മുസ്ലിം സ്ത്രീകളുടെ സ്ഥാനാര്‍ഥിത്വം

മുസ്ലിം സ്ത്രീ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അവളെ തെരെഞ്ഞെടുക്കുന്നതും അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പെന്നോ പാര്‍ലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പെന്നോ വ്യത്യാസം ഇതിലില്ല. അത് വ്യക്തമാക്കുന്ന തെളിവുകളാണ് ചുവടെ:
1) ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സാമൂഹികാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള സംവിധാനങ്ങളാണ് ഇത്തരം സംവിധാനങ്ങളും വേദികളും. ഒന്നുകില്‍ ഭരണപരമായ കാര്യങ്ങള്‍ നിര്വഹിക്കലാവാം, അല്ലെങ്കില്‍ നിയമനിര്‍മാണവും അതിന്റെ പരിഷ്കരണവുമാവാം അത്. ഇക്കാര്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം തടയുന്ന ഒരു തെളിവും ഖുര്‍ആനിലോ പ്രവാചകചര്യയിലോ കാണുന്നില്ല. ഇജ്തിഹാദ് ചെയ്യുന്നതിനും ഫത്വ നല്‍കുന്നതിനോ പോലും സ്ത്രീത്വം ഒരു തടസ്സമല്ല. ഇമാം മാര്വദി വിവരിക്കുന്നു: ''സ്ത്രീയെ ജഡ്ജിയായി തെരെഞ്ഞെടുക്കല്‍ അനുവദനീയമാണ്. കാരണം അവരുടെ സ്ത്രീത്വം ഫത്വ നല്‍കുന്നതിന് തടസ്സമാകാത്തതു പോലെ ഇജ്തിഹാദിനും തടസ്സമാകുന്നില്ല.'' (അദബുല്‍ ഖാദി)
സ്ത്രീക്ക് ഇജ്തിഹാദ് നടത്താനും ഫത്വ നല്‍കാനും അനുവാദമുണ്ടെന്ന് മാവര്‍ദി ഇതിലൂടെ അംഗീകരിക്കുന്നു. നിയമങ്ങളുടെ നിര്‍മാണവും പരിഷ്കരണവും ജനങ്ങളും ഭരണകൂടവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഇജ്തിഹാദിന്റെയും ഫത്വയുടെയും പരിധിക്കുള്ളില്‍ വരുന്നതാണ്.
2) പദ്ധതികള്‍ നടപ്പാക്കല്‍ മേല്പറയപ്പെട്ട വേദികളുടെയും സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പെട്ടതാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ പദ്ധതികളുടെ പ്ലാന്‍ തയ്യാറാക്കുകയും അതില്‍ കൂടിയാലോചനകള്‍ നടത്തുകയും നടപ്പാക്കുകയും ചെയ്യുന്ന അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് പങ്കാളിത്തം വഹിക്കാവുന്നതാണ്. ഹുദൈബിയ സന്ധിയുടെ വേളയില്‍ നബി(സ) ഉമ്മുസലമ(റ)വുമായി കൂടിയാലോചന നടത്തിയിരുന്നു എന്ന് കാണാം. സ്വഹീഹുല്‍ ബുഖാരിയിലെ പ്രസ്തുത ഹദീഥ് വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജറുല്‍ അസ്ഖലാനി വിവരിക്കുന്നു: 'കൂടിയാലോചനയുടെ മഹത്വമാണത് വ്യക്തമാക്കുന്നത്. വാക്കിനൊപ്പം പ്രവര്‍ത്തനം കൂടി ചേരുമ്പോള്‍ കേവലം വാക്കിനേക്കാളത് ശക്തമാകുന്നു. സ്ത്രീകളോട് കൂടിയാലോചിക്കുന്നത് അനുവദനീയമാണെന്നതിനൊപ്പം ഉമ്മുസലമ(റ)ന്റെ ബുദ്ധികൂര്‍മതയും ശ്രേഷ്ഠതയും ഇത് വ്യക്തമാക്കുന്നു.' (ഫത്ഹുല്‍ബാരി 5/347)
3) ഉമര്‍ ബിന്‍ ഖത്താബ് ഖലീഫയായിരുന്നപ്പോള്‍ മദീന മാര്‍ക്കറ്റിലെ പരിശോധനാ ചുമതല ഏല്‍പ്പിച്ചിരുന്നത് ശിഫ ബിന്ത് അബ്ദുല്ല എന്ന വനിതയെയായിരുന്നു. ഇബ്നു ഹജറുല്‍ അസ്കലാനി വിവരിക്കുന്നു: ഉമര്‍(റ) അവരുടെ അഭിപ്രായം ആരായുകയും അവ പരിഗണിക്കുകയും ചെയ്തിരുന്നു. മാര്‍ക്കറ്റിലെ ചില ചുതലകളും അവരെ അദ്ദേഹം ഏല്പിച്ചിരുന്നു.' (അല്‍ഇസ്വാബ ഫി തമ്മീസി സ്വഹാബ) അധികാര കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം നല്കാമെന്നതിനുള്ള വ്യക്തമായ തെളിവാണ് ഉമര്‍(റ)ന്റെ ഈ പ്രവര്‍ത്തനം. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാവുന്നതാണ്.
പൊതുരംഗത്തേക്കിറങ്ങുമ്പോള് സ്ത്രീ പാലിക്കേണ്ടത്
1- ശരീഅത്ത് അനുശാസിക്കുന്ന തരത്തില്‍ ശരീരം മറക്കുക.
2- ദുര്‍ബല മനസ്സുകളില്‍ ചാഞ്ചാട്ടമുണ്ടാക്കുന്ന തരത്തിലുള്ള സംസാരം വെടിയുക.
3- അന്യരുമായി സംസാരിക്കേണ്ടി വരുന്ന സന്ദര്‍ഭമുണ്ടാകുമ്പോള്‍ പരമാവധി സൂക്ഷ്മത പാലിക്കുക.
4- അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളുടെ ശൈലിയും പെരുമാറ്റരീതിയും ഉപേക്ഷിക്കുക.
5- മൃദുവികാരങ്ങള്‍ ഉണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ചലനങ്ങളും വെടിയുക.
6- സൗന്ദര്യ പ്രകടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.
7- പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ ഗൃഹസംരക്ഷണം, സന്താനപരിപാലനം പോലുള്ള അടിസ്ഥാന ഉത്തരവാദിത്വങ്ങളില്‍ വീഴ്ച്ച വരുത്താതിരിക്കല്‍.
വിവ: നസീഫ്
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.