കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് മൂല്യങ്ങളും ബുര്‍കിനി നിരോധനവും

ശരീരം ശരിയായി മറക്കുന്നത് പോലും ഇസ്‌ലാമിന്റെ അടയാളമായി കണ്ട് അതിനെ ഭീതിയോടെ കാണുന്നിടത്തോളം ഇസ്‌ലാമോഫോബിയ വളര്‍ന്നിരിക്കുന്നു എന്നാണ് ഫ്രാന്‍സിലെ ബുര്‍കിനി നിരോധവും അതിനെ തുടര്‍ന്നുള്ള പ്രസ്താവനകളും പറയുന്നത്. നീസ് നഗരത്തിലെ ബീച്ചില്‍ ഇരിക്കുകയായിരുന്ന സ്ത്രീയുടെ വസ്ത്രം ഫ്രഞ്ച് പോലീസ് അഴിപ്പിച്ചതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ അത് സംബന്ധിച്ച വിവാദങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. പുരുഷന്‍മാരായ നാല് പോലീസുകാരാണ് ബീച്ചിലിരുന്ന ആ മുസ്‌ലിം സ്ത്രീയുടെ ബുര്‍കിനി അഴിപ്പിച്ചത്. മനുഷ്യാവകാശങ്ങള്‍ക്ക്, പ്രത്യേകിച്ചു സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പേരുകേട്ട ഒരു രാജ്യത്താണിത് സംഭവിച്ചതെന്ന് പ്രത്യേകം മനസ്സിലാക്കണം.

ഒരു സ്ത്രീക്ക് തനിക്കിണങ്ങുന്നതും ആശ്വാസം നല്‍കുന്നതുമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമാണിവിടെ നിഷേധിക്കപ്പെടുന്നത്. അവള്‍ക്ക് മേല്‍ ഏതെങ്കിലും പ്രത്യേക വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലാത്തതു പോലെ തന്നെയാണ് നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുന്നതും. സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കാനല്ല, അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനാണ് താന്‍ ബുര്‍കിനി കണ്ടുപിടിച്ചതെന്നാണ് 2004ല്‍ അത് കണ്ടെത്തിയ ആസ്‌ട്രേലിയന്‍ ഡിസൈനര്‍ ആഹിദ സനെറ്റി പറയുന്നത്. ബുര്‍കിനി പ്രതീകവല്‍കരിക്കുന്നത് ഇസ്‌ലാമിനെയല്ല, മറിച്ച് സന്തോഷത്തെയും വിനോദത്തെയും ശാരീരിക ക്ഷമതയെയുമാണെന്നും അവര്‍ പറയുന്നു. സ്ത്രീയെ ബീച്ചില്‍ നിന്നും അടുക്കളയിലേക്ക് തന്നെ മടക്കിയക്കാനാണ് അതിനെതിരെ വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ഇക്കാര്യത്തില്‍ ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ താലിബാനേക്കാള്‍ മെച്ചമാണോ എന്നും അവര്‍ ആശ്ചര്യം പ്രകടിപ്പിച്ചു കൊണ്ട് ചോദിക്കുന്നു.

പ്രകോപനത്തിന് കാരണമാകുമെന്ന് പറഞ്ഞ് ബുര്‍കിനിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം സമുദായങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുകയും സംഘട്ടനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് പോലുള്ള പത്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. പാരീസിലും നീസിലുമെല്ലാം ആക്രമണം നടത്തിയ ഭീകരര്‍ ആഗ്രഹിക്കുന്നതും അതാണ്. ഈ നടപടിയിലൂടെ ഫ്രഞ്ച് ഭരണകൂടം ഭീകരരുടെ മോഹങ്ങളാണ് സഫലമാക്കുന്നത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics