ഖുര്‍ആനിലെ ഫിര്‍ഔന്‍; ചില അന്വേഷണങ്ങള്‍

ഖുര്‍ആനിലെ ഫിര്‍ഔന്‍ എന്ന വിഷയം മുസ്‌ലിം സമൂഹം ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ്. ഫിര്‍ഔന്‍ എന്ന ധിക്കാരി ഒരു ജനവിഭാഗത്തെ മൊത്തം അടിമകളാക്കി വെച്ചതും പീഢിപ്പിച്ചതും സ്വയം ദൈവമായി ചമഞ്ഞതും ഖുര്‍ആന്‍ വളരെ പ്രാധാന്യത്തോടെ ഉദ്ധരിക്കുന്ന ഭാഗങ്ങളുമാണ്. ഹൈക്‌സോസ് ഭരണകാലത്ത് യൂസുഫ് നബിയുടെ കീഴില്‍ ഈജിപ്തിലെത്തിയ ബനൂ ഇസ്രാഈല്‍ സമൂഹം പിന്നീട് അടിമകളാകുന്നതും ഖിബ്തി വംശത്തിന്റെ പീഢനത്തിരയാകുന്നതും ഖുര്‍ആനും ബൈബിളും വിവരിക്കുന്നുണ്ട്. ഹൈക്‌സോസുകളുടെ വൈദേശിക ഭരണത്തിനെതിരെ ഉയര്‍ന്ന ഖിബ്തി ആഭ്യന്തര പ്രക്ഷോഭമാണ് ഹൈക്‌സോസുകളുടെ സഹചാരികളായിരുന്ന ബനൂ ഇസ്രാഈലികളെ കൂപ്പുകുത്തിച്ചത്. ഹൈക്‌സോസ് ഘട്ടത്തിന് ശേഷമുള്ള നവീന സാമ്രാജ്യകാലഘട്ടത്തിലാണ് ഈ പീഢനങ്ങള്‍ അരങ്ങേറിയത് എന്നു സാരം.

ഖുര്‍ആനിലും ബൈബിളിലും ബനൂ ഇസ്രാഈല്‍ സമൂഹത്തെ പീഢനത്തിനിരയാക്കിയ ഫറോവയെ പറ്റി പറയുന്നുണ്ട്. ഖുര്‍ആന്‍ ഈ ഫറോവയെ വിളിക്കുന്നത് 'ഫിര്‍ഔന്‍' എന്നാണ്. ഖുര്‍ആനില്‍ സൂചിപ്പിക്കുന്ന മുങ്ങിമരിച്ച ഫിര്‍ഔന്‍ ആരാണെന്നതിനെ സംബന്ധിച്ച് രണ്ട് വാദങ്ങളാണ് പ്രധാനമായും നിലനില്‍ക്കുന്നത്. ഒന്ന്, അത് റമസേസ് രണ്ടാമനായിരുന്നു എന്ന വാദമാണ്. രണ്ട്, റാമസേസിന്റെ മകന്‍ മെര്‍നപ്ത(Merneptah) യായിരുന്നു എന്ന വാദവും. ഖുര്‍ആനിനേയും ബൈബിളിനേയും മൂസാ നബിയുടെ കഥാവിവരണത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ മനസ്സിലാകുന്ന ഒരു വസ്തുത എന്നത്, മൂസാ നബി മദ്‌യനില്‍ ആയിരുന്ന എട്ടോ പത്തോ വര്‍ഷക്കാലത്തിനിടക്ക് ഫറോവ മരിച്ചുവെന്നും തുടര്‍ന്ന് അയാളുടെ മകന്‍ ഭരണമേറ്റെടുത്തു എന്നുമാണ് ബൈബിള്‍ പറയുന്നത്. ഖുര്‍ആനിലാകട്ടെ മൂസാ നബിയുടെ ചെറുപ്പകാലത്തേയും പ്രബോധന കാലത്തേയും ഫറോവമാര്‍ തമ്മില്‍ വ്യത്യാസമുണ്ട് എന്നു പറയുന്നില്ല. ഫറോവ മരിച്ചു എന്ന ബൈബിള്‍ വിവരണത്തില്‍ നിന്ന് വ്യത്യസ്തമായി മൂസയുടെ മദ്‌യന്‍ പലായന സമയത്ത് ഫറോവയുടെ മരണത്തെ കുറിച്ച് ഖുര്‍ആന്‍ ഒന്നും പറയുന്നില്ല. ഇത് ഖുര്‍ആനിന്റെ ന്യൂനതയായി കാണാനാവില്ല. കാരണം, സൂക്ഷ്മാംശ വിവരണങ്ങളേക്കാള്‍ ഗുണപാഠങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് ഖുര്‍ആനിന്റെ രീതി.

പ്രമുഖ ഈജിപ്‌റ്റോളജിസ്റ്റും ഫ്രഞ്ച് സര്‍ജനുമായിരുന്ന ഡോ. മൗറിസ് ബുക്കായി (Maurice Bucaille) പറയുന്നത് ബൈബിളില്‍ സൂചിപ്പിക്കുന്നത് പോലെ മൂസാ നബിയുടെ ജീവിതകാലത്തിനിടക്ക് ഒരു ഫറോവ മരണപ്പെടുന്നുണ്ട് എന്നാണ്. അദ്ദേഹം പറയുന്നത്, മൂസാ നബി ജനിക്കുമ്പോള്‍ ഈജിപ്ത് ഭരിച്ചിരുന്നത് റാമസേസ് രണ്ടാമനായിരുന്നു എന്നാണ്. കുട്ടികളെ അരുംകൊല ചെയ്യാന്‍ ഉത്തരവിട്ടതും അദ്ദേഹമായിരുന്നു. തുടര്‍ന്ന് മൂസാ നബി മദ്‌യനിലേക്ക് പോവുകയും അവിടെയുള്ള താമസത്തിനിടക്ക് വൃദ്ധനായ റമസേസ് മരിച്ചുപോവുകയും ചെയ്തു എന്നാണ്. തുടര്‍ന്ന് ഭരണമേല്‍ക്കുന്നത് അദ്ദേഹത്തിന്റെ മകനായ മെര്‍നപ്തയാണ്. മെര്‍നപ്ത തന്നെയാണ് പുറപ്പാട് സമയത്തെ ഈജിപ്ഷ്യന്‍ ഫറോവയും മുങ്ങിമരിച്ച ഫറോവയുമെന്ന് അദ്ദേഹം തന്റെ 'Bible, Quran & Science' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ബുക്കായിക്ക് പുറമേ മാസ്‌പെറോയെ പോലുള്ള ക്രിസ്ത്യന്‍ ചരിത്രകാരന്മാരും ഇതേ അഭിപ്രായക്കാരാണ്.

പുറപ്പാട് സമയത്തെ ഫറോവ റമസേസ് അല്ലായിരുന്നു മെര്‍നപ്തയായിരുന്നു എന്നതിന് മൗറിസ് ബുക്കായി നല്‍കുന്ന പ്രധാന തെളിവ് മെര്‍നപ്തയുടെ കാലഘട്ടത്തിലേതായി കണ്ടെടുക്കപ്പെട്ട ഒരു ഫലകമാണ്. അതില്‍ 'ഇസ്രായേലുകളെ' തൊഴിലാളികളായി നിയമിച്ചതിനെ പറ്റി പറയുന്നുണ്ട്. 'ഇസ്രായേല്‍' എന്ന വാക്ക് ഉപയോഗിച്ച ലോകത്തിലെ ഏറ്റവും പുരാതന രേഖകളിലൊന്നാണ് മെര്‍നപ്തയുടെ ഫലകം. റാമസേസ് രണ്ടാമനായിരുന്നു പുറപ്പാട് കാലത്തെ ഫറോവയെങ്കില്‍ സീനായിലേക്ക് പലായനം ചെയ്തു കഴിഞ്ഞ ഇസ്രാഈല്‍ സമൂഹത്തെ തൊഴിലാളികളായി നിയമച്ചതിനെ പറ്റി മെര്‍നപ്തയുടെ കാലത്ത് പറയുക അസാധ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതുപോലെ റമസേസ് രണ്ടാമന്റെ മമ്മി കണ്ടെടുക്കപ്പെട്ട ദൈര്‍-അല്‍-ബഹ്‌രിയിലെ ശവക്കല്ലറയിലെ ലിഖിതങ്ങളില്‍ പറയുന്നത് പോലെ രാജാക്കന്മാര്‍ അവരുടെ ഭരണം മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആഘോഷിച്ചിരുന്ന സേദ് ഉത്സവം(Sed Festival) റമസേസ് രണ്ടുപ്രാവശ്യം ആഘോഷിച്ചിരുന്നു എന്നാണ്. തന്റെ ഇരുപതുകളില്‍ റമസേസ് ഭരണം ഏറ്റെടുത്തിരുന്നുവെങ്കില്‍ തന്നെ 90 വയസ്സിനടുത്ത് ഭരിച്ചതായി മനസ്സിലാകും. 92-ാം വയസ്സിലാണ് റമസേസ് മരിച്ചതെന്ന് ആധുനിക ഈജിപ്‌റ്റോളജിസ്റ്റുകള്‍ പറയുന്നു. റമസേസിന്റെ മരണകാരണമായി പറയുന്നത് ആര്‍ത്രൈറ്റിസായിരുന്നു എന്നാണ്. കാരണം, മമ്മിയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് അവ വ്യക്തമാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ പരാധീനത അനുഭവിച്ചിരുന്ന റമസേസാണ് മൂസാ നബിയെയും അനുയായികളെയും പിന്തുടര്‍ന്നത് എന്നത് യുക്തിക്ക് നിരക്കുന്ന ഒരു വിവരണമല്ല.

മദ്‌യനില്‍ നിന്ന് മൂസാ നബി കുടുംബത്തോടൊപ്പം ഇറങ്ങിത്തിരിച്ചതും തീര്‍ച്ചയായും ഈജിപ്തിലേക്ക് തന്നെയാണ്. അബദ്ധത്തില്‍ ഒരു കോപ്റ്റ് വംശജനെ കൊന്ന് നാടുവിട്ട മൂസാ നബി തന്നെ വേട്ടയാടിയ ആ ഫറോവ മരിച്ചു എന്ന് അറിഞ്ഞാണ് ഈജിപ്തിലേക്ക് മടങ്ങുന്നത്. ഈജിപ്തില്‍ തന്റെ കളിക്കൂട്ടുകാരനായിരുന്ന മെര്‍നപ്തയില്‍ നിന്ന് പുതിയ ഭരണാധികാരി എന്ന നിലയില്‍ ശിക്ഷയില്‍ ഇളവുകിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരിക്കണം. എന്നാല്‍ ആ യാത്രക്കിടയില്‍ അദ്ദേഹത്തിന് പ്രവാചകത്വമേല്‍പ്പിക്കപ്പെടുകയും പുതുതായി അധികാരത്തിലെത്തിയവനും ധിക്കാരിയും അതിരുകടന്നവനുമാണെന്ന് അല്ലാഹു ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.

പ്രവാചകത്വവുമായി ഫറോവയുടെ അടുക്കല്‍ ചെന്ന് പീഢനത്തിനിരയായി കൊണ്ടിരിക്കുന്ന ബനൂ ഇസ്രായീല്‍ സമൂഹത്തെ തന്നോടൊപ്പം വിടണമെന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം നിയോഗിതനായ മൂസാ നബി ആവശ്യപ്പട്ടു.   أنا ربكم الأعلى (ഞാനാണ് നിങ്ങളുടെ പരമോന്നത ദൈവം) എന്ന് അഹങ്കാരം നടിക്കുകയായിരുന്നു ഫിര്‍ഔന്‍. തീര്‍ത്തും ധിക്കാരിയായ ആ  മനുഷ്യനെ പാഠം പഠിപ്പിക്കാന്‍ അല്ലാഹു നിരവധി ശിക്ഷകള്‍ ഇറക്കിയതായും ഖുര്‍ആനില്‍ പറയുന്നു. പേന്‍ ശല്യവും തവള ശല്യവും വെട്ടുകിളി ശല്യവും വെള്ളം രക്തമാകലുമൊക്കെ ഉണ്ടായെങ്കിലും ഓരോ പ്രാവശ്യവും കള്ളപ്രാര്‍ത്ഥന നടത്തി രക്ഷപ്പെടുകയായിരുന്നു ഫിര്‍ഔന്‍.

അവസാനം ബനൂ ഇസ്രാഈല്‍ സമൂഹത്തെ അവര്‍ പലായനം ചെയ്യുമ്പോള്‍ പിന്തുടരുകയും കടലില്‍ മുങ്ങി മരിക്കുകയുമാണുണ്ടായത്. ബനൂ ഇസ്രാഈല്‍ സമൂഹത്തിന് മുന്നില്‍ മൂസാ നബി വടിയടിച്ച് അല്ലാഹുവിന്റെ അനുമതിയോടെ  സമുദ്രം പിളര്‍ക്കുന്നു. ആ ഒരു വഴിയിലൂടെ ബനൂ ഇസ്രാഈല്‍ അക്കരെ കടന്നെങ്കിലും ഫിര്‍ഔനും കൂട്ടരും പൂര്‍വ്വസ്ഥിതി പ്രാപിച്ച കടലില്‍ മുങ്ങിമരിക്കുകയാണുണ്ടായത്. മരിക്കാറായപ്പോള്‍ മുമ്പ് പല പ്രാവശ്യം കള്ളപ്രാര്‍ത്ഥന നടത്തിയതുപോലെ ഫിര്‍ഔന്‍ കള്ളപ്രാര്‍ത്ഥന നടത്തിയെങ്കിലും അല്ലാഹു പറഞ്ഞത്.
فاليوم ننجيك ببدنك لتكون لمن خلفك آية ( يونس – 92)
(നിനക്ക് പുറകേ വരുന്നവര്‍ക്ക് നീ ദൃഷ്ടാന്തമാകുന്നതിനായി ഇന്നേ ദിവസം നിന്റെ ശരീരത്തോടൊപ്പം നിന്നെ നാം രക്ഷപ്പെടുത്തും)

ചരിത്രവിശകലനത്തിലും ആയത്തിന്റെ വിശകലനത്തിലും വന്നുപോയ ചില പിഴവുകള്‍ ഫിര്‍ഔനുമായി ബന്ധപ്പെട്ടുള്ള മുസ്‌ലിം സമൂഹത്തിന്റെ അറിവിനെ തന്നെ ബാധിച്ചിട്ടുണ്ട്. മുങ്ങിമരിച്ച ഫറോവ രണ്ടായിരത്തോളം വര്‍ഷങ്ങള്‍ കടലില്‍ കിടന്നുവെന്നും യാതൊരു കേടും കൂടാതെ അല്ലാഹുവിന്റെ വാഗ്ദാനം സത്യപ്പെടുത്തിക്കൊണ്ട് 1881-ല്‍ കണ്ടെടുക്കപ്പെട്ടുവെന്നും മീന്‍ തിന്നാതെയും നശിക്കാതെയും കിടക്കുന്ന ആ ശവശരീരം ഇന്നും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാണ് എന്നും മുസ്‌ലിം സമൂഹത്തിലെ വലിയൊരു വിഭാഗവും വിശ്വസിക്കുന്നു. കെട്ടുകഥകളും വാമൊഴികളും ഇസ്‌ലാമില്‍ പല അനാചാരങ്ങളും കടന്നുകൂടാന്‍ കാരണമായിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍ ഇതില്‍ വലിയ അത്ഭുതമില്ല. പക്ഷേ, സൂക്ഷ്മമായ ചരിത്രവായനയില്‍ മുസ്‌ലിംകള്‍ക്ക് സംഭവിച്ച പിഴവ് ഇവിടെ പ്രസ്താവ്യമാണ്.
മേല്‍ സൂചിപ്പിച്ച ആയത്തിനെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ അതില്‍ പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഇന്നേ ദിവസം എന്ന ഖുര്‍ആനിക പ്രയോഗവും നാം പറഞ്ഞുശീലിച്ച കഥയിലെ നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള വീണ്ടെടുപ്പും എത്ര വൈരുദ്ധ്യം പുലര്‍ത്തുന്നുവെന്ന് ഓര്‍ക്കണം. കാരണം, ഖുര്‍ആന്‍ പറയുന്നു ഇന്നേ ദിവസം നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തും എന്ന്. എന്നാല്‍ നമ്മള്‍ പറയുന്നതനുസരിച്ച് അന്ന് തൊട്ട് കണ്ടെടുക്കപ്പെടുന്നത് വരെ ആ ശവശരീരം തല്‍സമയം ഒരു വീണ്ടെടുപ്പ് നടക്കാതെ കടലില്‍ കിടക്കുകയാണ് ചെയ്തത്.

2. നിന്റെ പുറകേ വരുന്നവര്‍ (خلفك) എന്ന ഖുര്‍ആനിക പ്രയോഗത്തില്‍ ആരെയാണ് ഉദ്ദേശിച്ചത് എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള ജനങ്ങളെ ഉദ്ദേശിച്ചാണ് എല്ലാ ഗുണപാഠങ്ങളും പറയുന്നത് എന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ ഏതെങ്കിലും ജനവിഭാഗത്തെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞിരിക്കുന്നത് എന്നത് പഠിക്കേണ്ടിയിരിക്കുന്നു.

3. ദൃഷ്ടാന്തമായി കൊണ്ട്  (آية) എന്ന് ഫിര്‍ഔനിന്റെ ശവശരീരത്തിന്റെ വീണ്ടെടുപ്പിനെ അല്ലാഹു വിശേഷിപ്പിക്കുന്നു. പക്ഷേ, നാം പറഞ്ഞുവരുന്ന കഥയില്‍ ഫിര്‍ഔനിന്റെ ശവശരീരം 2000-ത്തോളം വര്‍ഷം കടലില്‍ കിടന്നിട്ടും യാതൊരു കേടും കൂടാതെ 19-ാം നൂറ്റാണ്ടില്‍ കിട്ടി എന്നതാണ് ദൃഷ്ടാന്തം. പ്രമാണങ്ങളും ചരിത്രരേഖകളും മുന്നില്‍ വെക്കുമ്പോള്‍ ധാരാളം അബദ്ധധാരണകള്‍ ഈ ചരിത്രവിശകലനത്തില്‍ വന്നിട്ടുണ്ടെന്ന് മനസ്സിലാകും.

പൗരാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടെ തഫ്‌സീറുകളില്‍ ഫറോവയുടെ മുങ്ങിമരണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അതുപ്രകാരം ഫറോവ കടലില്‍ മുങ്ങിമരിക്കുകയും ബനൂ ഇസ്രാഈല്‍ സമൂഹം മറുകര പറ്റുകയും ചെയ്തു.  എന്നാല്‍ ഫിര്‍ഔന്‍ മരിച്ചു എന്നു വിശ്വസിക്കാന്‍ ബനൂ ഇസ്രായീല്‍ സമൂഹം തയ്യാറായിരുന്നില്ല. വര്‍ഷങ്ങളായി ചങ്ങലകളില്‍ ബന്ധനസ്ഥനായ ഭ്രാന്തന്റെ കാലിലെ ചങ്ങല അഴിച്ചുമാറ്റിയാലും അയാള്‍ക്ക് കാലില്‍ ചങ്ങലയുള്ളതായി അനുഭവപ്പെടുന്നത് പോലെ ഫറോവന്‍ ഭരണത്തിന് കീഴില്‍ അടിമത്തജീവിതം നയിക്കേണ്ടിവന്ന ബനൂ ഇസ്രായീല്‍ സമൂഹത്തിനും ആ മാനസിക വിധേയത്വത്തില്‍ നിന്ന് മോചനം ലഭിച്ചില്ല. പൗരാണിക തഫ്‌സീറുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് ഈ ഒരു സന്ദര്‍ഭത്തിലാണ് അല്ലാഹു സൂറ യൂനുസില്‍ പറഞ്ഞ ദൃഷ്ടാന്തം കാണിച്ചത് എന്നാണ്. കടലില്‍ മുങ്ങിയ ഫറോവയുടെ ജഡം ബനൂ ഇസ്രായീല്‍ സമൂഹത്തിന് കാണുവാനായി അല്ലാഹു കടലില്‍ നിന്ന് കരയിലേക്ക് വലിച്ചെറിഞ്ഞു എന്നതാണ് ആ ദൃഷ്ടാന്തമായി അവര്‍ പരിചയപ്പെടുത്തുന്നത്. പൗരാണികരും ആധുനികരുമായ ഇമാം ത്വബ്‌രി, ഇമാം ഇബ്‌നു കഥീര്‍, വഹബ സുഹൈലി തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സൂറ യൂനുസിലെ 92-ാമത്തെ സൂക്തത്തെ വിശദീകരിക്കുന്നുണ്ട്. ധാരാളം ഹദീഥുകള്‍ ഇമാം ത്വബ്‌രിയും ഇമാം ഇബ്‌നു കഥീറും അവരുടെ തഫ്‌സീറുകളില്‍ ഇവ്വിഷയകമായി ചേര്‍ത്തിട്ടുണ്ട്. ഹദീഥ് നിദാന ശാസ്ത്ര പ്രകാരം ഈ ഹദീഥുകളുടെ നിവേദന പരമ്പര ദുര്‍ബലമാണ്. ഇസ്രാഈലിയാത്തുകള്‍ ധാരാളമായി പൗരാണിക തഫ്‌സീറുകളില്‍ കടന്നുകൂടിയിട്ടുണ്ട്.

എന്നിരുന്നാലും ഖുര്‍ആനിന്റെ فاليوم എന്ന പ്രയോഗത്തില്‍ നിന്നും ഹദീഥുകള്‍ നല്‍കുന്ന ആശയത്തില്‍ നിന്നും ഫറോവാ മുങ്ങിമരിച്ച ദിവസം തന്നെ ജഡം അല്ലാഹു കരയ്ക്കടുപ്പിച്ചുവെന്ന് മനസ്സിലാക്കാം. അസ്വാഭാവികമായി അല്ലാഹു നടത്തിയ ആ വീണ്ടെടുപ്പാണ് സൂക്തത്തില്‍ പറഞ്ഞ ദൃഷ്ടാന്തം. ഫറോവയുടെ മുങ്ങിമരണം ചെങ്കടലിലാണ് നടന്നത് എന്നതും മുസ്‌ലിം സമൂഹത്തിനിടയിലെ പൊതു അറിവാണ്. ബനൂ ഇസ്രാഈലുകള്‍ കടന്ന കടല്‍ഭാഗം ഏതെന്ന് മനസ്സിലാകണമെങ്കില്‍ ഈജിപ്തിലെ അവരുടെ താമസസ്ഥലം മനസ്സിലാക്കേണ്ടതുണ്ട്. അത് തീബ്‌സോ മെംഫിസോ ആയിരുന്നില്ല. തീബ്‌സ് ഇസ്രാഈലുകള്‍ താമസിച്ച നദീതട പ്രദേശത്തിനും 400 മൈല്‍ തെക്കാണ്, മെംഫിസാകട്ടെ അവരുടെ വാസസ്ഥത്തുനിന്നും 100 മൈല്‍ വടക്കായിരുന്നു. ഇന്നത്തെ കൈറോവിന്റെ തൊട്ട് തെക്കായി കിടക്കുന്ന പ്രാചീന തലസ്ഥാനനഗരിയാണ് മെംഫിസ്. ഇസ്രാഈലുകള്‍ താമസിച്ചത് ഗോഷനി (Goshan) ലോ താനിസി (Tanis) ലോ ആണെന്ന് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നു. കാരണം, റമേസിയം എന്ന മന്ദിരത്തിന്റെ ജോലിക്കാര്‍ താമസിച്ചിരുന്ന കുടിലുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ നിന്നാണ് ലഭിച്ചത്. അവിടെ നിന്ന് നേര്‍ കിഴക്ക് സഞ്ചരിച്ചാല്‍ സൂയസ് ഉള്‍ക്കടലാണ്. അല്ലാതെ സൂയസ് ഉള്‍ക്കടലിനും കിലോമീറ്ററുകള്‍ തെക്കായി സ്ഥിതി ചെയ്യുന്ന ചെങ്കടലാണ് അവര്‍ മുറിച്ചു മുറിച്ചു കടന്നിരുന്നതെങ്കില്‍ അവര്‍ എത്തേണ്ടിയിരുന്നത് അറേബ്യന്‍ ഉപദ്വീപിലായിരുന്നു. എന്നാല്‍ അവര്‍ എത്തിയതാകട്ടെ സീനായ് ഉപദ്വീപിലായിരുന്നു. ഈജിപ്തിന്റെയും പരിസരപ്രദേശങ്ങളുടെയും ഭൂപടം പരിശോധിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.

ഒരു കരയില്‍ നിന്ന് നോക്കിയാല്‍ മറുകര കാണാന്‍ പറ്റുന്ന വിധത്തില്‍ വിസ്തൃതി കുറഞ്ഞ ഭാഗമാണ് സൂയസ് ഉള്‍ക്കടലിന്റേത്. (The New Caxton Encyclopedia 7-ാം  വാള്യം 167-ാം പേജില്‍   Egypt  എന്ന ലേഖനത്തില്‍ ഈജിപ്തിന്റെ സൂയസ് ഉള്‍ക്കടല്‍ തീരത്ത് നിന്ന് സീനായ് ഉപദ്വീപിന്റെ തീരം വ്യക്തമായി കാണുന്ന തരത്തിലുള്ള ഒരു ഫോട്ടോ നല്‍കിയിരിക്കുന്നത് കാണുക). സൂയസ് ഉള്‍ക്കടല്‍ ചെങ്കടലിന്റെ തന്നെ ഭാഗമായത് കൊണ്ട് ചെങ്കടല്‍ എന്ന് പൊതുവായി പറയാമെന്ന് ചിലര്‍ പറയാറുണ്ട്. ഇത് ബംഗാള്‍ ഉള്‍ക്കടലിനെ ഇന്ത്യന്‍ മഹാസമുദ്രം എന്ന് പറയുന്നത് പോലെയാണ്. ഭൂമിശാസ്ത്രപരമായ നാമകരണങ്ങള്‍ക്ക് അതിന്റേതായ യുക്തിയുണ്ട്. അവയെ അവഗണിക്കുന്നത് ഗവേഷണ ബുദ്ധിക്ക് ചേര്‍ന്നതല്ല.

ഫറോവയുടെ ജഡം ഒരിക്കലും കടലില്‍ വര്‍ഷങ്ങള്‍ കിടന്നിട്ടില്ല എന്ന് ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ തഫ്‌സീറുകളില്‍ കാണാം. ഫറോവ മുങ്ങിമരിച്ചെന്നും അയാള്‍ തലതൊട്ട് പാദം വരെ പടയങ്കിധാരിയായിരുന്നതിനാല്‍ പെട്ടെന്ന് കടലില്‍ മുങ്ങിയെന്നും എന്നാല്‍ തിരമാലകള്‍ അയാളുടെ ശവത്തെ പാറപ്പുറത്ത് നിക്ഷേപിച്ചെന്നും ശീഈ പണ്ഡിതനായ ആയത്തുല്ലാഹ് സയ്യിദ്  കമാല്‍ ഫാഗിത്ത് ഇമാമി തന്റെ ഇംഗ്ലീഷ് തഫ്‌സീറായ The Light of Qur'an-ല്‍ പറയുന്നു. (Vol: 7 Pg: 143). ഇതുസംബന്ധമായി തന്നെ പ്രശസ്ത ഇന്ത്യന്‍ ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി ഫറോവ കടലില്‍ മുങ്ങിയെങ്കിലും കടല്‍ അയാളുടെ ശരീരത്തെ സ്വീകരിച്ചില്ലെന്നും വരും ജനതയ്ക്ക് പാഠമാകാന്‍ വേണ്ടി പുറത്തേക്കെറിഞ്ഞെന്നും അത് ജനങ്ങള്‍ വന്ന് കൊണ്ടുപോയി എന്നും തന്റെ പ്രശസ്തമായ 'തദബ്ബുറെ ഖുര്‍ആനില്‍' പ്രസ്താവിക്കുന്നു. (Vol: 4 Pg: 84)
 
ഇസ്‌ലാമിക പണ്ഡിതന്മാരുടെ അഭിപ്രായം സംഗ്രഹിക്കുമ്പോള്‍ ഖുര്‍ആനില്‍ പ്രസ്താവിച്ച ഫറോവ കടലില്‍ മുങ്ങിമരിച്ചെന്നും എന്നാല്‍ അയാളുടെ ശവം   കരയ്ക്കടിഞ്ഞെന്നും മനസ്സിലാക്കാം. അതിനാല്‍ ഫറോവയുടെ ജഡം കടലില്‍ നിന്നല്ല ലഭിച്ചത് എന്ന് മനസ്സിലാകണമെങ്കില്‍ മുങ്ങിമരണത്തിന് ശേഷമുള്ള ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്. പുറപ്പാട് കാലത്തെ ഫറോവ മെര്‍നപ്തയല്ല റാമസേസ് രണ്ടാമനാണെന്ന്  സമ്മതിക്കേണ്ടിവന്നാലും ക്ഷേത്രമതിലുകളിലും ഹെയ്‌റോഗ്ലിഫിക്ക് ലിപികളിലും രേഖപ്പെടുത്തപ്പെട്ട റാമസേസ് രണ്ടാമന്റെ ചരിത്രവും നമ്മുടെ പൊതുധാരണക്ക് തീര്‍ത്തും എതിരാണ്. കരയ്ക്കടിഞ്ഞ ഫറോവയുടെ ജഡം കിങ്കരന്മാര്‍ കണ്ടെടുക്കുകയും പരമ്പരാഗത ആചാരപ്രകാരം മമ്മിയാക്കി 'രാജാക്കന്മാരുടെ താഴ്‌വര' എന്ന ശവമടക്ക് കേന്ദ്രത്തില്‍ മറവുചെയ്യുകയുമാണുണ്ടായത്. സ്വര്‍ണ്ണ വജ്രശേഖരത്താല്‍ അലംകൃതമായിരുന്ന ഈജിപ്ഷ്യന്‍ ശവക്കല്ലറകള്‍ കൊള്ളസംഘങ്ങളുടെ ഇഷ്ടകേന്ദ്രമായിരുന്നു. രാജാക്കന്മാരുടെ താഴ്‌വരയിലെ  KV-7 എന്ന ശവക്കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട റാമസേസിന്റെ മമ്മി കൊള്ളശല്യം രൂക്ഷമായതിനാല്‍ ദൈര്‍-അല്‍-ബഹ്‌രിയിലെ DB-320 നമ്പര്‍ ശവക്കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ദൈര്‍-അല്‍-ബഹ്‌രിയിലെ ഈ ശവക്കല്ലറ റാമസേസിന്റെ പേരില്‍ പണികഴിപ്പിക്കപ്പെട്ടതാണ്. പക്ഷേ, ഇവിടെ നിന്ന് മമ്മി കണ്ടെടുക്കപ്പെട്ടിട്ടില്ല. മറിച്ച് KV-7 ല്‍ നിന്ന തന്നെയാണ് 1881-ല്‍ മമ്മി കണ്ടെടുക്കപ്പെടുന്നത്. മമ്മി വീണ്ടും അജ്ഞാതമായ ചില കാരണങ്ങളാല്‍ രാജാക്കന്മാരുടെ താഴ്‌വരയിലേക്ക് തന്നെ മാറ്റിയതാകാമെന്ന് ഗവേഷകര്‍ കരുതുന്നു.

വളരേ നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ട മമ്മികളിലൊന്നാണ് റാമസേസിന്റേത്. അത് ഇന്നും ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ 'രാജകീയ മമ്മികള്‍' എന്ന വിഭാഗത്തില്‍ അനാവരണം ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പലരും തെറ്റിദ്ധരിച്ചത് പോലെ മറ്റു മമ്മികളെ പോലെ ലിനന്‍ ചുറ്റുകള്‍ ഇല്ലാത്തത് കടലില്‍ കിടന്ന അതുപോലെ മ്യൂസിയത്തിലേക്ക് എടുത്തതിനാലല്ല. മറിച്ച് റാമസേസിന്റേത് മാത്രമല്ല റാമസേസ് ഒന്നാമന്റെയും സേഥി ഒന്നാമന്റെയും അടക്കം പല പ്രശസ്ത മമ്മികളും അനാവരണം ചെയ്യപ്പെട്ടയാണ്. അവ അതേ നിലയില്‍ തന്നെയാണ് ഇന്നും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.എസ്. കെ പൊറ്റക്കാട് തന്റെ 'ക്ലിയോപാട്രയുടെ നാട്ടില്‍' എന്ന യാത്രാവിവരണ ഗ്രന്ഥത്തിലെ  'ഈജിപ്ഷ്യന്‍ മമ്മികള്‍' എന്ന ഭാഗത്ത് റാമസേസ് രണ്ടാമന്റെ മമ്മി അനാവരണം ചെയ്ത തൊട്ടുടനെ മുഖത്തെ സ്വാഭാവിക നിറം അപ്പടി ഉണ്ടായിരുന്നതായും കാറ്റും വെളിച്ചവും തട്ടിയപ്പോള്‍ വൈകാതെ വിളറിപ്പോയതായും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയം രേഖപ്പെടുത്തിയ ആധുനിക തഫ്‌സീറുകളിലൊന്നിലും ഫറോവയുടെ ശരീരം കടലില്‍ നിന്നല്ല ശവക്കല്ലറയില്‍ നിന്ന് മമ്മിയായി കണ്ടെടുത്തതാണെന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി സി. എന്‍ അഹ്മദ് മൗലവി 1950-കള്‍ക്ക് ശേഷം രചിച്ച 'പരിശുദ്ധ ഖുര്‍ആനി'ലെ സൂറ യൂനുസിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ''ഫിര്‍ഔനിന്റെ ശവം ഈജിപ്തിലെ മണ്ണില്‍ കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ഗവേഷകന്മാര്‍ കണ്ടെടുത്തിട്ടുണ്ട്. നിന്റെ പുറകേ വരുന്നവര്‍ക്ക് നീ ഒരു പാഠമായിരിക്കുവാന്‍ വേണ്ടിയാണ് നിന്നെയിവിടെ സൂക്ഷിച്ചുവെച്ചിരിക്കുന്നത് എന്ന് അവിടുത്തെ അന്തരീക്ഷവും വിളിച്ചുപറയുന്നു. എന്നാല്‍ ഖുര്‍ആനിന്റെ അവതരണകാലത്ത് ലോകത്താര്‍ക്കും ഇതേപ്പറ്റി യാതൊരറിവുമുണ്ടായിരുന്നില്ല. ഭൂഗര്‍ഭ ഗവേഷകന്മാര്‍ക്ക് യാദൃശ്ചികമായി കണ്ടുകിട്ടിയതാണിത്'' (പരിശുദ്ധ ഖുര്‍ആന്‍-I pg: 858, 859 comm: 34)

അതുപോലെ അമാനി മൗലവിയും തന്റെ തഫ്‌സീറില്‍ സൂറ യൂനുസിന്റെ വിശദീകരണത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. മമ്മീകരണത്തിലൂടെ റാമസേസിന്റെ ശരീരം വളരേ മനോഹരമായി സംരക്ഷിക്കപ്പെട്ടതിനെ കുറിച്ചാണ് 'അല്ലാഹു മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമായി നിന്നെ സംരക്ഷിക്കും' എന്ന് പറഞ്ഞതെന്ന് ചിലര്‍ വാദിക്കാറുണ്ട്.  എന്നാല്‍ മമ്മീകരണ പ്രക്രിയ പ്രാചീന ഈജിപ്തില്‍ തുടര്‍ന്നുവന്നിരുന്ന ഒരു ശവസംസ്‌കരണ രീതിയാണ്. റാമസേസിന്റെ മമ്മിയേക്കാള്‍ ജീവന്‍ തുടിക്കുന്ന രീതിയിലുള്ള മമ്മികള്‍ വേറെയുണ്ട്. അത് ഒരു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നതില്‍ വലിയ അത്ഭുതമില്ല. അല്ലാഹു ആയത്ത് എന്ന് വിശേഷിപ്പിച്ച ഏതൊരു സംഭവവും മനുഷ്യ ക്രിയകളെ അതിജയിക്കുന്നതും അത് സംഭവിച്ച നാള്‍ തൊട്ട് ലോകവാസനം വരെയുള്ള ജനതയ്ക്ക് ദൃഷ്ടാന്തവുമായിരിക്കും. എന്നാല്‍ മമ്മീകരണമാണ് ആ ദൃഷ്ടാന്തം എന്ന് സമ്മതിക്കുകയാണെങ്കില്‍ മമ്മി കണ്ടെടുക്കപ്പെട്ട നാള്‍ മുതല്‍ മാത്രമേ അത് ദൃഷ്ടാന്തമായിട്ടുള്ളൂ എന്ന് പറയേണ്ടിവരും. നബിക്കും സ്വഹാബത്തിനും ആ ഒരു ദൃഷ്ടാന്തമെന്തെന്ന് അറിവും ഉണ്ടാവുകയില്ല.

പ്രമാണങ്ങള്‍ക്കപ്പുറം തന്റെ ചുറ്റുപാടുകളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന വിജ്ഞാനകുതുകിക്ക് ഫിര്‍ഔനിന്റേതെന്ന് പറയപ്പെടുന്ന മമ്മിയില്‍ തന്നെ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അത് കടലില്‍ നിന്നല്ല കണ്ടെടുക്കപ്പെട്ടതെന്ന് ആ ശവശരീരം തന്നെ നമ്മോട് പറയുന്നു. മമ്മി നേരില്‍ കാണുകയോ അതിന്റെ ചിത്രങ്ങള്‍ പരിശോധിക്കുകയോ ചെയ്താല്‍ നമുക്ക് മനസ്സിലാകും, അത് രണ്ട് കൈയും നെഞ്ചത്ത് പിണച്ചുവെച്ച അവസ്ഥയിലാണ്. അതുപോലെ കൈകാലുകളിലും കൈകാല്‍ വിരലുകളിലും ലിനന്‍ തുണികൊണ്ടുള്ള ചുറ്റുകള്‍ കാണാന്‍ സാധിക്കും. ഇവ രണ്ടും ഈജിപ്ഷ്യന്‍ മമ്മീകരണത്തിന്റെ അടയാളങ്ങളാണ്. ഫ്രഞ്ച് ഈജിപ്‌റ്റോളജിസ്റ്റും സര്‍ജനുമായിരുന്ന ഡോ. മൗറിസ് ബുക്കായി (Maurice Bucaille) റാമസേസിന്റെ മമ്മിയില്‍  ഗവേഷണം നടത്തുകയുണ്ടായി. ഫ്രാന്‍സിന്റെ ആവശ്യപ്രകാരം 1975-ല്‍ വിദഗ്ധപരിശോധനക്കായി മമ്മി ഫ്രാന്‍സിലെത്തിച്ചിരുന്നു.

അതുപോലെ മെര്‍നപ്തയുടെ മമ്മിയിലും 1975-ല്‍ ഗവേഷണം നടത്തിയ ബുക്കായി ചില കണ്ടെത്തലുകള്‍ നടത്തി. മമ്മിയില്‍ എന്‍ഡോസ്‌കോപ്പി സ്‌കാനിംഗ് നടത്തിയ അദ്ദേഹം അതിന്റെ എല്ലുകളില്‍ കാണപ്പെട്ട വീതിയേറിയ മുറിപ്പാടുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. യുദ്ധങ്ങള്‍ വളരേ കുറവായിരുന്ന മെര്‍നപ്തയുടെ ഭരണകാലത്ത് ഈ പാടുകള്‍ യുദ്ധത്തിലൂടെ ഉണ്ടായ മുറിവുകളോ വ്രണങ്ങളോ അല്ലെന്ന് മനസ്സിലാകും. മറിച്ച് വലിയൊരാഘാതത്തില്‍ ഉണ്ടായതാകാം എന്ന് അദ്ദേഹം നിഗമനത്തിലെത്തി. സഹപ്രവര്‍ത്തകരിലൊരാള്‍ ഖുര്‍ആനില്‍ ഫറോവ മുങ്ങിമരിച്ചതായി സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതം കൂറി. തുടര്‍ന്ന് ഖുര്‍ആനും ബൈബിളും താരതമ്യം ചെയ്ത് പഠിച്ച ബുക്കായി 'Bible, Quran & Science' എന്ന തന്റെ പ്രശസ്തമായ ഗ്രന്ഥം രചിക്കുകയുണ്ടായി. ഈ കണ്ടെത്തലാണ് അദ്ദേഹത്തെ ഇസ്‌ലാമിലേക്കെത്തിച്ചതെന്ന് പറയപ്പെടുന്നു.

റാമസേസിന്റെ മമ്മിയില്‍ ഗവേഷണം നടത്തിയ ചില ഈജിപ്‌റ്റോളജിസ്റ്റുകള്‍ പറയുന്നത്, മമ്മിയുടെ തലയേയും ശരീരത്തേയും ബന്ധിപ്പിക്കാന്‍ ഒരു മരക്കുറ്റി ഉറപ്പിച്ചിട്ടുണ്ടെന്നും മമ്മിയില്‍ നിന്ന് തല മുമ്പൊരിക്കല്‍ വേര്‍പ്പെട്ടിട്ടുണ്ടാകാമെന്നുമാണ്. അതുപോലെ മമ്മിയുടെ ലിംഗം ചേദിച്ച നിലയിലാണ്. കല്ലറ മോഷ്ടാക്കള്‍ ചെയ്തതായിരിക്കാം ഇതെന്ന് ഗവേഷകര്‍ കരുതുന്നു. ചുരുക്കത്തില്‍ ഖുര്‍ആനിലെ ഫിര്‍ഔന്‍ റമസേസ് രണ്ടാമനായാലും മെര്‍നപ്തയായാലും രണ്ടുപേരുടെയും ശവശരീരങ്ങള്‍ മമ്മികളാക്കി തീബ്‌സിലെ നെക്രോപോളിസ് ശവക്കല്ലറകളില്‍ നൂറ്റാണ്ടുകള്‍ കിടന്നിരുന്നു. റാമസേസിന്റെയോ മെര്‍നപ്തയുടെയോ മമ്മി കടലില്‍ നിന്ന് കണ്ടെടുക്കപ്പെട്ടവയാണെന്നതിന് യാതൊരു തെളിവുമില്ല.

ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു അദ്ധ്യായയമാണ് മൂസാ നബിയുടെയും ബനൂ ഇസ്രാഈലിന്റെയും ചരിത്രം. ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുകയും  വിമര്‍ശിക്കുകയും ചെയ്ത ധിക്കാരിയാണ് ഫിര്‍ഔന്‍. ഈ ചരിത്രങ്ങള്‍ സസൂക്ഷ്മം പഠിക്കാനും വിശകലനം ചെയ്യാനും മുസ്‌ലിം സമൂഹത്തിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അത് കാലാന്തരത്തില്‍ മുസ്‌ലിംകളിലുണ്ടായ വൈജ്ഞാനിക ജീര്‍ണതയായേ കാണാന്‍ സാധിക്കുകയുള്ളൂ.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics