ആദ്യം സ്വന്തത്തോടാവട്ടെ ഉപദേശം

أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ أَفَلَا تَعْقِلُونَ

സൂറത്തുല്‍ ബഖറയിലെ ഈ സൂക്തവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇസ്രായീല്‍ വംശജരെയാണ് അല്ലാഹു ഈ സൂക്തത്തില്‍ അഭിസംബോധ ചെയ്യുന്നത്.
നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ കല്‍പിക്കുകയും സ്വന്തം കാര്യത്തിലത് മറക്കുകയുമാണോ? അതും വേദം ഓതിക്കൊണ്ടിരിക്കെ? നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ?

നിങ്ങള്‍ ജനങ്ങളോട് നന്മ ചെയ്യാന്‍ പറയുകയും അതേസമയം നിങ്ങള്‍ അത് ചെയ്യാതിരിക്കുകയും ചെയ്യുന്നു; അതെന്തു കൊണ്ടാണ്? എന്നാണ് ഈ സൂക്തത്തിന്റെ അടിസ്ഥാന അര്‍ത്ഥം.

ഇനി നമുക്ക് കുറച്ച് കൂടി ആഴത്തിലേക്ക് ഇറങ്ങി ചെന്നുനോക്കാം.

ആദ്യമായി, ഇത്തരം ആളുകള്‍ വേദഗ്രന്ഥം വായിക്കുന്നവരാണെന്ന വൈരുദ്ധ്യവും അല്ലാഹു സൂചിപ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ വേദഗ്രന്ഥം വായിക്കുന്നവര്‍ സ്വന്തത്തെ കുറിച്ചായിരിക്കണം പ്രഥമമായി ചിന്തിക്കേണ്ടത് എന്ന ആശയമാണ് ഇവിടെ പ്രതിഫലിക്കുന്നത്. ഞാന്‍ എന്നെ കുറിച്ചായിരിക്കണം ചിന്തിക്കേണ്ടത്. മറ്റുള്ളവരെ തെറ്റുകള്‍ ചൂണ്ടികാണിക്കാനോ അല്ലെങ്കില്‍ നല്ലൊരു പ്രഭാഷണം തയ്യാറാക്കാന്‍ വേണ്ടിയോ ആവരുത് നാം ഖുര്‍ആനില്‍ പരതേണ്ടത്. ആര്‍ക്കെങ്കിലും ഒരു ഉപദേശം കൊടുത്തു കളയാം എന്ന മനസ്സോടെയാവരുത് ഖുര്‍ആന്‍ വായന. വേദഗ്രന്ഥം വായിച്ചതിന് ശേഷം ആദ്യം ഉപദേശിക്കേണ്ടത് സ്വന്തത്തെ തന്നെയാണ്.

പ്രഭാഷണത്തിന് വേണ്ട കുറിപ്പുകള്‍ തയ്യാറാക്കാന്‍ വേണ്ടിയായിരിക്കും ചിലപ്പോള്‍ ആളുകള്‍ ഖുര്‍ആന്‍ വായിച്ചും, പ്രസംഗങ്ങള്‍ കേട്ടും പോയിന്റുകള്‍ എഴുതിയെടുക്കാറുള്ളത്. അങ്ങനെ എഴുതിയെടുക്കുന്നതില്‍ ഒരു കുഴപ്പവുമില്ല, പക്ഷെ ആദ്യമായി സ്വന്തത്തിന് വേണ്ടി ഉപകാരപ്പെടണം എന്ന മനസ്സോടെയായിരിക്കണം നിങ്ങള്‍ അത് എഴുതിയെടുക്കേണ്ടത്. പ്രസ്തുത സൂക്തങ്ങള്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുകയും, അവക്ക് നിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുകയും ചെയാല്‍ 'ഇത് മറ്റൊരാളുമായി പങ്കുവെച്ചാല്‍ നല്ലതായിരിക്കും' എന്ന് സ്വയം പറയാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് ഉറപ്പിക്കാം.

ഇനി നിങ്ങള്‍ക്കതിനുള്ള അര്‍ഹത കൈവരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ഖുര്‍ആന്‍ വായന കേവലം പൊള്ളയായ ഒരു കാട്ടിക്കൂട്ടല്‍ മാത്രമാണെന്ന് സാരം. അതായത്, മറ്റുള്ളവരെ പഠിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നിങ്ങള്‍ ഈ മതത്തെ കുറിച്ച് പഠിക്കുന്നത്; ചിലപ്പോള്‍ മറ്റുള്ളവരില്‍ തന്നെ കുറിച്ച് മതിപ്പ് ഉണ്ടാക്കിയെടുക്കാനായിരിക്കും ഈ അഭ്യാസം, അല്ലെങ്കില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടായിരിക്കും.

അതുകൊണ്ടാണ് അല്ലാഹു പറയുന്നത്, 'നിങ്ങള്‍ ചിന്തിക്കുന്നില്ലെ?' സൂക്തത്തിന്റെ ഈ ഭാഗം വളരെ ഉച്ചത്തിലാണ് എന്നോട് സംസാരിക്കുന്നത്; ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സമയത്തെല്ലാം, 'നിങ്ങള്‍ ചിന്തിക്കുന്നില്ലേ?', എന്ന ചോദ്യം തലക്കുള്ളില്‍ മുഴങ്ങേണ്ടതുണ്ട്. 'അതെ ഞാനിത് വായിക്കുന്നുണ്ട്, പഠിക്കുന്നുണ്ട് പക്ഷെ ആദ്യമായും അവസാനമായും ഇത് എന്റെ സ്വന്തത്തിന് വേണ്ടിയുള്ളതാണ്'.

നമുക്കറിയാം, നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കും പക്ഷെ എന്തിനാണ് അതെല്ലാം നാം പഠിക്കുന്നത് എന്നതിനെ സംബന്ധിച്ച് നാം ആലോചിക്കുന്നുണ്ടാവില്ല. നാം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും, സൂക്തങ്ങളുടെ അര്‍ത്ഥങ്ങള്‍ പഠിക്കുന്നതും, പ്രവാചകന്റെ ഹദീഥുകള്‍ വായിക്കുന്നതുമെല്ലാം ആത്യന്തികമായി ഒരേയൊരു ലക്ഷ്യത്തിന് വേണ്ടിയാണെന്ന് നാം നമ്മുടെ സ്വന്തത്തെ ഓര്‍മപ്പെടുത്തേണ്ടതുണ്ട്, അതായത് ആദ്യം നമ്മുടെ സ്വന്തത്തിനാണ് അതുകൊണ്ട് ഉപകാരപ്പെടേണ്ടത്, അതിന് ശേഷമാണ് മറ്റുള്ളവര്‍ക്ക് അത് പകരേണ്ടത്.

വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, മറിച്ച് ഒരു സമൂഹമെന്ന നിലയില്‍ മുസ്‌ലിം ഉമ്മത്തിന്റെ കാര്യത്തിലും ഈ സൂക്തം ഇടപെടുന്നുണ്ട്. മറ്റു സമുദായങ്ങള്‍, ജനവിഭാഗങ്ങള്‍, രാജ്യങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വിധി പുറപ്പെടുവിക്കാന്‍ എളുപ്പം സാധിക്കും. 'അവരെല്ലാം അങ്ങനെയാണ്. അവരെല്ലാം ഇങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ആരെയും വളരെ എളുപ്പം അടിച്ചാക്ഷേപിക്കുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്. നമ്മളും അങ്ങനെ ചെയ്യുന്നുണ്ട് എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ കാണിക്കുന്ന സൂക്ഷ്മപരിശോധന നാം സ്വന്തം കാര്യത്തില്‍ കാണിക്കാറില്ല.

'ശരിയാണ്, അവിശ്വാസികളാല്‍ നാം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ചീത്തയായത്. അവരുടെ ദുസ്വാധീനം നമ്മളെ ബാധിച്ചിട്ടുണ്ട്.' എന്ന തരത്തില്‍ സ്വന്തത്തെ കുറിച്ച് സംസാരിക്കുന്ന മുസ്‌ലിംകളെ ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ ദുഷിച്ചു പോയതിന് മറ്റുള്ളവരെ പഴിചാരരുത്. നമ്മുടെ ചെയ്തികള്‍ക്ക് നാം തന്നെയാണ് അല്ലാഹുവിന്റെ മുന്നില്‍ ഉത്തരവാദികള്‍. നമ്മുടെ കുറ്റങ്ങള്‍ക്ക് കാരണം മറ്റുള്ളവരുടെ മേല്‍ ചുമത്താന്‍ ഒരിക്കലും സാധിക്കില്ല. 'ഇത് ഞങ്ങളുടെ തെറ്റല്ല, അവരാണ് തെറ്റുകാര്‍. അവരാണ് ഞങ്ങളെ ദുഷിപ്പിച്ചത്.' എന്നൊന്നും പറഞ്ഞ് അല്ലാഹുവിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ഒരിക്കലും സാധിക്കില്ല. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.

അതിനാല്‍, വ്യക്തികളെന്ന നിലക്കും, ഒരു സമൂഹമെന്ന നിലക്കും ആത്മപരിശോധനാ മനസ്സോടെ ഖുര്‍ആന്‍ വായിക്കാനും പഠിക്കാനും ശ്രമിക്കുക. പരലോക വിജയികളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഓരോരുത്തരെയും ഉള്‍പ്പെടുത്തട്ടെയെന്ന പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics