സെക്‌സ് ചാറ്റിംഗില്‍ നിന്ന് രക്ഷപ്പെടാനാവുന്നില്ല

ചോദ്യം: പലരുമായും സെക്‌സ് ചാറ്റിംഗില്‍ ഏര്‍പ്പെടാറുള്ള 22 വയസ്സുള്ള യുവതിയാണ് ഞാന്‍. പലതവണ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും എനിക്കതിന് സാധിക്കുന്നില്ല. നിരവധി പ്രാവശ്യം അല്ലാഹുവെ മുന്‍നിര്‍ത്തി അതുപേക്ഷിക്കാന്‍ കരാര്‍ ചെയ്തിട്ടുണ്ടെങ്കിലും ഓരോ തവണയും അത് ലംഘിക്കപ്പെട്ടു. ഇഹത്തിലും പരത്തിലുമുള്ള ദൈവിക ശിക്ഷ ഞാനിപ്പോള്‍ ഭയക്കുന്നു. ഞാനിതുവരെ വിവാഹിതയായിട്ടില്ല. എന്റെ പ്രവര്‍ത്തനം കാരണം എന്റെ പെണ്‍മക്കള്‍ ശിക്ഷിക്കപ്പെടുമോ എന്ന് ഞാന്‍ ഭയക്കുന്നു. എന്റെ നമസ്‌കാരം സ്വീകരിക്കപ്പെടില്ല എന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ നമസ്‌കാരം ഉപേക്ഷിച്ചു. എപ്പോഴും കുറ്റബോധം എന്നെ വേട്ടയാടുന്നു. എന്താണ് ഒരു പരിഹാരം?

മറുപടി: പ്രിയ സഹോദരി നിരന്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്ന അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് ചോദ്യത്തില്‍ നിന്ന് മനസ്സിലാവുന്നു. അതില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന് ചില നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

പ്രസ്തുത തെറ്റിന് പ്രേരിപ്പിക്കുന്ന സ്ഥലത്ത് നിന്ന് അകന്നു നില്‍ക്കുക. തെറ്റിലേക്ക് എത്തിക്കുന്ന എല്ലാ വഴികളും ഇല്ലാതാക്കുക. ക്യാമറ ഒഴിവാക്കുക, തെറ്റിനുപയോഗിക്കുന്ന പ്രോഗ്രാം ഡിലീറ്റ് ചെയ്യുക, ഇന്റര്‍നെറ്റ് കണക്ഷന്‍ ഒഴിവാക്കുക, സോഷ്യല്‍ മീഡിയകളിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുക പോലുള്ള കാര്യങ്ങള്‍ അതിനുദാഹരണങ്ങളാണ്. തെറ്റിലേക്ക് ചായുന്ന പ്രകൃതമുള്ളതാണ് മനുഷ്യ മനസ്സ്. അതുകൊണ്ട് തന്നെ തെറ്റിലേക്കുള്ള വഴികള്‍ അടച്ചാല്‍ തെറ്റ് സംഭവിക്കാനുള്ള സാധ്യതയും കുറയും. അതിലേക്കുള്ള വഴികള്‍ തുറന്നു കിടക്കുകയാണെങ്കില്‍ നേരെ തിരിച്ചും സംഭവിക്കും.

മനസ്സു കൊണ്ടും നാവു കൊണ്ടും നിരന്തരം പാപമോചനം തേടുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. യാത്രയിലും ജോലിയിലും നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം അല്ലാഹുവിനെ കുറിച്ച ഓര്‍മ നിലനിര്‍ത്താന്‍ ശ്രമിക്കുക. നിരാശയില്‍ നിന്നുള്ള മോചനത്തിനും തെറ്റുകളുടെ കെണിയില്‍ അകപ്പെടാതിരിക്കുന്നതിനും ഏറ്റവും ഉത്തമമായ ആയുധമാണ് ദൈവസ്മരണ.

പിശാചിന്റെ ദുര്‍ബോധനത്തിന് വഴങ്ങാതിരിക്കുക. ആദ്യമായി നിങ്ങളെയത് തെറ്റില്‍ അകപ്പെടുത്തി. പിന്നെ ഘട്ടംഘട്ടമായി നിങ്ങളുടെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ലെന്ന ബോധം സൃഷ്ടിച്ച് അതുപേക്ഷിക്കുന്നതില്‍ എത്തിച്ചു. ഇപ്പോള്‍ നിങ്ങളിലുള്ള കുറ്റബോധം പിശാച് ഭയക്കുന്ന ഒന്നാണ്. ഈ ഖേദം നിങ്ങളിലുണ്ടാവുന്ന കാലത്തോളം പിശാചിന്റെ കുതന്ത്രങ്ങള്‍ തകര്‍ന്നടിയും. ഒരുപക്ഷെ നിങ്ങളുടെ പശ്ചാത്താപത്തിന്റെ മുന്നോടിയായിരിക്കാം ഈ ഖേദം.

ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുള്ള ഒരു പ്രായത്തിലാണ് നിങ്ങളുള്ളത്. വേണ്ടാത്ത ചിന്തകള്‍ക്കും നിരാശക്കും അടിമപ്പെട്ട് സ്വന്തത്തെ നശിപ്പിക്കരുത്. നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തെ മാറ്റിയെടുക്കാന്‍ നിങ്ങള്‍ക്കാവും. നമസ്‌കാരത്തിലേക്ക് മടങ്ങി വരണം. കാരണം നിഷിദ്ധങ്ങളെയും മ്ലേച്ഛവൃത്തികളെയും അത് തടയും. ഈ പരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അല്ലാഹുവോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ സഹായം തേടുന്ന കൈകള്‍ അവനൊരിക്കലും തട്ടിമാറ്റില്ല. ഖേദിച്ച് അവനിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്നില്‍ അവന്റെ കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടങ്ങള്‍ കൊട്ടിയടക്കുകയുമില്ല.

തെറ്റിനെ എന്നെന്നേക്കുമായി ജീവിതത്തില്‍ നിന്ന് പിഴുതെറിഞ്ഞ് ആത്മാര്‍ഥമായി പശ്ചാത്തപിക്കുക. പശ്ചാത്താപം സ്വീകാര്യമാകുന്നതിനുള്ള പ്രഥമ നിബന്ധനയാണത്. ചെയ്ത അപരാധത്തില്‍ ഖേദമുണ്ടാവലും അതിലേക്ക് ഒരിക്കലും മടങ്ങാതിരിക്കലും മറ്റ് നിബന്ധനകളാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.

ഒരു വ്യക്തി അയാളുടെ കൂട്ടുകാരന്റെ ദീനിലാണെന്നുള്ള ചൊല്ല് ഏറെ പ്രസക്തമാണ്. അതുകൊണ്ട് നല്ല കൂട്ടുകാരെ തെരെഞ്ഞെടുക്കുക. പിശാച് തെറ്റായ ചിന്തകള്‍ മനസ്സിലേക്ക് ഇട്ടുനല്‍കുന്നത് ഒഴിവാക്കുന്നതിന് ഒറ്റക്ക് സമയം ചെലവഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന വായന പോലുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതയാവുക. അല്ലാഹു സദാ തന്നെ വീക്ഷിക്കുന്നു എന്ന ബോധമായിരിക്കണം എപ്പോഴും ഉണ്ടായിരിക്കേണ്ടത്.

പ്രിയ സഹോദരീ, എല്ലാ നന്മയുടെയും തുടക്കമാണ് പശ്ചാത്താപം. ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയാണെങ്കില്‍ ജീവിതത്തിലെ ഈ ഘട്ടത്തില്‍ നിന്നും സന്തോഷപ്രദമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു: 'പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.' (അല്‍ഫുര്‍ഖാന്‍: 70)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics