ഒരു തായ്‌ലാന്റ് യാത്ര

യാത്രാപ്രേമിയായ ഒരു മലേഷ്യന്‍ സുഹൃത്തിന്റെ പ്രേരണയിലാണ് തായ്‌ലാന്റ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. മലേഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന, ദക്ഷിണതായ് പ്രദേശങ്ങളില്‍ അധികവും മുസ്‌ലിംകളാണ് എന്നുള്ളതും യാത്രയോടുള്ള താല്‍പ്പര്യം വര്‍ധിപ്പിച്ചു. അയല്‍ രാജ്യമായ തായ്‌ലന്റിന്റെ അതിര്‍ത്തിയിലേക്ക് ക്വൊലാലംബൂരില്‍ നിന്ന് ഏകദേശം അഞ്ഞൂറ് കിലോമീറ്റര്‍ ദൂരമുണ്ട്. ദക്ഷിണതായ്‌ലന്റിലെ പ്രധാന നഗരമായ ഹാത് യായിലാണ് ഞങ്ങള്‍ വിമാനമിറങ്ങിയത്. തീരെ തിരക്കില്ലാത്ത ആ വിമാനത്താവളത്തില്‍ അയല്‍ നാടുകളുമായി ബന്ധിപ്പിക്കുന്ന ഏതാനും രാജ്യാന്തരസര്‍വീസുകളും ഡൊമസ്റ്റിക് സര്‍വീസുകളും മാത്രമേയുള്ളൂ. ഇന്ത്യയും തായ്‌ലന്റുമായുള്ള നയതന്ത്രകരാര്‍ പ്രകാരം ഓണ്‍ അറൈവല്‍ വിസയാണ് ഇന്ത്യക്കാനായ എനിക്ക്. ആയിരം തായ് ബാതാണ് (തായ് കറന്‍സി) വിസക്ക്. ഏകദേശം 1700 ഇന്ത്യന്‍ രൂപ വരും. എന്നാല്‍ എന്റെ മലേഷ്യന്‍ സുഹൃത്തിന് തായ്‌ലാന്റില്‍ പ്രവേശിക്കാന്‍ പ്രത്യേക വിസയുടെ ആവശ്യമില്ല. ഒട്ടനവധി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും മലേഷ്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവും. ആ രാജ്യങ്ങളുമായി മലേഷ്യയുടെ നയതന്ത്രബന്ധമാണ് മലായ് പൗരന്‍മാര്‍ക്ക് ഇതുപോലുള്ള യാത്രകള്‍ എളുപ്പമാക്കുന്നത്.

ഹാത് യായ് വിമാനത്താവളം മുതല്‍ക്കെ മുസ്‌ലിം സാന്നിധ്യം പ്രകടമായി കാണാമായിരുന്നു. ഏറെ തിരക്കില്ലാത്ത വിമാനത്താവളത്തില്‍ ജോലിനോക്കുന്നവരില്‍ മുസ്‌ലിംകളുമുണ്ട്. ഹിജാബ് ധരിച്ച ഇമിഗ്രേഷന്‍ യൂണിറ്റിലെ മുസ്‌ലിം സ്ത്രീ, മലേഷ്യയിലേതു പോലെ തോന്നിപ്പിച്ചു. 12 ശതമാനം മാത്രം മുസ്‌ലിംകളുള്ള തായ്‌ലാന്റിലെ മുസ്‌ലിം പ്രാതിനിധ്യം, പല കാരണങ്ങളാല്‍ മറ്റു മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങള്‍ക്കു മാതൃകയാണ്. വിശ്വാസപരവും സത്വപരവുമായ വ്യതിരിക്തത നിലനിര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് തായ്‌ലന്റില്‍ പൂര്‍ണ്ണ സ്വാതന്ത്രമുണ്ട്. തേര്‍വാദ ബുദ്ധമത വിശ്വാസികള്‍ ഭൂരിപക്ഷമുള്ള തായ്‌ലാന്റില്‍ രണ്ടാമത്തെ മതവിഭാഗം മുസ്‌ലിംകളാണ്. 7.5 മില്യന്‍ വരുന്ന മുസ്‌ലിംകള്‍ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 12 ശതമാനത്തോളം വരും. മുസ്‌ലിംകളില്‍ എണ്‍പത് ശതമാനവും മലയ് വംശജരാണ്. തായ്, പാക്-ഇന്ത്യന്‍ വംശജരാണ് മറ്റുള്ളവര്‍. ദക്ഷിണ തായ്‌ലാന്റിലെ ഏറ്റവും വലിയ നഗരമായ ഹാത് യായ് സോങ്കഌ പ്രവിശ്യയിലെ പ്രധാന കച്ചവടകേന്ദ്രം കൂടിയാണ്. മുസ്‌ലിംകള്‍ തായ് ചൈനീസ് വംശജരേക്കാള്‍ കൂടുതലുള്ള ഏക പ്രദേശമാണിത്.

ഇന്നു കാണുന്ന ഏകീകൃത തായ്‌ലന്റ് ആകുന്നതിനുമുമ്പ് തായ്‌ലന്റില്‍ മുസ്‌ലിംകള്‍ക്ക് സ്വന്തമായ ഒരു രാജ്യമുണ്ടായിരുന്നു. 1350 ല്‍ സ്ഥാപിതമായ അയുത്വയ മുസ്‌ലിം രാജവംശം 1767 വരെ നില നിന്നു. ദക്ഷിണതായ്‌ലന്റില്‍ ഇന്നുള്ള സാതൂണ്‍, യാല, പട്ടാണി, നരാതിവാത് എന്നീ പ്രോവിന്‍സുകള്‍ ചേര്‍ന്നതായിരുന്നു ആ രാജ്യം. 1902 ലാണ് ഈ പ്രദേശങ്ങള്‍ തായ്‌ലന്റിന്റെ ഭാഗമായത്. തായ്‌ലന്റിലെ ഇസ്‌ലാമിന്റെ ആഗമനം, മലേഷ്യയിലേതുപോലെ പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലാണെന്നു പറയപ്പെടുന്നു. മലേഷ്യന്‍ ഉപദ്വീപിലെ മലാക്കയില്‍ ഇന്ത്യന്‍ മുസ്‌ലിം കച്ചവടക്കാര്‍ വഴിയാണ് ഈ പ്രദേശങ്ങളില്‍ ഇസ്‌ലാമെത്തുന്നത്. 1387 ലാണ് തായ്‌ലാന്റിലെ പട്ടാണിയില്‍ ഇസ്‌ലാം എത്തിയിരുന്നുവെന്ന് ചരിത്രരേഖകളുണ്ട്. എന്നാല്‍ അതിനു മുമ്പേ തന്നെ തായ്‌ലന്റിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമെത്തിയിരുന്നുവെന്നാണ് ചരിത്രം.

വിമാനത്താവളത്തില്‍ നിന്ന് ഹാത് യാത് നഗരത്തിലേക്കു അരമണിക്കൂറിലേറെ യാത്ര ചെയ്യണം. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നമ്മുടെ നാട്ടിലേതു പോലുള്ള ബസുകളിലല്ല. പിക് അപ് കാരിയറില്‍ പിറകില്‍ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയും വിധം സജ്ജീകരിച്ച ഒരു പ്രത്യേക തരം വാഹനമാണ് തായ് വീഥികളിലെ പ്രധാന യാത്രാവലംബം. നമ്മുടെ നാട്ടില്‍ ബസ് റൂട്ടുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലേക്കു യാത്ര ഒരുക്കുന്ന ജീപുകളെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാഹനം. വേണ്ടത്ര ആളുകള്‍ കയറിയെങ്കില്‍ മാത്രമേ വാഹനം പുറപ്പെടൂ. വാഹനമോടിക്കുന്ന വൃദ്ധന്‍ മുസ്‌ലിമാണ്. ഹിജാബ് ധാരിണിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് പണം വാങ്ങുന്നത്. ഇറങ്ങേണ്ട യാത്രക്കാര്‍ വാഹനമിറങ്ങിയ ശേഷം മുന്‍ സീറ്റില്‍ ഡ്രൈവറോടൊപ്പമിരിക്കുന്ന അവര്‍ക്ക് പണം നല്‍കുകയാണ്. വാഹനത്തില്‍ വേറെയുമുണ്ട് മുസ്‌ലിം സ്ത്രീകള്‍. വസ്ത്രധാരണംകൊണ്ട് പച്ച പരിഷ്‌ക്കാരിയെന്നു തോന്നുന്ന സഹയാത്രികനായ യുവാവിനോട് ഞാന്‍ കുശലാന്വേഷണം നടത്തി തുടങ്ങിയതായിരുന്നു. എന്നാല്‍, സംസാരമാരംഭിക്കുമ്പോഴേ എനിക്കു മനസ്സിലായി; സണ്‍ഗ്ലാസ് വെച്ച് ഹാഫ് ട്രൗസറുമിട്ടിരിക്കുന്ന ഈ യുവാവിന് പ്രാഥമിക ഇംഗ്ലീഷ് ജ്ഞാനം പോലുമില്ലെന്ന്. തായ് ലാന്റില്‍ ഇത് ഒരു യുവാവിന്റെ മാത്രം കഥയല്ല, അധികമാളുകള്‍ക്കും തായ് ഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. ദേശീയ ഭാഷയ്ക്ക് രാജ്യം നല്‍കുന്ന പ്രധാന്യമാണത്രേ ഇത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും നഗരവീഥികളിലെ ഷോപുകളുടെ പേരുകളും വാഹനങ്ങളിലെ ബോര്‍ഡുകളും എന്തിനേറെ മൊബൈല്‍ ഫോണിന്റെ യൂസര്‍ ലാഗ്വേജു പോലും തായ് ഭാഷയാണ്. തായ്‌ലാന്റിലെ ഗ്രാമാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു വിദേശസഞ്ചാരി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഭാഷാപ്രശ്‌നമായിരിക്കും. അക്കങ്ങള്‍ പോലും ഇംഗ്ലീഷില്‍ പറയാന്‍ കഴിയാത്ത തായ് കച്ചവടക്കാര്‍ക്ക് മുമ്പില്‍ സാധനങ്ങളുടെ വില അറിയാന്‍ ഏറെ ക്ലേശിക്കേണ്ടിവരും. ടാക്‌സി വാടക മൊബൈലിലും കാല്‍കുലേറ്ററിലും യാത്രക്കാര്‍ക്കു മുമ്പില്‍ എഴുതി കാണിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ നമ്മില്‍ ചിരിയുണര്‍ത്തും.  (തുടരും)

ഒരു തായ്‌ലാന്റ് യാത്ര - 2

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics