ഹമാസ് ഒരിക്കലും തോല്‍ക്കാന്‍ പോകുന്നില്ല

കഴിഞ്ഞ മാസം, വ്‌ലാദ്മിര്‍ പുട്ടിന്റെ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ എസ്‌തോണിയയില്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്‌തോണിയയുടെ തയ്യാറെടുപ്പുകള്‍ക്ക് ന്യായമുണ്ട്, കാരണം എസ്‌തോണിയയെ രക്ഷിക്കാന്‍ വേണ്ടി നാറ്റോ സൈന്യം ഒരിക്കലും വരാന്‍ പോകുന്നില്ല. പുട്ടിന്റെ പക്കല്‍ സര്‍വ്വസന്നാഹങ്ങളുമുണ്ട്. ഈ അനിവാര്യ സാഹചര്യത്തിനെതിരെ എസ്‌തോണിയ നടത്തുന്ന ഒരുക്കങ്ങളാണ് ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടതായിട്ടുള്ളത്. നൂറ് കണക്കിന് പുതിയ ടാങ്കുകള്‍ വാങ്ങാനോ, യുദ്ധവിമാനങ്ങള്‍ വാങ്ങാനോ, അല്ലെങ്കില്‍ ഒരു പുതിയ ആണവായുധ നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിക്കാനോ എസ്‌തോണിയ നിക്ഷേപമൊന്നും നടത്തുന്നില്ല.

പകരം, ഒരു സായുധ പോരാട്ടത്തിനാണ് എസ്‌തോണിയക്കാര്‍ പദ്ധതിയിടുന്നത്. പുട്ടിന്‍ അതിര്‍ത്തി കടന്ന് വരുമെന്നും, അധിനിവേശത്തില്‍ വിജയിക്കുമെന്നും എന്ന് തന്നെയാണ് എസ്‌തോണിയക്കാരുടെ അനുമാനം. ശേഷം റഷ്യന്‍ സൈന്യത്തിലെ അവസാന പട്ടാളക്കാരനും രാജ്യം വിട്ട് പോകുന്നത് വരെ പോരാടാനാണ് അവരുടെ പദ്ധതി. 'യുക്രൈന്‍ യുദ്ധം മുതല്‍ക്ക് എസ്‌തോണിയന്‍ ഡിഫന്‍സ് ലീഗിന് എസ്‌തോണിയ പരിശീലനം നല്‍കുന്നത് ആരംഭിച്ചു. ഒളിപോരാളികളായി മാറുന്നതിന് രൂപം കൊടുത്ത ഒരു അര്‍ദ്ധസൈനിക വിഭാഗമാണിത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ അധിനിവേശ സൈന്യത്തിന് തലവേദന സൃഷ്ടിച്ച ഐ.ഇ.ഡികള്‍ എന്ന് വിളിക്കപ്പെടുന്ന സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ വിദ്ഗദ പരിശീലനം ലഭിച്ചവരാണ് ഇവര്‍. മിഡിലീസ്റ്റിലെ സമീപകാല സംഭവവികാസങ്ങളെ കുറിച്ച് എസ്‌തോണിയന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്ല ധാരണയുണ്ട്. 'റഷ്യയെ പോലുള്ള ഒരു വന്‍സൈന്യത്തിനെതിരെ, തണുപ്പിന് ധരിക്കാനുള്ള വസ്ത്രവും, ടിന്നിലടച്ച ഭക്ഷണസാധനങ്ങളും, ബൂട്ടുകളും, ഒരു തോക്കും ഒരുക്കി വെക്കാന്‍ പൗരന്‍മാരോട് പറയുന്നത് ദുര്‍ബലമായ സൈനിക തന്ത്രം തന്നെയാണ്. പക്ഷെ എത്ര വലിയ സൈന്യത്തിനെതിരെയും ഇത്തരം യുദ്ധതന്ത്രങ്ങള്‍ കൊണ്ട് ഇന്നത്തെ കാലത്തും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന് അഫ്ഗാനിസ്ഥാനിലേക്കും ഇറാഖിലേക്കും നോക്കിയാല്‍ മതിയെന്നാണ് എസ്‌തോണിയക്കാര്‍ പറയുന്നത്.

ഇത് വളരെയധികം ശരിയുമാണ്. നൂറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനില്‍ നടന്നു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്. എന്തുകൊണ്ടാണ് ബ്രിട്ടന്‍, സോവിയറ്റ് യൂണിയന്‍, അമേരിക്ക എന്നീ സാമ്രാജ്യങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി അധിനിവേശം നടത്തേണ്ടി വന്നു എന്നത് സമര്‍ത്ഥനായ ഏതൊരു യുദ്ധതന്ത്ര വിഗ്ദനും എളുപ്പത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. 2001-ല്‍, അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തുന്നതിന്റെ തലേന്ന്, പിന്നീട് മാധ്യമപ്രവര്‍ത്തകനും ആക്ടിവസ്റ്റുമായി മാറിയ മുന്‍ ബലൂചിസ്താന്‍ ഗറില്ല പോരാളിയും, 'താലിബാന്‍' എന്ന കൃതിയുടെ കര്‍ത്താവുമായ അഹ്മദ് ഷഫീഖ് റേഡിയോ ഫ്രീ ലിബര്‍ട്ടിയിലെ പരിപാടിയില്‍ പറഞ്ഞത് ഇതാണ്, 'താലിബാന്‍ ചെറിയ ചെറിയ സംഘങ്ങളായി മാറാനാണ് സാധ്യത. അമേരിക്കന്‍ സൈന്യവുമായി അവര്‍ ഗറില്ലാ യുദ്ധമായിരിക്കും നടത്തുക. അമേരിക്കന്‍ സൈന്യത്തിന് അവരെ എളുപ്പം കണ്ടെത്താന്‍ സാധിക്കില്ല.' വളരെ കൃത്യമായ നിരീക്ഷണമായിരുന്നു അതെന്ന് കാലം തെളിയിക്കുകയുണ്ടായി.

ഇറാഖിലും ഇതുതന്നെയാണ് സംഭവിച്ചത്. പാശ്ചാത്യ അധിനിവേശകരുടെ ജീവിതം ഇറാഖി ഗറില്ലാ പോരാളികള്‍ തീര്‍ത്തും ദുസ്സഹമാക്കി തീര്‍ത്തു. അക്രമം വര്‍ദ്ധിച്ചതോടെ, അമേരിക്കക്കും ബ്രിട്ടനും ഇറാഖില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. അന്‍ബര്‍ പ്രവിശ്യയിലെ ഗോത്ര നേതാക്കളുടെ പിന്തുണ നേടേണ്ടത് അധിനിവേശകരെ സംബന്ധിച്ചിടത്തോളം വളരെ അനിവാര്യമായിരുന്നു. തല്‍ഫലമായി കുറച്ച് വര്‍ഷത്തേക്ക് ഗറില്ലാ അക്രമങ്ങള്‍ ഗണ്യമായി കുറഞ്ഞു. പക്ഷെ അസംഘടിതമായ പ്രാദേശിക സൈന്യങ്ങളെ ഒപ്പം കൂട്ടിയത് കൊണ്ട് മാത്രമാണ് അധിനിവേശകര്‍ക്ക് ഇക്കാര്യത്തില്‍ വിജയിക്കാന്‍ സാധിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്കയും ബ്രിട്ടനും ഇറാഖില്‍ നിന്ന് പിന്‍മാറിയതോടെ ഐ.എസ് ഉയര്‍ന്ന് വന്നു. ഒരു രാഷ്ട്രമായി മാറാന്‍ ഐ.എസ്സിന് സാധിച്ചില്ലെന്നതാണ് അവര്‍ക്ക് സംഭവിച്ച ഏക പരാജയം. ഐ.എസ്സിന് ഇപ്പോള്‍ അവരുടെ പകുതിയിലധികം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. വമ്പിച്ച പരാജയമാണ് അവര്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു അസദ് വിരുദ്ധ വിമത പോരാട്ട സംഘമായി അവര്‍ നിലനിന്നിട്ടുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ അതിജീവിക്കാന്‍ സാധിക്കുമായിരുന്നു. പകരം, ഐ.എസ്സിന്റെ ലക്ഷ്യം ഒരു രാഷ്ട്രമായിരുന്നു.

ഗറില്ലാ പോരാട്ടത്തിന്റെ വില ഇസ്രായേലിനും നന്നായി അറിയാം. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സ്ഥാപകരാണ് ഒരുപാട് ബ്രിട്ടിഷ് കുടുംബങ്ങളെ കൊന്ന് തള്ളിയിട്ടുള്ളത്. 1944-നും 1948-നും ഇടയില്‍ 140 ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും, സ്ത്രീകളെയും, പോലിസുകാരെയും, ഡസന്‍ കണക്കിന് സിവിലിയന്‍മാരെയുമാണ് ജൂത തീവ്രവാദികള്‍ കൊന്നത്. അതുപോലെ, 2003-ല്‍ അധിനിവേശം തുടങ്ങിയത് മുതല്‍ക്ക് 2011-ല്‍ പിന്‍മാറുന്നത് വരെ ഇറാഖില്‍ 179 ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്‍ അധീന ഫലസ്തീനില്‍ സയണിസ്റ്റ് സായുധപോരാളികള്‍ മാത്രമല്ല ഉണ്ടായിരുന്നത്; ജൂത കുടിയേറ്റത്തിന് എല്ലാവിധ പ്രോത്സാഹനവും നല്‍കിയ ബ്രിട്ടനെതിരെ അറബികളും അവരുടെതായ കലാപത്തിന് തുടക്കം കുറിച്ചിരുന്നു. ഫലസ്തീനിലെ ബ്രിട്ടീഷ് പോളിസി നിര്‍ണയിച്ചിരുന്നത് വൈറ്റ്ഹാളായിരുന്നില്ല; ജൂത പോരാളികളായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇസ്രായേലി മിലീഷ്യക്ക് അവര്‍ക്ക് വേണ്ടത് കിട്ടിയപ്പോള്‍, ആംഗ്ലോ-ജൂതന്‍മാരാണ് അതിന്റെ വിലയൊടുക്കിയത്, ഇന്നത്തെ ബ്രിട്ടീഷ് മുസ്‌ലിംകളെ പോലെ. ഫലസ്തീനില്‍ ജൂതന്‍മാര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ ബ്രിട്ടനിലെ ജൂതന്‍മാരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അന്ന് വേട്ടയാടി.

ചരിത്രം ഇന്ന് ഗസ്സയില്‍ ആവര്‍ത്തിക്കുകയാണ്. അവിടെ ഹമാസ് ആര്‍ക്കും തോല്‍പ്പിക്കാനാവത്ത വിധം അജയ്യരായി നിലകൊള്ളുന്നു. ഇസ്രായേലിന്റെ നയങ്ങള്‍ തെല്‍അവീവിലല്ല തീരുമാനിക്കപ്പെടുന്നത്, മറിച്ച് ഗസ്സ സിറ്റിയുടെ തെരുവുകളിലാണ് അവ തീരുമാനിക്കപ്പെടുന്നത്. എസ്‌തോണിയ, ലിഥുവാനിയ, പോളണ്ട് എന്നീ രാജ്യങ്ങളെല്ലാം മിഡിലീസ്റ്റില്‍ നിന്നാണ് മാതൃക സ്വീകരിക്കുന്നത്.

ഹമാസ് അടുത്ത് തന്നെ ഇല്ലാതാകും എന്ന പ്രവചനം ഒരു ദശാബ്ദക്കാലമായി ഓടികൊണ്ടിരിക്കുന്നുണ്ട്. 2006-ല്‍, ഫലസ്തീന്‍ തെരഞ്ഞെടുപ്പുകളില്‍ ഫതഹ് തന്നെയാണ് ജയിക്കുക എന്ന കാര്യത്തില്‍ അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ് റൈസിന് സംശയമൊന്നുമുണ്ടായിരുന്നില്ല. അവരുടെ നിഗമനങ്ങള്‍ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു. 2014-ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിന്റെ സമയത്ത് ഒരു മുതിര്‍ന്ന സൈനികവൃത്തം ദി വീക്കിനോട് പറഞ്ഞു, 'ഹമാസിന്റെ ശേഷിയേയും, ഇപ്പോഴത്തെ ആക്രമണത്തെ അതിജീവിക്കാനുള്ള അവരുടെ കഴിവിനെയും അളന്ന് തിട്ടപ്പെടുത്തുക അസാധ്യമാണ്. 'ഹമാസ് തകര്‍ന്നിരിക്കുന്നു' എന്ന വാദങ്ങള്‍ വെറും വാദങ്ങള്‍ മാത്രമാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയും. ഒരടി കൊള്ളാനുള്ള ശേഷിയൊക്കെ തങ്ങള്‍ക്കുണ്ടെന്ന് അവര്‍ തെളിയിച്ച് കഴിഞ്ഞതാണ്.' തൊട്ടടുത്ത വര്‍ഷം ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ മുന്‍ തലവന്‍ എഫ്രെയിം ഹാലെവി ഹമാസുമായുള്ള സംഭാഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുണ്ടായി. 'വായുവില്‍ നിന്നും കരയില്‍ നിന്നും ആക്രമിക്കപ്പെട്ടിട്ട് പോലും ഹമാസ് ഇപ്പോഴും അവിടെ തന്നെയുണ്ട്. ഒരുപാട് കാലം അവര്‍ അവിടെ തന്നെ ഉണ്ടാവുകയും ചെയ്യും' എഫ്രെയിം അല്‍ജസീറയോട് പറഞ്ഞു.

ഇതിപ്പോള്‍ ഇവിടെ പറയാനുള്ള കാരണമെന്താണെന്നാല്‍, ഗസ്സക്ക് മേലുള്ള അടുത്തുള്ള യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. 2018-ലായിരിക്കും ഇത് ചിലപ്പോള്‍ സംഭവിക്കുക. രാജ്യത്തിനകത്ത് തന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റപ്പോള്‍ പുരുഷന്‍മാരെയും സ്ത്രീകളെയും യുദ്ധത്തിന് പറഞ്ഞയച്ച പുട്ടിനെ പോലെ, നെതന്യാഹുവിനും ഒരു ഊര്‍ജ്ജം അത്യാവശ്യമായി വരും. 2008-9, 2012, 2014 വര്‍ഷങ്ങളില്‍ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം നടത്തി. ഇസ്രായേലിന്റെ യുദ്ധവിജയ ഫലങ്ങള്‍ അധികകാലം നീണ്ടുനില്‍ക്കാറില്ലെങ്കിലും, സിവിലിയന്‍ മരണങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇസ്രായേലിലെ തീവ്രവലത് പക്ഷത്തെയും, ഇസ്രായേലി ദേശസ്‌നേഹ രാഷ്ട്രീയത്തെയും തൃപ്തിപെടുത്താനുള്ള രാഷ്ട്രീയക്കളിയുടെ പേരിലുള്ള യുദ്ധമായിരിക്കും ഭാവിയില്‍ ഗസ്സയില്‍ നടക്കാന്‍ പോകുന്നത്. എന്നത്തേയും പോലെ ഒരുപാട് ആയിരങ്ങള്‍ അന്നും കൊല്ലപ്പെടും. എങ്കിലും ഹമാസ് ഒരിക്കലും പരാജയപ്പെടാന്‍ പോകുന്നില്ല. അത് തുറന്ന് സമ്മതിച്ച് ഹമാസുമായി ചര്‍ച്ചക്ക് തയ്യാറാവുകയാണ് ഇസ്രായേല്‍ ഈ അവസരത്തില്‍ ചെയ്യേണ്ടത്.

കടപ്പാട്: middleeastmonitor
മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics