِبَادٌ : ദാസന്‍
أَخْطَأَ : തെറ്റ് ചെയ്തു
تُخْطِئُونَ : നിങ്ങള്‍ തെറ്റ് ചെയ്യുന്നു
لَيْلٌ : രാത്രി
نَهَارٌ : പകല്‍
غَفَرَ : അവന്‍ പൊറുത്തു
أَغْفِرُ : ഞാന്‍ പൊറുക്കുന്നു
ذَنْبٌ (ج) ذُنُوبٌ : തെറ്റ്, കുറ്റം
جَمِيعٌ : എല്ലാം
اِسْتَغْفَرَ : പാപമോചനം തേടി

മനുഷ്യന്‍ പ്രകൃത്യാ വീഴ്ചകളും മറവിയും സംഭവിക്കുന്നവനാണ്. അല്ലാഹുവാകട്ടെ തന്റെ സൃഷ്ടികളോട് കാരുണ്യമുള്ളവനുമാണ്. മാപ്പ് നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു. അല്ലാഹു പറഞ്ഞു: പറയുക തങ്ങളോട് തന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് നിങ്ങള്‍ നിരാശരാകരുത്. സംശയം വേണ്ട, അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ് (അസ്സുമര്‍ 53).

ഇസ്‌ലാം പറയുന്നു: മനുഷ്യരേ, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. അവന്റെ കല്‍പനക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുത്. അവനോടുള്ള ധിക്കാരത്തില്‍ ഉറച്ചു നില്‍ക്കുകയും അരുത്. നിങ്ങള്‍ നിങ്ങളുടെ നാഥനിലേക്ക് മടക്കപ്പെടുന്ന ദിനത്തെ ഭയപ്പെടുക. അന്ന് നിങ്ങളുടെ കര്‍മപുസ്തകം പ്രദര്‍ശിപ്പിക്കപ്പെടും. നിങ്ങളുടെ മുഖങ്ങളെ ഇരുണ്ടതാക്കുന്ന യാതൊന്നും അതില്‍ രേഖപ്പെടാതിരിക്കാന്‍ ശ്രമിക്കുക. അല്ലാഹുവിലേക്ക് മടങ്ങാനും പശ്ചാത്തപിക്കാനും ധൃതി കൂട്ടുക. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ് പാപമോചനം തേടുക. പശ്ചാത്തപിക്കുന്നവരുടെ എല്ലാ പാപങ്ങളും അല്ലാഹുവിന്റെ പാപമോചനത്തില്‍ ഉള്‍പ്പെടുന്നു. അവന്റെ കാരുണ്യം എല്ലാ സൃഷ്ടികള്‍ക്കും പൊതുവാണ്. അല്ലാഹു പറഞ്ഞു: നിന്റെ നാഥന്‍ വിശാലമായി പാപമോചനം നല്‍കുന്നവനാണ്. (അന്നജ്മ്: 32)

അല്ലാഹു തന്റെ ദാസന്മാരെ, തെറ്റുകളില്‍ നിന്ന് പശ്ചാത്തപിക്കുന്നതിനായി ക്ഷണിക്കുന്നു. അതുപോലെ, കുറ്റങ്ങളില്‍ നിന്ന് പാപമോചനമര്‍ഥിക്കാനും. അല്ലാഹു പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് പാപമോചനത്തിനര്‍ഥിക്കുക.പശ്ചാത്തപിക്കുക. (ഹൂദ്: 3)

പാപമോചനത്തിനര്‍ഥിക്കല്‍ അല്ലാഹുവിന്റെ സാമീപ്യം നേടാന്‍ ഏറെ ഉപയുക്തമാണ്. തഖ്‌വയുടെ പദവികളില്‍ ഉന്നതമായതത്രെ അത്. ഇഹലോകത്ത് തെറ്റുകള്‍ മറച്ചുവെക്കാനും പൊറുക്കാനും, പരലോകത്ത് ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനും അപേക്ഷിക്കലാണത്. ഇത് ഖേദത്തില്‍ നി്ന്നും തെറ്റില്‍ നിന്ന് മോചനം നേടാനുള്ള നിയ്യത്തില്‍ നിന്നും തെറ്റിലേക്ക് മടങ്ങാതിരിക്കാനുള്ള ദൃഢനിശ്ചയത്തില്‍ നിന്നുമാണ് ഉണ്ടാവുന്നത്. യഥാര്‍ഥ സത്യവിശ്വാസികളെ കുറിച്ച് അല്ലാഹു പറഞ്ഞു: വല്ല നീച കൃത്യവും ചെയ്യുകയോ തങ്ങളോട് തന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍. തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹു അല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ഉറച്ചുനില്‍ക്കുകയില്ല (ആലുഇംറാന്‍ 135).

പാപമോചനാര്‍ഥനയില്‍ ധാരാളം പ്രയോജനങ്ങള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അതില്‍ പെട്ട ചിലത് താഴെ ചേര്‍ക്കുന്നു:
അത് തെറ്റുകളും പാപങ്ങളും മായ്ക്കുന്നു. തെറ്റില്‍ ഉറച്ചു നില്‍ക്കാത്തവരുടെ തെറ്റുകള്‍ മായ്ക്കുന്നു. അല്ലാഹു പറഞ്ഞു: തെറ്റു ചെയ്യുകയോ തന്നോട് തന്നെ അതിക്രമം കാണിക്കുകയോ ചെയ്ത ശേഷം അല്ലാഹുവിനോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണ്ടെത്തുന്നതാണ്. (അന്നിസാഅ്: 110)

അനസുബ്‌നു മാലികില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു അരുള്‍ ചെയ്തിരിക്കുന്നു: ഹേ മനുഷ്യാ നീ എന്നോട് പ്രാര്‍ഥിക്കുകയാണെങ്കില്‍ നിന്റെ തെറ്റുകള്‍ എത്രയാണെങ്കിലും ഞാന്‍ നിനക്കവ പൊറുത്തുതരും. എനിക്കത് പ്രശ്‌നമല്ല. ഹേ മനുഷ്യാ, നിന്റെ തെറ്റുകള്‍ ആകാശത്തോളം എത്തുകയും എന്നിട്ട് നീ എന്നോട് പാപമോചനത്തിനര്‍ഥിക്കുകയും ചെയ്താല്‍ ഞാന്‍ നിനക്കവയെല്ലാം പൊറുത്തു തരും. എനിക്കത് പ്രശ്‌നമല്ല. ഹേ മനുഷ്യാ, നീ ഭൂമിയോളം പാപങ്ങളുമായി വന്നാലും പിന്നെ എന്നില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത അവസ്ഥയില്‍ നീയെന്നെ കണ്ടുമുട്ടുകയുമാണെങ്കില്‍ അത്രയും പാപമോചനവുമായി ഞാന്‍ നിന്റെയടുക്കലെത്തും.(1)

ഒരു ദാസന്‍ തന്റെ തെറ്റില്‍ നിന്ന് മാറി നില്‍ക്കുകയും എന്നിട്ട് അല്ലാഹുവിനോട് പാപമോചനമര്‍ഥിക്കുകയും ചെയ്താല്‍ അവന്റെ മനസ്സ് ശുദ്ധിയാവുകയും അവന്റെ മനസ്സില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. നബി(സ) പറഞ്ഞു: ഒരു ദാസന്‍ തെറ്റ് ചെയ്താല്‍ അവന്റെ ഹൃദയത്തില്‍ അത് ഒരു കറുത്ത പുള്ളിയുണ്ടാക്കും. അതില്‍ നിന്നവന്‍ മാറി അല്ലാഹുവിനോട് പാപമോചനത്തിനര്‍ഥിച്ചാല്‍ അവന്‍ സ്വീകരിക്കും. അവന്റെ ഹൃദയം ശുദ്ധമാകും.(2)

അറിയുക ജീവിത വിഭവങ്ങളുടെ ലഭ്യതയുടെയും സുഖജീവിതത്തിന്റെയും ദൈവിക സമ്മാനങ്ങളുടെയും ഐഹിക നേട്ടങ്ങളുടെയും വാതിലാണ് പാപമോചന പ്രാര്‍ഥന. നൂഹ് നബിയുടെ വാക്കുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ഞാന്‍ പറഞ്ഞു നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വര്‍ഷിപ്പിച്ച് തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങള്‍ ഉണ്ടാക്കിത്തരും. അരുവികളൊഴുക്കിത്തരും (നൂഹ് 10 - 12).

പാപമോചന പ്രാര്‍ഥന പതിവാക്കിയവന് അല്ലാഹു അവന്റെ ജീവിതത്തില്‍ നന്മകള്‍ പ്രദാനം ചെയ്യും. അവന്റെ പ്രയാസങ്ങളും ദുഃഖങ്ങളും അകറ്റും. നബി(സ) പറഞ്ഞു: പാപമോചനാര്‍ഥന വര്‍ധിപ്പിക്കുന്നവന് അല്ലാഹു ദുഃഖങ്ങളില്‍ നിന്ന് മോചനം നല്‍കും. എല്ലാ പ്രയാസങ്ങളും അവന്‍ ദൂരീകരിക്കും. അവന്‍ വിചാരിക്കാത്ത വിധത്തില്‍ അവന് അന്നം നല്‍കുകയും ചെയ്യും.(3)

പാപമോചനത്തിനര്‍ഥിക്കല്‍ പ്രവാചകന്മാരുടെ പതിവായിരുന്നു. അവര്‍ ഉന്നതസ്ഥാനീയരും പാപസുരക്ഷിതരും ലോകരക്ഷിതാവിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവരും ആയിരുന്നിട്ടും. അവര്‍ പാപമോചനത്തിനര്‍ഥിച്ചിരുന്നത് ആരാധന, ദൈവസാമീപ്യം നേടല്‍, സ്തുതിയും നന്ദിയും രേഖപ്പെടുത്തല്‍ എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു.

ആദമും അദ്ദേഹത്തിന്റെ ഇണയും അല്ലാഹുവിനോട് പാപമോചനം തേടി. അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ ഞങ്ങളോട് തന്ന് അതിക്രമം കാണിച്ചിരിക്കന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകും. (അല്‍അഅ്‌റാഫ്: 23)

നൂഹ് നബി പറഞ്ഞു: എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കുംനീ പൊറുത്തു തരേണമേ. (നൂഹ്: 28)

മൂസാ നബി അല്ലാഹുവിനോട് പറയുന്നു: നാഥാ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തു തരേണമേ. ഞങ്ങളെ നിന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കേണമേ. നീ പരമകാരുണികനല്ലോ. (അഅല്‍അഅ്‌റാഫ്: 151)

ദാവൂദ് നബിയെ കുറിച്ച് അല്ലാഹു പറഞ്ഞു: അദ്ദേഹം തന്റെ നാഥനോട് പാപമോചനത്തിനര്‍ഥിച്ചു. എന്നിട്ട് റുകൂഇല്‍ വീണ് അല്ലാഹുവിലേക്ക് മടങ്ങി (സ്വാദ് 24).

സുലൈമാന്‍ നബിയുടെ പ്രാര്‍ഥന അല്ലാഹു പരാമര്‍ശിക്കുന്നു: അദ്ദേഹം പറഞ്ഞു: നാഥാ, എനിക്ക് നീ പൊറുത്ത് തരേണമേ. എനിക്ക് ശേഷം മറ്റാര്‍ക്കും ലഭിക്കാത്ത രാജാധിപത്യം നീ എനിക്ക് നല്‍കേണമേ. നീ തന്നെയാണ് എല്ലാം തരുന്നവന്‍, തീര്‍ച്ച (സ്വാദ് 35).

മുഹമ്മദ് നബി(സ) പറഞ്ഞു: ഞാന്‍ ദിനേന നൂറ് പ്രാവശ്യം അല്ലാഹുവിനോട് പാപമോചനത്തിനര്‍ഥിക്കുന്നു.(4)

അന്ത്യപ്രവാചകന്റെ ചര്യകള്‍ പിന്‍പറ്റാന്‍ ഉല്‍സാഹം നാം കാണിക്കുക. രാവിലെയും വൈകുന്നേരവും അല്ലാഹുവിനോട് പാപമോചനത്തിനര്‍ഥിക്കുക. പ്രാര്‍ഥനക്കുത്തരം കിട്ടുന്ന സ്ഥാനങ്ങളും സന്ദര്‍ഭങ്ങളും അതിനായി ഉപയോഗപ്പെടുത്തുക. വിശേഷിച്ചും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം. നബി(സ) നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചാല്‍ മൂന്ന് തവണ അല്ലാഹുവോട് പാപമോചനം തേടിയിരുന്നു.(5)

പുലര്‍ക്കാല യാമങ്ങളില്‍ പാപമോചന പ്രാര്‍ഥന വര്‍ധിപ്പിക്കുക. മുത്തഖികളെ വിശേഷിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: അവര്‍ രാത്രിയില്‍ വളരെ കുറച്ച് മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. പുലര്‍ക്കാല യാമങ്ങളില്‍ അവര്‍ പാപമോചനത്തിനര്‍ഥിക്കുന്നവരായിരുന്നു. (അദ്ദാരിയാത്ത്: 17,18).

ഒരു സദസ്സ് പിരിയുമ്പോഴും പാപമോചന പ്രാര്‍ഥന നടത്തുക. നബി(സ) പറഞ്ഞു: ഒരാള്‍ ഒരു സദസ്സില്‍ ഇരിക്കുകയും അതില്‍ അബദ്ധങ്ങള്‍ അധികരിക്കുകയും ചെയ്തു. അങ്ങനെ ആ സദസ്സില്‍ നിന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് സുബ്ഹാനകല്ലാഹുമ്മ വബി ഹംദിക അശ്ഹദു അന്‍ ലാഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലൈക (അല്ലാഹുവേ, നീ പരിശുദ്ധനാകുന്നു. നിന്നെ സ്തുതിക്കുന്നു. നീയല്ലാതെ ഇലാഹില്ലെന്ന് ഞാ്ന്‍ സാക്ഷ്യം വഹിക്കുന്നു. ഞാന്‍ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.) എന്ന് പറഞ്ഞാല്‍ ആ സദസ്സില്‍ വെച്ച് സംഭവിച്ച വീഴ്ചകള്‍ അല്ലാഹു പൊറുത്തുകൊടുക്കും.(6)

ഇസ്തിഗ്ഫാറിന്റെ ചില പ്രത്യേക വചനങ്ങള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അസ്തഗ്ഫിറുല്ലാഹ വ അതൂബു ഇലൈഹി എന്നതാണ് അവയിലൊന്ന്.(7)

അബൂബക്ര്‍(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം നബിയോട് പറഞ്ഞു: എനിക്ക് നമസ്‌കാരത്തില്‍ ഉപയോഗിക്കാന്‍ ഒരു പ്രാര്‍ഥന പഠിപ്പിച്ചു തന്നാലും. നബി(സ) പറഞ്ഞു: അല്ലാഹുവേ, ഞാനെന്നോട് ധാരാളം അക്രമം ചെയ്തിരിക്കുന്നു. നീയല്ലാതെ പാപങ്ങള്‍ പൊറുക്കുകയില്ല. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ. നീ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണല്ലോ.(8)

ശദ്ദാദുബ്‌നു ഔസ് നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു: പാപമോചന പ്രാര്‍ഥനകളുടെ നേതാവ് ഇതാണ്: അല്ലാഹുവേ, നീയെന്റെ നാഥനാണ്. നീയല്ലാതെ ഇലാഹില്ല. നീയെന്നെ സൃഷ്ടിച്ചു. ഞാന്‍ നിന്റെ ദാസനാണ്. സാധ്യമാകുന്നത്രയും ഞാന്‍ നിന്നോട് ചെയ്ത കരാര്‍ അനുസരിച്ച് നിലകൊള്ളുന്നു. ഞാന്‍ ചെയ്തതിന്റെ ദോഷത്തില്‍ നിന്ന് നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്തു തന്നെ അനുഗ്രഹങ്ങള്‍ ഞാന്‍ നിന്നോട് സമ്മതിക്കുന്നു. എന്റെ പാപങ്ങളും ഞാന്‍ ഏറ്റു പറയുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ. നീയല്ലാതെ പാപം പൊറുക്കുകയില്ല. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു ദൃഢബോധ്യത്തോടെ പകല്‍ സമയത്ത് ഒരാള്‍ ഇപ്രകാരം പറയുകയും എന്നിട്ട് വൈകുന്നേരത്തിന് മുമ്പേ അയാള്‍ മരിക്കുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗാവകാശിയാണ്. ദൃഢബോധ്യത്തോടെ രാത്രിയില്‍ ഒരാള്‍ ഇപ്രകാരം പറയുകയും എന്നിട്ട് നേരം പുലരും മുമ്പ് അയാള്‍ മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗാവകാശിയാണ്.(9)

......... ........ ..........
1.    حَدَّثَنَا أَنَسُ بْنُ مَالِكٍ قَالَ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « قَالَ اللَّهُ يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِى وَرَجَوْتَنِى غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلاَ أُبَالِى يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِى غَفَرْتُ لَكَ وَلاَ أُبَالِى يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِى بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِى لاَ تُشْرِكُ بِى شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً » (الترمذي).
2.    عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ « إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِى قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ وَهُوَ الرَّانُ الَّذِى ذَكَرَ اللَّهُ ( كَلاَّ بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ) ». (الترمذي)
3.    عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَكْثَرَ مِنْ الِاسْتِغْفَارِ جَعَلَ اللَّهُ لَهُ مِنْ كُلِّ هَمٍّ فَرَجًا وَمِنْ كُلِّ ضِيقٍ مَخْرَجًا وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ (أحمد)
4.    عَنْ أَبِي بُرْدَةَ ، عَنِ الأَغَرِّ الْمُزَنِيِّ ، - قَالَ مُسَدَّدٌ فِي حَدِيثِهِ : وَكَانَتْ لَهُ صُحْبَةٌ - قَالَ : قَالَ رَسُولُ اللهِ صلى الله عليه وسلم : إِنَّهُ لَيُغَانُ عَلَى قَلْبِي ، وَإِنِّي لأَسْتَغْفِرُ اللَّهَ فِي كُلِّ يَوْمٍ مِائَةَ مَرَّةٍ (أبوداود)/ عَنْ سَعِيدِ بْنِ  أَبِي بُرْدَةَ، عَنْ أَبِيهِ، عَنْ جَدِّهِ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنِّي لَأَتُوبُ إِلَى اللهِ عَزَّ وَجَلَّ فِي كُلِّ يَوْمٍ مِائَةَ مَرَّةٍ " (أحمد)
5.    عَنْ ثَوْبَانَ قَالَ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- إِذَا انْصَرَفَ مِنْ صَلاَتِهِ اسْتَغْفَرَ ثَلاَثًا وَقَالَ « اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ ذَا الْجَلاَلِ وَالإِكْرَامِ ». قَالَ الْوَلِيدُ فَقُلْتُ لِلأَوْزَاعِىِّ كَيْفَ الاِسْتِغْفَارُ قَالَ تَقُولُ أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ (مسلم)
6.    عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « مَنْ جَلَسَ فِى مَجْلِسٍ فَكَثُرَ فِيهِ لَغَطُهُ فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ. إِلاَّ غُفِرَ لَهُ مَا كَانَ فِى مَجْلِسِهِ ذَلِكَ » (الترمذي).
7.    عَنْ عَائِشَةَ قَالَتْ كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يُكْثِرُ مِنْ قَوْلِ « سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ ». قَالَتْ فَقُلْتُ يَا رَسُولَ اللَّهِ أَرَاكَ تُكْثِرُ مِنْ قَوْلِ سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ. فَقَالَ « خَبَّرَنِى رَبِّى أَنِّى سَأَرَى عَلاَمَةً فِى أُمَّتِى فَإِذَا رَأَيْتُهَا أَكْثَرْتُ مِنْ قَوْلِ سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ. فَقَدْ رَأَيْتُهَا (إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ) فَتْحُ مَكَّةَ ( وَرَأَيْتَ النَّاسَ يَدْخُلُونَ فِى دِينِ اللَّهِ أَفْوَاجًا فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا) » (مسلم).
8.    عَنْ أَبِى بَكْرٍ الصِّدِّيقِ - رضى الله عنه - أَنَّهُ قَالَ لِلنَّبِىِّ - صلى الله عليه وسلم - عَلِّمْنِى دُعَاءً أَدْعُو بِهِ فِى صَلاَتِى . قَالَ « قُلِ اللَّهُمَّ إِنِّى ظَلَمْتُ نَفْسِى ظُلْمًا كَثِيرًا ، وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ ، فَاغْفِرْ لِى مَغْفِرَةً مِنْ عِنْدِكَ ، وَارْحَمْنِى ، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ » (البخاري)
9.    عَنْ بُشَيْرِ بْنِ كَعْبٍ الْعَدَوِىِّ قَالَ حَدَّثَنِى شَدَّادُ بْنُ أَوْسٍ - رضى الله عنه - عَنِ النَّبِىِّ - صلى الله عليه وسلم - « سَيِّدُ الاِسْتِغْفَارِ أَنْ تَقُولَ اللَّهُمَّ أَنْتَ رَبِّى ، لاَ إِلَهَ إِلاَّ أَنْتَ ، خَلَقْتَنِى وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ وَأَبُوءُ بِذَنْبِى ، اغْفِرْ لِى ، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ » . قَالَ « وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا ، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِىَ ، فَهُوَ مِنْ أَهْلِ الْجَنَّةِ ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا ، فَمَاتَ قَبْلَ أَنْ يُصْبِحَ ، فَهْوَ مِنْ أَهْلِ الْجَنَّةِ » (البخاري)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics