അമേരിക്കന്‍ ഇസ്‌ലാം

ശഹീദ് സയ്യിദ് ഖുതുബ് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടപ്പോള്‍ അല്‍അസ്ഹറിലെ ഒരുകൂട്ടം പണ്ഡിതന്‍മാര്‍ ഇമാം ശൈഖ് മുഹമ്മദ് അബൂസഹ്‌റയുമായുള്ള കൂടിക്കാഴ്ച്ചയിലായിരുന്നു. അദ്ദേഹത്തിന്റെ വധശിക്ഷയുടെ വാര്‍ത്തയറിഞ്ഞപ്പോള്‍ ചില കൊട്ടാരം പണ്ഡിതന്‍മാര്‍ സയ്യിദ് ഖുതുബിന്റെ ചരിത്രത്തെയും നിലപാടുകളെയും കുറിച്ച് സംസാരിച്ചു. അപ്പോള്‍ ശൈഖ് അബൂസഹ്‌റ പറഞ്ഞു: 1949ല്‍ എന്റെ സയ്യിദ് അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു, 'എന്തൊക്കെയുണ്ട് സയ്യിദ്?
സയ്യിദ് ഖുതുബ് പറഞ്ഞു: 'പ്രിയ ഗുരുനാഥാ, ഞാന്‍ അമേരിക്കയിലേക്ക് പോയത് മുസ്‌ലിമായിട്ടായിരുന്നു, എന്നാല്‍ മുഅ്മിനായിട്ടാണ് മടങ്ങിയെത്തിയിരിക്കുന്നത്.'

ഹസനുല്‍ ബന്ന കൊല്ലപ്പെട്ടപ്പോള്‍ അമേരിക്കയിലായിരുന്ന സയ്യിദ് ഖുതുബ് മിഷനറിമാര്‍ അതിനെ ആഘോഷമാക്കുന്നതിന് സാക്ഷിയായി. അമേരിക്കക്കാര്‍ മുസ്‌ലിം നാടുകളില്‍ നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നത് ഏത് തരം ഇസ്‌ലാമാണെന്നും അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം തന്നെ അക്കാര്യം വിവരിക്കുന്നു: ''കിഴക്കന്‍ നാടുകളില്‍ അമേരിക്കയും അവരുടെ സഖ്യകക്ഷികളും ആഗ്രഹിക്കുന്ന ഇസ്‌ലാം കോളനിവല്‍കരണത്തെ സ്വേച്ഛാധിപത്യത്തെയോ പ്രതിരോധിക്കുന്ന ഇസ്‌ലാമല്ല. മറിച്ച് കമ്മ്യൂണിസത്തെ മാത്രം പ്രതിരോധിക്കുന്ന ഇസ്‌ലാമാണത്. ഭരണ നിര്‍വഹണമുള്ള ഇസ്‌ലാം അവര്‍ ആഗ്രഹിക്കുന്നില്ലന്ന് മാത്രമല്ല, അതിനെ അവര്‍ക്ക് തീര സഹിക്കുകയുമില്ല. ഇസ്‌ലാം ഭരണം നടത്തുമ്പോള്‍ ജനതകളില്‍ പുതിയ ഉണര്‍ച്ചയതുണ്ടാക്കും. ശക്തിസംഭരിക്കലും അധിനിവേശകനെ തുരത്തലും തങ്ങളുടെ നിര്‍ബന്ധ ബാധ്യതയായിട്ടവര്‍ മനസ്സിലാക്കുകയും ചെയ്യും. കോളനിവല്‍കരണം പോലെ കമ്മ്യൂണിസവും പകര്‍ച്ചവ്യാധിയാണ്. അവ രണ്ടും ഒരു പോലെ എതിര്‍ക്കപ്പെടേണ്ട ശത്രുക്കളാണ്.

പൗരസ്ത്യ ദേശത്ത് 'അമേരിക്കന്‍ ഇസ്‌ലാം' വരണമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത്. ഗര്‍ഭധാരണം തടയല്‍, സ്ത്രീയുടെ പാര്‍ലമെന്റ് പ്രവേശം, വുദു മുറിയുന്ന കാര്യങ്ങള്‍ തുടങ്ങിയവയില്‍ ഫത്‌വ ചോദിക്കുകയും നല്‍കുകയും ചെയ്യുന്ന, സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകളെ കൈകാര്യം ചെയ്യാത്ത ഒരു ഇസ്‌ലാമാണ് അവര്‍ക്ക് വേണ്ടത്. രാഷ്ട്രീയവും ദേശീയവുമായ നമ്മളുമായി ബന്ധപ്പെട്ട വിഷയങ്ങളിലൊന്നും ഒരിക്കലും ചോദ്യം ഉയര്‍ത്താത്തതായിരിക്കണം അത്. ഇസ്‌ലാമിന്റെ ഭരണത്തെയോ നിയമനിര്‍മാണത്തെയോ വിജയത്തെയോ കുറിച്ച് പേന ചലിപ്പിക്കാനോ വാ തുറക്കാനോ ചോദ്യമുന്നയിക്കാനോ പാടില്ല!''

2002ന്റെ തുടക്കത്തില്‍ പ്രമുഖ അമേരിക്കന്‍ ചിന്തകന്‍ ഫുക്കുയാമ സംസാരിച്ചതും അതേ അമേരിക്കന്‍ ഇസ്‌ലാമിനെ കുറിച്ചായിരുന്നു. അദ്ദേഹം പറയുന്നു: ''പടിഞ്ഞാറിന്റെ ആധുനികതയോട് ചില അസ്വസ്ഥതകളുള്ള ലോകത്തെ ഏക മുഖ്യ നാഗരികതയാണ് ഇസ്‌ലാം. ഇസ്‌ലാമിക ലോകം ഈയടുത്ത വര്‍ഷങ്ങളില്‍ മൗലിക പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. അവ പടിഞ്ഞാറന്‍ നയങ്ങളെ നിരസ്സിക്കുന്നു എന്ന് മാത്രമല്ല, ആധുനികതയുടെ സുപ്രധാന അടിസ്ഥാന തത്വമായ മതേതരത്വത്തെയും അത് അംഗീകരിക്കുന്നില്ല. സുപ്രധാനമായിട്ടുള്ള പുരോഗതി ഇസ്‌ലാമിനകത്തു നിന്ന് തന്നെയാണ് ഉണ്ടാവേണ്ടത്. ആധുനികതയോട്, പ്രത്യേകിച്ചും മതേതര രാഷ്ട്രം സംബന്ധിച്ച അടിസ്ഥാന തത്വത്തില്‍ സമാധാനത്തോടെ പൊരുത്തപ്പെട്ടു പോകണോ വേണ്ടയോ എന്നത് ഇസ്‌ലാമിക സമൂഹമാണ് തീരുമാനിക്കേണ്ടത്.

പ്രവാചകന്‍(സ)യിലൂടെ അവതരിപ്പിക്കപ്പെട്ട ദീനിന്റെ സ്ഥാനത്ത് സ്ഥാപിക്കാന്‍ അവരാഗ്രഹിക്കുന്ന അമേരിക്കന്‍ ഇസ്‌ലാമാണ് ഇത്.

വിവ: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus