മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതല്ല പ്രശ്‌നം

നാം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മതം രാഷ്ട്രീയത്തില്‍ ഇടപെട്ടതു കൊണ്ടാണെന്നുള്ള വാദം ശരിയല്ല. നേരെ തിരിച്ചാണെന്നതാണ് യാഥാര്‍ഥ്യം, ഏറ്റവും ചുരുങ്ങിയത് ഈജിപ്തിലെങ്കിലും. കാരണം, മതസ്ഥാപനങ്ങള്‍ക്ക് - ചര്‍ച്ച് മാത്രമല്ല - അതിന്റെ ശക്തി നഷ്ടപ്പെട്ട് മറ്റ് സാമൂഹിക സംവിധാനങ്ങളെ ബാധിച്ച ദൗര്‍ബല്യം ബാധിച്ചിരിക്കുന്നു. നിലവിലെ രാഷ്ട്രീയത്തില്‍ കേവലം കാഴ്ച്ചക്കാരുടെ കൂട്ടത്തിലാണ് അവയുടെ സ്ഥാനം.

സ്‌പോര്‍ട്‌സിന്റെ ഭാഷയില്‍ എല്ലായ്‌പ്പോഴും കളത്തില്‍ നില്‍ക്കുന്ന ടീം എന്ന് രാഷ്ട്രീയക്കാരെ നമുക്ക് വിശേഷിപ്പിക്കാം. ഗതിനിര്‍ണയിക്കുകയും ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ഫലങ്ങള്‍ കൊയ്യുകയും ചെയ്യുന്ന അവരാണ് യഥാര്‍ഥ കളിക്കാര്‍. എന്നാല്‍ മത നേതൃത്വം എന്നും സ്ഥിരം 'പകരക്കാരുടെ' (substitute) കസേരകളിലാണ്. കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാണികളായി അവര്‍ മാറിയിരിക്കുന്നു. ആവശ്യമായി വരുമ്പോള്‍ സഹായികളായി അവര്‍ വരുന്നു. അതുകൊണ്ടു തന്നെ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ കുറിച്ച സംസാരം തെറ്റാണെന്നാണ് എന്റെ വാദം.

ഭരണകൂടം ശക്തി പ്രാപിച്ച് സമൂഹത്തിന് മേല്‍ അതിന് ആധിപത്യം ലഭിച്ചപ്പോഴെല്ലാം അതിന്റെ താല്‍പര്യങ്ങള്‍ക്കായി മതത്തെ കൂട്ടുപിടിക്കാന്‍ കൂടുതല്‍ ധൈര്യം കാണിച്ചിട്ടുണ്ടെന്നുള്ളതാണ് ഈജിപ്തിന്റെ ചരിത്രം. മുഹമ്മദലി പാഷ തുടക്കം കുറിച്ച ആധുനിക ഈജിപ്തിന്റെ സവിശേഷതയായി ഈ അതിക്രമത്തെ കാണാം. അതിന് മുമ്പുള്ള ചരിത്രത്തില്‍ അല്‍അസ്ഹര്‍ പ്രതിനിധീകരിച്ചിരുന്ന മതസംവിധാനം ഒരേ സമയം ആത്മീയവും രാഷ്ട്രീയവുമായ ശക്തിയായിരുന്നു. 1798ലും 1800ലും ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഈജിപ്തിലുണ്ടായ വിപ്ലവങ്ങളില്‍ ശക്തമായി നിലകൊണ്ടത് അല്‍അസ്ഹറായിരുന്നു. മംലൂക് ഭരണാധികാരികളുടെ തേര്‍വാഴ്ച്ചയില്‍ മര്‍ദിതര്‍ക്ക് താങ്ങായി അത് നിലകൊണ്ടു. തുര്‍ക്കി ഗവര്‍ണര്‍ ഖുര്‍ശിദ് പാഷയുടെ കാലത്ത് അതിക്രമങ്ങള്‍ തുടരുകയും നികുതികള്‍ വര്‍ധിപ്പിക്കുകയും ചെയ്തപ്പോഴും അതിനെതിരെ രംഗത്ത് വന്നത് അല്‍അസ്ഹര്‍ പണ്ഡിതന്‍മാരായിരുന്നു. പണ്ഡിതന്‍മാരുടെ ഉപദേശം മുഖവിലക്കെടുക്കാതെ അദ്ദേഹം മുന്നോട്ടു പോയപ്പോള്‍ അദ്ദേഹത്തിനെരെ രംഗത്ത് വരുമെന്ന് പ്രഖ്യാപിച്ച അവര്‍ കീഴ്‌പ്പെടും വരെ അദ്ദേഹത്തെ കോട്ടയില്‍ ഉപരോധിച്ചു. ഖുര്‍ശിദ് പാഷയെ മാറ്റി പകരം മുഹമ്മദലിയെ ഈജിപ്തിന്റെ ഗവര്‍ണറാക്കാന്‍ ഉഥ്മാനി ഖലീഫക്ക് മേല്‍ അവര്‍ സമ്മര്‍ദം ചെലുത്തി. ഒന്നുകില്‍ നീതിപൂര്‍വം ഭരിക്കുക അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന് തങ്ങള്‍ കുടുംബത്തിന്റെ പ്രതിനിധി സയ്യിദ് ഉമര്‍ മക്‌റമും ശൈഖുല്‍ അസ്ഹര്‍ അബ്ദുല്ല അശ്ശര്‍ഖാവിയും 1805ല്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കേവലം മതം ഉപദേശിക്കുന്നവരോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നവരോ ആയിരുന്നില്ല അക്കാലത്തെ അല്‍അസ്ഹര്‍ പണ്ഡിതന്‍മാര്‍. അക്രമത്തിനെതിരെ നിലകൊള്ളുകയും ജനതക്കും അവരുടെ സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവരാണവര്‍.

എന്നാല്‍ മുഹമ്മദലി പാഷ അല്‍അസ്ഹറിന്റെ ശക്തി തിരിച്ചറിഞ്ഞു. അധികാരം തന്നില്‍ കേന്ദ്രീകരിക്കാന്‍ ആഗ്രഹിച്ച അദ്ദേഹം അസ്ഹറിനെ ക്ഷയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അതിനായി അദ്ദേഹം പല മാര്‍ഗങ്ങളും സ്വീകരിച്ചു. 1992ല്‍ 'അദ്ദൗറു സിയാസി ലില്‍ അസ്ഹര്‍' (അല്‍അസ്ഹറിന്റെ രാഷ്ട്രീയ ദൗത്യം) എന്ന തലക്കെട്ടില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡോ. മാജിദ അലി സാലിഹ് റബീഇന്റെ ഗവേഷണ പ്രബന്ധത്തില്‍ അതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ഭരണകൂടം അസ്ഹറിന് മേല്‍ അധികാരം സ്ഥാപിച്ചതിന്റെ ഘട്ടങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്. ഭരിക്കുന്നവരുടെ നയങ്ങളെ പിന്തുണക്കുന്ന വ്യക്തികളെ ഒരുക്കുന്ന ഒരു സംവിധാനം എന്ന തലത്തില്‍ അതിനെ എത്തിച്ചു. അല്‍അസ്ഹറിന്റെ സ്വാതന്ത്ര്യം കഥകഴിക്കപ്പെട്ടതിനെ കുറിച്ച അധ്യായത്തോടെയാണ് ഡോ. മാജിദ തന്റെ പ്രബന്ധം അവസാനിപ്പിക്കുന്നത്.

മതവും രാഷ്ട്രവും രണ്ടാണെന്ന ആശയം പരാജയമാണെന്നാണ് അനുഭവങ്ങള്‍ സ്ഥിരീകരിക്കുന്നത്. പ്രായോഗികമായി അത് സാധ്യമല്ലെന്നതാണ് വസ്തുത. പ്രത്യേകിച്ചും വിശ്വാസം ആഴത്തില്‍ ആണ്ടിറങ്ങിയിട്ടുള്ള സമൂഹങ്ങളില്‍. അതുകൊണ്ടു തന്നെ ഒന്ന് മറ്റൊന്നിന് മേല്‍ അതിക്രമിച്ച് കടക്കാത്ത വിധം എങ്ങനെ അവക്കിടയില്‍ സന്തുലിതമായ ബന്ധം ഉണ്ടാക്കിയെടുക്കുമെന്നതാണ് യഥാര്‍ഥ വെല്ലുവിളി. രാഷ്ട്രം അതിന്റെ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപയോഗപ്പെടുത്താതിരിക്കുന്നത് പോലെ മതസംവിധാനങ്ങള്‍ രാഷ്ട്രത്തിന്റെ മേലും ആധിപത്യം പുലര്‍ത്തരുത്. പ്രസ്തുത സന്തുലിതത്വത്തിന് രണ്ട് ഘടകങ്ങള്‍ അനിവാര്യമാണ്. മതത്തെയും രാഷ്ട്രീയത്തെയും വിവേചിക്കലും അവയുടെ പരിധികളെ മാനിക്കലുമാണ് അതില്‍ ഒന്നാമത്തേത്. ജനാധിപത്യ മൂല്യങ്ങളും സ്വാതന്ത്ര്യവും മുറുകെ പിടിക്കലാണ് രണ്ടാമത്തെ ഘടകം. രാജ്യത്തെ ഭരണ, മത സംവിധാനങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പു വരുത്തുന്നതിനും സ്വേച്ഛാധിപത്യത്തിനും അതിക്രമത്തിനും തടയിടുന്നതിനും വേണ്ടിയാണത്. എന്നാല്‍ പരസ്പര സഹകരണത്തില്‍ മുന്നോട്ടു പോകുന്നതിന് ആത്മാര്‍ഥമായ താല്‍പര്യമുണ്ടോ എന്നതാണ് സുപ്രധാന ചോദ്യം.

വിവ: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics