നെതന്യാഹുവിന്റെ ആഫ്രിക്കന്‍ പര്യടനവും ശുക്‌രിയുടെ ഖുദ്‌സ് സന്ദര്‍ശനവും

ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി പ്രഖ്യാപിച്ച പോലെ സമാധാന ശ്രമങ്ങളെ പുനരുജ്ജീവിപ്പിക്കലോ ദ്വിരാഷ്ട്രപരിഹാരത്തിന് കരുത്തു പകരലോ ആണ് അദ്ദേഹത്തിന്റെ ഖുദ്‌സ് സന്ദര്‍ശനത്തിന്റെ മുഖ്യ ഉദ്ദേശ്യമെന്ന് കരുതാനാവില്ല. യഥാര്‍ഥ ലക്ഷ്യങ്ങളെ മൂടി വെക്കാനുള്ള മറ മാത്രമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇസ്രയേലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തലും നൈലിന്റെ പോഷക രാഷ്ട്രങ്ങളുമായുള്ള ബന്ധത്തില്‍ അതുപയോഗപ്പെടുത്തലുമാണ് പ്രധാനം.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒരു ഈജിപ്ത് വിദേശകാര്യ മന്ത്രി 'അധിനിവിഷ്ട ഖുദ്‌സ്' സന്ദര്‍ശിക്കുന്നത്. മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ കാലത്ത് ഇരു രാഷ്ട്രങ്ങളെയും ബന്ധിപ്പിച്ചിരുന്നത് വിദേശകാര്യ മന്ത്രിയായിരുന്നില്ല; ഇന്റലിജന്‍സ് മേധാവി ഉമര്‍ സുലൈമാനായിരുന്നു. പരസ്പര ബന്ധം സുരക്ഷാ കാര്യത്തില്‍ പരിമിതപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അത്. (ഇസ്ഹാഖ് റാബേന്‍ മരണപ്പെട്ടപ്പോള്‍ അനുശോചനം രേഖപ്പെടുത്താനായി മണിക്കൂറുകളില്‍ ഒതുങ്ങുന്ന സന്ദര്‍ശനം മാത്രമാണ് ഹുസ്‌നി മുബാറക് നടത്തിയിട്ടുള്ളത്.) അദ്ദേഹം ഇസ്രയേലുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നില്ല എന്നോ, സാദാത്തിന്റെ പൈതൃകവും ക്യാമ്പ് ഡേവിഡ് ഉടമ്പടിയും മുറുകെ പിടിച്ചിരുന്ന ആളായിരുന്നോ എന്നതിന് അര്‍ഥമില്ല.

കഴിഞ്ഞ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ നെതന്യാഹു സന്ദര്‍ശിച്ച നാല് ആഫ്രിക്കന്‍ തലസ്ഥാനങ്ങളിലേക്കും സന്ദര്‍ശനത്തിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കുന്നതിന് സാമിഹ് ശുക്‌രിയോ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയോ പറക്കേണ്ടത് അനിവാര്യമായിരുന്നു എന്നാണ് യുക്തി പറയുന്നത്. ഉഗാണ്ട, റുവാണ്ട, കെനിയ, എത്യോപ്യ എന്നീ നൈലിന്റെ പോഷക രാഷ്ട്രങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. നടക്കേണ്ടത് അതായിരുന്നുവെങ്കിലും സംഭവിച്ചത് മറ്റൊന്നാണെന്നത് ദുഖകരമാണ്.

നെതന്യാഹുവിന്റെ ഈ പര്യടനത്തില്‍ ഈജിപ്തിന് ഉത്കണ്ഠയുണ്ടായിരുന്നു. ചില ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ വളരെ വ്യക്തമായി അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്തിന്റെ വെള്ളംകുടി മുട്ടിക്കുന്നതും കഴുത്തു ഞെരിക്കുന്നതും രാഷ്ട്രീയ സുരക്ഷയും ജലസുരക്ഷയും തകരാറിലാക്കുന്നതുമായ പ്രവര്‍ത്തനമായിട്ടാണ് ഇസ്രയേല്‍ നിരീക്ഷകരും എഴുത്തുകാരും അതിനെ കുറിച്ച് ആരോപണം ഉയര്‍ത്തിയത്. ഈജിപ്തിന്റെ ഉത്കണ്ഠ ഇല്ലാതാക്കാന്‍ യഥാര്‍ഥത്തില്‍ നെതന്യാഹുവിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത് കെയ്‌റോയിലേക്ക് ഒരു പ്രതിനിധിയെ അയച്ച് ആശ്വപ്പിക്കുകയും തന്റെ പര്യടനത്തില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അറിയിച്ചു കൊടുക്കുകയുമായിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഈജിപ്തുമായോ അല്ലെങ്കില്‍ മറ്റേതെങ്കിലും അറബ് രാഷ്ട്രങ്ങളുമായോ ഇടപെടുമ്പോള്‍ ഇസ്രയേല്‍ കാണിക്കുന്ന അഹങ്കാരവും മേധാവിത്വ മനോഭാവവുമാണത് പ്രകടമാക്കുന്നത്.

നാല് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും നെതന്യാഹുവിന് ലഭിച്ച ഊഷ്മളമായ വരവേല്‍പ് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അവയെ കുറിച്ച് വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്:
1) ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും അമേരിക്കക്കും ചൈനക്കും റഷ്യക്കും വലിയ പ്രാധാന്യവും പ്രസക്തിയും ലഭിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ അവിടത്തെ അറബ് - പ്രത്യേകിച്ചും ഈജിപ്തിന്റെ - പരിപൂര്‍ണ അസാന്നിദ്ധ്യം. (ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സെനഗലില്‍ അമേരിക്ക മിലിറ്ററി ക്യാമ്പ് തുടങ്ങിയത്)
2) ഭൂഖണ്ഡത്തില്‍ അറബികളുടെ അഭാവം ഉണ്ടാക്കിയ ഒഴിവിലേക്കുള്ള ഇസ്രയേലിന്റെ കടന്നു കയറ്റം. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത നേട്ടങ്ങളുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുകയാണ്.
3) ഈജിപ്തുമായോ സുഡാനുമായോ അടുത്തുണ്ടാവാനിടയുള്ള ജലയുദ്ധത്തിന്റെ സാമ്പത്തികവും സാങ്കേതികവും രാഷ്ട്രീയവുമായ ഭാരം ഈ നാല് ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് മേല്‍ വെച്ചിരിക്കുകയാണ് ഇസ്രയേല്‍. ഭൂഖണ്ഡത്തിലെ മറ്റ് രാഷ്ട്രങ്ങളിലുള്ള സ്വാധീനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

നെതന്യാഹുവിന് ഏറ്റവും ഊഷ്മളമായ സ്വീകരണം നല്‍കിയത് അടുത്ത വര്‍ഷം അന്നഹ്ദ അണക്കെട്ടിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന എത്യോപ്യയില്‍ നിന്നും അവിടത്തെ ഭരണകൂടത്തില്‍ നിന്നുമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കന്‍ യൂണിയനില്‍ ഇസ്രയേലിന് നിരീക്ഷക അംഗത്വം നല്‍കുന്നതിനെ പിന്തുണക്കുമെന്ന് ഉറപ്പു നല്‍കുക വരെ ആഡിസ്അബാബ ഭരണകൂടം ചെയ്തിരിക്കുന്നു.

നൈല്‍ നദിയിലേയോ മറ്റ് നദികളിലെയോ വെള്ളം നൈലിന്റെ പോഷക രാഷ്ട്രങ്ങളുടെ ഉടമസ്ഥതയിലായിരിക്കുമെന്നും ഈ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടു കൂടിയല്ലാതെ മറ്റ് പുറം നാടുകളിലേക്കത് കൊണ്ടു പോകാനാവില്ലെന്നും നദീജലവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടികള്‍ വ്യക്തമാക്കുന്നുണ്ട്. നൈലിന്റെ പോഷക രാഷ്ട്രങ്ങളല്ലാത്ത ഈജിപ്തിനും സുഡാനും അത് ബാധകമാവും. 86 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വരുന്ന നൈലിലെ ജലത്തില്‍ നിന്നും 55 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ഈജിപ്തിനും 18 ബില്യണ്‍ ക്യൂബിക് മീറ്റര്‍ സുഡാനും ഓരോ വര്‍ഷവും നല്‍കാന്‍ 1959ല്‍ ഈജിപ്തും സുഡാനും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതായത് ആകെ ജലത്തിന്റെ 80 ശതമാനത്തോളും ഈജിപ്തിന് ലഭിക്കുന്നു. ഉത്ഭവസ്ഥാനത്തു നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ പത്ത് ബില്യണോളം നീരാവിയായി പോവുകയും ചെയ്യുന്നു. ഈ ഉടമ്പടിയെ അംഗീകരിക്കാത്തവരും എതിര്‍ത്തവരുമായ നൈലിന്റെ പോഷക രാഷ്ട്രങ്ങളുണ്ട്.

എത്യോപ്യയുടെ അന്നഹ്ദ അണക്കെട്ട് വന്നാല്‍ ഈജിപ്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന വെള്ളത്തില്‍ നിന്നും 12 മുതല്‍ 20 വരെ ബില്യണ്‍ ക്യൂബിക് മീറ്ററിന്റെ കുറവ് വരുമെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. ഈജിപ്തിന്റെ ജലലഭ്യതയില്‍ വരുന്ന ഈ കുറവ് അവരുടെ വൈദ്യുതി ഉല്‍പാദനത്തില്‍ 25 മുതല്‍ 40 ശതമാനം വരെ കുറവുണ്ടാക്കും. അതുകൊണ്ടാണ് മുഹമ്മദലി മുതല്‍ക്കുള്ള ഈജിപ്ത് പ്രസിഡന്റുമാര്‍ നൈലില്‍ നിന്നുള്ള ഈജിപ്തിന്റെ ഓഹരിയെ തൊട്ടു കളിക്കുന്നത് യുദ്ധ പ്രഖ്യാപനമായി കണ്ടത്. അന്നഹ്ദ അണക്കെട്ട് തകര്‍ത്തു കളയുമെന്ന് വെല്ലുവിളിച്ച പ്രസിഡന്റ് മുഹമ്മദ് മുര്‍സിയാണ് അതിലെ അവസാന കണ്ണി.

ഓപറേഷന്‍ എന്റബിയുടെ നാല്‍പതാം വാര്‍ഷിക വേളയാണ് നെതന്യാഹു ഉഗാണ്ട സന്ദര്‍ശനത്തിന് തെരെഞ്ഞെടുത്തതെന്നും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ യൊനാഥന്‍ നെതന്യാഹു കൊല്ലപ്പെട്ടത് പ്രസ്തുത സംഭവത്തിലാണ്. 1976ല്‍ ഇസ്രയേല്‍ യാത്രക്കാരെയും വഹിച്ച് പോയ ഫ്രഞ്ച് വിമാനം ഒരു ഫലസ്തീന്‍ ഗ്രൂപ്പ് റാഞ്ചുകയായിരുന്നു. വിമാനമിറങ്ങാന്‍ നെതന്യാഹു തെരെഞ്ഞെടുത്തതും സംഭവം നടന്ന അതേ നഗരം തന്നെയായിരുന്നു. സമ്പത്തും സാങ്കേതിക വിദ്യയും ആയുധങ്ങളും അനുഭവസമ്പത്തും അമേരിക്കയും റഷ്യയുമായുള്ള ശക്തമായ ബന്ധങ്ങളുമായി ഞങ്ങള്‍ വീണ്ടും ആഫ്രിക്കയിലേക്ക് മടങ്ങിയെത്തിരിക്കുന്നു നിങ്ങള്‍ക്കെന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന വ്യക്തമായ സന്ദേശമാണ് അതിലൂടെ അറബ് നേതാക്കള്‍ക്ക് അദ്ദേഹം നല്‍കുന്നത്.

അറബികള്‍ അറബികളായി നിലകൊണ്ടപ്പോള്‍, ശക്തിയും അന്തസ്സുമുള്ളവര്‍ അവരെ ഭരിച്ചപ്പോള്‍ നെതന്യാഹുവോ മറ്റാരെങ്കിലുമോ ആഫ്രിക്ക സന്ദര്‍ശിക്കാന്‍ ധൈര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അന്നഹ്ദ അണക്കെട്ട് തന്റെ രാഷ്ട്രത്തിനും ജനതക്കുമുണ്ടാക്കുന്ന അപകടം ലഘുകരിക്കുന്നതിന് നെതന്യാഹുവിന്റെ മധ്യസ്ഥത തേടി പുറപ്പെട്ടിരിക്കുകയാണ് ഈജിപിതിന്റെ മഹാനായ വിദേശകാര്യ മന്ത്രി. വളരെയേറെ ദുഷിച്ച കാലത്ത് സംഭവിക്കരുതെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics