ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക

ചിറ്റഗോഗിലെ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന ഒരു വൈജ്ഞാനിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി 1993ല്‍ ഞാന്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. എന്നെ സംബന്ധിച്ചടത്തോളം വ്യത്യസ്തമായ ഒരനുഭവമായിരുന്നു ആ യാത്ര. അറബ് ലോകത്തുള്ളവര്‍ അത്യപൂര്‍വമായി മാത്രമേ ആ ഇസ്‌ലാമിക രാജ്യത്തേക്ക് മുഖം തിരിച്ചിട്ടുള്ളൂ. അറബ് അക്കാദമീഷ്യന്‍മാരോ സാഹിത്യകാരന്‍മാരോ അവിടേക്ക് തിരിച്ചതായി ഞാന്‍ കേട്ടിട്ടില്ല. റിയാദില്‍ ജോലി ചെയ്യുന്നതിനിടെ ഞാന്‍ പരിചയപ്പെട്ട ചിലരുടെ പ്രേരണയാണ് എന്നെ അവിടെ എത്തിച്ചത്.

ഏറെ ദൂരെയുള്ള ആ രാജ്യത്തേക്ക് ഈജിപ്തില്‍ നിന്നും വരുന്ന ഒരാളെന്ന നിലയില്‍ യാത്രയുടെ കടുത്ത പ്രയാസങ്ങള്‍ സഹിച്ച് വരുന്ന ഒരാള്‍ ഞാന്‍ മാത്രമായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ മെലിഞ്ഞ ശരീരപ്രകൃതിയോട് കൂടിയ പ്രായം ചെന്ന ഒരു വ്യക്തിത്വം സമ്മേളനത്തിനായി വരുന്നതാണ് ഞാന്‍ കണ്ടത്. ഇന്ത്യയുടെ മധ്യഭാഗത്തു നിന്നും അതിന്റെ വടക്കേ അതിര്‍ത്തി വരെ സാധാരണ ട്രെയിനില്‍ യാത്ര ചെയ്താണ് അദ്ദേഹം വരുന്നതെന്ന് ആരോ ഒരാള്‍ എന്നോട് പറഞ്ഞു. അവിടെ നിന്ന് ഏതാനും ബന്ധുക്കള്‍ക്കും സഹായികള്‍ക്കും ഒപ്പം ധാക്കയിലേക്ക് വിമാനം കയറുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അവിടെ നിന്നും ചിറ്റഗോഗിലേക്ക് മറ്റൊരു വിമാനം കയറിയാണ് അദ്ദേഹം അവിടെ എത്തിയിരിക്കുന്നത്. അറിയപ്പെടുന്ന പ്രബോധകനും സാഹിത്യകാരനുമായ അബുല്‍ ഹസന്‍ അലി നദ്‌വിയെന്ന പണ്ഡിതനായിരുന്നു അത്.

ഹോട്ടലില്‍ അദ്ദേഹത്തോടൊപ്പം സഹവസിക്കുകയും പല വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തോട് കൂടുതല്‍ അടുക്കുകയും ചെയ്യാമെന്ന് ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. എന്നാല്‍ ഹോട്ടലിലേക്ക് വരാന്‍ അദ്ദേഹം വിസമ്മതിച്ചു. സമ്മേളനം നടക്കുന്ന യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവരുടെ താമസസ്ഥലത്ത് കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. പാശ്ചാത്യ രീതിയിലുള്ള കട്ടിലുകളോ പരവതാനികളോ ഷെല്‍ഫുകളോ ഒന്നും അവിടെയുണ്ടായിരുന്നില്ല.

ഞാന്‍ അതിന്റെ വിശദീകരണം അവിടെയുണ്ടായിരുന്ന ചിലരോട് തേടിയപ്പോള്‍ വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും അതുകൊണ്ട് വന്‍ ഹോട്ടലുകളിലോ ആഢംബര മുറികളിലോ അദ്ദേഹം താമസിക്കാറില്ലെന്നായിരുന്നു അവരില്‍ നിന്നുള്ള മറുപടി. താമസത്തിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല അത്. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിലും ഭക്ഷണത്തിലും ജീവിതശൈലികളിലുമെല്ലാം അത് പ്രകടമായിരുന്നു. വളരെ താഴ്ന്ന നിലവാരത്തിലുള്ള ലളിത ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

ജനനം മുതല്‍ ഈ ലോകത്തോട് വിടപറയുന്നതിന് തൊട്ടുമുമ്പ് വരെയുള്ള അദ്ദേഹത്തിന്റെ ജീവിതരേഖ പ്രസ്തുത ജീവിതത്തിന്റെ വിശദീകരണം നമുക്ക് കാണാം. ബുദ്ധിപരമായിട്ടായിരുന്നു അദ്ദേഹം ജീവിതത്തെ സമീപിച്ചിരുന്നത്. ജീവിതത്തിന്റെ പുറംമോടികള്‍ക്ക് പകരം അതിന്റെ സത്തക്കായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയത്. കേവലം വ്യക്തിപരമായ ഒരു നിലപാടായിരുന്നില്ല അത്. മറിച്ച് ഐഹിക ലോകത്തെ ഒരു ചതിച്ചരക്ക് മാത്രമായി കാണുന്ന ആദര്‍ശത്തിന്റെ ആത്മാവില്‍ നിന്നുള്ളതായിരുന്നു അത്.

ബംഗ്ലാദേശില്‍ നിന്നല്ലാതെ രണ്ട് തവണ കൂടി അദ്ദേഹത്തെ കാണാന്‍ എനിക്കവസരം ലഭിച്ചു. ലഖ്‌നോ ദാറൂല്‍ ഉലൂമിലെ വിദ്യാര്‍ഥികളുടെ സംഘത്തോടൊപ്പം റിയാദില്‍ വെച്ചായിരുന്നു ഒന്നാമത്തേ. മറ്റൊന്ന് ഇസ്തംബൂളില്‍ വെച്ചും. ഇസ്‌ലാമിക സാഹിത്യ സമ്മേളനം നടക്കുന്ന സന്ദര്‍ഭത്തിലായിരുന്നു അത്. എല്ലാ സമയത്തും അദ്ദേഹത്തിന്റെ ചിന്തകളും അഭിപ്രായങ്ങളും എന്നെ സന്തോഷിപ്പിച്ചു.

അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ആത്മകഥാ രചനാരീതിയെ കുറിച്ച് വിവരിക്കുന്നതിന് മുമ്പ് ആത്മകഥയെയും അതിന്റെ സവിശേഷതകള്‍ക്കുമായി അല്‍പസമയം നീക്കിവെക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും അതിന്റെ വിശദാംശങ്ങളും പ്രതിഫലിപ്പിക്കുന്നതിലുള്ള ജന്മസിദ്ധി എത്രത്തോളമാണെന്ന് ബോധ്യപ്പെടുന്നതിന് അതാവശ്യമാണ്. (തുടരും)

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക - 2

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics