ഭയത്തില്‍ നിന്നും ദുഖത്തില്‍ നിന്നും മോചനം

മനുഷ്യ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് മനസ്സ് ശരിയായ സമാധാനവും ശാന്തിയും പ്രാപിക്കുമ്പോഴാണ്. ശരീരവും അതിന്റെ ആരോഗ്യവും അഴകും പ്രത്യക്ഷത്തില്‍ പൂര്‍ണ്ണത പ്രാപിച്ചതായി വിലയിരുത്തപ്പെട്ടാലും മനസിന്റെ അസ്ഥിരതയും കാലുഷ്യവും ജീവിതത്തെ എപ്പോഴും അനിശ്ചിതത്വങ്ങളില്‍ തളച്ചിടുന്നു. മനസ് നേരെയാകുമ്പോള്‍ ശരീരം എത്ര ദുര്‍ബലമാണെങ്കിലും ജീവിതത്തിന് പ്രസരിപ്പും ഓജസും ഉണ്ടാകുന്നു. സത്യത്തില്‍ അപ്പോഴാണ് ജീവിക്കുന്നു എന്ന തോന്നല്‍ തന്നെ ഉണ്ടാകുന്നത്.

വിശുദ്ധ ഖുര്‍ആന്‍ മനസുകളെയാണ് ടാര്‍ജറ്റ് ചെയ്യുന്നത്. അവിടെയാണ് പരിവര്‍ത്തനത്തിന്റെ കേന്ദ്രം. അചഞ്ചലമായ വിശ്വാസദാര്‍ഢ്യത്തില്‍ മനസിനെ പിടിച്ചുകെട്ടി മാറ്റത്തിന് കളമൊരുക്കുന്നു. മാറ്റത്തിന്റെ ശാന്തിയുടെ സമാധാനത്തിന്റെ പ്രഭവകേന്ദ്രമായ ഈ മനസിനെ ബാധിക്കുന്ന ഗുരുതരമായ രണ്ട് രോഗങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ഭയവും ദുഖവുമാണവ. മനശാസ്ത്രജ്ഞര്‍ ഏറ്റെടുക്കുന്ന ഏതാണ്ടെല്ലാ കേസുകളിലും ഭയവും ദുഖവുമാണ് പ്രധാന വില്ലന്‍മാര്‍. ഭയത്തെ ഉല്‍കണ്ഠ അകാരണമായപേടി തുടങ്ങി പല പേരുകളില്‍ വിളിക്കപ്പെടുന്നു. നൂറ്റിയമ്പതില്‍ പരം ഭയങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ദുഖത്തെ വിഷാദം, സ്‌ട്രെസ്സ്, മടുപ്പ് തുടങ്ങിയ പല പേരുകളില്‍ വിളിക്കപ്പെടുന്നു. സത്യത്തില്‍ ഭയത്തിന്റെയും ദുഖത്തിന്റെ വകഭേദങ്ങള്‍ മാത്രമാണെല്ലാം. എന്താണ് ഇവ രണ്ടിന്റെയും മൗലിക കാരണങ്ങള്‍. ജീവിതത്തിന്റെ ശരിയായ പൊരുള്‍ തിരിച്ചറിയാതെ ആഗ്രഹങ്ങളുടെയും ജഡി കാനന്ദങ്ങളുടെയും അടിമയായി മാത്രം മനുഷ്യന്‍ മാറുമ്പോള്‍ അവന്റെ പൈശാചികത സമ്പന്നമാകുകയും ആത്മാവ് ദരിദ്രമാവുകയും ചെയ്യുന്നു. സത്യം തിരിച്ചറിയുക എന്നാല്‍ സ്രഷ്ടാവിനെ തിരിച്ചറിയുക എന്നതാണ്. അവനാണ് പരംപൊരുള്‍. അല്ലാഹുനെ ശരിക്കും തിരിച്ചറിഞ്ഞവന് പിന്നെ മറ്റെല്ലാം നിസ്സാരമാണ്. അല്ലാഹുവിനെ അറിഞ്ഞനുഭവിക്കുന്നവന് മറ്റെല്ലാറ്റിനേക്കാളും അനുരാഗം അല്ലാഹുവിനോട് മാത്രം. ആ ചങ്ങാത്തമാണ് പിന്നെ അവന്റെ ശക്തി. പ്രപഞ്ചത്തിന്റെ അധിപന്റെ ഇഷ്ടക്കാരന് പിന്നെ എന്ത് ഭയം? എന്ത് ദുഖം. ഖുര്‍ആന്‍ അതിങ്ങനെ പറയുന്നു: ''അറിയുക: അല്ലാഹുവിന്റെ ഉറ്റവരാരും പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.'' (യൂനുസ്: 62)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus