മ്യാന്‍മറിനെ റോഹിങ്ക്യന്‍ മുക്തമാക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്

റോഹിങ്ക്യകളെ ഇല്ലാതാക്കാനുള്ള ആസൂത്രിതമായ പദ്ധതികളാണ് മ്യാന്‍മറിലെ മുന്‍ സൈനിക ഭരണകൂടങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അറാകാനിലെ രക്തചൊരിച്ചില്‍ തുടരുകയാണിപ്പോഴും. റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സംരക്ഷണത്തിനായി അടിയന്തിരമായ രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയാണ് റോഹിങ്ക്യന്‍ ദേശീയ സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറിയും Rohingya Vision ടിവി ഡയറക്ടറുമായ അത്വാ അല്ലാഹ് നൂര്‍ അറാകാനി പങ്കുവെക്കുന്നത്: അദ്ദേഹവുമായി അല്‍മുജ്തമഅ് മാസിക നടത്തിയ അഭിമുഖം:

റോഹിങ്ക്യകള്‍ക്കെതിരെ പലതരത്തിലുമുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ, അതില്‍ പ്രധാനമായത് വളരെ ചുരുക്കി ഒന്നു വിവരിക്കാമോ?
ധാരാളം അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. വെടിവെച്ചും കത്തിയോ കഠാരയോ ഉപയോഗിച്ച് കശാപ്പ് ചെയ്തും ജീവനോടെ ചുട്ടുമെല്ലാം കൊലകള്‍ നടക്കുന്നുണ്ട്. അവരുടെ വീടുകളും ഗ്രാമങ്ങളും ഒന്നിച്ച് തീവെക്കുകയും ചെയ്യുന്നു. അപ്രകാരം കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിച്ച് സമീപ നാടുകളിലേക്ക് പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. സന്നദ്ധ സഹായ സംഘങ്ങള്‍ക്കും മെഡിക്കല്‍ സംഘങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി അവര്‍ക്ക് ഭക്ഷണവും മരുന്നും നിഷേധിക്കുകയും സഹായമെത്തുന്നത് തടയുകയും ചെയ്യുന്നു. അതിനൊപ്പം മതരപരമായ ലംഘനങ്ങളും അവര്‍ക്ക് നേരെ നടക്കുന്നു. ബാങ്ക് വിളിക്കുന്നതിനും മസ്ജിദുകള്‍ നിര്‍മിക്കുന്നതിനും സംഘടിതമായി നമസ്‌കരിക്കുന്നതിനും ഖുര്‍ആന്‍ പഠനത്തിനും ഏര്‍പ്പെടുത്തുന്ന വിലക്ക് അതില്‍പ്പെട്ടതാണ്. എത്രത്തോളമെന്നാല്‍ മുസ്‌ലിം പേരുകള്‍ വിളിക്കുന്നതിന് പോലും നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്.

പ്രതിപക്ഷ നേതാവായിരുന്ന സൂകിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വന്നാല്‍ റോഹിങ്ക്യന്‍ വംശജരുടെ ദുരിതം ലഘുകരിക്കപ്പെടുമെന്ന് ചിലരെങ്കിലും വിശ്വസിച്ചിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷക്ക് വിരുദ്ധമായിട്ടാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. നിലവിലെ സംഭവങ്ങളെ എങ്ങനെ വിശകലനം ചെയ്യുന്നു?
മ്യാന്‍മറിലെ തീവ്രവലതുപക്ഷ വിഭാഗങ്ങളുടെ ആസൂത്രിതമായ പദ്ധതിയാണിത്. സൈന്യത്തിലും സന്യാസി വിഭാഗത്തിലും അവരുടെ സാന്നിദ്ധ്യമുണ്ട്. ഓരോ തവണയും രംഗം ശാന്തമാകാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ പുതിയ ഏറ്റുമുട്ടലുകളുണ്ടാക്കുകയും സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുകയുമാണ് ചെയ്യുന്നത്. മര്‍ദനങ്ങള്‍ ഇനിയും തുടരുമെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. മ്യാന്‍മറിലെ മുന്‍ സൈനിക ഭരണകൂടങ്ങള്‍ തയ്യാറാക്കിയ ആസൂത്രിതമായ പദ്ധതിയാണിപ്പോള്‍ നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അറാകാന്‍ പ്രവിശ്യ റോഹിങ്ക്യന്‍ മുസ്‌ലിംകളില്‍ നിന്ന് മുക്തമാക്കി അവരുടെ ഭൂമിയും വസ്തുകവകകളും ബുദ്ധന്‍മാര്‍ക്ക് നല്‍കുക എന്നതാണത്. സിവിലിയന്‍മാരെ സംരക്ഷിക്കുന്നതില്‍ നിലവിലെ ഭരണകൂടം അശക്തമായിരിക്കുന്നിടത്തോളം കാലം കാര്യങ്ങള്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് നീങ്ങും. ഭരണകൂടം അതിനെതിരെയുള്ള പദ്ധതികളെ നേരിടുന്നതിന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാജ്യത്തെ തീവ്രവലതുപക്ഷ സംഘങ്ങള്‍ ഭരണകൂടത്തെ താഴെയിറക്കുകയെന്ന ഉദ്ദേശ്യത്തോടെ എല്ലായിടത്തും അതിനായി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബുദ്ധ സന്ന്യാസിമാരാണ് അതിന്റെ മുന്‍പന്തിയിലുള്ളത്.

അടുത്തകാലത്ത് അറാകാനിലെ അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തീരുമാനങ്ങളുണ്ടായിരുന്നല്ലോ. എന്ത് സന്ദേശമാണ് അതുനല്‍കുന്നത്? എന്തൊക്കെ പ്രതിഫലനങ്ങളാണ് അതുണ്ടാക്കുന്നത്?
നേരത്തെയുണ്ടായിരുന്ന സൈനിക ഭരണകൂടങ്ങള്‍ക്ക് മ്യാന്‍മറില്‍ നിന്ന് റോഹിങ്ക്യകളെ ഒഴിപ്പിക്കാനും പല പ്രദേശങ്ങളിലും കഴിയുന്ന ബുദ്ധന്‍മാര്‍ക്ക് റോഹിങ്ക്യകള്‍ വസിച്ചിരുന്ന പ്രദേശങ്ങളും വീടുകളും അനുവദിച്ചു നല്‍കാനുമുള്ള പദ്ധതികള്‍ ഉണ്ടായിരുന്നു. നിലവില്‍ അറാകാനിലുള്ള പ്രാദേശിക ഭരണസംവിധാനം ബംഗ്ലാദേശില്‍ നിന്നുള്ള വിദേശികളായ ബുദ്ധന്‍മാരുടെ പ്രവേശനം കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ ആളുകള്‍ തന്നെ അവരെ സ്വീകരിക്കുകയും വലിയ തുക സമ്മാനിക്കുകയും ചെയ്യുന്നു. പിന്നീട് ആട്ടിയോടിക്കപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്ത റോഹിങ്ക്യകളുടെ ഭൂമിയില്‍ അവര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുകയും ചെയ്യുന്നു.

ശാരീരികമായ ഉന്മൂലനത്തിന് അറുതി വരുത്താന്‍ പ്രായോഗികമായി എന്തു ചെയ്യാനാവുമെന്നാണ് നിങ്ങളഭിപ്രായപ്പെടുന്നത്?
ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പ്രശ്‌നം ഏറ്റെടുത്ത് രക്ഷാസമിക്ക് മുന്നാകെ വെക്കണമെന്നാണ് ഞങ്ങളാവശ്യപ്പെടുന്നത്. റോഹിങ്ക്യകള്‍ക്ക് പൗരത്വം അനുവദിക്കുകയും അവരെ രാജ്യത്തെ പൗരന്‍മാരായി കണക്കാക്കുകയും ചെയ്യുന്നതിന് മ്യാന്‍മര്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന യു.എന്‍ പ്രമേയം ഇറക്കുകയും വേണം. അപ്രകാരം റോഹിങ്ക്യകള്‍ക്ക് കൊലയില്‍ നിന്നും തീവെപ്പില്‍ നിന്നും ആട്ടിയോടിക്കലില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് സമാധാന സേനയെ അയക്കുകയും ചെയ്യണം. റോഹിങ്ക്യകള്‍ക്കെതിരെ നിത്യേനെയെന്നോണം കൂട്ടകശാപ്പുകള്‍ നടത്തുന്ന മ്യാന്‍മറിലെ യുദ്ധക്കുറ്റവാളികള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുന്നതിന് ഞങ്ങളോടും റോഹിങ്ക്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരോടും ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ സഹകരിക്കണം.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് എന്ത് മാനുഷിക സഹായമാണ് നിങ്ങള്‍ തേടുന്നത്?
മുസ്‌ലിം ലോകത്തോടും ഇസ്‌ലാമിക സമൂഹങ്ങളോടും നിരവധി കാര്യങ്ങള്‍ ആവശ്യപ്പെടാനുണ്ട്. അറാകാനില്‍ തന്നെയുള്ളവര്‍ക്ക് വേണ്ടതും പല രാജ്യങ്ങളിലേക്കും പലായനം ചെയ്തവര്‍ക്കും വേണ്ടിയുള്ള കാര്യങ്ങളുണ്ട്. അറാകാനിലുള്ളവര്‍ക്ക് വേണ്ടത് കൊലയില്‍ നിന്നും തീവെപ്പില്‍ നിന്നും ആട്ടിയിറക്കലില്‍ നിന്നുമുള്ള സംരക്ഷണമാണ്. അതുപോലെ ആഹാരവും മരുന്നും വിദ്യാഭ്യാസവും അവരുടെ ആവശ്യമാണ്. പുറത്തുള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണം. റോഹിങ്ക്യന്‍ ആക്ടിവിസ്റ്റുകള്‍ക്ക് സമാധാനപരമായി സമരം നടത്തുന്നതിനുള്ള വഴികള്‍ ഒരുക്കിക്കൊടുക്കണം. അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങളിലും മറ്റ് ലോക രാഷ്ട്രങ്ങളിലും സഞ്ചരിക്കുന്നതിനുള്ള സൗകര്യം നല്‍കിയായിരിക്കണം അത്. അവര്‍ നിര്‍വഹിക്കുന്ന മഹത്തായ ദൗത്യത്തിന് വേണ്ടി അവരില്‍ ചിലരെ ഏറ്റെടുക്കുകയും രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് പാസ്‌പോര്‍ട്ട് പോലുള്ള ഔദ്യോഗിക രേഖകള്‍ നല്‍കുകയും വേണം. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭരണകൂടങ്ങളിലെ ഉത്തരവാദപ്പെട്ടവരുമായി കൂടിക്കാഴ്ച്ചകള്‍ക്കുള്ള അവസരങ്ങളും അവര്‍ക്ക് ഒരുക്കണം.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics