കാട്ടുതീ അണഞ്ഞു; വെറുപ്പിന്റെ തീനാളങ്ങള്‍ ആര്‍ അണക്കും?

ഇസ്രായേലില്‍ കാട്ടുതീ പടര്‍ന്ന സമയത്ത് ഫലസ്തീന്‍ പൗരന്‍മാര്‍ക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ചേര്‍ന്ന് നടത്തിയ വിദ്വേഷ പ്രചാരണം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ആ സമയത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചപ്പോള്‍ അറബികളെ ജീവനോടെ ചുട്ട് കൊല്ലാനും, അവരുടെ വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കാനും ആഹ്വാനം ചെയ്തു കൊണ്ടുള്ള ആയിരക്കണക്കിന് പ്രതികരണങ്ങളാണ് കാണാന്‍ കഴിഞ്ഞത്.

ഇസ്രായേല്‍ നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂതകുടിയേറ്റക്കാര്‍ ജീവനോടെ ചൂട്ട് കൊന്ന 16 വയസ്സുകാരന്‍ മുഹമ്മദ് അബു ഖദിറിനെയും, 18 മാസം മാത്രം പ്രായമുണ്ടായിരുന്ന അലി ദവാബിഷിനെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്ത് പോവുകയാണ്. അലിയുടെ മാതാപിതാക്കളായ സഈദും റെഹാമും തങ്ങളുടെ കുഞ്ഞിനെ വിഴുങ്ങിയ അതേ തീനാളങ്ങളില്‍ നിന്നുള്ള പൊള്ളലേറ്റ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചവരില്‍ ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇസ്രായേല്‍ അധികൃതര്‍ തയ്യാറായില്ല എന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. തീര്‍ച്ചയായും, ആരെയെങ്കിലും അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ അവസാനം വിരലുകളെല്ലാം ചൂണ്ടുക രാജ്യം നയിക്കുന്നവരിലേക്ക് തന്നെയായിരിക്കും.

അങ്ങനെ തീയെല്ലാം അണഞ്ഞു, ഫലസ്തീനികളാണ് തീ കൊടുത്തത് എന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞു. ജൂതന്മാര്‍ക്കും അറബികള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കണം എന്ന ഇസ്രായേലി നേതൃത്വത്തിന്റെ ആഗ്രഹമാണ് ഇതില്‍ നിന്നും തെളിഞ്ഞ ഒരേയൊരു കാര്യം.

30 ഫലസ്തീന്‍ പൗരന്‍മാരെ ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തതും, പിന്നീട് കുറ്റമൊന്നും ചുമത്താതെ അവരെ വിട്ടയച്ചതുമെല്ലാം തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നു. തങ്ങളുടെ വംശീയ വിദ്വേഷ മുഖം മറച്ചു വെക്കാനും, മുഖം രക്ഷിക്കാനും ഇസ്രായേല്‍ നേതൃത്വം തയ്യാറാക്കിയ ഒരു നാടകമായിരുന്നു തീപിടുത്തത്തിന്റെ പേരില്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തിയ അറസ്റ്റ് കാമ്പയിന്‍.

ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തവരില്‍ ഒരാളാണ് അനസ് അബൂ ദാബിസ്. അദ്ദേഹത്തിന്റെ അറസ്റ്റിന് വ്യാപക മാധ്യമ ശ്രദ്ധ ലഭിച്ചിരുന്നു. അനസിനെയും അവന്റെ കുടുംബത്തിനെയും അവന്‍ താമസിക്കുന്ന ഗ്രാമത്തിനെയും ചുട്ടെരിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള കൊലവിളിയാണ് പിന്നീട് നടന്നത്.

ഒരു വൈരുദ്ധ്യമെന്താണെന്നാല്‍, അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുമ്പ്, ഇസ്രായേലില്‍ കാട്ടുതീ ഉണ്ടായതില്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്തവരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് അനസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. അറബിയിലുള്ള ഒരു ആക്ഷേപഹാസ്യ ഗദ്യമായിരുന്നു അനസിന്റെ പോസ്റ്റ്. എന്നാല്‍ ഗൂഗിള്‍ ട്രാന്‍സലേറ്റ് ഉപയോഗിച്ചാണ് ഇസ്രായേല്‍ പോലിസ് അനസിന്റെ പോസ്റ്റ് വിവര്‍ത്തനം ചെയ്തത്. യഥാര്‍ത്ഥ അര്‍ത്ഥത്തിന് നേര്‍വിപരീതമായ അര്‍ത്ഥമായിരുന്നു ഗൂഗ്ള്‍ ട്രാന്‍സലേറ്ററിലൂടെ ഇസ്രായേല്‍ പോലിസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ പോലിസ് അനസിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജറാക്കുകയും ചെയ്തത്.

കോടതിക്ക് സത്യം ബോധ്യപ്പെട്ടപ്പോള്‍ അനസിനെ വിട്ടയക്കാന്‍ ഉത്തരവിട്ടു. അനസിന് കുറച്ച് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു. അതേ സമയം അദ്ദേഹത്തെ ജീവനോടെ ചുട്ട് കൊല്ലാനുള്ള ആഹ്വാനങ്ങളായിരുന്നു പുറത്ത് അലയടിച്ചിരുന്നത്. അനസ് എഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഇസ്രായേല്‍ പോലിസിന് കഴിയാതെ പോയതുകൊണ്ട് ഉണ്ടായ പ്രശ്‌നങ്ങളാണിതെല്ലാം.

തീപിടുത്തത്തിന്റെ പേരില്‍ ദേര്‍ ഹന്ന എന്ന ഗ്രാമത്തില്‍ നിന്നുള്ള അഞ്ച് കൗമാരക്കാരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവര്‍ക്ക് മേല്‍ ഭീകരവാദ ബന്ധം ചുമത്തപ്പെട്ടു. ഈ കൗമാരക്കാര്‍ക്കെതിരെ തികഞ്ഞ വംശീയ വിദ്വേഷ പ്രചാരണങ്ങളുമായി ഇസ്രായേല്‍ ആഭ്യന്തര മന്ത്രി അര്‍യെ ദേരി രംഗത്ത് വന്നു. ജൂത വീടുകളും, മെസ്ഗാഫ് പ്രവിശ്യയിലെ ഭൂമിയുമെല്ലാം അഗ്നിക്കിരയാക്കിയത് 'ഈ ഭീകരവാദികളാണ്' എന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ ഇസ്രായേല്‍ പൗരത്വം റദ്ദാക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

എന്നാല്‍ അന്വേഷണത്തിന് അഞ്ചില്‍ നാല് പേരെ നിരപരാധികളാണെന്ന് കണ്ട് വിട്ടയക്കുകയാണ് ഉണ്ടായത്. അഞ്ചാമന്റെ പേരില്‍ തന്റെ അറബ് ഗ്രാമത്തിലെ പുല്ലിന് തീയിട്ടതിന് കേസെടുത്തു. എന്നാല്‍ ഭീകരവാദ ബന്ധത്തിന്റെ പേരിലുള്ള യാതൊരു കുറ്റവും ആ കൗമാരക്കാരന്റെ മേല്‍ ചുമത്തപ്പെട്ടിരുന്നില്ല. അതേസമയം, കൗമാരക്കാര്‍ക്കെതിരെ താന്‍ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞ് കൊണ്ടുള്ള ഒരു വാക്ക് പോലും ദേരിയുടെ വായില്‍ നിന്നും പുറത്ത് വന്നില്ല.

കാട്ടുതീയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫലസ്തീനികള്‍ക്കെല്ലാം തന്നെ സമാനമായ അനുഭവങ്ങള്‍ തന്നെയാണ് പറയാനുള്ളത്.

എന്നാല്‍, കാട്ടുതീയില്‍ നൂറ് കണക്കിന് വീടുകള്‍ക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ച ഹൈഫ, സഖ്‌റൂണ്‍ യാക്കൂഭ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

ഇസ്രായേല്‍ നിയമ പ്രകാരം, 'ശത്രുവിന്റെ ആക്രമണ' ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പൗരന്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാറാണ്. വസ്തുവകകള്‍ ഇന്‍ഷൂര്‍ ചെയ്തവര്‍ ഇന്‍ഷൂര്‍ കമ്പനികളെ സമീപിക്കും.

പക്ഷെ, കാട്ടുതീയില്‍ നശിച്ച വീടുകളില്‍ പകുതിയും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. പ്രാഥമിക കണക്കെടുപ്പ് പ്രകാരം, ഏതാണ്ട് 260 മില്ല്യണ്‍ ഡോളറിന്റെ നാഷനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. തീ നിയന്ത്രണവിധേയമായതിന് ശേഷം, ഉടമസ്ഥര്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനായി ടാക്‌സ് അധികൃതരെ സമീപിക്കാന്‍ തുടങ്ങി. കാരണം അവരെല്ലാം 'ഭീകരവാദികളുടെ ആക്രമണത്തിന്' ഇരകളായവരാണല്ലോ.

പക്ഷെ, നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള അവരുടെ അവകാശവാദത്തെ ടാക്‌സ് അധികൃതര്‍ തള്ളികളയുകയാണ് ചെയ്തത്. 'ശത്രുക്കളാണ്' കാട്ടുതീക്ക് കാരണക്കാരെന്നതിന് തെളിവില്ലെന്നും, സംഭവത്തിന്റെ പേരില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു ടാക്‌സ് അധികൃതരുടെ വിശദീകരണം.

ഇതിന് മറുപടിയായി, ഫലസ്തീന്‍ ദേശീയതയുടെ പേരില്‍ അറബികളാണ് തീ കൊടുത്തത് എന്ന് ആരോപിച്ച് കൊണ്ടുള്ള ഇസ്രായേല്‍ മന്ത്രിസഭാംഗങ്ങളുടെ പ്രസ്താവനകള്‍ ഇരകള്‍ ടാക്‌സ് അധികൃതര്‍ക്ക് മുമ്പാകെ നിരത്തി. ടാക്‌സ് അധികൃതരുടെ പ്രതികരണം വളരെ കൃത്യമായിരുന്നു: 'ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഇസ്രായേലി ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് മാത്രമാണ് അധികാരമുള്ളത്. കാട്ടുതീയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതുവരെ അത്തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അതിനാല്‍, ഇസ്രായേലി മന്ത്രിസഭാംഗങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ക്ക് നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ല.'

അതേസമയം, 'ശത്രുക്കളുടെയോ' 'ഭീകരവാദികളുടെയോ' പ്രവര്‍ത്തന ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുകയില്ലെന്ന് പറഞ്ഞ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ തടിയൂരുകയും ചെയ്തു.

വെറുപ്പും, വിദ്വേഷവും ഇളക്കി വിടുക എന്നത് മാത്രമായിരുന്നു ഇസ്രായേല്‍ സര്‍ക്കാറിന്റെ ആവശ്യം. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാറിന് യാതൊരു ഉദ്ദേശവുമുണ്ടായിരുന്നില്ല. ഇത് സര്‍ക്കാറിന് വലിയ നാണക്കേടാകുകയും പ്രശ്‌നത്തിലകപ്പെടുത്തുകയും ചെയ്തു. അറബികള്‍ക്കെതിരെ ഇസ്രായേലി രാഷ്ട്രീയക്കാര്‍ പടച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇതിലൂടെ തെളിഞ്ഞു.

തല്‍ഫലമായി, ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ ഇസ്രായേലി സര്‍ക്കാറും ഇന്‍ഷൂറന്‍സ് കമ്പനികളും ഒരു ധാരണയില്‍ എത്തുകയുണ്ടായി. കാട്ടുതീയുടെ ഇരകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരതുക ഇരുകൂട്ടരും തുല്ല്യമായി വഹിക്കുമെന്നായിരുന്നു കരാര്‍. അറബികള്‍ക്കെതിരെ പടച്ചുണ്ടാക്കിയ വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ കൊടുക്കേണ്ടി വന്ന വിലയാണിത്. നഷ്ടപരിഹാരം ഇത്തരത്തില്‍ കൊടുക്കുന്നതിന് നിയമത്തിന്റെ യാതൊരു പിന്‍ബലവുമില്ല. വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കുന്ന കൈക്കൂലി മാത്രമാണ് നഷ്ടപരിഹാരതുകയുടെ ആ വിഹിതം.

അതേസമയം, ഇതാണ് സത്യമെങ്കിലും, കാട്ടുതീക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അറബികളും ഫലസ്തീനികളുമാണെന്ന് തന്നെയാണ് ഒരുപാട് പേര്‍ ഇപ്പോഴും കരുതുന്നത്. ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വെറുപ്പിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? വിദ്വേഷത്തിന്റെ ഈ തീനാളങ്ങള്‍ ആരാണ് അണക്കുക?

(വടക്കന്‍ ഇസ്രായേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റും അഡ്വക്കേറ്റുമാണ് ഫലസ്തീനിയായ ജിഹാദ് അബു റയാ. ഫലസ്തീനിയത്ത് മൂവ്‌മെന്റിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളാണ്.)

കടപ്പാട്: middleeasteye
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics