ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായി ഞാന്‍ കരുതുന്നില്ല

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുമായി ഖലീജ് ടൈംസിന് വേണ്ടി അശ്വനി കുമാര്‍ തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ചോദ്യം: ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് മതതീവ്രവാദം. വിദ്യാഭ്യാസത്തിന് എങ്ങനെയാണ് ഈ ഭീഷണിയെ തടയാന്‍ കഴിയുക?

വിദ്യാഭ്യാസത്തിനും തൊഴിലിനും ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കും. മര്‍ക്കസ് തുടക്കം കുറിച്ച 'Education as Answer' ക്യാമ്പയിന്‍ മതതീവ്രവാദത്തെ തടയുകയാണ് ലക്ഷ്യം വെക്കുന്നത്. തൊഴിലില്ലാത്ത വിദ്യാസമ്പന്നരാണ് തീവ്രവാദ സംഘങ്ങളുടെ വലയില്‍ എല്ലായ്‌പ്പോഴും ചെന്ന് വീഴുന്നത്. വിദ്യാഭ്യസത്തിന്റെയും തൊഴിലിന്റെയും അഭാവമാണ് അത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ പോലും നടക്കാന്‍ കാരണം. ഒരു നല്ല വ്യക്തിയായി തീരുന്നതിന്റെ അടിത്തറയാണ് വിദ്യാഭ്യാസം. വിശുദ്ധ ഖുര്‍ആനിലെ ആദ്യത്തെ വചന 'ഇഖ്‌റഅ്' എന്നാണ്, അതായത് 'വായിക്കുക' എന്നര്‍ത്ഥം. വായിക്കാനും, എഴുതാനും, അറിവ് ആര്‍ജ്ജിക്കാനുമാണ് വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ആവശ്യപ്പെടുന്നത്. ഇന്ന് നാം കാണുന്ന സാങ്കേതിക പുരോഗതി ഒരുകാലത്ത് മനുഷ്യകുലത്തിന് അജ്ഞാതമായിരുന്നു. പക്ഷെ അവന്‍ പഠിച്ചു, എന്നിട്ട് സൃഷ്ടിച്ചു, ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനുളള കാര്യങ്ങള്‍ കണ്ടെത്തി.

ചോദ്യം: തീവ്രവാദത്തിനെതിരെയുള്ള ആയുധം എന്ന നിലയില്‍ വിദ്യാഭ്യാസത്തെ വികസിപ്പിക്കാനും പ്രചരിപ്പിക്കാനും എന്തൊക്കെ മാര്‍ഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്?

സാമൂഹിക പ്രതിബദ്ധത വളരെ പ്രധാനപ്പെട്ട ഘടകമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളും- സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ, സുന്നി യൂത്ത് സൊസൈറ്റി, സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, കേരള മുസ്‌ലിം ജമാഅത്ത്- വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ജാമിഅ മര്‍ക്കസു സഖാഫത്തി സുന്നിയ വളരെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. 1978-ലാണ് അത് സ്ഥാപിതമായത്. ആധുനികതയും ധാര്‍മികതയും പരസ്പരം ചാലിച്ച ഒരു സര്‍വകലാശാലയാണത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഞങ്ങള്‍ സ്‌കൂളുകള്‍ നിര്‍മിച്ചിട്ടുണ്ട്, അതിലെല്ലാം കൂടി ഏകദേശം രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. മതേതര വിദ്യാഭ്യാസമാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്. 1984-ല്‍ നമ്മുടെ പ്രധാനമന്ത്രിയെ കൊല ചെയ്തവരും, 2001 പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിദ്യാസമ്പന്നരായിരുന്നു, പക്ഷെ സാമൂഹിക ബാധ്യതകളെ കുറിച്ചുള്ള അറിവ് അവര്‍ക്കില്ലാതെ പോയി. ഞങ്ങളുടെ സ്ഥാപനങ്ങളില്‍, ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന സാമൂഹിക-വിദ്യാഭ്യാസ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

ചോദ്യം: മര്‍ക്കസ് നോളജ് സിറ്റി പദ്ധതിക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? പദ്ധതി ഇപ്പോള്‍ എവിടെ വരെ എത്തിനില്‍ക്കുന്നു?

ചില അനാവശ്യ നിയമകുരുക്കുകള്‍ കാരണം പദ്ധതി ഒരു വര്‍ഷത്തോളം തടസ്സപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ അത് പുരോഗതിയുടെ പാതയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മെയിന്‍ കാമ്പസ്, യുനാനി മെഡിക്കല്‍ കോളേജ്, കള്‍ച്ചറല്‍ സെന്റര്‍, ലോ കോളേജ് എന്നിവ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് പ്രധാന ഉദ്ദേശം. സ്ഥാപനത്തില്‍ നിന്നു തന്നെ വരുമാനം ഉണ്ടാക്കാനുള്ള വഴികള്‍ കണ്ടെത്തുകയാണ് കള്‍ച്ചറല്‍ സെന്ററിലൂടെ ലക്ഷ്യം വെക്കുന്നത്. വിശാലമായ രീതിയില്‍ ഐ.ടി മേഖലയെ ശക്തിപ്പെടുത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.

ചോദ്യം: നിര്‍ദ്ദിഷ്ട തിരുകേശ പള്ളിയുടെ നിര്‍മാണത്തെ സംബന്ധിച്ച കാര്യങ്ങള്‍ എവിടെവരെയായി?

അതെ, പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കോഴിക്കോടായിരിക്കും അത് നിര്‍മിക്കുക.

ചോദ്യം: ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ, പ്രത്യേകിച്ച് ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം?

ഞാനങ്ങനെ കരുതുന്നില്ല. സമൂഹത്തിലെ ഒരു വിഭാഗം മാത്രമാണ് അത്തരത്തില്‍ ചിന്തിക്കുന്നത്. മറ്റു രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, വളരെയധികം സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഒരു പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍, മറ്റുള്ളവര്‍ അതിന് നേര്‍ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നത് സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്‍ സാധാരണയായി സംഭവിക്കുന്നതാണ്. എല്ലാറ്റിനുമുപരി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്.

ചോദ്യം: കഴിഞ്ഞ വര്‍ഷം താങ്കളുടെ നേതൃത്വത്തില്‍ ഒരു സംഘം പണ്ഡിതന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. താങ്കളുടെ നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും നടപ്പിലാക്കപ്പെട്ടോ?

മോദി സര്‍ക്കാറിന്റെ നയപരിപാടികളില്‍ മാറ്റം വരുത്താനല്ല ഞങ്ങള്‍ അന്ന് ആവശ്യപ്പെട്ടത്. ചരിത്രം തിരുത്തി എഴുതരുത് എന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇന്ത്യ ഇന്ത്യയായി തന്നെ നിലനില്‍ക്കണം. 100 വര്‍ഷത്തിന് ശേഷം ഇന്ത്യയെ കുറിച്ച് ആരെങ്കിലും വായിക്കുമ്പോള്‍ പുതിയ ഒരു ഇന്ത്യയെ വായിക്കാനുള്ള ഇടവരരുത്. ഒന്നും തന്നെ മാറുകയില്ലെന്ന് നാം ഉറപ്പുവരുത്തണം. വര്‍ഗീയവാദത്തിന് അറുതിവരുത്തി വിദ്യാഭ്യാസത്തിന് കൂടുതല്‍ ശ്രദ്ധകൊടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ചോദ്യം: ആര്‍.എസ്.എസ്സും, സംഘ്പരിവാറും ചേര്‍ന്ന് ചരിത്ര പുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ്. അത്തരമൊരു നീക്കത്തിനെതിരെ എവ്വിധം പ്രതികരിക്കാനാണ് ജമാഅത്ത് ഉദ്ദേശിക്കുന്നത്?

ഞങ്ങള്‍ അതിനെ കുറിച്ച് പഠിക്കും. അത് സത്യമാണെങ്കില്‍, അത്തരം നീക്കങ്ങള്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കും. ഗാന്ധിജിയുടെ ഘാതകനെ ആദരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ ഞങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

ചോദ്യം: രാമ ക്ഷേത്ര വിഷയം സംഘ് പരിവാര്‍ വീണ്ടും ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്. ഇതിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കും?

അത്തരം നീക്കങ്ങള്‍ തടയുക തന്നെ വേണം. പക്ഷെ അത് ഞങ്ങളുടെ ജോലിയല്ല. സര്‍ക്കാറാണ് ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കേണ്ടത്.

ചോദ്യം: രണ്ട് വര്‍ഷത്തെ മോദി ഗവണ്‍മെന്റിന്റെ ഭരണത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? അദ്ദേഹം ഒരുപാട് തവണ ഗള്‍ഫ് രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. അതു കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സൗദി അറേബ്യ, യു.എ.ഇ എന്നിവരുമായി ശക്തമായ ബന്ധമുണ്ടാവുന്നത് എല്ലായ്‌പ്പോഴും നല്ലതു തന്നെയാണ്. സമാധാന-സ്‌നേഹികളാണ് യു.എ.ഇ ഭരണാധികാരികള്‍, എല്ലാ രാഷ്ട്രങ്ങളുമായും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ബന്ധമാണ് അവര്‍ കാത്തുസൂക്ഷിക്കുന്നത്. പക്ഷെ ഈ ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ വീഴാതിരിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സന്ദര്‍ശനങ്ങള്‍ എങ്ങനെ വിജയകരമായി തീരുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ചോദ്യം: കേരളത്തിലെ ഇടത് സര്‍ക്കാറില്‍ നിന്നും താങ്കള്‍ എന്താണ് പ്രതീക്ഷിക്കുന്നത്?

ദരിദ്രര്‍ക്ക് തൊഴിലവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും സൃഷ്ടിക്കുന്നതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് എല്ലായ്‌പ്പോഴും പരിഗണന ലഭിക്കാറുള്ളത്. പക്ഷെ ഈ സര്‍ക്കാര്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും, ദരിദ്രര്‍ക്ക് സഹായഹസ്തം നീട്ടുകയും ചെയ്താല്‍ ഇടത് സര്‍ക്കാര്‍ ഒരു വിജയമായി മാറും. മറിച്ചാണെങ്കില്‍ അവര്‍ അധികം നിലനില്‍ക്കില്ല. മലയാളികള്‍ ബുദ്ധിയുള്ളവരാണ്. കാര്യക്ഷമതയില്ലായ്മയെ അവര്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല.

ചോദ്യം: രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും കാര്യം വരുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം വളരെ പരിമിതമാണ്. ഒന്നുകില്‍ എല്‍.ഡി.എഫ് അല്ലെങ്കില്‍ യു.ഡി.എഫ്. ഇത് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലംഭാവം സൃഷ്ടിക്കുന്നില്ലെ?

മൂന്നാമതൊരു സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. അതിന് ഉയര്‍ന്ന് വരാന്‍ കഴിയും. അത് സാധ്യമാണ്.

ചോദ്യം: എണ്ണ വില താഴ്ന്നത് ഗള്‍ഫ് സാമ്പത്തിക മേഖലെ കാര്യമായി ബാധിക്കുകയും, ഇത് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ച് പോക്കിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. മടങ്ങി വരുന്ന എന്‍.ആര്‍.ഐ-കളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇക്കാര്യത്തില്‍ മുസ്‌ലിം ജമാഅത്ത് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്?

പ്രവാസികളുടെ ആശങ്കകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഞങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുകയുണ്ടായി. മുമ്പ് കേന്ദ്രത്തില്‍ മിനിസ്ട്രി ഓഫ് ഓവര്‍സീസ് ഇന്ത്യന്‍ അഫേഴ്‌സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അതവിടെ ഇല്ലാത്തതിനാല്‍, എന്‍.ആര്‍.ഐ-കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമം പാസാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രവാസി എന്ന് പറയുമ്പോള്‍, ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രയാസപ്പെട്ടു കൊണ്ടിരിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെയാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അത്തരം ആളുകള്‍ക്ക് സഹായഹസ്തം ലഭ്യമാവേണ്ടതുണ്ട്.

ചോദ്യം: യു.എ.ഇ ഭരണാധികാരികളില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് പഠിക്കാന്‍ എന്തൊക്കെയുണ്ട്?

പഠിക്കാന്‍ ഒരുപാടുണ്ട്. ഇവിടുത്തെ ഭരണാധികാരികള്‍ പണ്ടാരിക്കും ഭരണാധികാരിക്കും ഇടയില്‍ യാതൊരു വിവേചനവും കാണിക്കില്ല. താഴെകിടയിലുള്ളവരോട് വളരെ സ്‌നേഹത്തില്‍ മാത്രമേ അവര്‍ പെരുമാറുകയുള്ളു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി യു.എ.ഇ സര്‍ക്കാര്‍ ഇഖ്‌റഅ് റീഡ് പ്രൊജക്റ്റിന് തുടക്കം കുറിച്ച് കഴിഞ്ഞു. യു.എ.ഇ-യുടെ സ്ഥാപകന്‍ അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ രണ്ട് സുപ്രധാന കാര്യങ്ങള്‍ ചെയ്യുകയുണ്ടായി - അദ്ദേഹം എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കി. എന്നിട്ട് മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കാതെ പൗരന്‍മാര്‍ക്ക് ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ അല്‍ നഹ്‌യാന്‍ എന്നിവരും ആ പാത തന്നെയാണ് പിന്തുടരുന്നത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുകയും, അവര്‍ക്ക് മേല്‍ കാരുണ്യം ചൊരിയുന്നവരുമാണ് യു.എ.ഇ ഭരണാധികാരികള്‍. ഇവിടെ എല്ലാ മതങ്ങളില്‍ പെട്ടവരും തുല്ല്യരാണ്. ഇത്തരമൊരു അന്തരീക്ഷം നമ്മുടെ പ്രഥമ ലക്ഷ്യങ്ങളില്‍ ഒന്നായി മാറേണ്ടതുണ്ട്. ഇത്തരമൊരു സാമൂഹ്യക്രമം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് പരിശ്രമിക്കേണ്ടതുണ്ട്. അടുത്തിടെ 69 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനമെടുത്ത യു.എ.ഇ സര്‍ക്കാറിനെ ഞാന്‍ അഭിനന്ദിക്കുന്നു.

ചോദ്യം: സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് താങ്കള്‍ എപ്പോഴും തെറ്റായി ഉദ്ദരിക്കപ്പെടാറുണ്ട്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് എന്താണ് താങ്കളുടെ നിലപാട്?

പിണറായി വിജയന് ഞങ്ങള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്ന ഒരു കാര്യമാണ് സ്ത്രീ ശാക്തീകരണം. ഇസ്‌ലാം സ്ത്രീകള്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്.. ഇസ്‌ലാമിക തത്വമനുസരിച്ച്, ഭാര്യക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, വീട്, മറ്റു കാര്യങ്ങള്‍ എന്നിവ നല്‍കേണ്ടത് ഭര്‍ത്താവാണ്. സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിതം പുരുഷന്‍മാര്‍ക്കാണ്. സ്ത്രീ ശാക്തീകരണം, സ്ത്രീ സ്വാതന്ത്ര്യം എന്നിവ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം പ്രവര്‍ത്തിക്കാമെന്നോ, അവര്‍ക്ക് ഇഷ്ടമുള്ള സമയത്തെല്ലാം അവര്‍ക്കിഷ്ടമുള്ളവരുടെ കൂടെ പുറത്ത് പോകാമെന്നോ അല്ല. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ചോദ്യം: ലിംഗ സമത്വത്തെ കുറിച്ചുള്ള താങ്കളുടെ വീക്ഷണങ്ങള്‍ എന്തൊക്കെയാണ്? എല്ലാവരും ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുന്നുണ്ട് പക്ഷെ കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ എത്ര സ്ത്രീകള്‍ വിജയിച്ചു അല്ലെങ്കില്‍ എത്ര സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു?

ഞങ്ങള്‍ ലിംഗ സമത്വത്തിന് എതിരല്ല. പക്ഷെ സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്നതിന് ഞങ്ങള്‍ എതിരാണ്.

ചോദ്യം: സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിന് വേണ്ടി ആരെങ്കിലും പോരാടുന്നുണ്ടോ?

സമൂഹത്തിന്റെ മുന്‍നിരയിലേക്ക് സ്ത്രീകള്‍ വരിക തന്നെ വേണം. പക്ഷെ അവരെ ഒരു ഉപഭോഗവസ്തുവായി കാണാന്‍ പാടില്ല.

ചോദ്യം: പ്രണയ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും നിരക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിക്കുകയാണ്. ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളില്‍ പോലും ഒരു ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു നല്ല സൂചനയാണോ?

അല്ല. അതൊരു ട്രെന്‍ഡാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. വളരെ ചുരുക്കും കേസുകള്‍ അങ്ങനെയുണ്ടാവാം.

വിവ: ഇര്‍ഷാദ് കാളാചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics