ഹിറയുടെ വെളിച്ചം

മക്കയിലെ ജബലുന്നൂര്‍ എന്ന മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹ ഒരു തീര്‍ത്ഥാടന കേന്ദ്രമല്ല. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ല. സന്ദര്‍ശനത്തിന് പ്രത്യേക പുണ്യമൊന്നുമില്ല. മുകളില്‍ കയറി അപകടം വരുത്തി വെക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡിലൂടെ ഹിറാ ഗുഹ സന്ദര്‍ശനം അധികൃതര്‍ നിരുല്‍സാഹപ്പെടുത്തുന്നതും കാണാം. പരിശുദ്ധ റസൂല്‍ ആദ്യ വഹ്‌യ് ലഭിച്ചതിന് ശേഷം പിന്നീട് ഹിറയില്‍ പോയതായി അറിവില്ല. അവിടെ സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുമില്ല. എങ്കിലും ഹിറ പ്രചോദനമാണ്. പ്രതീക്ഷയാണ്. ഹിറ വെളിച്ചമാണ്. ജബലുന്നൂറിന്റെ മാത്രമല്ല ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചം.

മനുഷ്യന്‍ സ്രഷ്ടാവിനെ മാത്രമല്ല സ്വന്തത്തെ തന്നെയും മറന്ന കാലം. ഇരുട്ട് കട്ട പിടിച്ച യുഗം. കൊല, കൊള്ള, കൊള്ളിവെപ്പ്, പലിശ, മദ്യം, വ്യഭിചാരം തുടങ്ങി തിന്മകളുടെ സംഗമ ഭൂമിയായി അറേബ്യ. ആ കാലത്താണ് ലോകത്തെ ആദ്യ മസ്ജിദിന്റെ അയല്‍പക്കത്ത്, ഹാശിം കുടുംബത്തിലെ ഉദാരനും മാന്യനുമായ അബ്ദുല്ലയുടെ മകനായി കാരുണ്യത്തിന്റെ തിരുദൂതര്‍ ജനിക്കുന്നത്. വിശ്വസ്തനും സല്‍ഗുണ സമ്പന്നനുമായി വളര്‍ന്ന മുഹമ്മദ്(സ) ആമിനയുടെയും ഹലീമയുടെയും മാത്രമല്ല ബക്കാ നിവാസികളിലോരോരുത്തരുടെയും കണ്ണിലുണ്ണിയായി. സല്‍ഗുണങ്ങള്‍ സ്വകാര്യ അനുഷ്ടാനമല്ലെന്ന് തിരിച്ചറിഞ്ഞ പ്രായത്തില്‍ സമൂഹത്തെ തിരുത്താന്‍ വഴിതേടി അല്‍അമീന്‍ പ്രാര്‍ത്ഥിച്ചു.

നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് അല്‍പമകലെ ജബലുന്നൂറിന്റെ മുകളിലെത്തിയത്. ഒറ്റക്കാഴ്ചയില്‍ അംബര ചുംബിയായ വന്‍മല. ആകാശ കവാടങ്ങള്‍ തുറന്നെത്തുന്ന സന്‍മാര്‍ഗ്ഗ വെട്ടത്തിനേ ഭൂമിയിലമര്‍ന്ന് പോയ ജനതയെ വിമോചിപ്പിക്കാനാവൂ എന്നദ്ദേഹത്തിന് തോന്നിയിരിക്കാം.

ഇന്നും നിര്‍മ്മാണ പ്രവര്‍ത്തനമൊന്നും നടന്നിട്ടില്ലാത്ത പരുക്കന്‍ മല. പതിനാല് നൂറ്റാണ്ട് മുമ്പ് തിരുദൂതര്‍ ചവിട്ടിക്കയറിയതും ഭക്ഷണവും വെള്ളവും നല്‍കാന്‍ പ്രിയ പത്‌നി ഖദീജ(റ) നടന്നു ചെന്നതും ഓര്‍ത്തു കൊണ്ട് ജബലുന്നൂറിന് മുകളില്‍ ഹിറയിലെത്തിയവര്‍ ധാരാളമുണ്ട്. പ്രപഞ്ചനാഥന്‍ സംരക്ഷണമേറ്റെടുത്ത ഏക ഗ്രന്ഥത്തിന്റെ ഏടുമായി സുരക്ഷിത ഫലകത്തിനടുത്ത് നിന്ന് പറന്നെത്തിയ ജിബ്‌രീല്‍(അ) വന്നിറങ്ങിയ പാറക്കെട്ടുകളില്‍, നിന്നും ഇരുന്നും സമയം ചെലവഴിച്ചവര്‍ക്ക് അതോര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലമുണ്ടാവുന്നുണ്ടാവും. ആകാശവും ഭൂമിയും തമ്മില്‍ തൊട്ട ദേശത്ത് നിന്ന് പരിശ്രമത്തിന്റെ പ്രചോദനം സ്വീകരിക്കുന്നതില്‍ വിജയിച്ചുവോ എന്ന് ചിന്തിക്കുന്നവര്‍ എങ്ങിനെ ഭയപ്പെടാതിരിക്കും?

ഹിറയുടെ പാറക്കല്ലുകളില്‍ സൂക്ഷിച്ചു നോക്കിയാല്‍ കാണാം സ്വന്തം ജനതയോടുള്ള നബിയുടെ സ്‌നേഹം. ഭൗതികതയുടെ വെച്ചു നീട്ടലുകള്‍ ആത്മീയ ഉന്നതിക്കായി നിയന്ത്രിച്ചു നിര്‍ത്തിയ ത്യാഗം. എല്ലാ വഴികളുമടയുമ്പോള്‍ ആകാശ കവാടങ്ങള്‍ തുറന്ന് ഒഴുകിയെത്തുന്ന പ്രപഞ്ച നാഥന്റെ കാരുണ്യ പ്രവാഹം.
ഭാവിയറിയാത്ത മനുഷ്യന്റെ നിസ്സഹായതയുടെ ആഴം. പുണ്യവും തീര്‍ത്ഥാടനവും ആരാധനയും തീരുമാനിക്കേണ്ടത് മനുഷ്യനല്ലെന്നുള്ള ബോധ്യം. പ്രിയതമനെ അറിയുകയും ഉള്‍കൊള്ളുകയും പിന്തുണക്കുകയും ചെയ്ത പ്രിയതമയുടെ പ്രേമം. പറഞ്ഞാല്‍ തീരുന്നതല്ല പ്രകാശ മലയുടെ സന്ദേശസാരം.

വിമോചന വെളിച്ചത്തിന് മല കയറിയ കരുണാവാന്, ആദ്യം ലഭിച്ച സന്ദേശം വായിക്കുക എന്നാണ്. അന്ധകാരത്തിന്റെ പരിഹാരം വായനയാണ്. മദ്യത്തിന്റെ വിപത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം വിലക്കേണ്ടത് മദ്യമാണെന്ന് നമുക്ക് തോന്നും. വിശുദ്ധ ഗ്രന്ഥം പിന്നീടത് വിലക്കിയിട്ടുമുണ്ട്. പലിശ, കൊള്ള തുടങ്ങി മുഴുവന്‍ തിന്മകളുടെയും കാര്യം ഗുരുതരം തന്നെ. അവയൊക്കെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടനം. ദൈവിക സന്മാര്‍ഗ്ഗത്തിന്റെ ലക്ഷ്യങ്ങളില്‍ അര്‍ഹമായ പരിഗണനയില്‍ അതൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ ആദ്യം വേണ്ടത് വെളിച്ചമാണ്. ഇരുട്ട് എത്ര ഘനമുള്ളതാണെങ്കിലും ഒരു തിരി വെട്ടം മതി അതില്ലാതാക്കാന്‍. അതിനാല്‍ ആദ്യം വായന. അന്ന് മാത്രമല്ല ഇന്നും എന്നും ഹിറ നല്‍കുന്ന സന്ദേശം വായനയാണ്. മാനവ കുലത്തിന്റെ വിമോചനത്തിന് ദൈവനാമത്തില്‍ വായിക്കുക.

ഹജ്ജിനോ ഉംറക്കോ പോയപ്പോഴാണല്ലോ ഹിറാഗുഹയില്‍ കയറിയത്? കയറാനാവാത്തവര്‍ ജബലുന്നൂറിന്റെ താഴെ നിന്ന് കണ്ണുകൊണ്ടും ഹൃദയം കൊണ്ടും ഹിറയിലെത്തി. ആരുടെ കല്‍പന പ്രകാരമാണ് ഈ ഹജ്ജും ഉംറയും? ആരു പറഞ്ഞിട്ടാണ് നമസ്‌കാരവും നോമ്പും? അല്ലാഹു കല്‍പിച്ചതിനാലാണെങ്കില്‍, അവന്‍ ആദ്യം കല്‍പിച്ചത് വായിക്കാനല്ലേ? റബ്ബിന്റെ കല്‍പനയെ കാര്യമായെടുക്കുന്നവര്‍ വായിക്കുക എന്ന ആദ്യ കല്‍പനയെ അവഗണിക്കുന്നതെങ്ങിനെ?

വായനയാണ് ഖുര്‍ആന്‍. ഹിറയുടെ സന്ദേശവും വായനയാണ്. സ്രഷ്ടാവിന്റെ നാമത്തില്‍ വായിക്കുന്നവനായാല്‍ അവനെ അല്ലാഹു നേര്‍വഴിക്ക് നടത്തും. സന്മാര്‍ഗ്ഗം സിദ്ധിച്ചാല്‍ പിന്നെ ഇരുട്ടറയില്ല. ഏകാന്ത തപസ്സില്ല. മനുഷ്യരോടൊപ്പം ഒരു പുള്ളിയായ് ഒരു തുള്ളിയായ് സഹിച്ചും സഹകരിച്ചും നാഥനരുളിയ താളത്തില്‍ ലയിച്ചു ചേരുക. ത്വവാഫ് പോലെ.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus