ഒരു ജാതി ഒരു മതം ഒരു ദൈവം കൂടി

ഈശ്വര സങ്കല്‍പത്തിലെ വൈജാത്യം തന്നെയായിരിക്കണം ഭിന്ന സംസ്‌കാര ഭൂമികയെയും സമൂഹങ്ങളെയും ആത്യന്തികമായി വേറിട്ടു നിര്‍ത്തുന്നത്. ലോകം പുരോഗതിയുടെ അത്യുന്നതങ്ങളിലാണെന്നു വീമ്പു പറയുന്ന ഇക്കാലത്തും ജഗന്നിയന്താവിനെക്കുറിച്ചുള്ള നിര്‍വചനം പൊതു സമൂഹത്തില്‍ ഉത്തമമായ വിധം   മുദ്രണം ചെയ്യപ്പെട്ടിട്ടില്ലെന്നതത്രെ യാഥാര്‍ഥ്യം. മനുഷ്യനെയൊ ഇതര ജീവജാലങ്ങളെയോ പ്രകൃതിയിലെ പ്രതിഭാസങ്ങളെയോ ഈ പ്രപഞ്ചത്തിന്റെ പരിപാലകനായി ഇന്നേവരെയുള്ള ഒരു പ്രവാചകനും പരിവ്രാചകനും പഠിപ്പിച്ചിട്ടില്ല. വേദങ്ങളോ ഐതിഹ്യങ്ങളോ ഇതിഹാസ ഗ്രന്ഥങ്ങളോ ഇത്തരത്തിലൊരു വീക്ഷണം വിവരിക്കുന്നുമില്ല. ലാകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ശക്തി വിശേഷത്തെയും സനാതന ധര്‍മ ചിന്തകളേയും മനുഷ്യരെ പഠിപ്പിക്കാന്‍ ദൈവപ്രോക്തരായ പ്രവാചകന്മാര്‍ കാലാകാലങ്ങളില്‍ നിയുക്തരായിട്ടുണ്ട്. കാലാന്തരത്തില്‍ ദൈവത്തെ പരിചയപ്പെടുത്താന്‍ നിയുക്തരായവരെത്തന്നെ ദൈവമാക്കുന്ന അപക്വമായ മനുഷ്യ മനസ്സിന്റെ ചെയ്തികളിലൂടെയാണ് മതങ്ങള്‍ ഉണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും എന്ന നിരീക്ഷണം വിഖ്യാതമാണ്. ഇതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കണം മഹാനായ ശ്രീ നാരായണ ഗുരു. ഗുരു ദൈവമല്ലെന്ന കോടതിയുടെ പരാമര്‍ശം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഗ്രഹിക്കാവുന്നതേയുള്ളൂ.

'ഒരു ജാതി ഒരു മതം ഒരു ദൈവം'ഇതായിരുന്നു ഗുരുവിന്റെ ആപ്തവാക്യം.എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത് 'ഒരു ജാതി ഒരു മതം ഒരു ദൈവം കൂടി' എന്നാണ്.

'മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും ദൈവത്തിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.''  (ഖുര്‍ആന്‍ - 22:73)

മലരും മണവും എന്നതു പോലെ കാറ്റും മഴയും എന്നതും ഒരു പ്രയോഗമത്രെ. മണമുണ്ടാകാന്‍ കാരണക്കാരനായ മലര്‍ ഇവിടെ ഗോചരമാണ്. മണം നാം അനുഭവിച്ചറിയുകയയാണ്. എന്നാല്‍ മഴ വര്‍ഷിക്കാന്‍ കാരണക്കാരനാകുന്ന കാറ്റ് ഇവിടെ ഗോചരമല്ല. ഇവിടെ കാരണക്കാരനെ അനുഭവിച്ചറിയുകയും തന്‍നിമിത്തമുണ്ടാകുന്ന പ്രതിഫലനത്തെ നേര്‍ക്കുനേര്‍ ആസ്വദിക്കുകയുമാണ്. അഥവാ പ്രകൃതിയുടെ പ്രതിഭാസത്തിലൂടെ തന്നെ ബുദ്ധിയുള്ളവര്‍ക്ക് മനോഹരങ്ങളായ ദൃഷ്ടാന്തങ്ങള്‍ ദൈവം ഒരുക്കി വെച്ചിരിക്കുന്നു. ഭൂമിയില്‍ ജീവനുള്ള ഏതു ജന്തുവിനും ആവശ്യമുള്ള പ്രാണവായു ദൃഷ്ടി ഗോചരമല്ല. എന്നിട്ടും ഇതിനെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രകൃതിയുടെ ഈ ശക്തി പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പ്രകാശമാണെന്നാണ് ഖുര്‍ആനിക ഭാഷ്യം. ദൈവം എന്തല്ല എന്നതിനെക്കാള്‍ ദൈവം എന്താണ് എന്ന പഠനമായിരിക്കണം പുരോഗമിക്കേണ്ടത്. വിശിഷ്യാ ഇന്ത്യ പോലുള്ള രാജ്യത്ത്. അസാധരണമായ എന്തെങ്കിലും കാണേണ്ട മാത്രയില്‍ അതിനെ ദൈവമായോ ദൈവത്തോളമോ വാഴ്ത്തുന്ന പരമ ദയനീയ ചിത്രം തന്നെയാണ് ഇന്നും  ബഹുഭുരിപക്ഷം മനസ്സുകളിലും ഉള്ളത്. ഒരു വേള ഏകദൈവ വിശ്വാസികളായി അറിയപ്പെടുന്നവര്‍ പോലും ഈ ദുര്യോഗത്തില്‍ പെട്ടു പോകുന്നുവെന്നത് ദുരുതരമാണ്.

കൃത്രിമപ്പൂക്കള്‍കിടയില്‍ നിന്നും യഥാര്‍ഥ മധുമലരുകള്‍ കണ്ടെത്താന്‍ സോളമനോട് ആവശ്യപ്പെട്ട കഥ ഏറെ പ്രസിദ്ധമാണ്. തോട്ടത്തിലെ തേനീച്ചക്കൂട് തുറന്നു കൊണ്ട് അതിസമര്‍ഥയായ രാജ്ഞിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമാനായ സോളമന് നിഷ്പ്രയാസം സാധിച്ചുവെന്നാണ് ചരിത്രം. നന്മയുടെ വസന്തം കണ്ടെത്തല്‍ ബുദ്ധിയുള്ള മനുഷ്യന് പ്രയാസമുള്ള കാര്യമല്ല. എങ്ങിനെയൊക്കെ കലര്‍ത്തപ്പെട്ടാലും. അതു കണ്ടെത്തും. വഴികാട്ടികളുടെ വേഷത്തില്‍ ഉറഞ്ഞു തുള്ളുന്നവര്‍ പരസ്പരം മുക്രയിട്ടു ശബ്ദമലിനീകരണം നടത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിരിക്കും അഭികാമ്യം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus