ചിന്താ സ്വാതന്ത്ര്യമാണ് ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്

അല്ലാഹുവിന്റെ ഗ്രന്ഥം ആദ്യാവസാനം വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകുന്ന കാര്യമാണ് അടിച്ചേല്‍പ്പിക്കല്‍ നയമല്ല, ആളുകള്‍ക്ക് ചിന്താ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം എന്നുള്ളത്. ''അദ്ദേഹം പറഞ്ഞു: 'എന്റെ ജനമേ, ഒന്നു ചിന്തിക്കൂ. ഞാന്‍ എന്റെ റബ്ബിങ്കല്‍നിന്നുളള ഒരു തെളിഞ്ഞ സാക്ഷ്യത്തിന്മേല്‍ നിലകൊള്ളുന്നു. കൂടാതെ അവന്റെ സവിശേഷ കാരുണ്യവും എനിക്കരുളിയിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ക്കതു കാണാന്‍ കഴിയുന്നില്ല; എങ്കില്‍ പിന്നെ ഞങ്ങളെന്തു ചെയ്യാന്‍! നിങ്ങള്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നിരിക്കെ, ബലം പ്രയോഗിച്ച് നിങ്ങളെക്കൊണ്ടതംഗീകരിപ്പിക്കുകയോ?' (ഹൂദ്: 28)

സത്യം ബോധ്യപ്പെട്ട് അംഗീകരിക്കുന്നതിനായി അതിലേക്ക് ക്ഷണിക്കുകയായിരുന്നു മുഴുവന്‍ പ്രവാചകന്‍മാരും ചെയ്തത്. അടിച്ചേല്‍പിക്കാനോ നിര്‍ബന്ധം ചെലുത്താനോ ഉള്ള യാതൊരു കഴിവും അവര്‍ക്കുണ്ടായിരുന്നില്ല. മാത്രമല്ല, ആളുകള്‍ വഴികേടിന്റെ ഉച്ചിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ തന്നെയും സത്യദീന്‍ സ്വീകരിക്കാന്‍ അവര്‍ക്ക് മേല്‍ നിര്‍ബന്ധം ചെലുത്തരുതെന്ന നിര്‍ദേശങ്ങളടങ്ങിയ ആയത്തുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

നബിമാരുടെയും അവരുടെ പിന്‍ഗാമികളായ പ്രബോധകരുടെയും ഉത്തരവാദിത്വം വഴിയടയാളങ്ങള്‍ വിശദീകരിച്ചു കൊടുക്കല്‍ മാത്രമാണ്. തങ്ങള്‍ ഏതൊരു മൂല്യങ്ങള്‍ക്ക് വേണ്ടിയാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് അത് ജനങ്ങളിലേക്ക് എത്തിക്കലാണ് അവരുടെ ജോലി. അതോടൊപ്പം വഴിപിഴച്ച മനുഷ്യനിര്‍മിത കാഴ്ച്ചപ്പാടുകളെ നിരാകരിക്കുകയും ചെയ്യുന്നു. അതില്‍ നിന്ന് ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് പിന്നെ വേണ്ടത്. ''ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിധേഷിക്കാം.'' (അല്‍കഹ്ഫ്: 29)

പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഇക്കാര്യം മുറുകെ പിടിക്കാനാണ് പ്രവാചന്‍ മുഹമ്മദ് നബി(സ)യെ ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നത്:
''അവരെ നിര്‍ബന്ധിച്ചു വിശ്വസിപ്പിക്കുക നിന്റെ ദൗത്യമല്ല.'' (ഖാഫ്: 45)
''അവരോടു പറയുക: 'ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനല്ല.'' (അല്‍അന്‍ആം: 66)
''നീ അവരുടെ ഉത്തരവാദിത്വമേറ്റെടുത്തവനുമല്ല.'' (അല്‍അന്‍ആം: 107)
''ഞാനോ, നിങ്ങള്‍ക്കു മീതെ ഉത്തരവാദിത്വമേല്‍പിക്കപ്പെട്ടവനൊന്നുമല്ല.'' (യൂനുസ്: 108)
''നീ അവരുടെ ചുമതലക്കാരനല്ല.'' (അസ്സുമര്‍: 41)
''നാം നിന്നെ ജനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവനായി നിയോഗിച്ചിട്ടില്ല.'' (അല്‍ഇസ്‌റാഅ്: 54)
''സ്വേച്ഛയെ ഇലാഹാക്കിയ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? അത്തരക്കാരെ നേര്‍വഴിയിലാക്കാനുള്ള ചുമതലയേല്‍ക്കാന്‍ നിനക്കു കഴിയുമോ?'' (അല്‍ഫുര്‍ഖാന്‍: 43)

ജനങ്ങളെ സന്മാര്‍ഗത്തിലാക്കല്‍ പ്രവാചകന്റെ ഉത്തരവാദിത്വമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം അതിനായി എല്ലാ ശ്രമങ്ങളും വിനിയോഗിച്ചിരുന്നു. തനിക്ക് ചെയ്യാനുള്ളത് നിര്‍വഹിച്ച് അവശേഷിക്കുന്നത് അല്ലാഹുവിന് വിട്ടുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ആ പ്രവര്‍ത്തനത്തിന്റെ ഫലം അവരുടെ ജീവിതകാലത്തു തന്നെ ഉണ്ടായിക്കൊള്ളണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. ''നാം അവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് നിന്റെ ജീവിതത്തില്‍ത്തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ നിന്നെ അതിനുമുമ്പായി ഉയര്‍ത്തിയെന്നും വന്നേക്കാം. ഏതു നിലക്കും അവര്‍ക്ക് നമ്മുടെ സമക്ഷത്തിലേക്കു വരേണ്ടതുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.'' (യൂനുസ്: 46)
''പ്രവാചകാ, നാം ഈ ജനത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍ ചിലത് ഒരുപക്ഷേ, നീ ജീവിച്ചിരിക്കെത്തന്നെ കാണിച്ചുതന്നേക്കാം. അല്ലെങ്കില്‍ അത് പ്രത്യക്ഷത്തില്‍ വരുന്നതിനു മുമ്പ് നാം നിന്നെ തിരിച്ചുവിളിച്ചെന്നും വരാം. ഏതു നിലക്കും നിന്റെ കര്‍ത്തവ്യം സന്ദേശം എത്തിച്ചുകൊടുക്കുക എന്നതു മാത്രമാകുന്നു.'' (അര്‍റഅ്ദ്: 40)
'' നാം അവരെ താക്കീതു ചെയ്യുന്ന ദുരിതങ്ങളില്‍ ചിലത് നിന്റെ മുന്നില്‍ വെച്ചുതന്നെ കാണിച്ചുകൊടുത്തെന്നുവരാം. അല്ലെങ്കില്‍ (അതിനു മുമ്പായി) നിന്നെ ഇഹത്തില്‍ നിന്നുയര്‍ത്തിയെന്നും വരാം. അവര്‍ തിരിച്ചയക്കപ്പെടുന്നത്, നമ്മിലേക്കുതന്നെയാകുന്നു.'' (ഗാഫിര്‍: 77)

ഖുര്‍ആന്‍ പറയുന്നത് പ്രകാരം സന്ദേശം എത്തിച്ചു കൊടുക്കുന്ന ആളാണ് ദൈവദൂതന്‍. അതുണ്ടാക്കുന്ന ഫലത്തിന്റെ കാര്യത്തിലെ തീരുമാനം അല്ലാഹുവിന് മാത്രമാണ്. തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യം അവന് ആളുകള്‍ക്ക് വകവെച്ചു കൊടുത്തിട്ടുണ്ട്. ''ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല.സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.'' (അല്‍ബഖറ: 256)

വിശ്വാസത്തിന്റെ തണലിലെ ജീവിതത്തിന്റെ മാധുര്യവും തെളിമയും വിശുദ്ധിയും സംബന്ധിച്ച ഖുര്‍ആന്റെ വിവരണം തന്നെ മതിയായതാണ്. നിഷേധത്തില്‍ ജീവിക്കുന്നവര്‍ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അത് വേണ്ട രൂപത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പിന്നീട് അതില്‍ നിന്നെ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും വിട്ടുനല്‍കിയിരിക്കുകയാണ്.

ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് വിലങ്ങ് തീര്‍ത്തിരുന്ന സ്വേഛാധിപതികളെ നീക്കം ചെയ്ത് അവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം വീണ്ടെടുത്തു നല്‍കുകയാണ് ഇസ്‌ലാമിക വിജയങ്ങള്‍ ചെയ്തിട്ടുള്ളത്. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ സര്‍ തോമസ് ആര്‍ണോള്‍ഡ് അദ്ദേഹത്തിന്റെ 'ഇസ്‌ലാമിലേക്കുള്ള പ്രബോധനം' എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധേയമാണ്. ലോകത്ത് ഇസ്‌ലാം പ്രചരിച്ച പതിമൂന്ന് നൂറ്റാണ്ടു കാലം പരിശോധനാ വിധേയമാക്കിയിട്ടും ഇസ്‌ലാം സ്വീകരിക്കാന്‍ നിര്‍ബന്ധം ചെലുത്തിയ ഒരു സംഭവം പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത. വിമോചനത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ദര്‍ശനമാണിത്. അല്ലാഹുവിന്റെ അടിമകളെ അടിമകളുടെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും ഐഹിക ലോകത്തിന്റെ കുടുസ്സതയില്‍ നിന്ന് പാരത്രിക ലോകത്തിന്റെ വിശാലതയിലേക്കും മതങ്ങളുടെ അനീതികളില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും കൊണ്ടു പോകുന്നതിന് നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് റുസ്തമിന്റെയും ഹിര്‍ഖലിന്റെയുമെല്ലാം അടുക്കലേക്ക് അയക്കപ്പെട്ട ദൂതന്‍മാര്‍ പ്രഖ്യാപിച്ചത്.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics