സ്മരണകളുടെ മന:ശാസ്ത്രം

ചില സ്മരണകളുണ്ട്,
കുടഞ്ഞെറിഞ്ഞാലും, അടരുവാന്‍ ആവാതെ,
മഴ നനഞ്ഞ പക്ഷിയെപ്പോലെ
കലമ്പലോടെ ചിറകു കുടഞ്ഞൊരു ഇരിപ്പുണ്ട്,
മനസ്സിന്റെ ഉമ്മറപ്പടിയില്‍.

ചിലത് തട്ടിവിളിച്ചാലും
പുറം തിരിഞ്ഞിരുന്നു വിമ്മിട്ടം നടിക്കും,
ഉടഞ്ഞ പളുങ്ക് പാത്രത്തിന്‍ ചീളുകള്‍ പോലെ,
ഒന്നാവാന്‍ അറച്ച്, നിഴലിന്റെ ഓരം ചേര്‍ന്ന്,
മറവിയിലേക്ക് ആഞ്ഞാഞ്ഞുപതിക്കും.

ചിലതുണ്ട്,
ഇരുട്ടിന്‍ പഥങ്ങളിലെ വഴിചൂട്ടുപോലെ
നെഞ്ചകങ്ങളില്‍ കുളിര്‍തെന്നലായി
വഴിദൂരങ്ങള്‍ക്ക് തണലായി,
നിലാവസന്തമായി വഴിഞ്ഞൊഴുകും.

ചിലത് ജീവിത വീഥികളില്‍,
മറവിയിലേക്കുള്ള തീര്‍ഥയാത്രകളില്‍,
വേര് തടഞ്ഞു വീഴുമ്പോള്‍,
വഴിയോരത്ത് വീണുകിട്ടുന്നവ.
ചിതലരിച്ച പുസ്തകം പോലെ,
അസ്ഥികള്‍ പെറുക്കി അടുക്കിവെച്ചാലും,
കൂട്ടിവായിക്കാന്‍ കൂട്ടാക്കാതെ,
അടര്‍ന്നു വീഴുന്ന സ്(മ)രണ മുഴക്കങ്ങള്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus