സമാധാനം വിശ്വാസത്തിലൂടെ

ജനങ്ങള്‍ക്കിടയില്‍ യുദ്ധ സംസ്‌കാരത്തിന് പകരം സമാധാന സംസ്‌കാരം വ്യാപിപ്പിക്കുന്നതിന് രണ്ടായിരാമാണ്ടിനെ സമാധാന സംസ്‌കാര വര്‍ഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചിരുന്നു. സമാധാനത്തിന്റെ വക്താക്കളാണ് ഇസ്‌ലാമിക സമൂഹം. ഇസ്‌ലാം സമാധാനത്തിന്റെ ദീനാണ്. സമാധാന നാട്യങ്ങളുടെയല്ല, യഥാര്‍ഥ സമാധാനത്തിന്റെ ദീന്‍. ജനങ്ങളെ പരിഹസിക്കുന്ന, കള്ളനെ അവന്‍ മോഷ്ടിച്ചത് നല്‍കി അവശേഷിക്കുന്നതില്‍ തൃപ്തിപ്പെടാന്‍ വീട്ടുടമയോട് ആവശ്യപ്പെടുന്ന സമാധാനമല്ല അത്.

യഥാര്‍ഥ സമാധാനത്തെ നാം എല്ലാ അര്‍ഥത്തിലും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നമുക്കെതിരെയുള്ള ആരോപണം നാം യുദ്ധക്കൊതിയന്‍മാരാണെന്നുള്ളതാണ്. വാളുകൊണ്ടാണ് ഈ ദീന്‍ പ്രചരിച്ചതെന്നുള്ളത് ഈ സമുദായത്തിനെതിരെയുള്ള കളവാണ്. വാള്‍ ഒരിക്കലും മനസ്സുകളെ കീഴടക്കില്ല. ഭൂപ്രദേശങ്ങള്‍ കീഴടക്കാന്‍ ഒരുപക്ഷേ അതിന് സാധിച്ചേക്കാം. ഇസ്‌ലാം അതിന്റെ ഒന്നാം നാള്‍ മുതല്‍ വാളെടുത്തിട്ടുള്ളത് അതിനെതിരെ യുദ്ധം പ്രഖ്യാപിച്ച് വാളെടുത്തവര്‍ക്കെതിരെയാണ്. ഇസ്‌ലാം വാളെടുത്തിട്ടുള്ളത് അതിനെയും അത് പവിത്രമായി ഗണിക്കുന്നവയെയും പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണ്.

മക്കയിലെ പതിമൂന്ന് വര്‍ഷക്കാലം മുസ്‌ലിംകള്‍ കൊടിയ പീഡനങ്ങളാണ് നേരിട്ടത്. ചോരയൊലിക്കുന്ന മുറിവുകളുമായി അവര്‍ പ്രവാചക സന്നിദ്ധിയില്‍ വന്നു പറഞ്ഞു: പ്രതിരോധിക്കാനായി ആയുധമെടുക്കാന്‍ ഞങ്ങള്‍ക്കനുവാദം നല്‍കണം. നിങ്ങള്‍ കൈകള്‍ അടക്കിവെക്കുക, നമസ്‌കാരം നിലനിര്‍ത്തുകയും ചെയ്യുക എന്ന മറുപടിയാണപ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ടത്. പിന്നീട് ഹിജ്‌റക്ക് ശേഷമാണ് പ്രതിരോധിക്കാന്‍ അവര്‍ക്കനുവാദം നല്‍കപ്പെട്ടത്. അല്ലാഹുവില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ മര്‍ദന പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരായിരുന്നു മുസ്‌ലിംകള്‍. സ്വന്തം വീടുകളില്‍ നിന്ന് വരെ അവര്‍ കുടിയിറക്കപ്പെട്ടു. വിഗ്രഹങ്ങളെയും വ്യാജ ദൈവങ്ങളെയും ഉപേക്ഷിച്ച് ഏകദൈവത്വം പ്രഖ്യാപിച്ചതായിരുന്നു അവരുടെ അപരാധം.

അതുകൊണ്ടാണ് യഥാര്‍ഥ സമാധാനത്തിന്റെ ദര്‍ശനമാണ് ഇസ്‌ലാമെന്ന് നാം പറയുന്നത്. ആരോപകര്‍ ഉന്നയിക്കും പോലെ വാളു കൊണ്ടല്ല അത് വിജയിച്ചത്. അല്ലാഹു പറയുന്നു: ''അല്ലയോ വിശ്വസിച്ചവരേ, 'സില്‍മി'ല്‍ സമ്പൂര്‍ണമായി പ്രവേശിക്കുവിന്‍. പിശാചിന്റെ കാല്‍പാടുകളെ പിന്തുടരാതിരിക്കുവിന്‍.'' (അല്‍ബഖറ: 2008) ഇസ്‌ലാമിനെ കുറിക്കുന്നതിനാണ് ഇവിടെ 'സില്‍മ്' എന്നുപയോഗിച്ചിരിക്കുന്നത്. കാരണം മനുഷ്യന് സമാധാനമാണത്. അവന്റെ മനസ്സിനും വീടിനും സമൂഹത്തിനും അവന്റെ ചുറ്റുമുള്ളവര്‍ക്കും സമാധാനമാണത്.

അല്ലാഹുവിന്റെ പവിത്ര നാമങ്ങളിലൊന്നാണ് 'അസ്സലാം' (സൂറത്തുല്‍ ഹശ്ര്‍: 23). മുസ്‌ലിംകളുടെ ഇഹലോകത്തെയും പരലോകത്തെയും അഭിസംബോധനയും 'അസ്സലാം' എന്നാണ്. പരലോകത്തെ അഭിവാദന രീതിയും അതു തന്നെയാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''അവര്‍ അവനെ കണ്ടുമുട്ടുംനാളില്‍ സലാം കൊണ്ടായിരിക്കും അഭിവാദ്യംചെയ്യപ്പെടുക.'' (അല്‍അഹ്‌സാബ്: 44)

മാനസിക സമാധാനം
വിശ്വാസിയായ മനുഷ്യന്റെ മനസ്സിലാണ് സമാധാനം ആരംഭിക്കേണ്ടത്. സമാധാനം സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ സമൂഹമാകുന്ന കെട്ടിടത്തിന്റെ പ്രഥമ ശിലയായ വ്യക്തിയില്‍ നിന്നതിന് തുടക്കം കുറിക്കണം. മനുഷ്യന്റെ ശരീരത്തിനും മനസ്സിനും ഇടയില്‍ സംഘട്ടനം ഇല്ലാതിരിക്കാന്‍ അവന്റെ മനസ്സില്‍ സമാധാനം സ്ഥാപേിക്കേണ്ടത് അനിവാര്യമാണ്. വിശ്വസിക്കുന്നതോട് അവന്റെ ഉള്ളില്‍ സമാധാനം സ്ഥാപിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

ഇസ്‌ലാം അതിന്റെ പകരം വെക്കാനില്ലാത്ത വിശ്വാസ കാര്യങ്ങള്‍ കൊണ്ടാണ് സമാധാനം സ്ഥാപിക്കുന്നത്. അല്ലാഹുവിലും അവന്റെ ഏകത്വത്തിലുമുള്ള വിശ്വാസം അതില്‍ പ്രധാനമാണ്. അവനാണ് എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്ന് അവന്‍ വിശ്വസിക്കുന്നു. എല്ലാ പൂര്‍ണതയും അവന് മാത്രമാണെന്നാണ് മുഅമിന്‍ വിശ്വസിക്കുന്നത്. അവന്‍ കാരുണ്യവാനും അത്യുദാരനും വിഭവങ്ങള്‍ നല്‍കുന്നവനും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. ഇങ്ങനെയുള്ള വിശ്വാസം വലിയ സമാധാനമാണ് മനസ്സിന് നല്‍കുന്നത്. ഈ സമാധാനം മനുഷ്യ പ്രകൃതിയുടെ തന്നെ ഭാഗമാണ്. ഒരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണല്ലോ. ''ആകയാല്‍ ഏകാഗ്രതയോടെ സ്വന്തം മുഖത്തെ ഈ ദീനിനു നേരെ ഉറപ്പിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏതു പ്രകൃതിയിലാണോ, അതില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു.'' (അര്‍റൂം: 30)

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics