സകാത്ത്

സമ്പത്തിനെ സംബന്ധിച്ച് മനുഷ്യന്റെ കാഴ്ച്ചപാടെന്തായിരിക്കണം എന്നതിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''ദൈവത്തിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുവിന്‍. നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സമ്പത്ത് ചെലഴിക്കുകയും ചെയ്തവരാരോ, അവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.'' (57: 7)
വിശുദ്ധ ഖുര്‍ആന്‍ വീണ്ടും പറയുന്നു: 'ആകാശ ഭൂമികളിലുള്ളതെല്ലാം ദൈവത്തിന്റെ ഉടമയിലാണ്.' (53: 31)

അതിനാല്‍ എല്ലാ വിഭവങ്ങളുടെ മേലും മനുഷ്യനുള്ളത് ഉപയോഗാവകാശം മാത്രമാണ്; ഉടമസ്ഥാവകാശമല്ല. തന്റെ കഴിവുകളും സമ്പാദിച്ച വിഭവങ്ങളുമടക്കം എല്ലാം സ്രഷ്ടാവായ ദൈവത്തിന്റെ ഉടമയിലായതിനാല്‍, മനുഷ്യന്‍ സമ്പാദിക്കേണ്ടതും ചെലഴിക്കേണ്ടതും എങ്ങനെയൊക്കെയായിരിക്കണം എന്ന് പറയാന്‍ ദൈവത്തിനാണധികാരം.

തനിക്ക് ദൈവം നല്‍കിയ കഴിവുപയോഗിച്ച് നേരായ മാര്‍ഗത്തില്‍ എത്ര സമ്പാദിക്കാനും മനുഷ്യന് അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു നിശ്ചിത ആസ്തി പൂര്‍ത്തിയായാല്‍ അതിന്റെ ഒരു വിഹിതം തനിക്കവകാശപ്പെട്ടതാവുകയില്ല. സമ്പന്നന്റെ സമ്പത്തില്‍ വന്നു ചേരുന്ന ആ വിഹിതമാണ് സകാത്ത്. അത് പാവപ്പെട്ടവന്റെ അവകാശമാണ്. ആ വിഹിതം സമ്പന്നന് അശുദ്ധമാണ്. അതിനാല്‍ ദൈവം പ്രവാചകനോട് കല്‍പിച്ചു: ''പ്രവാചകരേ, താങ്കള്‍ അവരുടെ സ്വത്തില്‍ നിന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും...'' (9: 103)

സമ്പന്നരെ സംസ്‌കരിക്കല്‍ സകാത്തിന്റെ ഉദ്ദേശ്യത്തില്‍ പെട്ടതാണെന്ന് ഈ ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു. മാത്രമല്ല, സമ്പന്നന്‍ തന്റെ ഔദാര്യമായി നല്‍കേണ്ടതല്ല സകാത്ത് എന്നും ഈ സൂക്തം വ്യക്തമാക്കുന്നുണ്ട്. അതിനാലാണ് സകാത്ത് വസൂലാക്കാന്‍ പ്രവാചകനോട് കല്‍പിച്ചത്. അതുകൊണ്ടു തന്നെ സകാത്ത് വിശ്വാസികള്‍ നല്‍കുന്ന ദാനധര്‍മങ്ങളില്‍ പെട്ടതല്ല; പണക്കാരന്റെ പണപ്പെട്ടിയിലെ പാവപ്പെട്ടവന്റെ 'അവകാശ'മാണത്.

ദാനധര്‍മങ്ങളെ നിരന്തരമായി പ്രോത്സാഹിപ്പിക്കുന്ന ഖുര്‍ആന്‍ സകാത്തിനെ നിര്‍ബന്ധമാക്കുകയാണ് ചെയ്തത്. ദാനധര്‍മങ്ങള്‍ ധനവാന്റെ ഔദാര്യമാണ്. അത് മനസ്ഥിതിയുടെ പരിവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ. എന്നാല്‍ സകാത്ത് വ്യവസ്ഥിതിയുടെ പരിവര്‍ത്തനത്തിലൂടെയും സാധ്യമാവും; അതിലൂടെ മാത്രമേ അത് പൂര്‍ണത പ്രാപിക്കൂ. കാരണം, മുകളിലുദ്ധരിച്ച ഖുര്‍ആനിലെ ദൈവകല്‍പന ഒരു പള്ളിക്കമ്മറ്റിക്കോ മഹല്ല് പ്രസിഡന്റിനോ നടപ്പിലാക്കാവുന്നതല്ല. അതുകൊണ്ടു തന്നെ ഈ കല്‍പന ദൈവം നല്‍കിയത് മക്കയിലെ പ്രബോധകനായിരുന്ന പ്രവാചകനല്ല; മദീനയിലെ ഭരണാധികാരിയായ പ്രവാചകനാണ്. കാരണം, പാവപ്പെട്ടവന്റെ അവകാശമാകുന്ന സകാത്ത പണക്കാരനില്‍ നിന്ന് പിരിച്ചെടുക്കാന്‍ ഭരണകൂടത്തിനേ കഴിയൂ. ഔദാര്യത്തെ മാത്രം ആശ്രയിച്ചാല്‍ അത് പൂര്‍ണമായി നടപ്പാക്കാനാവില്ല. അതിനാല്‍ സകാത്ത് കേവലം ഒരു മതവിഷയമല്ല; രാഷ്ട്രീയ വിഷയം കൂടിയാണ്. ഇതിനടിവരയിട്ടു കൊണ്ട് പ്രവാചകന്റെ കാലശേഷം ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായ അബൂബക്കര്‍ സകാത്ത് പൊതുഖജനാവില്‍ അടക്കാന്‍ വിസമ്മതിച്ച സമ്പന്നരെ അറിയിച്ചു: ''അല്ലാഹുവാണ, പ്രവാചകന് അവര്‍ സകാത്തായി നല്‍കിയിരുന്ന ഒരൊട്ടകത്തിന്റെ കയറാണെങ്കില്‍ പോലും എനിക്ക് നല്‍കാതിരിക്കുന്ന പക്ഷം അതിന്റെ പേരില്‍ ഞാന്‍ അവരോട് യുദ്ധം ചെയ്യും.''

മാത്രമല്ല, സത്യവിശ്വാസം സ്വീകരിക്കലും സമ്പത്ത് ചെലവഴിക്കലും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഇതിനെ ഒന്നുകൂടി വ്യക്തമാക്കി കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസം സ്വീകരിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഖിക്കേണ്ടി വരികയുമില്ല.'' (2: 277)

സത്യവിശ്വാസം സ്വീകരിക്കലും സമ്പത്ത് ചെലവഴിക്കലും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുവോ അതുപോലെ സത്യവിശ്വാസം സ്വീകരിക്കലും പലിശയെ ഉപേക്ഷിക്കലും ബന്ധപ്പെട്ടു കിടക്കുന്നതായി തൊട്ടടുത്ത ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു: ''സത്യവിശ്വാസം സ്വീകരിച്ചവരേ, നിങ്ങള്‍ ദൈത്തെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍.'' (2: 278)

പലിശയും സകാത്തും രാത്രിയും പകലും പോലെ അന്തരമുണ്ട്. പലിശ പാവപ്പെട്ടവനില്‍ നിന്ന് പണക്കാരനിലേക്ക് മാത്രം ഒഴുകുന്നതാണെങ്കില്‍ സകാത്ത് പണക്കാരനില്‍ നിന്ന് പാവപ്പെട്ടവനിലേക്ക് മാത്രം ഒഴുകുന്നതാണ്. പലിശ മനുഷ്യത്വരഹിതവും സകാത്ത് മനുഷ്യത്വപരവുമാണ് എന്നര്‍ഥം. മനുഷ്യത്വരഹിതമായ പലിശയെ നിരോധിച്ചും മനുഷ്യത്വപരമായ സകാത്തിനെ നിര്‍ബന്ധമാക്കിയുമുള്ള ഒരു സാമ്പത്തിക വ്യവസ്ഥ വന്നതോടെ സമ്പത്തിന്റെ കുമുഞ്ഞുകൂടല്‍ അവസാനിച്ചു. ഇതുകൂടാതെ സാമ്പത്തിക മേഖലയിലുടനീളം മനുഷ്യത്വപരമായതിനെ അംഗീകരിച്ചും മനുഷ്യത്വഹിതമായതിനെ നിരാകരിച്ചും ഇസ്‌ലാം അതിന്റെ സാമ്പത്തിക വ്യവസ്ഥയെ കെട്ടിപ്പടുത്തു. അങ്ങനെയാണ് സകാത്ത് വാങ്ങാന്‍ പോലും ആളില്ലാത്ത അവസ്ഥയിലേക്ക് ഒരു സമൂഹം മാറിയത്.

പിന്‍കുറി: മുതലാളിത്തത്തേക്കാളും, കമ്മ്യൂണിസത്തേക്കാളും ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥ പ്രസക്തമാവുന്നതിങ്ങനെയാണ്: മുതലാളിത്തത്തില്‍ പട്ടിണിപാവങ്ങളടക്കമുള്ള സമൂഹത്തെ അവഗണിച്ചാണെങ്കിലും വ്യക്തിക്ക് എത്രയും സമ്പാദിച്ചു കൂട്ടാം. അതിനാല്‍ ഉല്‍പാദനകമ്മി വരികയില്ല. കമ്മ്യൂണിസത്തില്‍ പട്ടിണിപാവങ്ങളടക്കമുള്ള സമൂഹത്തെ മാത്രം പരിഗണിച്ചു കൊണ്ട് വ്യക്തിക്ക് സമ്പാദിക്കാന്‍ അവകാശമില്ലാതാകുന്നു. അതിനാല്‍ ഉല്‍പാദനരംഗം തളര്‍ന്ന് തകരുന്നു (കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ അതാണ് സംഭവിച്ചത്.).  ചുരുക്കത്തില്‍, മുതലാളിത്തം വ്യക്തിയെ പരിഗണിച്ച് സമൂഹത്തെ അവഗണിക്കുന്നു. കമ്മ്യൂണിസം സമൂഹത്തെ പരിഗണിച്ച് വ്യക്തിയെ അവഗണിക്കുന്നു. ഇസ്‌ലാമാകട്ടെ വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ പരിഗണിക്കുന്നു.

നമസ്‌കാരം

നോമ്പ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus