മാതൃഭൂമി പത്രത്തിന്റെ ജാതിയും മതവും

സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ ഭാഗമായി മലബാറില്‍ പിറവിയെടുത്ത പത്രമാണ് മാതൃഭൂമി. ദേശീയ പ്രസ്ഥാനത്തിനകത്ത് തന്നെ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ രണ്ട് ധാരകളുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. മൃദു ഹൈന്ദവ വാദികളായിരുന്നു അതിലൊരു വിഭാഗം. മുസ്‌ലിം വിരുദ്ധതയായിരുന്നു അവരെ തിരിച്ചറിയാനുള്ള പല മുഖങ്ങളിലൊന്ന്. ഏറെക്കുറെ തുടങ്ങിയ കാലംതൊട്ടേ മാതൃഭൂമി ഈ ധാരയുടെ ശബ്ദവുമായിരുന്നു. അതുകൊണ്ടു കൂടിയാണ് പ്രമുഖ സ്വാതന്ത്ര്യ പോരാളികളിലൊരാളായ കേരളത്തിന്റെ വീരപുത്രന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന് മാതൃഭൂമിയുടെ സ്വന്തം കോഴിക്കോട് കേന്ദ്രീകരിച്ച് തന്നെ 'അല്‍ അമീന്‍' പത്രം തുടങ്ങേണ്ടി വന്നത്. ഒരേ സമയം സ്വാതന്ത്ര്യ പോരാട്ട ലേഖനങ്ങളും മുസ്‌ലിം സമുദായത്തെ അഡ്രസ് ചെയ്യുന്ന വാര്‍ത്തകളും എഴുത്തുകളുമായിരുന്നു അല്‍ അമീന്റെ ഉള്ളടക്കം.

മാതൃഭൂമി മുസ്‌ലിം സമുദായത്തെ അഡ്രസ് ചെയ്യുന്നതില്‍ ബോധപൂര്‍വം പുലര്‍ത്തിയ മനോഭാവത്തിന്റെ ഫലമായുണ്ടായ സ്‌പെയ്‌സ് ആയിരുന്നു 'അല്‍ അമീന്റെ' വായനാ വൃത്തം. മാതൃഭൂമിയില്‍ വന്ന ചില കുറിപ്പുകള്‍ക്കും എഴുത്തുകള്‍ക്കും മറുപടി പറയേണ്ടി വന്ന ദൗത്യവും 'അല്‍ അമീന്‍' നിര്‍വഹിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതം പോലെ വളരെ പെട്ടെന്ന് ആളിക്കത്തി പൊടുന്നനെ കെട്ടുപോകാനായിരുന്നു 'അല്‍ അമീന്‍' പത്രത്തിന്റെയും വിധി. നിഷ്പക്ഷ പത്രമെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും മാതൃഭൂമിക്ക് തുടക്കം മുതലേ ജാതിയും മതവും ഉണ്ടായിരുന്നുവെന്ന് പറയാനാണ് അല്‍ അമീന്റെയും മുഹമ്മദ് അബ്ദുറഹ്മാന്റെയും ചരിത്രം വിശദീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാനെ തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനുള്ളിലെ ചാലപ്പുറം ഗാങിനൊപ്പം ചേര്‍ന്ന് മാതൃഭൂമി പത്രം നടത്തിയ പത്രപ്രവര്‍ത്തനവും ചരിത്രവിദ്യാര്‍ഥികള്‍ക്കൊരു പഠനവിഷയമാണ്.

അന്ന് മുതലിങ്ങോട്ട് മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് വിവാദമായേക്കാവുന്ന വിഷയങ്ങളിലെല്ലാം മാതൃഭൂമി അതിന്റെ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഉയര്‍ത്തിയ വാദകോലാഹങ്ങള്‍ തുടങ്ങി എല്ലാറ്റിനും മാതൃഭൂമി മുന്‍പന്തിയിലുണ്ടായിരുന്നു. ശരീഅത്ത് വിവാദകാലത്ത് മുസ്‌ലിം തീവ്ര സെക്കുലര്‍ എഴുത്തുകാരെ രംഗത്തിറക്കി വിവാദത്തെ കൊഴുപ്പിച്ചതും മാതൃഭൂമി തന്നെ. ഒരു സംവാദമെന്ന നിലക്ക് ഈ വിഷയത്തെ വിട്ടുകളയാം. കാരണം, ആ ശരീഅത്ത് വിവാദകാലത്ത് സംവാദ മുഖരിതമായ ചര്‍ച്ചകളെ മുസ്‌ലിം സംഘടനകളും പോസിറ്റീവായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ''ശരീഅത്തിനെ കുറിച്ച് ഞാന്‍ ആഴത്തില്‍ പഠിച്ചിട്ടില്ലെന്ന്'' സഖാവ് ഇ.എം.എസിന് തന്നെ സമ്മതിക്കേണ്ടി വന്നത് അതിന് മികച്ച തെളിവാണ്.

ലൗജിഹാദ് വിവാദ സന്ദര്‍ഭത്തില്‍ മനോരമക്കൊപ്പം മാതൃഭൂമിയും നിലയുറപ്പിച്ചത് ആ പത്രത്തിന്റെ നിഷ്പക്ഷതയെ അതുവരെ സംശയം പ്രകടിപ്പിക്കാത്തവരില്‍ പോലും ആശങ്കയുയര്‍ത്തിയ വിഷയമായിരുന്നു. ഒരു സംഘ്പരിവാര്‍ പോര്‍ട്ടലില്‍ വന്ന സത്യവിരുദ്ധമായ വാര്‍ത്തയായിരുന്നുവല്ലോ ലൗ ജിഹാദ് വിവാദങ്ങളുടെ തുടക്കം. അതപ്പടി സ്ഥിരീകരിച്ച് വാര്‍ത്താ പരമ്പരയാക്കുകയാണ് മാതൃഭൂമിയും ചെയ്തത്. ഏറെക്കുറെ യതീംഖാന വിവാദത്തിലും മാതൃഭൂമിയുടെ നിലപാട് ഏകപക്ഷീയമായിരുന്നു. ഈ ചരിത്രമെല്ലാം മാറ്റിവെച്ച് നബി നിന്ദയുടെ പേരില്‍ സംഭവിച്ച വീഴ്ചക്ക് മാതൃഭൂമിക്ക് മുസ്‌ലിം സമുദായം മാപ്പ് കൊടുക്കാം. പക്ഷേ, ഇനിയും നിഷ്പക്ഷ പത്രമെന്നും തങ്ങള്‍ക്ക് മതവും ജാതിയുമില്ലെന്നും മാതൃഭൂമി വാദിക്കരുതെന്ന് മാത്രം.

മുഹമ്മദ് നബിയെ നിന്ദിക്കുന്ന മാതൃഭൂമി കുറിപ്പിന് ശേഷം മുഴുവന്‍ മുസ്‌ലിം നേതാക്കളും അതിനെ അപലപിക്കുന്ന പ്രസ്താവന ഇറക്കിയിരുന്നു. ഒന്നാം പേജില്‍ ഖേദപ്രകടനം നടത്തിയ ശേഷം തങ്ങള്‍ക്ക് മുസ്‌ലിം സമുദായം മാപ്പു തന്നിരിക്കുന്നുവെന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ സമുദായ നേതാക്കളുടെ ഉറപ്പു സ്വീകരണ പ്രസ്താവനകളും മാതൃഭൂമി സ്വീകരിച്ചു. അവയത്രയും വിലമതിക്കുന്നതിനൊപ്പം ഈ വിഷയത്തില്‍ ഏറ്റവും ശ്രദ്ധേയമായ ലേഖനങ്ങളെഴുതിയ ഒ.എം തരുവണയുടെ ചില വാക്കുകള്‍ ഓര്‍മപ്പെടുത്താതെ വയ്യ:
''ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉത്ഭവിച്ചാല്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ മാതൃഭൂമി നിരത്തുന്ന ഇസ്‌ലാമിന്റെ പ്രതിനിധികള്‍ ആരൊക്കെയാണ്? എം എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, പിന്നെ ഖദീജാ മുംതാസ്, ബി പി സുഹറ; തീര്‍ന്നു. കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതിനിധികളായി മാതൃഭൂമി അവതരിപ്പിക്കുന്ന ഈ നാല്‍വര്‍ സംഘം ഏത് ഇസ്‌ലാമിനെയാണ് പ്രതിനിധീകരിക്കുന്നത്? മതത്തിന്റെ ഏത് പ്രമാണങ്ങളാണ് ഇവര്‍ അംഗീകരിക്കുന്നത്? ഒരു മത സംഘടനയെയും ഇവര്‍ അംഗീകരിക്കില്ല. ഖുര്‍ആന്‍ ഉള്‍പ്പെടെ ഒരു പ്രമാണവും ഇവര്‍ക്ക് സ്വീകാര്യവുമല്ല. മതത്തിന്റെ പക്ഷത്ത് സ്വന്തം കുടുംബത്തെ പോലും ഇവര്‍ പ്രതിനിധീകരിക്കുന്നില്ല. ഇനിയും പേര് മാറിയിട്ടില്ല എന്നതാണ് ഇവരില്‍ ചിലര്‍ക്കെങ്കിലും ഇസ്‌ലാമുമായി അവശേഷിക്കുന്ന ബന്ധം. ഇവര്‍ കാരണം ഇസ്‌ലാമിന്റെ ശരിയായ നിലപാട് ഒരിക്കലും മാതൃഭൂമി വായനക്കാര്‍ അറിയാറില്ല. പത്രത്തിന് ഇതൊന്നും അറിയായ്കയല്ല. ഈ സമുദായത്തെ വേദനിപ്പിച്ച് രസിക്കാന്‍ ഈ പേരുകളെക്കാള്‍ മികച്ച ഒരായുധം വേറെയില്ല, അതാണ് കാര്യം. എന്തിനാണ് മുസ്‌ലിം നേതാക്കളെ തിരഞ്ഞ് ഇപ്പോള്‍ സന്ദേശങ്ങള്‍ വരുന്നത്? കാരശ്ശേരി മാഷേയും ഹമീദ് ചേന്ദമംഗല്ലൂരിനെയും വെച്ച് നിലവിലെ പ്രതിസന്ധി മാതൃഭൂമി പരിഹരിക്കട്ടെ. നിങ്ങള്‍ കണ്ടെത്തിയ ഇസ്‌ലാമിന്റെ പ്രതിനിധികള്‍ സമുദായത്തോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കട്ടെ. ഒന്നാം പേജില്‍ പാണക്കാട് തങ്ങളുടെ ഒരു പടം, മറ്റൊരിക്കല്‍ കാന്തപുരത്തിന്റെ ഒരു പ്രസ്താവന, ഏതോ മുസ്‌ലിം സമ്മേളനത്തിന്റെ ചക്രവാളം മുട്ടിനില്‍ക്കുന്ന ഒരു ആകാശച്ചിത്രം... തീര്‍ന്നു ഈ സമുദായത്തിന്റെ പരാതി...'' (സിറാജ് ദിനപത്രം: മാര്‍ച്ച് 14)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics