ഉമര്‍ബിന്‍ ഖത്താബ് മുറിച്ച മരമേത്?

അന്ധവിശ്വാസത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഹുദൈബിയാ സന്ധി (ബൈഅതുര്‍രിള്‌വാന്‍) നടന്ന പ്രദേശത്തുള്ള ഒരു മരം ഉമര്‍(റ) മുറിച്ചു മാറ്റിയത് ഏറെ പ്രചുരപ്രചാരം സിദ്ധിച്ച ഒരു സംഭവമാണല്ലോ. എന്നാല്‍ ഉമര്‍(റ) അന്ന് മുറിച്ച് മാറ്റിയ മരമേത് എന്ന കാര്യത്തില്‍ പണ്ടുമുതലേ അഭിപ്രായാന്തരമുണ്ട്. ഏതൊരു വൃക്ഷത്തിന്റെ ചുവട്ടിലാണോ ബൈഅതുര്‍രിള്‌വാന്‍ നടന്നത് അതേ വൃക്ഷമാണ് ഉമര്‍(റ) മുറിച്ച് മാറ്റിയത് എന്ന് ഒരു വിഭാഗം പറയുമ്പോള്‍, അതല്ല എന്ന് മറുവിഭാഗവും പറയുന്നു.

ബൈഅതുര്‍രിദ്‌വാന്‍ വൃക്ഷമല്ല മുറിച്ചത് എന്ന് വാദിക്കുന്നവര്‍ പറയുന്നത്, ആ മരം ഏത് എന്ന് പിന്നീടാര്‍ക്കും പറയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. അവരുടെ തെളിവുകള്‍ താഴെ കൊടുക്കുന്നു:

1)ത്വാരിഖുബ്‌നി അബ്ദിര്‍റഹ്മാനില്‍ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ഞാന്‍ ഹജ്ജ് ചെയ്യാനായി യാത്ര പുറപ്പെട്ടു. യാത്രാ മധ്യേ ഒരിടത്ത് ഒരു സംഘം ആളുകള്‍ നമസ്‌കരിക്കുന്നത് കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഇതെന്താ ഇവിടെ പള്ളിയാക്കിയിരിക്കുന്നത്? അവര്‍ പറഞ്ഞു: ബൈഅത്തുര്‍രിള്‌വാന്‍ നടന്ന മരം ഉണ്ടായിരുന്നത് ഇവിടെയാണ്. തുടര്‍ന്ന് ഞാന്‍ സഈദുബ്‌നുല്‍ മുസയ്യിബിന്റെ അടുക്കലെത്തി ഈ വിഷയം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രസ്തുത മരത്തിന്റെ ചുവട്ടില്‍ വെച്ച് നടന്ന ബൈഅത്തില്‍ പങ്കെടുത്ത വ്യക്തിയാണ് താനെന്നും തൊട്ടടുത്ത വര്‍ഷം (ഉംറ നിര്‍വഹിക്കാനായി) ഞങ്ങള്‍ അതുവഴി പോയപ്പോള്‍ ആ മരം നിന്ന സ്ഥലം ഞങ്ങള്‍ മറന്നിരുന്നുവെന്നും അത് ഞങ്ങള്‍ക്ക് കണ്ടെത്താനായില്ല എന്നും എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സഈദ് പറഞ്ഞു: സഹാബികള്‍ക്ക് ആ മരത്തിന്റെ സ്ഥാനം അറിയില്ലായിരുന്നു. എന്നിട്ടും നിങ്ങള്‍ക്ക് അത് അറിയാമെന്നോ? നിങ്ങളാണോ കൂടുതല്‍ അറിവുള്ളവര്‍.(സ്വഹീഹുല്‍ ബുഖാരി 4163)

2)ഹാകിം പറഞ്ഞു: ഹുദൈബിയ ഒരു കിണറാണ്. ആ കിണറിന്റെ അടുത്തായിരുന്നു ആ മരം. തുടര്‍ന്ന് ആ മരം നാമശേഷമായി. അത് വെള്ളപ്പൊക്കത്തില്‍ നശിച്ചു എന്നാണ് ചിലര്‍ പറയുന്നത്. സഈദുബ്‌നുല്‍ മുസയ്യിബ് പറഞ്ഞു: അന്ന് ബൈഅതുര്‍രിദ്‌വാനില്‍ പങ്കെടുത്ത എന്റെ പിതാവ് പറയുന്നത് ഞാന്‍ കേട്ടു: ഒന്നിലധികം തവണ ഞങ്ങള്‍ ആ മരം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. (മഅ്‌രിഫതു ഉലൂമില്‍ ഹദീസ്).

3) ഇമാം ത്വബ്‌രി തന്റെ തഫ്‌സീറില്‍ രേഖപ്പെടുത്തുന്നു: ആ മരം ഇല്ലാതായ ശേഷം ഒരിക്കല്‍ ഉമര്‍(റ) ഹുദൈബിയ വഴി കടന്നുപോയി. അന്നേരം അദ്ദേഹം ചോദിച്ചു: എവിടെയായിരുന്നു ആ മരം ഉണ്ടായിരുന്നത്? അപ്പോള്‍ ചിലര്‍ അത് ഇവിടെയായിരുന്നു എന്നും മറ്റു ചിലര്‍ അത് അവിടെയായിരുന്നു എന്നുമൊക്കെ പറയാന്‍ തുടങ്ങി. അങ്ങനെ അവരുടെ അഭിപ്രായാന്തരം അധികരിച്ചപ്പോള്‍, ഉമര്‍(റ) പറഞ്ഞു: അത് വിട്ടേക്കുക. എന്തിനതിന് ബുദ്ധിമുട്ടുന്നു.

4) ഇബ്‌നു ഉമറിന്റെ മൗലയായ നാഫിഇല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ബൈഅതുര്‍രിദ്‌വാനിനു ശേഷം വളരെ വര്‍ഷങ്ങളോളം സ്വഹാബികള്‍ പ്രസ്തുത വൃക്ഷം അന്വേഷിച്ചുനടക്കുകയുണ്ടായി. പക്ഷേ അവര്‍ക്കത് തിരിച്ചറിയാനായില്ല. ആ വൃക്ഷം ഏതാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. (ഇബ്‌നു സഅ്ദിന്റെ ത്വബഖാത്)

5) രിദ്‌വാന്‍ വൃക്ഷം എന്നറിയപ്പെട്ടിരുന്ന മരത്തിന്റെ ചുവട്ടില്‍ ആളുകള്‍ വന്ന് നമസ്‌കരിച്ചിരുന്നുവെന്നും ഇതറിഞ്ഞ ഉമര്‍ ആ മരം മുറിച്ചു കളഞ്ഞുവെന്നും നാഫിഇല്‍ നിന്ന് ഇബ്‌നു സഅ്ദ് ത്വബഖാതിലും ഇബ്‌നു അബീശൈബ മുസ്വന്നഫിലും ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഇത് മുര്‍സലാണ്. നാഫിഅ് ഉമറിനെ കണ്ടിട്ടില്ല. ശൈഖ് അല്‍ബാനി ഈ അഥര്‍ ദുര്‍ബലമാണ് എന്ന് അഭിപ്രായപ്പെടുന്നു. (തഹ്ദീറുസ്സാജിദ്)

എന്നാല്‍ ചില ആളുകള്‍ക്ക് ഈ വൃക്ഷത്തിന്റെ സ്ഥാനം അറിയാമായിരുന്നുവെന്നും ഉമര്‍ ആ മരം മുറിച്ചുവെന്നുമാണ് മറുപക്ഷത്തുള്ളവരുടെ വാദം. അവരുടെ തെളിവുകള്‍ താഴെ:

1)ജാബിറുബ്‌നു അബ്ദില്ലയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു ഹുദൈബിയ സന്ധിയുടെ ദിവസം പ്രവാചകന്‍ ഞങ്ങളോട് അരുളി ഭൂവാസികളിലെ ഉത്തമര്‍ നിങ്ങളാണ്. ഞങ്ങള്‍ 1400 പേരുണ്ടായിരുന്നു. എനിക്കിന്ന് കാഴ്ച ശക്തിയുണ്ടായിരുന്നെങ്കില്‍ ആ മരം നിന്നിരുന്ന സ്ഥലം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു.(സ്വഹീഹുല്‍ ബുഖാരി 4154)
ഇബ്‌നു ഹജര്‍ പറയുന്നു: സഈദുബ്‌നുല്‍ മുസയ്യിബ് തന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ ആ മരം നിന്നിരുന്ന സ്ഥലത്തെ കുറിച്ച വിവരം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു എന്ന് അര്‍ഥമാക്കുന്നില്ല. ജാബിര്‍(റ)ന് ആ സ്ഥലം കൃത്യമായി അറിയാമായിരുന്നുവെന്ന് ഇമാം ബുഖാരിയുടെ നിവേദനം തന്നെ തെളിയിക്കുന്നു. എന്നാല്‍ അദ്ദേഹം അത് പറയുന്ന കാലത്ത് ആ മരം ഏതോ കാരണത്താല്‍ നശിച്ചുപോയിരുന്നു. എങ്കിലും ആ സ്ഥലം അദ്ദേഹത്തിന് അറിയാമായിരുന്നു.

2)നാഫിഇന്റെ അഥര്‍ മുര്‍സലാണെങ്കിലും മറ്റു ചില രിവായത്തുകള്‍ ഇതിന് ശക്തി പകരുന്നുണ്ട്. ഇമാം ഫാകിഹീ തന്റെ അഖ്ബാറു മക്കയില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ശൈഖ് അല്‍ബാനി തഖ്‌രീജു അഹാദീസി ഫളാഇലുശ്ശാം എന്ന കൃതിയില്‍ ഇതിനെ സ്വഹീഹായി പ്രഖ്യാപിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞ തഹ്ദീറുസ്സാജിദിന് ശേഷം രചിച്ചതാണിത്.

സംക്ഷിപ്തം
ഈ രണ്ട് വാദങ്ങള്‍ ചേര്‍ത്ത് വെച്ച് വായിച്ചാല്‍ മനസിലാവുന്നതിതാണ്: ഒരു മരം ഉമര്‍(റ) മുറിച്ചുകളഞ്ഞിട്ടുണ്ട്. എന്നാല്‍ ബൈഅതുര്‍രിദ്‌വാന്‍ നടന്ന മരമല്ല അത്. ആ മരം നിന്നിരുന്ന സ്ഥലം പോലും ആര്‍ക്കും അറിഞ്ഞിരുന്നില്ല. ജാബിറി(റ)നെപ്പോലെ ആ സ്ഥലം അറിഞ്ഞിരുന്നവര്‍ക്ക് അത് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനും കഴിഞ്ഞിരുന്നില്ല. ബൈഅതുര്‍രിദ്‌വാന്‍ നടന്നതെന്ന് ആളുകള്‍ തെറ്റിദ്ധരിക്കുകയും ഭക്ത്യാദരങ്ങളോടെ കാണുകയും ചെയ്ത മരമാണ് ഉമര്‍(റ) മുറിച്ച് മാറ്റിയത്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ എഴുതുന്നു: ബൈഅതുര്‍രിദ്‌വാന്‍ നടന്നതെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ച മരം മുറിച്ചുകളയാന്‍ ഉമര്‍ ഉത്തരവിട്ടു. ജനങ്ങള്‍ അതിനെ ആദരവോടെ കാണുകയും മസ്ജിദുല്‍ ഹറാമിനെയോ മസ്ജിദുന്നബവിയെയോ പോലെ പരിഗണിച്ചുകൊണ്ട് അവിടെ നമസ്‌കരിക്കുകയും ചെയ്തപ്പോഴായിരുന്നു അത്.(ഇഖ്തിളാഉസ്സ്വിറാതില്‍ മുസ്തഖീം)
(ഇതുസംബന്ധമായ വിശദീകരണങ്ങള്‍ തഫ്ഹീമുല്‍ ഖുര്‍ആനിലും കാണാം. സൂറത്തുല്‍ ഫത്ഹ് സൂക്തം 18 ന്റെ വ്യാഖ്യാനക്കുറിപ്പ് നോക്കുക).

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics