സ്വബ്‌റ് പ്രകാശമാണ്

عَنْ أَبِي سَعِيدٍ الْخُدْرِيِّ أَنَّ نَاسًا مِنْ الْأَنْصَارِ سَأَلُوا رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَعْطَاهُمْ ثُمَّ سَأَلُوهُ فَأَعْطَاهُمْ حَتَّى إِذَا نَفِدَ مَا عِنْدَهُ قَالَ مَا يَكُنْ عِنْدِي مِنْ خَيْرٍ فَلَنْ أَدَّخِرَهُ عَنْكُمْ وَمَنْ يَسْتَعْفِفْ يُعِفَّهُ اللَّهُ وَمَنْ يَسْتَغْنِ يُغْنِهِ اللَّهُ وَمَنْ يَصْبِرْ يُصَبِّرْهُ اللَّهُ وَمَا أُعْطِيَ أَحَدٌ مِنْ عَطَاءٍ خَيْرٌ وَأَوْسَعُ مِنْ الصَّبْرِ.

അബൂസഈദില്‍ ഖുദ്‌രിയില്‍ നിന്ന് നിവേദനം. അന്‍സാറുകളില്‍ പെട്ട ചിലയാളുകള്‍ പ്രവാചകനോട് ദാനം ചോദിച്ചു. അപ്പോള്‍ പ്രവാചകന്‍ അവര്‍ക്ക് നല്‍കി. അവര്‍ പിന്നെയും ചോദിച്ചു. അപ്പോഴും അവര്‍ക്ക് കൊടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ കൈവശമുള്ളത് തീര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കയ്യിലുള്ള ഒരു സമ്പത്തും നിങ്ങള്‍ക്കു തരാതെ ഞാന്‍ സംഭരിച്ചുവെക്കുകയില്ല. ആര്‍ പാതിവ്രത്യം പാലിച്ചുവോ (മറ്റുള്ളവരോട് യാചിക്കാതെ മാന്യത കാണിച്ചുവോ) അല്ലാഹു അയാളെ പാതിവ്രത്യമുള്ളവനാക്കും (ആത്മസംതൃപ്തിയേകും). ജനങ്ങളുടെ പക്കലുള്ളത് വേണ്ട എന്ന തീരുമാനത്താല്‍ ആര്‍ ഐശ്വര്യം ഭാവിക്കുന്നുവോ (അല്ലാഹുവിങ്കലുള്ളത് മതി എന്ന് കരുതുന്നുവോ) അല്ലാഹു അവനെ ഐശ്വര്യവാനാക്കും. ആര്‍ ക്ഷമ കാണിക്കുന്നുവോ അല്ലാഹു അയാളെ ക്ഷമാലുവാക്കും. സ്വബ്‌റിനേക്കാള്‍ ഉത്തമവും വിശാലവുമായ ഒരു ദാനവും ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല. (മുസ്‌ലിം: 1053/124)

: ചോദിച്ചു  
أَعْطَى : നല്‍കി  
نَفِدَ  : തീര്‍ന്നു
إِدَّخَرَ : സംഭരിച്ചു വെച്ചു
إِسْتَعْفَّ : പാതിവ്രത്യം തേടി
أعَفَّ  : പാതിവ്രത്യമുള്ളവനാക്കി
إِسْتَغْنَى : ധന്യത ഭാവിച്ചു
أَغْنَى : ധന്യനാക്കി
صَبَرَ : സഹിച്ചു, ക്ഷമിച്ചു
عَطَاء : ദാനം  
أَوْسَع : കൂടുതല്‍ വിശാലമായത്

അല്ലാഹു മനുഷ്യനോട് പലതും കല്‍പിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആ കല്‍പനകളും നിരോധനങ്ങളും അനുസരിച്ച് ജീവിച്ചാല്‍ സ്വര്‍ഗം തരാമെന്ന് അവന്‍ വാഗ്ദാനം ചെയ്യുന്നു. ധിക്കരിച്ചാല്‍ നരകമായിരിക്കും ഫലമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലേക്കുള്ള പാത അവന്‍ അപ്രിയമായ കാര്യങ്ങളാല്‍ വലയം ചെയ്തിരിക്കുന്നു. നരകത്തിലേക്കുള്ള പാത പ്രിയങ്കരമായ കാര്യങ്ങള്‍ കൊണ്ടും. ഒരാള്‍ക്ക് തന്റെ മനസ്സിന് അപ്രിയമായ കാര്യങ്ങള്‍ ചെയ്യാന്‍ സ്വബ്‌റ് കൂടിയേ തീരൂ. ഹൃദയത്തില്‍ അല്ലാഹുവിനോടുള്ള സ്‌നേഹം നിറയുമ്പോഴേ സ്വബ്‌റ് ഉണ്ടാവുകയുള്ളൂ. സ്വബ്‌റുള്ളവന്‍ ലക്ഷ്യം നേടും. ഖുര്‍ആന്‍ പറയുന്നു: അല്ലാഹു സഹനശീലരെ ഇഷ്ടപ്പെടുന്നു (ആലുഇംറാന്‍: 146).

അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (ആലുഇംറാന്‍: 200)

ഭീരുത്വം, ആവലാതി എന്നിവയില്‍ നിന്ന് മനസ്സിനെ തടയലാണ് സ്വബ്‌റ്. (ക്ഷമ, സഹനം, ധീരത, സത്യത്തില്‍ ഉറച്ചു നില്‍ക്കല്‍ എന്നൊക്കെ സ്വബ്‌റിന് അര്‍ഥം പറയാം). മാന്യമായ രീതിയില്‍ പരീക്ഷണങ്ങളെ നേരിടലാണ് സ്വബ്‌റെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ക്ഷമ എന്നത് മനസ്സിനെ സംബന്ധിച്ചിടത്തോളം ഏറെ കയ്പുള്ളതാണ്. കറ്റുവാഴ (സ്വബ്‌റ്) നീരിന്റെ കയ്പുപോലെ. അതുകൊണ്ടാണത്രെ ക്ഷമക്ക് സ്വബ്‌റ് എന്ന പേരുവന്നത്.

അത്യുന്നതമായ സ്വഭാവമാണ് സ്വബ്‌റ്. തകര്‍ക്കപ്പെടാത്ത കോട്ടയും വിള്ളലില്ലാത്ത അഭയകേന്ദ്രവുമാണ് സ്വബ്‌റ്. അത് സ്വായത്തമാക്കാന്‍ അല്ലാഹു തന്റെ ദാസന്മാരോട് ആവശ്യപ്പെടുന്നു. പ്രതിഫലം നിലക്കാത്ത ദാനമാണ് സ്വബ്‌റ്. അല്ലാഹു പറയുന്നു: സഹനശീലര്‍ക്കു തന്നെയാണ് തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ പൂര്‍ണമായും നല്‍കപ്പെടുന്നത്. (അസ്സുമര്‍: 10)

സഹനശീലര്‍ക്ക് അല്ലാഹു നന്മ വിധിച്ചിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: നിങ്ങള്‍ ക്ഷമിക്കലാണ് നിങ്ങള്‍ക്കുത്തമം. (അന്നിസാഅ്: 25)

ഈ ഉല്‍കൃഷ്ട സ്വഭാവത്തിന്റെ മഹനീയതയും ഔന്നത്യവും കാരണം അല്ലാഹു അസ്സ്വബൂര്‍ എന്ന നാമം സ്വീകരിച്ചിരിക്കുന്നു. തന്റെ ധിക്കരിക്കുന്നവരോടുള്ള അല്ലാഹുവിന്റെ വിശാലമായ സമീപനത്തെയാണ് അത് കുറിക്കുന്നത്. സ്വബ്‌റിന്റെ പേരില്‍ അല്ലാഹു തന്റെ പ്രവാചകന്മാരെ പ്രശംസിച്ചിട്ടുണ്ട്. അയ്യൂബ് നബിയെ കുറിച്ച് അല്ലാഹു പറഞ്ഞു: തീര്‍ച്ചയായും അദ്ദേഹത്തെ നാം സഹനശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനായിരുന്നു. (സ്വാദ്: 44)

ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരില്‍ പെട്ടവരാകുന്നു. (അല്‍അമ്പിയാഅ്: 85)

സ്വബ്‌റിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നി്ന്ന ഉലുല്‍ അസ്മ് (നിശ്ചയദാര്‍ഢ്യമുള്ളവര്‍) എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവാചകന്‍മാരെ മാതൃകയാക്കാന്‍ മുഹമ്മദ് നബിയോട് അല്ലാഹു ആവശ്യപ്പെടുന്നു: അതിനാല്‍ നിശ്ചയദാര്‍ഢ്യമുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. (അല്‍അഹ്ഖാഫ്: 35)

തങ്ങളുടെ ജനതയുടെ പീഡനങ്ങളെയും ദ്രോഹങ്ങളെയും ക്ഷമയോടെ തരണം ചെയ്ത് ഉദാത്ത മാതൃക കാണിച്ചവരാണ് പ്രവാചകന്മാര്‍. അല്ലാഹു പറയുന്നു: നിനക്കു മുമ്പും ദൂതന്മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട് തങ്ങള്‍ നിഷേധിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്തത് അവര്‍ സഹിച്ചു അവര്‍ക്ക് നമ്മുടെ സഹായം വന്നെത്തുവോളം. (അല്‍അന്‍ആം: 34)

പീഡനങ്ങളും എതിര്‍പ്പുകളും കൂടൂംതോറും ദൈവദൂതന്മാരുടെ സ്വബ്‌റ് വര്‍ധിക്കുകയായിരുന്നു. അവര്‍ തങ്ങളുടെ ജനതയോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചത് ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവര്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ. (ഇബ്‌റാഹീം: 12)

പ്രവാചകന്മാര്‍ അവരുടെ ജനതയോട് ക്ഷമിക്കാന്‍ ഉപദേശിക്കുകയും അതിന് പ്രേരണ നല്‍കുകയും ചെയ്തിരുന്നു. മൂസാ നബി തന്റെ ജനതയോട് പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനോട് സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുവിന്‍. (അല്‍അഅ്‌റാഫ്: 128)

പില്‍ക്കാലക്കാരായ തന്റെ ജനതയോടുള്ള മുഹമ്മദ് നബിയുടെ വസ്വിയ്യത്തും ഇതുതന്നെയാണ്. അദ്ദേഹം സഹാബികളോട് പറഞ്ഞു: നിങ്ങള്‍ക്ക് പിന്നാലെ ചില ദിനങ്ങള്‍ വരാനുണ്ട്. തീക്കട്ട കയ്യില്‍ പിടിച്ച് നില്‍ക്കുംപോലെയായിരിക്കും ആ നാളുകളില്‍ സ്വബ്‌റ്. അന്ന് സല്‍കര്‍മം ചെയ്യുന്നവനുള്ള പ്രതിഫലം നിങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന അമ്പത് ആളുകളുടെ പ്രതിഫലത്തിന് സമാനമായിരിക്കും. ചിലര്‍ ചോദിച്ചു തിരുദൂതരേ, ഞങ്ങളില്‍ പെട്ട അമ്പത് ആളുകളുടെയോ അതല്ല അവരില്‍ പെട്ട അമ്പത് ആളുകളുടെയോ? നബി(സ) പറഞ്ഞു: നിങ്ങളില്‍ പെട്ട അമ്പതു പേരുടെ.(1)  

മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: സ്വബ്‌റ് പ്രകാശമാണ്.(2)

തെറ്റുകളില്‍ നിന്ന് മനസ്സിനെ തടഞ്ഞുനിര്‍ത്തുക, അല്ലാഹുവിനെ അനുസരിക്കാനുള്ള സ്വബ്‌റ്, പ്രയാസങ്ങളുണ്ടാകുമ്പോഴുള്ള സ്വബ്‌റ് എന്നിങ്ങനെ സ്വബ്‌റ് പലവിധമുണ്ട്. ദൈവാനുസരണത്തില്‍ സ്വബ്‌റിന്റെ പ്രാധാന്യത്തെ കുറിച്ച് അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന സഹായം തേടുവിന്‍. തീര്‍ച്ചയായും സ്വബ്‌റുള്ളവരോടൊപ്പമാണ് അല്ലാഹു. (അല്‍ബഖറ: 153)

ആവര്‍ത്തിക്കപ്പെടുന്ന നിര്‍ബന്ധ കര്‍മമാണല്ലോ നമസ്‌കാരം. അതിന് ക്ഷമയും അധ്വാനവും ആവശ്യമാണ്. അല്ലാഹു പറഞ്ഞു: നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്‍പിക്കുകയും അതില്‍ (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വം ഉറച്ചു നില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്. ധര്‍മനിഷ്ഠയുള്ളവര്‍ക്കാകുന്നു ശുഭപര്യവസാനം. (ത്വാഹാ: 132)

അല്ലാഹുവിന്റെ ശിക്ഷ സഹിക്കുന്നതിനേക്കാള്‍ ലളിതമാണ് അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍ നിന്ന് മനസ്സിനെ പിടിച്ചുനിര്‍ത്തുന്ന സ്വബ്‌റ്.

അല്ലാഹുവിന്റെ കല്‍പനകള്‍ നിറവേറ്റാനും അവന്‍ നിരോധിച്ചവയില്‍ നിന്ന് വിട്ടുനില്‍ക്കാനും പരിശ്രമിക്കുകയും ഇഹലോകത്തേക്കാള്‍ പരലോകത്തേക്കാള്‍ മുന്‍ഗണന നല്‍കുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കി നിര്‍ത്തുകയും തെറ്റുകള്‍ വര്‍ജിച്ചുകൊണ്ട് മനസ്സിന് കടിഞ്ഞാടുകയും ചെയ്യുന്നവര്‍ അഭിനന്ദനാര്‍ഹരാണെന്ന് പറയേണ്ടതില്ലല്ലോ.

പരീക്ഷണങ്ങളിലും പ്രയാസങ്ങളിലുമുള്ള സ്വബ്‌റാണ് മറ്റൊരിനം. പരീക്ഷണങ്ങളെ സഹനപൂര്‍വം തരണം ചെയ്യുന്നവര്‍ സൗഭാഗ്യവാന്മാരാണ്. അല്ലാഹു പറയുന്നു: കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്താഷവാര്‍ത്ത അറിയിക്കുക (അല്‍ബഖറ: 155).

തന്റെ നാഥനില്‍ വിശ്വസിക്കുകയും അവന്‍ തനിക്ക് വിധിച്ചതില്‍ സംതൃപ്തനാവുകയും ചെയ്യുന്നവര്‍ക്കേ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കാന്‍ സാധിക്കൂ. നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണകരമാണ്. ഒരു സത്യവിശ്വാസിക്കല്ലാതെ ഒരാള്‍ക്കും അങ്ങനെയൊരവസ്ഥ ഉണ്ടാവില്ല. എന്തെങ്കിലും സന്തോഷകരമായത് സംഭവിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അത് അവന് ഗുണകരമാവും. ഇനി എന്തെങ്കിലും ദ്രോഹകരമായത് സംഭവിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ അതും അവന് ഗുണകരമാവും. (3)

വിപത്തുകളില്‍ ക്ഷമ കൈകൊള്ളുന്നവര്‍ക്ക് അല്ലാഹുവിന്റെ പാപമോചനവും കാരുണ്യവുമാണ് പ്രതിഫലം. അല്ലാഹു പറയുന്നു: തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ പറയുന്നത് ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കു തന്നെ മടങ്ങേണ്ടതുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍ (അല്‍ബഖറ: 156,157).

ഖാദി ശുറൈഹ് പറഞ്ഞു: എനിക്ക് ഒരു വിപത്ത് ബാധിക്കുമ്പോള്‍ അതിന്റെ പേരില്‍ ഞാന്‍ നാല് തവണ അല്ലാഹുവിനെ സ്തുതിക്കാറുണ്ട്. ഇതിനേക്കാളും വലിയ എത്രയോ വിപത്തുകളുണ്ട്, അവയൊന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്താണ് ഒരു സ്തുതി. രണ്ടാമത്തേത് എനിക്ക് സ്വബ്‌റ് പ്രദാനം ചെയ്തതിന്റെ പേരിലാണ്. അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ഇസ്തിര്‍ജാഅ് (ഇന്നാ ലില്ലാഹി.... പറയല്‍) നടത്താന്‍ എനിക്ക് സൗഭാഗ്യം ലഭിച്ചതിന്റെ പേരിലാണ് മൂന്നാമത്തെ സ്തുതി. എന്റെ ദീനുമായി ബന്ധപ്പെട്ട വിഷയത്തിലല്ല ആ വിപത്ത് എന്നതാണ് നാലാമത്തെ സ്തുതിയുടെ കാരണം. (സിയറു അഅ്‌ലാമിന്നുബലാഅ്).

നമ്മെ ദ്രോഹിക്കുന്നവരോട് ഏറ്റവും ഉചിതമായി രീതിയില്‍ വര്‍ത്തിക്കുന്നതും സ്വബ്‌റിന്റെ ഭാഗമാണെന്ന് അല്ലാഹു പറയുന്നു: നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈകൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. മഹാഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (ഫുസ്സ്വിലത്ത്: 34,35)

ഇബ്‌നു അബ്ബാസ് പറഞ്ഞു: കോപമുണ്ടാകുമ്പോള്‍ സ്വബ്‌റ് കൈകൊള്ള (മനസ്സിനെ നിയന്ത്രിക്കണ)ണമെന്നും അവിവേകത്തെ വിവേകം കൊണ്ട് നേരിടണമെന്നും തെറ്റു ചെയ്യുന്നവര്‍ക്ക് മാപ്പു നല്‍കണമെന്നും ഈ സൂക്തത്തിലൂടെ അല്ലാഹു ആവശ്യപ്പെടുന്നു.(തഫ്‌സീറുല്‍ ഖുര്‍ത്വുബി)

ഈ സൂക്തത്തില്‍ സൂചിപ്പിച്ച ഉന്നത സ്വഭാവം ആര്‍ജിക്കണമെങ്കില്‍ ക്ഷമയുണ്ടായേ തീരൂ. ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ വിജയവും നേട്ടവും കരസ്ഥമാക്കാനുള്ള ഉപാധിയാണത്. അത് മനുഷ്യന്റെയും കോപത്തിന്റെയും ഇടയില്‍ മറയായി നില്‍ക്കുന്നു. തന്റെ ചുറ്റിലുമുള്ളവരോടുള്ള പെരുമാറ്റത്തിലും ഇടപാടിലുമെല്ലാം വിവേകം കൈവിടാതിരിക്കാന്‍ അതിലൂടെ സാധിക്കുന്നു. ജീവിതം സുന്ദരമാവാന്‍ അനിവാര്യമായും ഉണ്ടാവേണ്ട ഒന്നാണത്. അതിന്റെ അഭാവത്തില്‍ കോപവും മറ്റു വികാരങ്ങളും നമ്മെ അതിജയിക്കും. ഒരാള്‍ പ്രവാചകന്റെ അടുക്കല്‍ വന്ന് പറഞ്ഞു തിരുദൂതരേ, എന്നെയൊന്ന് ഉപദേശിച്ചാലും. നബി(സ) പറഞ്ഞു: നീ കോപിക്കരുത്. അയാള്‍ തന്റെ ആവശ്യം പല തവണ ആവര്‍ത്തിച്ചു. അപ്പോഴൊക്കെയും പ്രവാചകന്‍ പറഞ്ഞു: നീ കോപിക്കരുത്.(4)

കോപിക്കാതിരിക്കലും സ്വബ്‌റും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. സ്വബ്‌റ് ഉല്‍കൃഷ്ടമായ സ്വഭാവങ്ങളിലേക്കും മികച്ച പെരുമാറ്റങ്ങളിലേക്കും നയിക്കും. ജീവിതത്തില്‍ സ്വബ്‌റ് മുറുകെ പിടിച്ചവര്‍ അതിന്റെ പേരില്‍ പ്രതിഫലാര്‍ഹരായിത്തീരും. അത് തന്റെ പരലോക ജീവിതത്തിന് മുതല്‍ക്കൂട്ടാവും. അല്ലാഹു പറഞ്ഞു: നിങ്ങള്‍ ക്ഷമ കൈകൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! ഈ പാരത്രിക ഭവനം എന്തുമാത്രം അനുഗ്രഹീതം! (അര്‍റഅ്ദ്: 24)

...................
1.    فَإِنَّ مِنْ وَرَائِكُمْ أَيَّامًا الصَّبْرُ فِيهِنَّ مِثْلُ الْقَبْضِ عَلَى الْجَمْرِ لِلْعَامِلِ فِيهِنَّ مِثْلُ أَجْرِ خَمْسِينَ رَجُلاً يَعْمَلُونَ مِثْلَ عَمَلِكُمْ ». قَالَ عَبْدُ اللَّهِ بْنُ الْمُبَارَكِ وَزَادَنِى غَيْرُ عُتْبَةَ قِيلَ يَا رَسُولَ اللَّهِ أَجْرُ خَمْسِينَ رَجُلاً مِنَّا أَوْ مِنْهُمْ قَالَ « لاَ بَلْ أَجْرُ خَمْسِينَ مِنْكُمْ ». (ترمذي)
2.    حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ حَدَّثَنَا حَبَّانُ بْنُ هِلاَلٍ حَدَّثَنَا أَبَانٌ حَدَّثَنَا يَحْيَى أَنَّ زَيْدًا حَدَّثَهُ أَنَّ أَبَا سَلاَّمٍ حَدَّثَهُ عَنْ أَبِى مَالِكٍ الأَشْعَرِىِّ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « الطُّهُورُ شَطْرُ الإِيمَانِ وَالْحَمْدُ لِلَّهِ تَمْلأُ الْمِيزَانَ. وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلآنِ - أَوْ تَمْلأُ - مَا بَيْنَ السَّمَوَاتِ وَالأَرْضِ وَالصَّلاَةُ نُورٌ وَالصَّدَقَةُ بُرْهَانٌ وَالصَّبْرُ ضِيَاءٌ وَالْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ كُلُّ النَّاسِ يَغْدُو فَبَائِعٌ نَفْسَهُ فَمُعْتِقُهَا أَوْ مُوبِقُهَا ». (مسلم)
3.    عَنْ صُهَيْبٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَجَبًا لِأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ (مسلم)
4.    عَنْ أَبِى هُرَيْرَةَ - رضى الله عنه - أَنَّ رَجُلاً قَالَ لِلنَّبِىِّ - صلى الله عليه وسلم - أَوْصِنِى . قَالَ « لاَ تَغْضَبْ » . فَرَدَّدَ مِرَارًا ، قَالَ « لاَ تَغْضَبْ »

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics