ഭൂതകാല പാപങ്ങള്‍ ഓര്‍മപ്പെടുത്തുന്ന കൂട്ടുകാരികള്‍

22 വയസ്സുള്ള മുസ്‌ലിം യുവതിയാണ് ഞാന്‍. കഴിഞ്ഞ കാലത്ത് മദ്യപാനം, പുകവലി പോലുള്ള തിന്മകള്‍ എന്നിലുണ്ടായിരുന്നു. ഒരിക്കല്‍ ഹിജാബ് ധാരിണിയായ ദൈവഭക്തിയുള്ള ഒരു പെണ്‍കുട്ടിയുമായുണ്ടായ കൂടിക്കാഴ്ച്ചയാണ് എന്റെ ജീവിതം മാറ്റിയത്. അവള്‍ എന്നെ കുറ്റപ്പെടുത്തുന്നതിന് പകരം നല്ല വ്യക്തിയായി മാറുന്നതിന് സഹായിക്കുകയായിരുന്നു. പശ്ചാത്താപത്തിന്റെ വഴി അവരെനിക്ക് കാണിച്ചു തന്നു. യൂടൂബില്‍ നിന്നും ഞാന്‍ കണ്ട മുസ്‌ലിം പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങളും പ്രചോദനം നല്‍കി. ക്രമേണ പുകവലിയും മദ്യപാനവുമടക്കമുള്ള എല്ലാ തിന്മകളും ഞാന്‍ ഉപേക്ഷിച്ചു. അല്ലാഹുവോട് ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും ഞാന്‍ സുന്നത്തു നോമ്പെടുക്കാറുമുണ്ട്. കഴിഞ്ഞ കാല ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ദുഖവും പ്രയാസവുമാണെനിക്ക്. ജീവിതത്തിലെ ഈ മാറ്റത്തിന് ശേഷം നല്ല ദൈവഭക്തിയുള്ളവരുടെ കൂട്ടുകെട്ട് നേടാന്‍ ബോധപൂര്‍വം ഞാന്‍ ശ്രമിക്കാറുണ്ട്. പഴയ കൂട്ടുകാര്‍ പഴയ ജീവിതത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടു പോകുമോ എന്ന ഭയമാണതിന് കാരണം. ദൈവഭക്തിയുള്ള സ്ത്രീകള്‍ക്കൊപ്പമാകുമ്പോള്‍ മനസ്സിന് വലിയ ആശ്വാസമാണ് ഞാനനുഭവിക്കുന്നത്. എന്നാല്‍ എന്റെ മദ്യപാനത്തിനും പുകവലിക്കും സാക്ഷ്യം വഹിച്ചിരുന്നവര്‍ അവസരം കിട്ടുമ്പോഴെല്ലാം അതെന്റെ മുമ്പിലേക്ക് എടുത്തിടുകയാണ്. 'ഓഹ്, നീ മാലാഖയാവുകയാണോ? നീ ചെയ്തിരുന്നതെല്ലാം ഞങ്ങള്‍ മറന്നുവെന്നാണോ നീ കരുതുന്നത്? നിന്നെ ഞങ്ങള്‍ക്കറിയാം.'' തുടങ്ങിയ വാക്കുകളാണ് അവരില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നത്. പിന്നെ ഞാന്‍ മുമ്പ് ചെയ്തിരുന്ന തിന്മകളെ കുറിച്ച് അവര്‍ സംസാരിക്കാന്‍ തുടങ്ങും. അതിലൂടെ ഞാന്‍ നിരുത്സാഹപ്പെടുത്തപ്പെടുകയും അല്ലാഹു എനിക്ക് പൊറുത്തു തരില്ലേ എന്ന ഭയം എന്നിലുണ്ടാവുകയും ചെയ്യുന്നു. അവരിത് പറയുമ്പോള്‍ ഞാന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നലാണ് എനിക്കുണ്ടാവുന്നത്. അവരോട് എന്തു പറയണം എന്നെനിക്കറിയില്ല. അവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അവരുടെ വായടപ്പിക്കാന്‍ എന്തു മറുപടിയാണ് ഞാന്‍ പറയുക?

ഒന്നാമതായി എനിക്ക് പറയാനുള്ളത് നിങ്ങളുടെ പാപങ്ങളെല്ലാം മായ്ക്കപ്പെട്ടിട്ടുണ്ടാകുമെന്നുള്ളതാണ്. ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും പുതിയ വഴി സ്വീകരിക്കുകയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള കാല്‍വെപ്പുകള്‍ നടത്തുകയും ചെയ്തതിലൂടെ അവ പൊറുക്കപ്പെട്ടിട്ടുണ്ടാവും. അതിന്റെ പേരില്‍ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയാണ്. അല്ലാഹു പൊറുത്തു തരില്ല എന്ന ഭയം വേണ്ടതില്ല. അല്ലാഹുവിലേക്ക് ഒരു ചാണ്‍ അടുക്കുന്നവനിലേക്ക് അല്ലാഹു ഒരു മുഴം അടുക്കുമെന്നും അവനിലേക്ക് നടന്ന് ചെല്ലുന്നവനിലേക്ക് അല്ലാഹു ഓടിയെത്തുമെന്നുമാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്. (സഹീഹ് മുസ്‌ലിം 6471)

എല്ലാ തിന്മകളെയും പഴയ കൂട്ടുകാരികളെയും നിങ്ങളുപേക്ഷിച്ചിട്ടുണ്ട്. ദൈവിക മാര്‍ഗത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും നല്ല കൂട്ടുകെട്ടിനും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ജീവിതത്തില്‍ നിര്‍ണായകമായ ഒരു മാറ്റമുണ്ടാകുമ്പോള്‍ ഏതൊരാളും അനുഭവിക്കുന്ന പ്രയാസങ്ങളാണ് നിങ്ങളിന്ന് അനുഭവിക്കുന്നത്. അവയെ നേരിടുന്നതിന് നല്ല കരുത്തും സ്ഥൈര്യവും ക്ഷമയും ആവശ്യമാണ്. നല്ല ഹൃദയമുള്ളവര്‍ക്കേ ഈ മാര്‍ഗം തെരെഞ്ഞെടുക്കാനാവൂ. അല്ലാഹുവിന്റെ കണ്‍മുന്നില്‍ നിങ്ങള്‍ക്ക് വലിയ വിലയുണ്ട്. അതുകൊണ്ട് ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നല്‍ ദൂരെ കളയണം.

പഴയ ഓര്‍മകളിലേക്ക് നിങ്ങളെ വലിച്ചിഴക്കുന്ന കൂട്ടുകാരികളോട് എന്തു മറുപടി പറയുമെന്ന വിഷയത്തിലേക്ക് വരാം. നിങ്ങള്‍ തെരെഞ്ഞെടുത്തിരിക്കുന്ന മാര്‍ഗത്തിലും വിശ്വാസത്തിലും ഉറച്ചു നില്‍ക്കലാണ് അതിനുള്ള ഏറ്റവും നല്ല മറുപടി. നിങ്ങളുടെ ജീവിതത്തിലുണ്ടായ നിര്‍ണായമായ മാറ്റം ഒരുപക്ഷേ അവര്‍ക്കുള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ടാവില്ല. അതുകൊണ്ടാണ് പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ അവരില്‍ നിന്നുണ്ടാവുന്നത്.

തന്റെ ബലഹീനതകളെ മറികടക്കാനും ശരിയായി മനസ്സിലാക്കിയത് തെരെഞ്ഞെടുക്കാനും സാധിച്ചതിന്റെ ജീവിക്കുന്ന ഉദാഹരണം തങ്ങളുടെ മുന്നിലുണ്ടാവുമ്പോള്‍ അതിനെ അഭിമുഖീകരിക്കുന്നതിലുള്ള പ്രയാസവും അവരിലുണ്ടാവും. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ചടത്തോളം ഒരു കണ്ണാടിയാണ് നിങ്ങള്‍. തങ്ങള്‍ എത്രത്തോളം ബലഹീനരാണെന്നാണത് അവരെ കാണിക്കുന്നത്. ശരിയായ പാത തെരെഞ്ഞെടുത്ത് കരുത്ത് തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണത് കാണിക്കുന്നത്. ഇങ്ങനെ ബലഹീനത അനുഭവപ്പെടുന്നത് അംഗീകരിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ചിലര്‍ അതിനെ മറികടക്കുന്നതിന് സ്വന്തത്തില്‍ ശ്രദ്ധകൊടുക്കുന്നതിന് പകരം മറ്റുള്ളവരെ പരിഹസിക്കാനും കൊച്ചാക്കി കാണാനും ശ്രമിക്കുന്നു. താനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തെറ്റാണെന്ന് മനസ്സിലാക്കുന്ന കരുത്തനായ ഒരാള്‍ക്ക് അതിനെ മറികടക്കാന്‍ സാധിക്കും. അവര്‍ നിങ്ങളുടെ തെരെഞ്ഞെടുപ്പിനെ മാനിക്കുകയും നിങ്ങളെ പിന്തുണക്കുകയും ചെയ്യും.

അതുകൊണ്ട് അവരുടെ വാക്കുകളില്‍ സഹോദരി പ്രയാസപ്പെടരുത്. അവരോട് സഹതാപമാണ് നിങ്ങളിലുണ്ടാവേണ്ടത്. കാരണം യഥാര്‍ഥത്തില്‍ ബലഹീനരാണവര്‍. അവരുടെ സന്‍മാര്‍ഗത്തിനായി അല്ലാഹുവോട് തേടുകയും ചെയ്യുക. ഒരാളുടെ ഉള്ളിലുള്ളത് അല്ലാഹുവല്ലാതെ മറ്റാര്‍ക്കും അറിയില്ല. അതുകൊണ്ട് ഒരാളെയും നല്ലവന്‍ എന്നോ ചീത്തയെന്നോ വിധിയെഴുതരുത്. ശരിയായ പാതയിലല്ലാത്തവര്‍ അതിലേക്ക് കടന്നു വരാന്‍ ചിലപ്പോള്‍ നിമിഷങ്ങള്‍ മതിയാവും. നിങ്ങളൊരിക്കലും അവരുടെ അവഹേളനത്തിന് മറുപടി കൊടുക്കരുത്. നിങ്ങള്‍ അവയോട് മൗനം പാലിക്കുക. ഞാന്‍ മുമ്പ് തെറ്റ് ചെയ്തിരുന്നു എന്നെനിക്കറിയാം, എന്നാല്‍ ഇന്ന് അതില്‍ ഖേദിക്കുകയും ദൈവത്തോട് മാപ്പപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് അവരോട് പറയുകയും ചെയ്യാം. ഞാന്‍ മാറിയിരിക്കുന്നു ഇങ്ങനെ തുടരാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് എന്റെ സൗഹൃദം ആഗ്രഹിക്കുന്നുവെങ്കില്‍ എന്റെ മാറ്റത്തെ മാനിക്കുക. ഒരു നല്ല കൂട്ടുകാരി അതല്ലേ ചെയ്യേണ്ടതെന്ന് അവരോട് പറയാം.

അപ്രകാരം പഴയ കൂട്ടുകെട്ടില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കാനും നിങ്ങള്‍ ശ്രമിക്കുക. നിങ്ങള്‍ അവരില്‍ നിന്നു വിട്ടുനില്‍ക്കുകയല്ല, അവരെ കൂടി ഈ ശരിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് പറയുന്നവരുണ്ടാവും. എന്നാല്‍ അങ്ങനെയൊരു നീക്കം നടത്താന്‍ നിങ്ങള്‍ക്ക് നല്ല കരുത്തും കൂടുതല്‍ അറിവും ആവശ്യമുണ്ട്. അതുകൊണ്ട് വിശ്വാസ കാര്യങ്ങളില്‍ സ്വന്തത്തെ ശക്തിപ്പെടുത്തുന്നതിലും കൂടുതല്‍ അറിവു നേടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും അല്ലാഹുവുമായി കൂടുതല്‍ അടുക്കുകയും ചെയ്യുക. അതിന് ശേഷം നിങ്ങളുടെ കൂട്ടുകാരികളെ കൂടി ശരിയുടെ പാതയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാം.

മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics