ഉമ്മയുടെ ചെറുപതിപ്പാണ് മകള്‍

മക്കളുടെ മനസ്സിലെ മൂല്യങ്ങളുടെയും അടിസ്ഥാനങ്ങളുടെയും അടിസ്ഥാന സ്രോതസ്സ് മാതാവാണ്. ഓരോ മാതാവും ഇക്കാര്യം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും പെണ്‍മക്കളുടെ കാര്യത്തില്‍. ഒരു ഉമ്മക്ക് തന്റെ പെണ്‍മക്കളിലുള്ള സ്വാധീനം നമ്മുടെ ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ തന്നെ ബോധ്യമാകുന്ന യാഥാര്‍ഥ്യമാണ്. ആ ഉമ്മയുടെ പെരുമാറ്റ ഗുണങ്ങളും സ്വഭാവ ശീലങ്ങളും മക്കളിലും പ്രതിഫലിക്കുന്നത് കാണാം. അതുകൊണ്ട് തന്നെ വിവാഹാന്വേഷണം നടത്തുമ്പോള്‍ പെണ്‍കുട്ടിയുടെ ഉമ്മയുടെ വിശേഷണങ്ങള്‍ അന്വേഷിക്കുന്നത് പെണ്‍കുട്ടിയുടെ സ്വഭാവഗുണങ്ങള്‍ അറിയുന്നതിന് സഹായകമാവും.

പെണ്‍കുട്ടി മിക്കപ്പോഴും അവളുടെ ഉമ്മയുടെ ചെറിയൊരു പതിപ്പാണ്. വിദ്യാഭ്യാസം ലോകപരിചയം സംസ്‌കാരം പോലുള്ള ആര്‍ജ്ജിത ഗുണങ്ങള്‍ അവര്‍ക്കിടയില്‍ വ്യതിരിക്തതകളുണ്ടാക്കുന്നുണ്ടെങ്കിലും ഉമ്മയുടെ പ്രകൃതത്തിന്റെ സ്വാധീനം മകളില്‍ പ്രകടമായിരിക്കും.

പെണ്‍കുട്ടികളെ ശരിയായി വളര്‍ത്തുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതില്‍ വരുത്തുന്ന വീഴ്ച്ചയുടെ അപകടവും സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും നല്ല തലമുറകളെ ഒരുക്കുന്നതില്‍ അവര്‍ക്കുള്ള പങ്കുമാണ് ആ പ്രാധാന്യത്തിന് കാരണം. ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന അവളെ ഇസ്‌ലാം ആദരിക്കുകയും ചെയ്യുന്നു. പെണ്‍മക്കളുടെ പരിപാലനത്തില്‍ ഉമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ ഉണര്‍ത്തുന്നത്.

അനുസരണം, നൈര്‍മല്യം, പൊരുത്തപ്പെടല്‍ എന്നീ പദങ്ങള്‍ അവളെ പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഒന്നാമതായി അല്ലാഹുവെയും പിന്നീട് മാതാപിതാക്കളെയും അനുസരിക്കാന്‍ അവളെ പഠിപ്പിക്കണം. അങ്ങനെയാവുമ്പോള്‍ അനുസരണം എന്നത് അവളെ സംബന്ധിച്ചടത്തോളം തന്റെ നിഘണ്ടുവിലില്ലാത്ത ഒരു പുതിയ കാര്യമായിരിക്കുകയില്ല. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിയെ ഭര്‍ത്താവിനുള്ള അനുസരണം പ്രത്യേകം പഠിപ്പിക്കേണ്ട ആവശ്യമുണ്ടാവില്ല. അപ്രകാരം നൈര്‍മല്യം എന്ന ഗുണവും തന്റെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളോടും നിലപാടുകളോടും പൊരുത്തപ്പെടാനുള്ള കഴിവും അവര്‍ ശീലിച്ചിട്ടുണ്ടാവും.

സര്‍ക്കര്‍മങ്ങള്‍ക്കായി മുന്നിട്ടിറങ്ങാനുള്ള പരിശീലനം പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. അപ്രകാരം അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അവന്റെ ശിക്ഷയെ കുറിച്ച ഭയവും അവര്‍ക്ക് പകര്‍ന്നു നല്‍കണം. തന്റെ രഹസ്യവും പരസ്യവുമെല്ലാം സദാ അല്ലാഹു നിരീക്ഷിക്കുന്നുവെന്ന ബോധം അവളിലുണ്ടാവണം. അല്ലാഹുവിന്റെ പ്രീതിയും ശാശ്വതമായ സ്വര്‍ഗവും ആഗ്രഹിച്ച് നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പരിശീലനവും അവള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വളരുന്ന ഒരു പെണ്‍കുട്ടി അല്ലാഹുവിനെ സൂക്ഷിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

ചെറുപ്പത്തില്‍ തന്നെ ഉമ്മയില്‍ നിന്ന് നമസ്‌കരിക്കാന്‍ പഠിക്കുന്ന, നമസ്‌കാരം കുപ്പായം വാങ്ങിക്കൊടുത്ത് അതിന് പ്രോത്സാഹാനം ലഭിക്കുന്ന പെണ്‍കുട്ടിയുടെ ഉള്ളില്‍ നമസ്‌കാരത്തോടുള്ള താല്‍പര്യം അടിയുറക്കുന്നു. അതിന്റെ പ്രാധാന്യത്തെ കുറിച്ച ബോധ്യവും ബോധവും അവളിലുണ്ടായിരിക്കുകയും ചെയ്യും. വസ്ത്രധാരണത്തിന്റെ കാര്യത്തിലും ചെറുപ്രായത്തില്‍ തന്നെ അവള്‍ക്ക് പരിശീലനം ലഭിക്കേണ്ടതുണ്ട്. ശരീരം ശരിയായ രീതിയില്‍ മറക്കേണ്ടതിന്റെ പ്രാധാന്യം അതിന്റെ മഹത്വവും മസ്സിലാക്കുന്ന കുട്ടിക്ക് ഇസ്‌ലാമിക വസ്ത്രധാരണ രീതിയോടെ വെറുപ്പുണ്ടാവാന്‍ തരമില്ല.

ഉമ്മയുടെ സഹവാസവും സൗഹൃദവുമാണ് മറ്റൊരു സുപ്രധാന കാര്യം. സൗഹൃദം ഒരിക്കലും ഉമ്മക്ക് ലഭിക്കേണ്ട പ്രാധാന്യത്തെയോ ആദരവിനെയോ കുറക്കുന്നില്ല. മറിച്ച് അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുകയാണത് ചെയ്യുക. മകളുടെ ഭാഗത്തു നിന്നും ധിക്കാരപരമായ പെരുമാറ്റമുണ്ടാകുമ്പോള്‍ തന്ത്രപരമായി അതിനെ കൈകാര്യം ചെയ്യാനുള്ള കഴിവ് ബുദ്ധിയും യുക്തിയുമുള്ള മാതാവിനുണ്ടാവേണ്ടതുണ്ട്. ബുദ്ധിപരമായ സമീപനത്തിലൂടെ കാര്യങ്ങള്‍ അവളെ ബോധ്യപ്പെടുത്തി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കണം.

മക്കളെ എല്ലാവരെയും ഒരുപോലെ കാണുകയും നീതി ബോധം അവര്‍ക്കിടയില്‍ നട്ടുവളര്‍ത്തുകയും ചെയ്യുകയെന്നതും മറ്റൊരു പ്രധാന കാര്യമാണ്. ഉമ്മ തന്റെ പ്രവര്‍ത്തനങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും ആ ബോധത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ശബ്ദം താഴ്ത്തി സംസാരിക്കാനും മുതിര്‍ന്നവരോടും കുട്ടികളോടും സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും ഉമ്മ അവളെ പഠിപ്പിക്കണം. അതിലൂടെ മാന്യയും കുലീനയുമായ യുവതിക്ക് ചേരുന്ന സംസാര ശൈലി അവളില്‍ വളര്‍ത്തിയെടുക്കണം.

തെറ്റുകള്‍ സംഭവിക്കുമ്പോള്‍ മാതാവിന് മക്കളെ ശിക്ഷിക്കാവുന്നതാണ്. വടിയെടുക്കാതെ ഉപദേശത്തിലൂടെ പരിഹരിക്കാവുന്നവ അങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. ഒരോ തെറ്റിനും അനുയോജ്യമായ തീരിയിലുള്ള ശിക്ഷയായിരിക്കണം തെരെഞ്ഞെടുക്കേണ്ടത്. മുഖത്തടിക്കാതിരിക്കുക, മോശപ്പെട്ട വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശിക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഠിനമായ ശിക്ഷകള്‍ കുട്ടിയുടെ മനസ്സില്‍ പകയാണ് ഉണ്ടാക്കുകയെന്നും അത് പിന്നീടൊരവസരത്തില്‍ പുറത്തു വന്നേക്കാമെന്നും പ്രത്യേകം ഓര്‍ക്കുക.

മക്കളില്‍ ആത്മവിശ്വാസം ഉണ്ടാവുകയെന്നത് നല്ല ഗുണമാണ്. ചെറുപ്പത്തില്‍ തന്നെ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന കാര്യങ്ങള്‍ അവര്‍ക്ക് വീട്ടില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. അവള്‍ പോകുന്ന ഇടങ്ങളെ കുറിച്ചും കൂട്ടുകാരെ കുറിച്ചുമെല്ലാം കൂടുതലായി ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നത് ആത്മവിശ്വാസം തകര്‍ക്കുന്ന കാര്യമാണെന്നോര്‍ക്കുക.

മക്കളുടെ പാഠശാലയായ ഉമ്മ എല്ലാ കാര്യത്തിലും അവര്‍ക്ക് മാതൃകയായിരിക്കേണ്ടതുണ്ട്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളില്‍ നിന്നും വിട്ടുനില്‍ക്കണം. അതുകൊണ്ട് തന്നെ മക്കള്‍ക്ക് വാഗ്ദാനം നല്‍കി അത് ലംഘിക്കുന്ന ഉമ്മയായി നിങ്ങള്‍ മാറരുത്. നിത്യവും മക്കള്‍ക്ക് പ്രായോഗികമായ നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മാതാവിന് സാധിക്കുമ്പോള്‍ മക്കളുടെ ജീവിതത്തിലും അവ പ്രതിഫലിക്കും.

മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics