ഇസ്‌ലാമിന് എന്താണ് രാഷ്ട്രീയത്തില്‍ കാര്യം?

മുസ്‌ലിം ലോകത്ത് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന സംഘട്ടനങ്ങളും, പ്രതിസന്ധികളും പരിഗണിക്കുമ്പോള്‍, അവരുടെ മതവും രാഷ്ട്രീയവും സമംചേര്‍ത്ത വിഷമിശ്രിതവും, നിയമസാധുതക്ക് വേണ്ടി ഇസ്‌ലാമിലേക്ക് നോക്കുന്ന ഉയര്‍ന്നുവരുന്ന ഭീകരവാദ തരംഗങ്ങളും കാണുമ്പോള്‍ ഒരു കാര്യം ചോദിക്കാതിരിക്കാന്‍ നമുക്ക് കഴിയുന്നില്ല: രാഷ്ട്രീയത്തിലും, പൊതുജീവിതത്തിലും ഇസ്‌ലാമിന് എന്തെങ്കിലും തരത്തിലുള്ള പങ്ക് വഹിക്കാനുണ്ടോ? പ്രാദേശിക, അന്താരാഷ്ട്രാ തലങ്ങളില്‍ ഒരു നിര്‍മാണാത്മക പങ്ക് വഹിക്കാന്‍ ഇസ്‌ലാമിന് കഴിയുമോ?

മറ്റു പ്രമുഖ ഏകദൈവ മതങ്ങളെ പോലെ തന്നെ, ഇസ്‌ലാം ഏകശിലാത്മകമല്ല, മറിച്ച് ബഹുസ്വരമാണ്. അതിന്റെ ചരിത്രത്തിലുടനീളം ബഹുവിധത്തിലുള്ള; അടഞ്ഞതും തുറന്നുമായ, അക്ഷരാധിഷ്ഠിതവും യുക്തിപരവുമായ, ആത്മീയവും, സായുധ/രാഷ്ട്രീയപരവുമായ തുടങ്ങിയ അനേകം വ്യാഖ്യാനങ്ങള്‍ക്ക് ഇസ്‌ലാം വിധേയമായിട്ടുണ്ട്.

സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും ഒരു ദീര്‍ഘകാല ചരിത്രം ഇസ്‌ലാമിനുണ്ട്. ഇസ്‌ലാമിനുള്ളില്‍ സഹജീവിക്കുന്ന അനേകായിരം മതവിഭാഗങ്ങളും, വംശങ്ങളും അതിനുള്ള തെളിവാണ്. മതതത്വശാസ്ത്ര, നിയമശാസ്ത്ര ചിന്താസരണികളുടെ മഹത്തായ ബഹുസ്വരതയിലും, ഇസ്‌ലാം നട്ടുവളര്‍ത്തിയ തത്വശാസ്ത്രത്തിലും അത് നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. സജീവമായ ബൗദ്ധിക, ശാസ്ത്രീയ സംവാദങ്ങള്‍ക്ക് ഖലീഫമാരുടെയും, സുല്‍ത്താന്‍മാരുടെയും, അമീറുമാരുടെയും അങ്കണങ്ങള്‍ സ്ഥിരവേദികളായിരുന്നു. പരസ്പര ബഹുമാനത്തിന്റെയും, സഹിഷ്ണുതയുടെയും ആത്മാവുള്‍ക്കൊണ്ട സംവാദങ്ങളായിരുന്നു വ്യത്യസ്ത മേഖലകളില്‍ നിന്നും വരുന്ന മതതത്വചിന്തകന്‍മാര്‍ക്കും, ന്യായാധിപന്‍മാര്‍ക്കും, തത്വചിന്തകര്‍ക്കും, ഭാഷാവിശാരദന്‍മാര്‍ക്കും ഇടയില്‍ നടന്നിരുന്നത്.

സ്‌ഫോടനാത്മക, അക്രമോത്സുക സ്വഭാവത്തിലുള്ള ഇസ്‌ലാമിന്റെ സമകാലിക ആവിഷ്‌കാരങ്ങളില്‍ പലതും അന്ന് അധികമൊന്നും കാണപ്പെട്ടിരുന്നില്ല.

ചരിത്രപരമായ കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു ഇസ്‌ലാമിനെ ചരിത്രത്തില്‍ ദര്‍ശിക്കാന്‍ സാധിക്കില്ല. വിശാലമായ രാഷ്ട്രീയ, സാമൂഹിക പരിസരത്താല്‍ രൂപപ്പെട്ട ഒരുപാട് രൂപങ്ങള്‍ ഇസ്‌ലാമിനുണ്ട്. ആ പരിസരങ്ങളിലൊക്കെയും ഇസ്‌ലാമിന് നിര്‍ണിതമായ ദൗത്യം നിര്‍വഹിക്കാനുമുണ്ടായിരുന്നു.

ഉദാഹരണമായി, മഹത്തരമായ രാഷ്ട്രീയ സ്ഥിരത അനുഭവിക്കുന്ന മലേഷ്യ, ബ്രൂണെ, ഇന്തോനേഷ്യ തുടങ്ങിയ ഇടങ്ങളില്‍ സമാധാനപൂര്‍ണ്ണവും ശാന്തവുമായ സ്വഭാവമാണ് ഇസ്‌ലാമിനുള്ളത്. അവിടെ രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതിയുടെ പ്രേരകശക്തിയായാണ് ഇസ്‌ലാം പ്രവര്‍ത്തിക്കുന്നത്. രൂക്ഷമായ രാഷ്ട്രീയ സംഘട്ടനങ്ങള്‍, ഭിന്നിപ്പുകള്‍, സൈനിക അധിനിവേശങ്ങള്‍ എന്നിവ പ്ലേഗ് പോലെ പടര്‍ന്നു പിടിച്ച അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ പ്രക്ഷുബ്ധമായ, വിഭാഗീയമായ, സ്‌ഫോടനാത്മകമായ രൂപമാണ് ഇസ്‌ലാം പ്രദര്‍ശിപ്പിക്കുന്നത്.

സമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളാണ് മതപരമായ നിലപാടുകളെയും, ബൗദ്ധിക താല്‍പര്യങ്ങളെയും ഏറിയകൂറും നിര്‍വചിക്കുന്നത്. തീര്‍ച്ചയായും ഇതൊരു അനിവാര്യ ഭൗതികശാസ്ത്ര നിയമമൊന്നുമല്ല. പക്ഷെ ഇത് നമ്മെ മുസ്‌ലിം അര്‍ദ്ധഗോളത്തിന്റെ ഭൂപടത്തിലൂടെ സൂക്ഷ്മതയോടെ സഞ്ചരിക്കാനും, അതിന്റെ സങ്കീര്‍ണതകളെ കുറിച്ച് മനസ്സിലാക്കാനും സഹായിക്കും.

സാധാരണ ആരോഗ്യ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നിടത്ത് എന്ത് രാഷ്ട്രീയ ദൗത്യമാണ് ഇസ്‌ലാം വഹിക്കേണ്ടത്? രാഷ്ട്രീയത്തില്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഒരാള്‍ അവലംബമാക്കുന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? മുസ്‌ലിം പ്രദേശങ്ങളുടെ മതേതരവല്‍ക്കരണം അനിവാര്യമാണോ?

ആധുനികതയുടെ ആഗമനത്തോടെ ഒരു മതേതര ലോകവീക്ഷണത്തിന് മതം വഴിമാറി കൊടുക്കണം എന്നതാണ് സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ക്കിടയിലെ ഭൂരിപക്ഷ വീക്ഷണം. എന്നാല്‍ മുസ്‌ലിം ലോകത്തിന്റെ കാര്യം ഇതല്ല. മുസ്‌ലിംകളുടെ സ്വകാര്യവും, സാമൂഹികവുമായ ജീവിതത്തിലും, സമൂഹത്തിന്റെ നാഗരവല്‍കൃത വിദ്യാഭ്യാസ മേഖലകളിലും ശക്തമായ ഒരു ആജ്ഞാശക്തിയായി ഇസ്‌ലാമിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്.

ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന, നിരക്ഷരരായ, പുറംലോകം കാണാത്ത തങ്ങളുടെ സഹോദരിമാരേക്കാള്‍ കൂടിയ അളവില്‍ മതബോധം വെച്ചുപുലര്‍ത്തുന്നവരാണ് നഗരവല്‍കൃത സര്‍വകലാശാല വിദ്യാഭ്യാസം നേടിയ മുസ്‌ലിം സ്ത്രീകളെന്ന് കാണാന്‍ സാധിക്കും. സമൂഹത്തിന്റെ വിദ്യാഭ്യാസവുമായി മതേതരത്വത്തിനും, ആധുനികവല്‍ക്കരണത്തിനും രേഖീയമായ യാതൊരു ബന്ധവുമില്ല.

മുസ്‌ലിംകളുടെ സ്വകാര്യവും പൊതുവുമായ ജീവിതത്തില്‍ ഇസ്‌ലാം ഒരു ശക്തമായ സാന്നിധ്യമാകേണ്ടതുണ്ടോ ഇല്ലേ എന്നതല്ല ചോദ്യം. കാരണം പൊതു-സ്വകാര്യ ജീവിതങ്ങളില്‍ ഇസ്‌ലാം ഒരു ശക്തമായ സാന്നിധ്യം തന്നെയാണ്. മറിച്ച് എങ്ങനെയായിരിക്കണം ഇസ്‌ലാം സ്വയം വെളിപ്പെടുത്തേണ്ടത് എന്നതാണ് ചോദ്യം.

പൊതുവായ ധാര്‍മിക, മതമൂല്യങ്ങളുടെ ഒരു സ്രോതസ്സാണ് ഇസ്‌ലാം. ഈ അര്‍ത്ഥത്തില്‍, സാമൂഹിക നീതി, സമത്വം, സഹവര്‍ത്തിത്വം, മനുഷ്യര്‍ക്കിടയിലെ അന്യോനമുള്ള കൈമാറ്റങ്ങള്‍ എന്നിവയെ ഇസ്‌ലാം പരിപാലിക്കുന്നുണ്ട്. ഈ മഹത്തായ ആശയങ്ങളാല്‍ പ്രചോദിതനാകുന്ന ഒരു രാഷ്ട്രീയക്കാരനാണ് ഒരു ഇസ്‌ലാമിക നിര്‍ദ്ദേശക ചട്ടകൂടിന് വേണ്ടി ആവശ്യപ്പെടുകയും, സംസാരത്തിലും രാഷ്ട്രീയത്തിലും താന്‍ അവലംബിക്കേണ്ട പെരുമാറ്റരീതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളായി അതിനെ കാണുകയും ചെയ്യുക.

മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ ശക്തിസന്തുലനത്തില്‍ നിന്നും ഇഷ്ടങ്ങള്‍ നേടിയെടുക്കുന്നത് തന്നെയാണ് രാഷ്ട്രീയം. എന്നാല്‍ മേല്‍പരാമര്‍ശിക്കപ്പെട്ട പൊതുവായ ഇസ്‌ലാമിക ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്നതിലൂടെ രാഷ്ട്രീയ പെരുമാറ്റചട്ടം ധാര്‍മികമൂല്യബന്ധിതമാക്കാന്‍ സാധിക്കും.

രാഷ്ട്രീയത്തില്‍ മതത്തിന് ഒരു സുപ്രധാന പങ്കുവഹിക്കാന്‍ കഴിയും എന്നത്‌കൊണ്ട് രാഷ്ട്രീയകാരെല്ലാം മതപ്രബോധകരായി മാറണമെന്നോ, രാഷ്ട്രം ജനങ്ങളുടെ ബോധത്തെ നിയന്ത്രിക്കണമെന്നോ അല്ല അര്‍ത്ഥമാക്കുന്നത്. യഥാര്‍ത്ഥത്തില്‍, രണ്ട് മാതൃകകള്‍ മുസ്‌ലിം ലോകത്ത് പരാജയം രുചിച്ച് കഴിഞ്ഞു. അടിമുടി മതേതരവല്‍ക്കരണമാണ് അതിലൊന്ന്. അടിമുടി ഇസ്‌ലാമികവല്‍ക്കരണമാണ് മറ്റൊന്ന്.

തുര്‍ക്കിയും, തുനീഷ്യയും ആദ്യം പറഞ്ഞതിന്റെ ഉദാഹരണങ്ങളായിരുന്നു. രണ്ടാമത് പറഞ്ഞതിന്റെ ഉദാഹരണങ്ങളാണ് ഇറാനും, സഊദി അറേബ്യയും. രണ്ട് ശൈലികളും പൗരന്‍മാരുടെ മേല്‍ അവരവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതും, വസ്ത്ര സ്വാതന്ത്ര്യമടക്കമുള്ള ഒരു വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ ജീവിത മേഖലകളില്‍ വരെ ഇടപെടുന്നതുമാണ്.

മതേതര ഇടപെടല്‍ ആദ്യം സ്ത്രീയോട് അവളുടെ മുടി വെളിവാക്കാന്‍ നിര്‍ബന്ധിക്കും; മതത്തിന്റെ ഇടപെടല്‍ അവളോട് മുടി മറച്ചുവെക്കാനും ആവശ്യപ്പെടാനും. രണ്ടും വ്യത്യസ്ത രീതികളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തന്നെയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ഔദ്യോഗിക ഭരണകൂട പ്രത്യയശാസ്ത്രത്തോട് എതിര് നില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരാന്‍ രണ്ടിന്റെ നിലപാടുകള്‍ കാരണമായിട്ടുണ്ട്.

നിഷ്പക്ഷവും, അനാവശ്യ ഇടപെടല്‍ നടത്താത്തതുമായ ഒരു രാഷ്ട്രത്തിന് വേണ്ടിയാണ് മുസ്‌ലിം ലോകത്ത് നാം പരിശ്രമിക്കേണ്ടത്. സമൂഹത്തിലെ വ്യത്യസ്തതകളെ ഒരുമിച്ച് കൊണ്ടുപോവുകയും, വ്യക്തി സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും, സാമൂഹികക്രമം സംരക്ഷിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമായിരിക്കും അത്. പൊതുസംസ്‌കാരത്തെ ബഹുമാനിക്കുന്നതും, വ്യക്തിഗത താല്‍പ്പര്യങ്ങളില്‍ ഇടപെടുകയോ ബലംപ്രയോഗിക്കുകയോ ചെയ്യാത്ത ഒരു നിഷ്പക്ഷ രാഷ്ട്രമായിരിക്കും അത്.

ഒരുപാട് തരത്തില്‍, ഈ രാഷ്ട്രമാതൃകയോട് നീതി പുലര്‍ത്തുന്നതാണ് തുനീഷ്യയുടെ പുതിയ ഭരണഘടന. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള പൗരന്‍മാരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അത് സംരക്ഷിക്കുന്നുണ്ട്, അതേസമയം തന്നെ ഇസ്‌ലാമിനെ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും ചെയ്യുന്നു. വിഭാഗീയമായി മാറാതെ തന്നെ, ഭരണകൂടം ചിലപ്പോള്‍ ഭൂരിപക്ഷത്തിന്റെ മൂല്യങ്ങളെ ബഹുമാനിച്ചേക്കാം, അല്ലെങ്കില്‍ മതം കൈയ്യിലെടുത്ത് സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ ചൂഷണം ചെയ്‌തേക്കാം.

ഇസ്‌ലാമിനൊരു സാമൂഹിക-രാഷ്ട്രീയ സ്വഭാവമുണ്ട്. അതിനെ ഒരിക്കലും അവഗണിച്ച് തള്ളാന്‍ കഴിയില്ല. അതിന്റെ ഭൗതിക പ്രകൃതമോ അതിന്റെ ജന്മസാഹചര്യം, വികാസം എന്നിവയോ ആയിരിക്കാം അതിന് കാരണം. വികാസത്തോടൊപ്പം ഒരു രാഷ്ട്രവും ഉത്ഭവിച്ചു.

ഇസ്‌ലാമിന്റെ ദൗത്യനിര്‍വഹണത്തെ സ്വകാര്യജീവിത ഇടങ്ങളിലേക്കും, മസ്ജിദുകളുടെ അകത്തളങ്ങളിലേക്കും പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ വളരെ പ്രയാസകരം തന്നെയാണ്. പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും ജനാധിപത്യത്തോടുള്ള തങ്ങളുടെ പിന്തുണ തുറന്ന് പ്രഖ്യാപിച്ചിരുന്നു, അതേസമയം തന്നെ പൊതുജീവിതത്തില്‍ ഇസ്‌ലാമിന് വലിയൊരു ഭൂമിക അവര്‍ ആവശ്യപ്പെടുകുയും ചെയ്തു.

മുസ്‌ലിംകളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന, സജീവ സാന്നിധ്യമാണ് ഇസ്‌ലാം. വ്യത്യസ്തമായ മത ആവിഷ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന ഒരു ഇടത്തില്‍, എല്ലാ തരത്തിലുമുള്ള ഹിംസയില്‍ നിന്നും, മതഭ്രാന്തില്‍ നിന്നും മുക്തമായി, ഒരു ധനാത്മക ദൗത്യം അതിന് എങ്ങനെ നിര്‍വഹിക്കാന്‍ കഴിയും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

വ്യക്തിഗത സ്വാതന്ത്ര്യത്തെയും, പൊതുസംസ്‌കാരത്തെയും ബഹുമാനിക്കുകയും, ബഹുസ്വരത എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം സ്വത്വങ്ങളുടെ തേട്ടങ്ങളെ പരിഗണിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മുസ്‌ലിം സമൂഹങ്ങള്‍ക്ക് നഷ്ടപ്പെട്ട സന്തുലിതത്വവും, സ്ഥിരതയും വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളു.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics