യമന്‍; മരണക്കുരുക്കില്‍ നിന്നും ആര് മോചനം നല്‍കും?

യമനിലെ സൈനിക ഇടപെടല്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ യുദ്ധത്തിന്റെ ഒട്ടും നല്ലതല്ലാത്ത മുഖം പ്രകടമാക്കുന്ന ഭീതിയുയര്‍ത്തുന്ന ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പുറത്തുവന്നിട്ടുള്ളത്. സംഘട്ടനം നടക്കുന്ന പ്രദേശങ്ങളിലെ പോരാളികളുടേതോ സിവിലയന്‍മാരുടേ ആയിരുന്നില്ല അവ. ആഹാരവും മരുന്നും തടയപ്പെട്ട ഉപരോധിക്കപ്പെട്ടവരുടെ ചിത്രങ്ങളായിരുന്നു അത്. പ്രയാസപ്പെട്ട് ഇഴഞ്ഞ് നീങ്ങുന്ന അസ്ഥികൂടങ്ങളാക്കി പട്ടിണി അവരെ മാറ്റിയിരിക്കുന്നു.

ശാമിലെ (സിറിയ) യര്‍മൂക് ക്യാമ്പിലെ രംഗങ്ങളാണ് നമ്മുടെ മനസ്സിലേക്കത് മടക്കി കൊണ്ടുവരുന്നത്. മാസങ്ങളോളം ഉപരോധിക്കപ്പെട്ട അതിലെ ആളുകള്‍ പ്രേതരൂപങ്ങളായി മാത്രമായി മാറ്റപ്പെട്ടു. യമനിലെ പട്ടിണി അതിനേക്കാള്‍ സങ്കീര്‍ണമാണ്. അതിന്റെ ഇരകള്‍ പലയിടത്തായി ചിതറിക്കിടക്കുകയാണ്. പത്ത് ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഹുദൈദ, ഹജ്ജ പ്രവിശ്യകള്‍ ചേര്‍ന്ന തിഹാമയാണ് അതില്‍ മുന്നില്‍. ഭഷ്യവസ്തുക്കളുടെ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഫലഭൂയിഷ്ടമായ പ്രദേശമാണെങ്കിലും ഏറ്റവുമധികം ദാരിദ്യം നേരിടുന്ന പ്രദേശമാണത്. അവിടത്തെ വിഭവങ്ങള്‍ വന്‍കിട ഭൂവുടമകള്‍ ഉടമപ്പെടുത്തിയിരിക്കുകയാണ്.  വടക്കന്‍ യമനിലെ സുപ്രധാന തുറമുഖമായിട്ടാണ് ഹൂഥി നിയന്ത്രണത്തിലുള്ള ഹുദൈദ കണക്കാക്കപ്പെടുന്നത്. ദാരിദ്ര്യവും തൊലിയുടെ ഇരുണ്ട നിറവും കാരണം ചരിത്രപരമായി തന്നെ അതിക്രമത്തിനിരയക്കാപ്പെട്ടവരാണ് അവിടത്തുകാര്‍. തരംതാണ പണികളിലേര്‍പ്പെടുന്ന 'വേലക്കാരായിട്ടാണ്' അവര്‍ ഗണിക്കപ്പെടുന്നത്. ഭൂതകാലത്ത് അവഗണിക്കപ്പെട്ടതു പോലെ ഹുദൈദ ഉപരോധിക്കപ്പെട്ടപ്പോള്‍ അവരനുഭവിക്കുന്ന ദുരന്തവും അവഗണിക്കപ്പെടുകയാണ്. മറ്റാരും അനുഭവിച്ചിട്ടില്ലാത്ത ദുരന്തമാണ് അവരിന്ന് അനുഭവിക്കുന്നത്.

അവര്‍ നേരിടുന്ന ദുരന്തങ്ങളുടെ പുസ്തകത്തിലെ ഒരധ്യായം മാത്രമാണ് പട്ടിണി. സംഘട്ടനങ്ങള്‍ നാടിനെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. കണക്കില്ലാതെ നിരപരാധികളുടെ രക്തം ഏറെ ചിന്തപ്പെട്ടിരിക്കുന്നു. സന്‍ആയില്‍ അനുശോചന പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 140 പേരാണ് കൊല്ലപ്പെട്ടത്. 500ല്‍ പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുഗാ, തൈസ്, ഇബ്ബ തുടങ്ങിയിടങ്ങളിലും സമാനമായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. മാത്രമല്ല, രാജ്യത്തിന്റെ ഭരണചക്രത്തിന് തളര്‍വാതം പിടിപെട്ടിരിക്കുകയാണ്. അതിന്റെ ഫലമായി മൂന്ന് മാസത്തിലേറെയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട്. ഹൂഥികള്‍ തങ്ങളുടെ താവളങ്ങളില്‍ നിന്ന് പുറത്തിറങ്ങി മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ കൂട്ടുപിടിച്ച് 2014 സെപ്റ്റംബറില്‍ സന്‍ആ നഗരത്തിന് മേല്‍ ആധിപത്യം നേടിയത് മുതലാണ് ദുരന്ത ചരിത്രം ആരംഭിക്കുന്നത്.

അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുഭാഗത്തുള്ള പ്രദേശം എന്ന നിലയില്‍ തന്ത്രപ്രധാനമായ അതിന്റെ സ്ഥാനവും യുദ്ധത്തിലെ സൗദിയുടെ പങ്കും നിലവിലെ അവസ്ഥക്ക് പ്രധാന കാരണമായിട്ടുണ്ട്. യമന്റെ പ്രശ്‌നത്തിന് രാഷ്ട്രീയമായോ മാധ്യമങ്ങളിലോ അര്‍ഹിക്കുന്ന ശ്രദ്ധ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. സിറിയയിലെയും ഇറാഖിലെയും പ്രവര്‍ത്തനങ്ങള്‍ അതിന് സഹായകമായിട്ടുണ്ട്. പരിഗണനയും ശ്രദ്ധയുമെല്ലാം അവിടേക്ക് നീക്കിവെക്കപ്പെടുകയായിരുന്നു. 1926ല്‍ യമന്‍ വിപ്ലവത്തെ സഹായിക്കുകയും തങ്ങളുടെ സൈനികരുടെ രക്തം യമന്‍ മണ്ണിനെ കുടിപ്പിക്കുകയും ചെയ്ത ഈജിപ്ത് ചിത്രത്തിലേ ഇല്ല. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ തന്നെ കെട്ടിപ്പിണഞ്ഞ് കിടക്കുകയാണവര്‍.

എളുപ്പത്തില്‍ പിടിച്ചുവെക്കാമെന്ന് നാം ധരിച്ച 2014ലെ പ്രതിവിപ്ലവത്തിന് അതിന്റെ വേരുകളുറപ്പിക്കാന്‍ സാധിച്ചിരിക്കുന്നു. അതിന് പല കാരണങ്ങളുണ്ടാവാം. ഇറാന്റെ പിന്തുണയുമായി ബന്ധപ്പെട്ടതാണ് ചിലതെങ്കില്‍ വിഭാഗീയപരവും ഗോത്രപരവുമായ ഘടകങ്ങളാണ് മറ്റു ചിലത്. രാഷ്ട്രീയ ശക്തികളുടെ പിളര്‍പ്പും ദൗര്‍ബല്യവും അതിന്റെ കാരണങ്ങളില്‍ പെട്ടതാണ്. സന്‍ആ പിടിച്ചടക്കിയതോടെ വിമതര്‍ ഭരണകൂടത്തെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി മാറുകയായിരുന്നു. ഒരു സമാന്തര ശക്തിയെന്നോണമായിരുന്നു പിന്നീടതിന്റെ പ്രവര്‍ത്തനങ്ങള്‍.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ സായുധ ഏറ്റുമുട്ടല്‍ നടക്കാത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ല. അനുരഞ്ജന ചര്‍ച്ചകളും അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാക്കിയില്ല. പലതവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അതിനേക്കാള്‍ വേഗത്തിലത് ലംഘിക്കപ്പെടുകയും ചെയ്തു. പ്രത്യേക ദൂതനായിരുന്ന ജമാല്‍ ബിന്‍ ഉമര്‍ രാജിവെക്കുകയും ഇസ്മാഈല്‍ വലദുശ്ശൈഖ് പകരം വരികയും ചെയ്‌തെങ്കിലും അനുരഞ്ജന ചര്‍ച്ചകള്‍ക്ക് കാലിടറുകയും പരാജയപ്പെടുകയും ചെയ്തു. പറയത്തക്ക നേട്ടങ്ങളൊന്നും അതുകൊണ്ടുണ്ടായിട്ടില്ല. അവസാനം അദ്ദേഹമിപ്പോള്‍ ഒരു 'റോഡ് മാപ്പ്' മുന്നോട്ടുവെച്ചിരിക്കുകയാണ്. സൗദി, യു.എ.ഇ, അമേരിക്ക, ബ്രിട്ടന്‍ എന്നീ കക്ഷികളുമായി ചര്‍ച്ച നടത്തിയാണ് അദ്ദേഹമത് തയ്യാറാക്കിയതെന്ന് ചില റിപോര്‍്ട്ടുകളുണ്ട്.

യമനിനെ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കുന്നതിന് മുമ്പും നീക്കങ്ങളുണ്ടായിട്ടുണ്ട്. മുന്‍ യമന്‍ പ്രസിഡന്റ് മുഹ്‌സിന്‍ അല്‍ഐനി മുന്നോട്ടു വെച്ചതാണ് അതിലൊന്ന്. ദക്ഷിണ യമനിന്റെ മുന്‍ പ്രസിഡന്റ് അലി നാസിര്‍ മുഹമ്മദ് മുന്നോട്ടുവെച്ചതാണ് മറ്റൊന്ന്. (ഇരുവരും കെയ്‌റോയിലാണ് ഇപ്പോള്‍ വസിക്കുന്നത്) എന്നാല്‍ ഇസ്മാഈല്‍ വലദുശ്ശൈഖിന്റെ പ്രൊജക്ട് പുതിയ ഒന്നാണ്. കക്ഷികള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണത്.

പ്രസിഡന്റിന്റെ അധികാരങ്ങള്‍ വൈസ് പ്രസിഡന്റിന് നല്‍കുന്ന 2012ലെ 'ഗള്‍ഫ് നിര്‍ദേശത്തിന്' സമാനമായ ഒന്ന് തന്നെയാണിതും. പ്രസിഡന്റായിരുന്ന അലി അബ്ദുല്ല സാലിഹ് വൈസ് പ്രസിഡന്റായ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്ക് അധികാരം കൈമാറാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. പിന്നീട് ഹാദി പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. വലദുശ്ശൈഖിന്റെ പരിഹാര നീക്കമനുസരിച്ച് ഹാദി അധികാരം എല്ലാവര്‍ക്കും യോജിപ്പുള്ള വൈസ് പ്രസിഡന്റിന് കൈമാറണം. എന്നാല്‍ അടുത്ത തെരെഞ്ഞെടുപ്പ് നടക്കുന്നത് വരെ ആലങ്കാരികമായി പ്രസിഡന്റ് സ്ഥാനത്ത് ഹാദി തന്നെയായിരിക്കും. ഹാദിയുടെ പാളയത്തിലുള്ളവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. വലദുശ്ശൈഖ് സാലിഹും ഹൂഥികളും പറഞ്ഞതനുസരിച്ച് ചെയ്യുകയാണെന്നായിരുന്നു അവര്‍ ആരോപിച്ചത്. തെരെഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനോട് തന്റെ അധികാരത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ പറയാന്‍ എന്തവകാശമാണ് ഉള്ളതെന്നാണ് അവര്‍ ചോദിക്കുന്നത്. 2014 സെപ്റ്റംബര്‍ 21നുണ്ടായ ഹൂഥി വിപ്ലവത്തിന് ആധികാരികത നല്‍കുക കൂടിയാണ് അതിലൂടെ എന്നും അവര്‍ വിലയിരുത്തി. നിലവിലെ വൈസ് പ്രസിഡന്റ് അലി മുഹ്‌സിന്‍ അഹ്മദിനെ കൂടി അദ്ദേഹത്തിന്റെ പ്രശ്‌ന പരിഹാര ഫോര്‍മുല ലക്ഷ്യം വെക്കുന്നുണ്ടെന്നും അവര്‍ വിമര്‍ശിച്ചു. അദ്ദേഹം രാജിവെച്ച് ഹൂഥികള്‍ കൂടി അംഗീകരിക്കുന്ന ഒരു വൈസ് പ്രസിഡന്റിനെ കൊണ്ടുവരാനാണ് അത് വഴിയൊരുക്കുന്നത്. ഉടമ്പടി ഒപ്പുവെച്ച് മുപ്പത് ദിവസത്തിനകം ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കണമെന്നും അത് നിര്‍ദേശിക്കുന്നു. അതോടൊപ്പം ഹൂഥികളും സാലിഹും ഈ പ്ലാനിനെ എതിര്‍ക്കുകയാണ് ചെയ്തത്. സന്‍ആയില്‍ നിന്ന് പിന്‍വാങ്ങുക, ശക്തവും ഇടത്തവും ശേഷിയുള്ള മുഴുവന്‍ ആയുധങ്ങളും കൈമാറുക, ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്കും അംഗീകരിക്കാനാവുന്നതായിരുന്നില്ല. ഹാദിയുടെ പാളയത്തിലുള്ളവര്‍ തങ്ങളുടെ നിയമസാധുതക്ക് മേലുള്ള കൈകടത്തലും അട്ടിമറിക്കും അതുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കും നേരെയുള്ള കണ്ണടക്കലുമായിട്ടാണ് പ്രസ്തുത പ്ലാനിനെ കണക്കാക്കിയത്.

വലദുശ്ശൈഖിന്റെ പ്ലാനിന് മുന്നില്‍ മറ്റ് രണ്ട് പ്രതിബന്ധങ്ങള്‍ കൂടിയുണ്ട്. ഹാദിയും കൂട്ടരും അധികാരത്തില്‍ മുറുകെ പിടിച്ചിരിക്കുകയാണെന്നതാണ് അതില്‍ ഒന്നാമത്തേത്. സുപ്രധാനവും രണ്ടാമത്തേതുമായ വിഷയം ഹൂഥികളുടെ പ്രവര്‍ത്തനങ്ങളിലുള്ള സൗദിയുടെ അസ്വസ്ഥതയാണ്. പ്രദേശത്തെ ഇറാന്റെ സ്വാധീനത്തെയാണ് ഹൂഥികള്‍ പ്രതിനിധീകരിക്കുന്നത് എന്നതാണ് പ്രശ്‌നം. തങ്ങളുടെ ദക്ഷിണ അതിര്‍ത്തിയിലെ ഇറാന്‍ സ്വാധീനം ദേശീയ സുരക്ഷക്ക് നേരെയുള്ള വെല്ലുവിളിയായിട്ടാണ് സൗദി പരിഗണിക്കുന്നത്. മാത്രമല്ല, ഇറാന്റെ കടന്നുവരവ് ഗള്‍ഫ് പ്രദേശത്തിന്റെ തന്നെ സുരക്ഷക്ക് നേരെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

ഹൂഥികള്‍ക്കും യമന്‍ ഭരണകൂടത്തിനും ഇടയിലുള്ള സംഘട്ടനത്തില്‍ ചുരുങ്ങിയത് പതിനായിരം യമനികളെങ്കിലും കൊല്ലപ്പെടുകയും മൂന്ന് ദശലക്ഷം പേരെങ്കിലും കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരന്തം പേറുന്നവരെ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകളാണ് ഐക്യരാഷ്ട്രസഭയും അനുബന്ധ സംവിധാനങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

എന്തൊക്കെ തന്നെയാണെങ്കിലും യുദ്ധം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യമനികളെ പട്ടിണിക്കിടലും നശിപ്പിക്കലും തുടരുന്നു. ഹൂഥികളുടെ ശക്തിക്ഷയിപ്പിക്കാനോ കീഴൊതുക്കാനോ ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്നാണ് പിന്നിട്ട മുപ്പത് മാസങ്ങള്‍ വെളിപ്പെടുത്തുന്നത്. ഭരണകൂടത്തെ താഴെയിറക്കി തങ്ങളുടെ പൂര്‍ണാധിപത്യം കൊണ്ടുവരാന്‍ ഹൂഥികള്‍ക്കും കഴിയുന്നില്ല. ഒരുതരം മരണക്കുരുക്കിലാണിന്ന് യമന്‍. യുദ്ധം തുടരുന്നത് ഒരു തരം കൂട്ടആത്മഹത്യയായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. യമനില്‍ നാശവും മരണവും വിതച്ചത് മുന്നോട്ടു പോവുകയാണ്.

കഴിഞ്ഞ മുപ്പത് മാസമായി ലബനാന്‍ ഒരു മരണക്കുരുക്കിലായിരുന്നു. യമനിലെ പോലെ രക്തരൂഷിതമായിരുന്നില്ല അത്, രാഷ്ട്രീയമായിരുന്നു. ലബനാന്‍ പാര്‍ലമെന്റ് 45 തവണ കൂടിയെങ്കിലും പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിരിച്ചുവിടപ്പെട്ടു. അവസാനം അവര്‍ പരിഹാരത്തിലെത്തിയിരിക്കുന്നു. ലബനാന്റെ ശരീരത്തില്‍ വലിയ മുറിവുകളുണ്ടാക്കിയ യുദ്ധത്തില്‍ ജീവിച്ചവരായിരുന്നു അവര്‍. ആ അവസ്ഥ തുടര്‍ന്നാല്‍ രാജ്യം തന്നെ ഇല്ലാതാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ രക്ഷക്ക് ഒരടി പിന്നോട്ടു വെക്കാന്‍ എല്ലാവരും തയ്യാറാവുകയും ചെയ്തു. സമാനമായ രീതിയില്‍ മാത്രമേ യമനിലും പരിഹാരം സാധ്യമാകൂ. അത്ര എളുപ്പമുള്ള സംഗതിയായിരിക്കില്ല അത്. കാരണം ലബനാനിലെ രാഷ്ട്രീയ ബോധം യമനിലേതിനേക്കാള്‍ ഒന്നുകൂടി പാകപ്പെട്ടതാണ്.

സംഗ്രഹം: നസീഫ്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics