പുരുഷന്‍ ഇണയില്‍ നിന്നും പ്രതീക്ഷിക്കുന്നത്

മനസ്സിന്റെ നന്മയാണ് പുരുഷന്‍ സ്ത്രീയില്‍ ഇഷ്ടപ്പെടുന്ന പ്രധാന ഗുണം. അതുകൊണ്ട് നല്ല മനസ്സിനുടമയായി മാറാന്‍ നീ ശ്രമിക്കണം. സ്വാഭാവികത കാത്തുസൂക്ഷിച്ച് പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്ന സ്ത്രീയെ പുരുഷന്‍ ഇഷ്ടപ്പെടുന്നു. അവളുടെ പ്രവര്‍ത്തനത്തിലോ സംസാരത്തിലോ കൃത്രിമത്വം ഉണ്ടായിരിക്കുകയില്ല. അവളോടൊപ്പമുള്ള ജീവിതം ഒരു തുറന്ന പുസ്തകമായി അവന് അനുഭവപ്പെടും. ആ സുതാര്യതയും തുറന്നു പറച്ചിലും അവനില്‍ നിന്നുമുണ്ടാവുകയും ചെയ്യും.

എല്ലാറ്റില്‍ നിന്നും പിന്തിരിപ്പിക്കുന്ന സ്ത്രീയെയല്ല, മറിച്ച് പ്രോത്സാഹനം നല്‍കുന്നവളെയാണ് പുരുഷന്‍ ഇഷ്ടപ്പെടുന്നത്. ഭാര്യ അവനോട് പറയുകയാണ്: ''ആളുകളോടുള്ള നിങ്ങളുടെ സല്‍പെരുമാറ്റം അല്ലാഹുവിന്റെ അടുക്കല്‍ താങ്കള്‍ക്ക് ഉയര്‍ന്ന പദവികള്‍ സമ്മാനിക്കും.'' അപ്രകാരം അവന്റെ കാര്യങ്ങള്‍ പരിഗണിക്കുന്ന ഭാര്യയെ അവന്‍ കൂടുതല്‍ ഇഷ്ടപ്പെടും. ''ഇന്ന് നിങ്ങള്‍ക്ക് വേണ്ടി എന്താണ് ഞാന്‍ ചെയ്യേണ്ടത്?'' എന്നായിരിക്കും അവള്‍ ചോദിക്കുക.

പുരുഷന്‍ തന്റെ ജീവിതത്തോടും ജീവിതയാഥാര്‍ഥ്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീയെയാണ് ഇഷ്ടപ്പെടുന്നത്. ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും, സുഖദുഖങ്ങളിലും, ചിന്തകളിലും പദ്ധതികളിലുമെല്ലാം അവള്‍ പങ്കുചേരും. മാറിനിന്ന് കാര്യങ്ങളെ വിലയിരുത്തുന്നവളായിരിക്കില്ല അവള്‍. മറിച്ച് എല്ലായ്‌പ്പോഴും അവന്റെ ജീവിതത്തിന്റെ മധ്യത്തിലായിരിക്കും അവളുടെ ജീവിതം. അപ്രകാരം പുരുഷന്‍ അവളില്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ഗുണമാണ് ആത്മവിശ്വാസം. തന്റെ പേരില്‍ ഭാര്യ അഭിമാനം കൊള്ളുന്നത് പുരുഷനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. നിങ്ങളെ ഇണയായി കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് അവളുടെ നാവില്‍ നിന്ന് കേള്‍ക്കാന്‍ അവനിഷ്ടപ്പെടുന്നു. ഭാര്യയുടെ പ്രശംസ ഇഷ്ടപ്പെടാത്ത പുരുഷന്‍മാരില്ലെന്ന് തന്നെ പറയാം. അറിയാതെ അവനും അവളെ പ്രശംസിക്കും.

തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അനുസരണശീലയായ ഭാര്യയെ അവന്‍ ഇഷ്ടപ്പെടുന്നു. പൂര്‍ണ തൃപ്തിയോടെ അവനെ പരിചരിക്കുന്നവളായിരിക്കും അവള്‍. അവന്റെ ഭാഗത്തു നിന്നുള്ള പരിചരണവും ശ്രദ്ധയും സ്‌നേഹവും ശക്തിപ്പെടുന്നതിന് അത് 'ഭര്‍ത്താവിന്റെ തൃപ്തി നേടി മരണപ്പെടുന്ന സ്ത്രീ സ്വര്‍ഗത്തിലാണ്' എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവളുടെ ഇടപെടലുകള്‍.

എപ്പോഴും പ്രസന്നവദനയായി പുഞ്ചിരിക്കുന്ന ഇണയെയാണ് പുരുഷന്‍ ഇഷ്ടപ്പെടുന്നത്. കുടുംബം പുലര്‍ത്തുന്നതിനായി എത്ര പ്രയാസകരമായ ജോലിയാണ് ചെയ്യുന്നതെങ്കില്‍ പോലും പുരുഷന്‍ തന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷിച്ചാണ് വീട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ അവിടെ തന്നെ കാത്തിരിക്കുന്നത് പ്രസന്നതയില്ലാത്ത കരുവാളിച്ച മുഖമാണെങ്കില്‍ എന്തായിരിക്കും അവസ്ഥ? സ്ത്രീയുടെ പെരുമാറ്റത്തിലെ ശാന്തതയും ശബ്ദത്തിലെ ഒതുക്കവുമാണ് പുരുഷന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ഘടകം. സ്ത്രീകളുടെ അത്യുച്ചത്തിലുള്ള ശബ്ദം വീട്ടില്‍ സംഘര്‍ഷത്തിന് വിത്തുപാകും. അത് കാണുന്ന കുട്ടികള്‍ മുതിര്‍ന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടും.

വീട്ടിനകത്ത് കഴിയുന്നതിനേക്കാള്‍ സമയം വീടിന് പുറത്ത് ചെലവഴിക്കുന്ന ചുറ്റിക്കറങ്ങല്‍ സ്വഭാവക്കാരിയെ പുരുഷന്‍ ഇഷ്ടപ്പെടുന്നില്ല. അത്തരക്കാരികള്‍ക്ക് ദിവസത്തില്‍ ഒരു തവണയെങ്കിലും പുറത്തിറങ്ങിയാലല്ലാതെ സമാധാനം കിട്ടില്ല. വീടിനെ ഒരു ജയിലായി കാണുന്ന അവളുടെ ശ്രമം എപ്പോഴും അതില്‍ നിന്ന് പുറത്തു കടക്കാനായിരിക്കും. നിരന്തരം ഓരോരോ ആവശ്യങ്ങളുയര്‍ത്തി വരുന്ന സ്ത്രീയെയും പുരുഷന്‍ ഇഷ്ടപ്പെടുന്നില്ല. ക്ഷീണിച്ച് വീട്ടിലേക്ക് വന്നു കയറുമ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ ഒന്നുകൂടി അങ്ങാടിയില്‍ പോവണമെന്ന ആവശ്യം പറയാന്‍ അവള്‍ക്ക് മടിയുണ്ടാവില്ല.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics