ദൈവിക വിചാരണക്ക് മുമ്പേ ആത്മവിചാരണ

നാം ഒരു ഹിജ്‌റ വര്‍ഷത്തോട് വിട ചൊല്ലി പുതുവര്‍ഷത്തെ സ്വീകരിക്കുന്ന സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ നമുക്കെന്താണ് ചെയ്യാനുള്ളത്? വ്യക്തി, സമൂഹം, സമുദായം എന്നീ നിലകളിലെല്ലാം ദിവസങ്ങളുടെയും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കടന്നു പോക്കിനെ കുറിച്ച് നാം ചിന്തിക്കുകയും ഗുണപാഠങ്ങള്‍ സ്വീകരിക്കുകയും വേണം. കഴിഞ്ഞ വര്‍ഷത്തെ പൂര്‍ണാര്‍ഥത്തില്‍ വിലയിരുത്തുന്നതിനുള്ള സന്ദര്‍ഭമാണ് ഓരോ പുതുവര്‍ഷത്തിന്റെ തുടക്കവും.

ഒരു മുസ്‌ലിം നിരന്തരം സ്വയം വിചാരണ നടത്തേണ്ടതുണ്ട്. അവന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കണം അത്. അല്ലാഹുവിന്റെ വിധികള്‍ ലംഘിക്കുമ്പോള്‍ അവനെ തന്നെ ആക്ഷേപിക്കുന്നതാണ് അവന്റെ മനസ്സ്. ജീവസ്സുറ്റ മനസ്സിന് മാത്രമേ അത് സാധിക്കുകയുള്ളൂ. മറ്റുള്ളവരുടെ വീഴ്ച്ചകള്‍ പൊറുത്തു കൊടുക്കുകയും വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്യുന്ന മുസ്‌ലിം സ്വന്തത്തിന്റെ വീഴ്ച്ചകളെ കര്‍ക്കശമായി വിചാരണ ചെയ്യുന്നവനായിരിക്കണം. തന്റെ സഹോദരന്റെ ഭാഗത്ത് ഒരു വീഴ്ച്ച കാണുമ്പോള്‍ അതിനദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയ എഴുപത് കാരണങ്ങള്‍ വരെ ഞാന്‍ തേടിയിരുന്നു എന്ന് പൂര്‍വികരെ ഉദ്ധരിച്ച് പറയപ്പെടുന്നത് കാണാം. തന്റെ സഹോദരന്‍ തനിക്കെതിരെ എന്തെങ്കിലും അതിക്രമമോ അന്യായമോ ചെയ്താല്‍ അതിലേക്ക് അദ്ദേഹത്തെ നയിച്ച കാരണങ്ങള്‍ തേടുകയായിരുന്നു അവര്‍ ചെയ്തത്. അതുകൊണ്ടു തന്നെ വളരെ ലളിതമായ വിചാരണയാണ് സഹോദരങ്ങളോട് അവര്‍ സ്വീകരിച്ചിരുന്നത്. അതേ സമയം സ്വന്തത്തോട് കടുത്ത വിചാരണ അവര്‍ നടത്തുകയും ചെയ്തു. മൈമൂന്‍ ബിന്‍ മിഹ്‌റാന്‍ പറയുന്നു: 'അതിക്രമിയായ ഭരണാധികാരിയേക്കാളും അറുപിശുക്കനായ പങ്കാളിയേക്കാളും കഠിനമായി സ്വന്തത്തെ വിചാരണ നടത്തുന്നവനാണ് മുസ്‌ലിം.''

ഉമര്‍ ബിന്‍ ഖത്താബ്(റ) പറയുന്നു: ''വിചാരണ ചെയ്യപ്പെടും മുമ്പ് നിങ്ങള്‍ സ്വന്തത്തെ വിചാരണ ചെയ്യുക. നിങ്ങളുടെ കര്‍മങ്ങള്‍ അളക്കപ്പെടുന്നതിന് മുമ്പ് നിങ്ങളത് അളക്കുക. മറ്റുള്ളവരിലേക്ക് ചോദ്യം ഉയര്‍ത്തുന്നതിന് മുമ്പ് സ്വന്തത്തോട് ചോദിക്കുക.'' നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച്, പ്രത്യേകിച്ചും നാല് ചോദ്യങ്ങള്‍ അന്ത്യദിനത്തില്‍ നിങ്ങളോട് ചോദിക്കപ്പെടും. നിന്റെ ആയുസ്സ്, യുവത്വം, വിജ്ഞാനം, സമ്പത്ത് എന്നിവയെ കുറിച്ചായിരിക്കുമത്. അതിനെല്ലാം ഉത്തരം നല്‍കേണ്ടതുണ്ട്.

ഒരു മുസ്‌ലിം ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് സ്വന്തത്തെ വിചാരണ ചെയ്യേണ്ടതുണ്ട്. ഇന്ന് എന്ത് ചെയ്തു? എന്ത് ഉപേക്ഷിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ സ്വന്തത്തോട് അവന്‍ ചോദിക്കണം. അതിന് സാധിക്കുന്നില്ലെങ്കില്‍ ആഴ്ച്ചയില്‍ ഒരു ദിവസം സ്വന്തത്തിന്റെ വിചാരണക്കായി മാറ്റി വെക്കാന്‍ സാധിക്കണം. ആഴ്ച്ചയിലെ ഏതെങ്കിലും ഒരു നിശ്ചിത ദിവസം അതിനായി തെരെഞ്ഞെടുക്കാം. അതിന് സാധിക്കാത്തവര്‍ ഓരോ മാസത്തിലെയും നിശ്ചിത തിയ്യതി അതിനായി നീക്കിവെക്കണം. അതിനും പ്രയാസമുള്ളവര്‍ ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കലെങ്കിലും തന്റെ കഴിഞ്ഞ വര്‍ഷത്തെ ദീര്‍ഘമായി വിലയിരുത്തി വിചാരണ ചെയ്യുന്നതിന് സമയം കണ്ടെത്തണം. അതില്‍ ഒരു വര്‍ഷത്തെ തന്റെ ജീവിതരേഖ തുറന്നു വെച്ച് അതിലെ പരസ്യവും രഹസ്യവുമായ കാര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കപ്പെടണം. നാം എത്ര രഹസ്യമാക്കിയാലും അല്ലാഹുവിനെ സംബന്ധിച്ചടത്തോളം അത് പരസ്യമാണെന്നത് നാം ഓര്‍ക്കുക. ''ഇവരുടെ രഹസ്യങ്ങളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ ധരിച്ചുവെച്ചത്? ഒക്കെയും നാം കേട്ടുകൊണ്ടിരിക്കുകയാകുന്നു. നമ്മുടെ മലക്കുകള്‍ ഇവര്‍ക്കരികില്‍ത്തന്നെ എല്ലാം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.'' (അസ്സുഖുറുഫ്: 80)

ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും അവസാനത്തില്‍ കമ്പനികളും സ്ഥാപനങ്ങളും കണക്കെടുപ്പ് നടത്തുകയും ബജറ്റ് തയ്യാറാക്കുകയും ചെയ്യാറുണ്ട്. അപ്രകാരം ഓരോ മുസ്‌ലിമും തന്റെ ഒരു വര്‍ഷത്തെ വിലയിരുത്തേണ്ടതുണ്ട്. മനുഷ്യ ജീവിതത്തിലെ ഓരോ നിമിഷത്തെ കുറിച്ചും ചോദ്യം ചെയ്യപ്പെടും. അതിന് മുമ്പ് സൂക്ഷ്മമായ ഒരു സ്വയം വിചാരണ അനിവാര്യമാണ്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics