ചൂഷണം ചെയ്യപ്പെടുന്ന അടിസ്ഥാന വിഭാഗം

ആക്രമണ സംഭവങ്ങള്‍ക്ക് അടിസ്ഥാന ജനവിഭാഗങ്ങളെ അല്ലെങ്കില്‍ സമൂഹത്തിലെ പാര്‍ശ്വവത്കൃത വിഭാഗങ്ങളെ എങ്ങനെയാണ് ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്‍െ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബംഗഌരുവിലെ ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഭവം ഇതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു കാവേരി നദിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ 40ലധികം ബസുകള്‍ ബംഗഌരുവില്‍ വെച്ച് അഗ്നിക്കിരയാക്കപ്പെട്ടു എന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത  22 വയസ്സുമാത്രം പ്രായമുള്ള യുവതിക്ക് കേവലം 100 രൂപയും മട്ടന്‍ ബിരിയാണിയും വാഗ്ദാനം ചെയ്താണ് ഈ കുറ്റകൃത്യം ചെയ്യിച്ചത് എന്നതാണ്.

ഇതാദ്യമായല്ല ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അടിസ്ഥാന വിഭാഗം ജനങ്ങളെ വളരെ തുഛമായ വാഗ്ദാനങ്ങള്‍ നല്‍കി ആക്രമികള്‍ എങ്ങനെയാണ് തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എന്ന് രാജ്യത്തെ ഏത് ആക്രമണ പരമ്പരകള്‍ പരിശോധിച്ചാലും നമുക്ക് ബോധ്യമാകും. നേരത്തെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമായിരുന്നു ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് അശോക് മൂച്ചിയുടെ തുറന്നു പറച്ചിലുകള്‍. ഗുജറാത്ത് വംശഹത്യാ 'മുഖചിത്ര'മായി മാറിയ അശോക് മൂച്ചിക്ക് പിന്നീട് മാനസാന്തരം സംഭവിക്കുകയും ഗുജറാത്തിലെ ദലിതരെ അധികാരികള്‍ കലാപത്തിന് ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് തുറന്നുപറയുകയും ചെയ്തു.

മുഖ്യധാര രാഷട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, അവര്‍ക്കവേണ്ടി പോസ്റ്റര്‍ ഒട്ടിക്കുകയും തല്ലുവാങ്ങുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവരിലും ഇത്തരമൊരു ശ്രേണിവിഭജനം നിലനില്‍ക്കുന്നതായി നമുക്ക് വിശകലനം ചെയ്യാന്‍ പറ്റും. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ശ്രേണിവിഭജനം എന്നതൊരു യാഥാര്‍ഥ്യമാണ്. ഇവിടെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇന്നും മുഖ്യധാരക്ക് പുറത്താണ് ജീവിക്കുന്നത്. ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും പ്രയാസപ്പെടുന്ന ഇവര്‍ക്ക് പലപ്പോഴും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമാകുന്നില്ല. ഈ ഒരുസാഹചര്യത്തിലാണ് ഇത്തരം വിഭാഗങ്ങളെ സമൂഹത്തിലെ 'മേല്‍ക്കോയ്മാ' വിഭാഗങ്ങള്‍ ചൂഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ സമൂഹത്തില്‍ തങ്ങളുടെ സര്‍വആക്രമണങ്ങള്‍ അഴിച്ചുവിടുവാനും അതേസമയം ആക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും അനന്തരഫലങ്ങളില്‍ നിന്നും ഇവര്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടുവാനും കഴിയുന്നു. ഓരോ സമൂഹത്തിന്‍െ സ്വത്വ വീണ്ടെടുപ്പിലുടെ മാത്രമേ അറുതിവരുത്തുവാന്‍ കഴിയുകയുള്ളൂ. തങ്ങള്‍ ആരുടയും കയ്യിലെ കളിപ്പാട്ടങ്ങള്‍ അല്ല എന്ന തിരിച്ചറിവ് അടിസ്ഥാന വിഭാഗം ജനങ്ങള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് പരിപൂര്‍ണ്ണമായും സ്വാര്‍ഥകമാകണമെങ്കില്‍ ഇവരുടെ സാമൂഹിക സാഹചര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങളും സംഭവിക്കേണ്ടിയിരിക്കുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics