അസ്വസ്ഥനായ യുവാവിനൊപ്പം

കണ്ണുനീരും വേദനകളുമായെത്തുന്ന പല പ്രായത്തിലുള്ള യുവതീ യുവാക്കളും എന്റെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്താറുണ്ട്. പലതരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണര്‍. ഒരിക്കല്‍ ദുഖത്തോടെ ഒരു 17 വയസ്സുകാരന്‍ എന്റെയടുക്കല്‍ വന്നു. ഈ പ്രായത്തിലുള്ള ഒരാളുടെ വരവ് എന്നെ അത്ഭുതപ്പെടുത്തി. അവനെ സ്വാഗതം ചെയ്തു കൊണ്ട് ഞാന്‍ പറഞ്ഞു: നിന്റെ ബോധ്യത്തെ ഞാന്‍ ആദ്യമായി അഭിനന്ദിക്കുകകയാണ്.
അവന്‍ പറഞ്ഞു: എങ്ങനെ നിങ്ങളത് മനസ്സിലാക്കി?
ഞാന്‍: നല്ല തിരിച്ചറിവും ബോധ്യവും ഉണ്ടെങ്കില്‍ മാത്രമേ നിന്റെ പ്രായത്തിലുള്ള ഒരാള്‍ ഇതുപോലൊരു ക്ലിനിക്കില്‍ എത്തുകയുള്ളൂ.
അവന്‍: മറിച്ചാണ് യാഥാര്‍ഥ്യം; ടെന്‍ഷനും നിരാശയുമാണ് എന്നെ ഇവിടെയത്തിച്ചത്.
ഞാന്‍: അങ്ങനെയായിരുന്നെങ്കില്‍ കൂട്ടുകാരുടെ അടുത്തേക്കാകുമായിരുന്നു നീ പോകുക. അല്ലെങ്കില്‍ നിന്റെ പ്രായത്തിലുള്ള യുവാക്കള്‍ വ്യാപൃതരാവുന്ന ഏതെങ്കിലും കാര്യത്തില്‍ മുഴുകുമായിരുന്നു.
അവന്‍: അതെല്ലാം ഞാന്‍ പയറ്റിയതാണ്.
ഞാന്‍: എന്നിട്ട് എവിടെയെത്തി?
അവന്‍: ഒരു കൗണ്‍സലിംഗ് വിദഗ്ദനെന്ന നിലയില്‍ നിങ്ങളിലാണ് ഞാന്‍ ഇനി പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഞാന്‍: വെറും ഒരു കൗണ്‍സിലര്‍ മാത്രമല്ല ഞാന്‍, മക്കള്‍ക്ക് മേല്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാത്ത രക്ഷിതാവും അനുഭവ സമ്പത്തുള്ള കൂട്ടുകാരനുമാണ്.
അവന്‍: അടിച്ചേല്‍പ്പിക്കല്‍ ഇല്ലാതിരിക്കല്‍ തന്നെയാണ് ഏറ്റവും പ്രധാനം. അതില്ലെങ്കില്‍ തന്നെ മനസ്സിന് വളരെ ആശ്വാസമാണ്.
ഞാന്‍: എന്താണ് നിന്റെ പ്രശ്‌നം?
അവന്‍: നിരവധി പ്രശ്‌നങ്ങളുണ്ട്.
ഞാന്‍: നീ ഉദ്ദേശിക്കുന്ന ഏതെങ്കിലും ഒന്ന് പറഞ്ഞ് തുടങ്ങാം.
അവന്‍: എവിടെ തുടങ്ങണമെന്ന് എനിക്കറിയില്ല. അതിന് നിങ്ങളുടെ സഹായം വേണം.
ഞാന്‍: ആരുമായാണ് നിന്റെ പ്രശ്‌നം?
അവന്‍: എല്ലാവരുമായും.
ഞാന്‍: ആരില്‍ നിന്ന് നാം തുടങ്ങും?
അവന്‍: ഉപ്പയില്‍ നിന്ന് തുടങ്ങാം.
ഞാന്‍: എന്താണ് ഉപ്പയുടെ പ്രശ്‌നം?
അവന്‍: നിരവധി പ്രശ്‌നങ്ങളുണ്ട്.
ഞാന്‍: എന്ന് മുതലാണ് നിനക്ക് ഉപ്പയില്‍ നിന്ന് ഇതനുഭവപ്പെടാന്‍ തുടങ്ങിയത്?
അവന്‍: ഞാന്‍ കുട്ടിയായിരിക്കുന്നത് മുതല്‍.
ഞാന്‍: മൂത്ത മകന്‍ നീയാണോ?
അവന്‍: അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നം.
ഞാന്‍: എന്തുകൊണ്ട്?
അവന്‍: അതുകൊണ്ട് എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം എന്റെ മേല്‍ കെട്ടിവെക്കുന്നു.
ഞാന്‍: എല്ലാ കാര്യങ്ങളും എന്നതു കൊണ്ടുദ്ദേശിക്കുന്നത് എന്താണ്?
അവന്‍: വീട്ടില്‍ ആര് എന്തു തെറ്റ് ചെയ്താലും ഞാനാണ് അതിന്റെ കാരണക്കാരന്‍... സഹാദരങ്ങള്‍ തെറ്റു ചെയ്താലും കാരണക്കാരന്‍ ഞാന്‍ തന്നെ.... പഠനത്തില്‍ പിന്നോക്കം പോകുന്നതിന്റെയും കാരണക്കാന്‍ ഞാന്‍... ഉപ്പ യാതൊരു കരുണയും കാണിക്കില്ല.. എന്നെ കേള്‍ക്കുക പോലുമില്ല... ഞാനയാളെ വെറുക്കുന്നു... ഞാനയാളെ വെറുക്കുന്നു!
അവന്റെ സംസാരം നിര്‍ത്തിവെപ്പിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു: നീ ശാന്തനാവൂ..
എന്നിട്ട് ഒരു ഗ്ലാസ് വെള്ളം അവന് വേണ്ടി വരുത്തിച്ചു. എന്നിട്ട് പറഞ്ഞു: ഉപ്പയുമായുള്ള പ്രശ്‌നം കൃത്യമായി എണ്ണിപ്പറയാനാകുമോ?
അവന്‍: എനിക്കറിയില്ല... ഓര്‍ത്തെടുക്കാനാവുന്നില്ല.
ഞാന്‍: ഇന്ന് നിന്നെ ഇവിടെ എത്തിച്ചതിന് കാരണമായ ഉപ്പയുമായുണ്ടായ പ്രശ്‌നമെന്താണ്?
അവന്‍: പതിവുപോലെ ചീത്തവിളിയും ശകാരവുമാണ് കേട്ടാണ് ഇന്നും രാവിലെ ഞങ്ങള്‍ ഉണര്‍ന്നത്. രാവിലെ നേരത്തെ എഴുന്നേല്‍ക്കാത്തതിന്റെയും ഉറക്കത്തിന്റെ കാര്യത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥയില്ലാത്തതിന്റെയും പേരിലാണത്.
ഞാന്‍: ഇന്ന് പുതുതായി എന്താണ് സംഭവിച്ചത്?
അവന്‍: ഒരു മൈക്രോസ്‌കോപിനടിയില്‍ ജീവിക്കുന്നത് പോലെയാണ് എന്റെ ജീവിതം എനിക്കനുഭവപ്പെടുന്നത്. അതിന്റെ ലെന്‍സ് നിസ്സാര കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുന്നു, കുറവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതേസമയം ഒരു നേട്ടവും കാണുന്നുമില്ല. എല്ലാ കുറവുകളും അത് കാണുന്നു. ഒഴിവുകഴിവുകളൊന്നും പരിഗണിക്കപ്പെടുകയുമില്ല. ഒരിക്കലും നല്ലത് കാണാതെ തെറ്റുകള്‍ക്കായി പരതുകയാണത്. അങ്ങനെ ഞാന്‍ നന്ദികെട്ട മകനും പരാജിതനായ വിദ്യാര്‍ഥിയുമായി. ഉപ്പ രൂപപ്പെടുത്തിയിട്ടുള്ള എന്റെ ചിത്രം ഇതാണ്.
ഞാന്‍: ഇതിലെല്ലാം ഉമ്മയുടെ നിലപാടെന്താണ്?
അവന്‍: അത് മറ്റൊരു പ്രശ്‌നമാണ്. ഉപ്പയുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയാണ് ഉമ്മ ചെയ്യാറുള്ളത്. എന്റെ പേരില്‍ അവര്‍ തമ്മില്‍ വഴക്കടിക്കുമ്പോള്‍ ജീവിതം നരകമായി മാറുകയാണ്.
ഞാന്‍: ഉപ്പയുടെ ഈ പെരുമാറ്റം നിന്നോട് മാത്രമാണോ?
അല്‍പസമയത്തെ മൗനത്തിന് ശേഷം ആലോചിച്ചു കൊണ്ട് അവന്‍ പറഞ്ഞു: എനിക്കറിയില്ല, ഒരുപക്ഷേ സഹോദരിമാരേക്കാള്‍ ഏറെ ഉപ്പയോട് വിയോജിക്കുന്നത് ഞാനായിരിക്കാം.
ഞാന്‍: മറ്റു ആളുകളോടും ബന്ധുക്കളോടും കൂട്ടുകാരോടും ഉപ്പയുടെ പെരുമാറ്റം എങ്ങനെയാണ്?
അവന്‍: ഉപ്പ പെട്ടന്ന് ക്ഷോഭിക്കുമെങ്കിലും നല്ല മനുഷ്യനാണ്.
ഞാന്‍: പിന്നെ എന്താണ് പ്രശ്‌നം?
അവന്‍: മാതൃകാ പുരുഷന്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍ ഞങ്ങള്‍ യുവതലമുറ ചിന്തിക്കുന്നത് പോലെയല്ല അദ്ദേഹം ചിന്തിക്കുന്നത്. ഞങ്ങളുടെ ചിന്തകള്‍ക്കിടയിലെ വിടവ് വളരെ വലുതാണ്.
ഞാന്‍: ഒരു ഉദാഹരണം പറയാനാകുമോ...
അവന്‍: ജീവിതത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങളെ അദ്ദേഹം ഇടുങ്ങിയ കണ്ണോടെയാണ് കാണുന്നത്. ഫോണിനെയും ടിവിയെയും കുറ്റപ്പെടുത്തുന്ന അദ്ദേഹം തലമുടി വെട്ടുന്ന രീതിയെ വരെ കുറ്റപ്പെടുത്തുന്നു. ഞങ്ങളുടെ ജീവിതം അദ്ദേഹം ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നത് പോലെയാവണം.
ഞാന്‍: ഞാന്‍ നിന്നോട് ഒരു ചോദ്യം ചോദിക്കും. നീ ആലോചിച്ച് ഉത്തരം നല്‍കിയാല്‍ മതി: ഉപ്പ നിന്നെ സ്‌നേഹിക്കുന്നുണ്ടോ?
ഒറ്റയടിക്ക് ഇല്ലെന്ന് പറഞ്ഞ അവന്‍ തിരുത്തി കൊണ്ട് പറഞ്ഞു: എനിക്കറിയില്ല... എനിക്കറിയില്ല...
ഞാന്‍: ഉപ്പയിലുള്ള ചില നന്മകള്‍ പറയാന്‍ നിനക്കാവുമോ?
അവന്‍: ഉദാരനും വാത്സല്യമുള്ളയാളുമാണ് അദ്ദേഹം.
ഞാന്‍: വാത്സ്യല്യമുള്ളവന്‍?!
അവന്‍: അദ്ദേഹം എന്നോട് ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കാറുണ്ട്. എന്നാല്‍ ദേഷ്യം അടങ്ങിയാല്‍ അടിസ്ഥാനപരമായി ഞങ്ങളോട് നല്ല പെരുമാറ്റമാണ്. ദേഷ്യം അവസാനിച്ചാല്‍ അദ്ദേഹവുമായി സംസാരിക്കാന്‍ എളുപ്പമാണ്. മാത്രമല്ല, ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനും ഭാവി നന്നാക്കുന്നതിനും വേണ്ടിയാണ് പണിയെടുക്കുന്നത്. എന്നാല്‍ കടുത്ത മാര്‍ഗമാണതിന് സ്വീകരിക്കുന്നത്. കാര്യങ്ങളെല്ലാം അദ്ദേഹം ഉദ്ദേശിക്കുന്ന തരത്തില്‍ നടപ്പാക്കണമെന്നാണ് ഉപ്പ കരുതുന്നത്.
ഞാന്‍: അതവിടെ നില്‍ക്കട്ടെ, അദ്ദേഹത്തിലുള്ള മറ്റ് നന്മകള്‍ പറയൂ.
അവന്‍: എന്റെ സഹോദരിമാരോട് വളരെ ശാന്തസ്വഭാവത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. വലിയൊരളവളോളം നല്ല ഒരു ജീവിതത്തിന് വേണ്ട ഭൗതിക സംവിധാനങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ഞാന്‍: നിന്നില്‍ നിന്ന് എന്താണ് ഉപ്പ പ്രതീക്ഷിക്കുന്നത്?
അവന്‍: നമസ്‌കാരത്തിലെ കൃത്യത, നിരന്തരമുള്ള വായന അങ്ങനെ മൊത്തത്തില്‍ നര ബാധിച്ച യുവത്വം എന്ന് പറയാം.
ഞാന്‍: എന്താണ് നര ബാധിച്ച യുവത്വം?
അവന്‍: ഞങ്ങളുടെ തലമുറയുടെ സവിശേഷമായ ചില പ്രവര്‍ത്തനങ്ങളൊന്നും അദ്ദേഹത്തിന് തീരെ പിടിക്കുന്നില്ല. യുവാക്കളെന്ന നിലക്കുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതിന് പകരം വാര്‍ധക്യം ബാധിച്ച യുവാക്കളാക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവ പരിചയവും ബുദ്ധിയുമായിരിക്കാം അതിന് കാരണം.
ഞാന്‍: നിനക്ക് ദോഷകരമായ എന്തെങ്കിലും അദ്ദേഹം ആഗ്രഹിക്കുമോ?
അവന്‍: ഒരിക്കലുമില്ല.
ഞാന്‍: ആ മനസ്സോടെ ഉപ്പയോട് ഇടപെട്ടാല്‍ വലിയൊരളവോളം നിന്റെ പ്രശ്‌നത്തിന് ആശ്വാസം കിട്ടും.
അവന്‍: എങ്ങനെ?
ഞാന്‍: നിനക്ക് പ്രയാസമുള്ള ഒരു കാര്യം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ അതിന് പിന്നിലുള്ള ഉദ്ദേശ്യത്തിലേക്കാണ് നീ മനസ്സിനെ കൊണ്ടു പോവേണ്ടത്. അദ്ദേഹം നിന്നോട് ദ്രോഹം ചെയ്യില്ലെന്ന് നിനക്ക് ഉറപ്പുണ്ടല്ലോ.
അവന്‍: എന്നാല്‍ അതെനിക്ക് പ്രയാസമുണ്ടാക്കുന്നുണ്ടല്ലോ.
ഞാന്‍: നിന്റെ വീക്ഷണത്തില്‍. എന്തിനാണ് അദ്ദേഹം നിന്നെ പ്രയാസപ്പെടുത്തുന്നത്?
അവന്‍: അങ്ങനെയാണ് അദ്ദേഹം.
ഞാന്‍: അല്ല, അതിന് കാരണങ്ങളുണ്ട്. നിനക്കത് അറിയുകയും ചെയ്യാം.
അവന്‍: എന്റെ കാര്യത്തില്‍ അദ്ദേഹം ഭയപ്പെടുന്നു. ഞാന്‍ ചെറിയ കുട്ടിയല്ല. എന്നെയും എന്റെ ചിന്തയെയും സ്വതന്ത്രമായി വിടണം. അദ്ദേഹത്തിന്റെ കാഴ്ച്ചപാടനുസരിച്ചല്ല, എന്റെ കാഴ്ച്ചപാടനുസരിച്ച് എനിക്ക് ജീവിക്കണം.
ഞാന്‍: നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയാവും ചിന്തിക്കുക. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു തരാം. ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തിന് സമ്മാനിച്ച നഷ്ടങ്ങളോ പരാജയങ്ങളോ നിനക്കൊരിക്കലും സംഭവിക്കരുതെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. നീ മനസ്സിലാക്കുന്നത് പോലെ നിന്നെ ഭരിക്കുകയല്ല, നിനക്ക് താങ്ങായി മാറുകയാണ് അദ്ദേഹം. അതിനോടുള്ള നിന്റെ എതിര്‍പ്പിനെ വിഡ്ഢിത്തമായിട്ടാണ് അദ്ദേഹം കാണുന്നത്.
അവന്‍: ശരിയാണ്. ചിലപ്പോഴെല്ലാം അദ്ദേഹം തന്നെ ഞങ്ങളോടത് പറയാറുണ്ട്. തൃപ്തികരമായ സന്ദര്‍ഭങ്ങളില്‍ അത്തരം വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാവാറുണ്ട്.
ഞാന്‍: തൃപ്തികരമായ സന്ദര്‍ഭം നീണ്ടു നില്‍ക്കാറുണ്ടോ?
അവന്‍: ഇല്ല... അങ്ങനെ നീണ്ടു നിന്നിരുന്നെങ്കില്‍ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കല്‍പനകളോ വിലക്കുകളോ ഇല്ലാതെ, സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഒരു കൂട്ടുകാരനെ പോലെ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് ഞങ്ങള്‍ കൊതിക്കുന്നു. അനുഭവസമ്പത്ത് ആവശ്യമുള്ള എത്രയെത്ര പ്രതിസന്ധികളാണ് ജീവിതത്തില്‍ ഉണ്ടാവാറുള്ളത്. തെറ്റുപറ്റുമ്പോള്‍ അതിന്റെ പേരില്‍ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതെ ക്ഷമിക്കുന്ന, അടിച്ചേല്‍പ്പിക്കലോ നിര്‍ബന്ധമോ ഇല്ലാതെ ഞങ്ങളെ കേള്‍ക്കുന്ന ഉപ്പയെ ഞങ്ങളാഗ്രഹിക്കുന്നുണ്ട്.
ഞാന്‍: നീ പറഞ്ഞ ഇക്കാര്യം മുഴുവന്‍ മാതാപിതാക്കളോടുമായി ഞങ്ങള്‍ പറയുകയാണ്: 'എന്നെ കേള്‍ക്കുന്ന കാതുകളാണ് ഞാനാഗ്രഹിക്കുന്നത്... എന്റെ തെറ്റുകളില്‍ ക്ഷമിക്കുന്ന മനസ്സും.'

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus