ആര്‍.എസ്.എസ് ഉള്ളപ്പോള്‍ എന്തിനാണ് മറ്റൊരു ഭീകരസംഘടന

ശ്രീ രാജ്‌നാഥ് സിംഗ് ജി,
നമസ്‌കാരം, ജനാധിപത്യ മതേതര ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ഒരു മുസ്‌ലിം രാഷ്ട്രമായ പാകിസ്ഥാനോട് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാമെന്ന വ്യാമോഹം വേണ്ട എന്ന് താങ്കള്‍ മുന്നറിയിപ്പ് കൊടുത്തത് എല്ലാവരെയും ആവേശഭരിതരാക്കിയ ഒന്ന് തന്നെയായിരുന്നു എന്ന് പറയാതെ വയ്യ. 2016 ഡിസംബര്‍ 12-ന് ജമ്മുവിലെ കത്തുവയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ താങ്കള്‍ പൊതുജനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. താങ്കള്‍ പറയുകയുണ്ടായി, 'ഇന്ത്യയെ ഒരിക്കല്‍ കൂടി മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയും എന്ന തെറ്റായ ധാരണയിലാണ് പാകിസ്ഥാന്‍... ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും എല്ലാം സഹോദര്യത്തിലാണ് കഴിയുന്നത്..'

ഇന്ത്യയിലെ രണ്ട് വലിയ മതസമൂഹങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള പാകിസ്ഥാന്റെ പദ്ധതികള്‍ക്കെതിരെ മുന്നറിയിപ്പ് കൊടുത്തു കൊണ്ട് താങ്കളുടെ വായില്‍ നിന്ന് വന്ന വാക്കുകള്‍, നിങ്ങള്‍ അറിഞ്ഞ് കൊണ്ട് തന്നെ പറഞ്ഞതാണെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പ്രധാനമന്ത്രി മോദിജിയെ പോലെ ഞാനൊരു 'ഹിന്ദു ദേശിയവാദി'യും, ആര്‍.എസ്.എസ് അംഗവും, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവുമാണ് എന്ന് താങ്കള്‍ നടത്തിയ കുറ്റസമ്മതമാണ് ഈയുള്ളവന്‍ ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തി കൊണ്ടുവരാനുള്ള പ്രധാനകാരണം. ജനാധിപത്യ മതേതര ഇന്ത്യന്‍ ഭരണഘടനക്ക് നേര്‍വിപരീതമായ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം ഒരു ആര്‍.എസ്.എസ് അംഗമെന്ന നിലക്ക് താങ്കള്‍ അനുധാവനം ചെയ്യുകയില്ല എന്ന് വിശ്വസിക്കാന്‍ എനിക്കാവില്ല. തകര്‍ക്കണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്ന നിലവിലെ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ സംബന്ധിച്ച് ആര്‍.എസ്.എസ് വെച്ച് പുലര്‍ത്തുന്ന ഞെട്ടിക്കുന്ന ചില ആശയങ്ങളെ കുറിച്ച് താങ്കളെ ഞാനൊന്ന് ഓര്‍മപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്.

1947 ആഗസ്റ്റ് 14-ലെ, അതായത് സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസത്തെ പതിപ്പില്‍, ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് പത്രമായ 'ഓര്‍ഗനൈസര്‍', എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രം എന്ന ആശയത്തെ മൊത്തത്തില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
'ദേശീയതയെ കുറിച്ച തെറ്റായ ധാരണകളാല്‍ സ്വാധീനിക്കപ്പെടാന്‍ നാം ഒരിക്കലും അനുവദിക്കരുത്. ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കളാണ് രാഷ്ട്രം രൂപീകരിക്കേണ്ടത്, കരുത്തുറ്റതും, സുരക്ഷിതവുമായ അടിത്തറക്ക് മേലാവണം ദേശീയഘടന പടുത്തുയര്‍ത്തേണ്ടത് എന്ന ലളിതമായ വസ്തുത അംഗീകരിക്കാന്‍ തയ്യാറാവുന്നതിലൂടെ മാത്രമേ ഇപ്പോഴത്തെ മാനസിക വിഭ്രാന്തിയും, വര്‍ത്തമാനത്തിലും ഭാവിയിലും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളും നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളു... ഹിന്ദുക്കള്‍, ഹിന്ദു പാരമ്പര്യം, സംസ്‌കാരം, ആശയങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയാല്‍ മാത്രമാണ് രാഷ്ട്രം കെട്ടിപടുക്കേണ്ടത്'.

താഴെ പറയുന്ന 'പ്രതിജ്ഞയും' 'പ്രാര്‍ത്ഥനയും' എല്ലാ ആര്‍.എസ്.എസ് അംഗങ്ങളും നിര്‍ബന്ധമായും ചൊല്ലണം.

പ്രാര്‍ത്ഥന:
'സ്‌നേഹവാത്സല്യങ്ങളുള്ള മാതൃഭൂമി, ഞാന്‍ എന്നന്നേയ്ക്കും നിന്നെ നമിക്കുന്നു. അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളര്‍ത്തി. അല്ലയോ വിശുദ്ധഭൂമി, നന്‍മയുടെ ശ്രേഷ്ഠയായ സൃഷ്ടാവേ, ഞാന്‍ എന്റെയീ ശരീരം നിനക്കായി സമര്‍പ്പിക്കട്ടെ. ഞാന്‍ വീണ്ടും വീണ്ടും നിന്നെ നമിക്കുന്നു. അല്ലയോ സര്‍വ്വശക്തേ, ഹിന്ദുരാഷ്ട്രത്തിലെ അവിഭാജ്യഘടകങ്ങളായ ഞങ്ങള്‍ ആദരപൂര്‍വ്വം നിന്നെ വണങ്ങുന്നു. നിനക്കുവേണ്ടി ഞങ്ങള്‍ അര ചുറ്റിക്കെട്ടട്ടെ. ഹിന്ദുരാഷ്ട്രം സാധ്യമാവുന്നതിന് ഞങ്ങളെ അനുഗ്രഹിക്കു.'

പ്രതിജ്ഞ:
'എന്റെ വിശുദ്ധ മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്‌കാരത്തിന്റെയും പരിപോഷണത്തിലൂടെ ഹിന്ദുവര്‍ഷയുടെ സര്‍വ്വോന്‍മുഖമായ മഹത്വം നേടിയെടുക്കുന്നതിനായി ഞാന്‍ ആര്‍ എസ് എസില്‍ അംഗമായി തീരുന്നുവെന്ന് സര്‍വ്വശക്തനായ ഈശ്വരനും എന്റെ പൂര്‍വ്വികര്‍ക്കും മുന്നില്‍ ഭയഭക്തിയോടെ പ്രതിജ്ഞ ചെയ്യുന്നു. ഈ ലക്ഷ്യം നേടുന്നതിന് വേണ്ടി എന്റെ ഹൃദയവും ആത്മാവും കൊണ്ട് എന്റെ ആയുഷ്‌കാലം മുഴുവനും ശ്രമിക്കുകയും സംഘിന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടും നിഷ്പക്ഷമായും പൂര്‍ത്തീകരിക്കുകയും ചെയ്യും. ഭാരത് മാതാ കീ ജയ്.'

അതായത്, ഇന്ത്യയുടെ മതേതര ഭരണഘടനയില്‍ ആര്‍.എസ്.എസ്സുകാര്‍ വിശ്വസിക്കുന്നില്ല. സംഘ് പ്രത്യയശാസ്ത്രം ആത്മാര്‍ത്ഥതയോടെ നടപ്പാക്കുന്നതിന് വേണ്ടിയാണ് അവര്‍ ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത്. ഇസ്‌ലാമിന്റെ പേരില്‍ മുസ്‌ലിം ലീഗ് പാകിസ്ഥാന്‍ ഉണ്ടാക്കിയത് പോലെ ഇന്ത്യയെ ഒരു ഹിന്ദു മതരാഷ്ട്രമാക്കി മാറ്റി പരിവര്‍ത്തിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

ഇന്ത്യയുടെ ജനാധിപത്യ-മതേതര സ്വഭാവത്തെ പ്രതിനിധീകരിക്കുന്ന ത്രിവര്‍ണ്ണപതാകയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് ആര്‍.എസ്.എസ്സിന്റേത്. ത്രിവര്‍ണ്ണക്കൊടിയെ ദേശീയ പതാകയായി തെരഞ്ഞെടുത്തതിനെ അപഹസിച്ചു കൊണ്ട് 1947 ആഗസ്റ്റ് 14-ന് ആര്‍.എസ്.എസ് പത്രമായ ഓര്‍ഗനൈസര്‍ എഴുതി:
'വിധിയുടെ കളിയില്‍ അധികാരത്തിലേറിയ ആളുകള്‍ ചിലപ്പോള്‍ നിങ്ങളുടെ കൈകളില്‍ ത്രിവര്‍ണ്ണപതാക തന്നേക്കാം. പക്ഷെ ഹിന്ദുക്കളാല്‍ അത് ബഹുമാനിക്കപ്പെടുകയോ എടുക്കപ്പെടുകയോ ചെയ്യില്ല. മൂന്ന് എന്ന വാക്ക് തന്നെ സ്വയമൊരു നാശഹേതുവാണ്, മൂന്ന് നിറമുള്ള പതാക തീര്‍ച്ചയായും ചീത്ത മാനസികഫലങ്ങളാണ് ഉണ്ടാക്കുക. അത് ഒരു രാഷ്ട്രത്തിന് ഹാനികരം തന്നെയാണ്.'

ആര്‍.എസ്.എസ്സിന്റെ പ്രമുഖ താത്വികാചാര്യനായ ഗുരു ഗോള്‍വാള്‍ക്കര്‍, മുസ്‌ലിംകളെ ഒന്നാമത്തെ ആഭ്യന്തര ഭീഷണിയായും, ക്രിസ്ത്യാനികളെ രണ്ടാമത്തെ ഭീഷണിയായുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ 'വിശുദ്ധ' ഗ്രന്ഥമായ 'വിചാരധാരയില്‍' 'ആഭ്യന്തരഭീഷണികള്‍' എന്നൊരു നീണ്ട അധ്യായമുണ്ട്. അതില്‍ മുസ്‌ലിംകളെ ഒന്നാമത്തെയും ക്രിസ്ത്യാനികളെ രണ്ടാമത്തെയും ആഭ്യന്തരഭീഷണികളായി ഗോള്‍വാള്‍ക്കര്‍ നിര്‍ണയിച്ചിരിക്കുന്നു.

വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍എഴുതുന്നു:
'രാജ്യത്തിനകത്ത് നിരവധി മുസ്‌ലിം പോക്കറ്റുകളുണ്ട്. അതായത്മിനിപാക്കിസ്ഥാനുകള്‍. ഈ രാജ്യത്ത് പാക്കിസ്ഥാന്‍ അനുകൂല ഘടകങ്ങളുടെ കേന്ദ്രങ്ങളായി ഈ പോക്കറ്റുകള്‍ പരിമണിച്ചിരിക്കുന്നു.... യഥാര്‍ത്ഥത്തില്‍ സകല ഇടങ്ങളിലും പാക്കിസ്ഥാനുമായി ട്രാന്‍സ്മിറ്ററിലൂടെ നിരന്തരം ബന്ധംപുലര്‍ത്തുന്ന മുസ്‌ലിംങ്ങളുണ്ട്.'

രണ്ടാം നമ്പര്‍ ശത്രുക്കളായ ക്രിസ്ത്യാനികളെ കുറിച്ച് ഗോള്‍വാക്കര്‍എഴുതുന്നത് ഇങ്ങനെയാണ്:
'അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തിന് ഭീഷണിയാണ്. അവര്‍ ദേശവിരുദ്ധരാണ്. നമ്മുടെ രാജ്യത്ത് പാര്‍ക്കുന്ന ക്രിസ്ത്യാനികളായ മാന്യന്‍മാരുടെ ലക്ഷ്യംമതപരവും സാമൂഹികവുമായ ക്രമം തകര്‍ക്കുക മാത്രമല്ല, വ്യത്യസ്ത പോക്കറ്റുകളില്‍, സാധ്യമെങ്കില്‍ രാജ്യത്തുടനീളം, രാഷ്ട്രീയമേധാവിത്വം കൈവരിക്കുക എന്നതുമാണ്'

ബഹുമാനപ്പെട്ട രാജ്‌നാഥ് സിംഗ് ജി,!ഒരു മുതിര്‍ന്ന പരിചയസമ്പന്നനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍, താങ്കളുടെ സംഘടനയുടെ ഈ പ്രത്യയശാസ്ത്ര വീക്ഷണങ്ങളെ സംബന്ധിച്ച് താങ്കള്‍ക്ക് നല്ല ബോധ്യമുണ്ടാകും. ഈ ഹിന്ദു ദേശീയവാദ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെട്ട താങ്കള്‍ അടക്കമുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അയോധ്യയിലെ പുരാതന മുസ്‌ലിം പള്ളി തകര്‍ത്ത് കളഞ്ഞത്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ യാതൊരു മടിയും കൂടാതെ പറഞ്ഞു കൊണ്ടിരിക്കുന്നു. 2021-ഓടെ ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തുടച്ച് നീക്കുമെന്നും, ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നും അവരില്‍ ചിലര്‍ പ്രതിജ്ഞയെടുത്തിട്ടുമുണ്ട്.

സര്‍, ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുകളില്‍ പറഞ്ഞ ആര്‍.എസ്.എസ്സിന്റെ ലോകവീക്ഷണത്തില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലേ എന്ന് ദയവ് ചെയത് ഞങ്ങളെ ബോധ്യപ്പെടുത്താന്‍ അങ്ങുന്ന് തയ്യാറാവണം. അഥവാ ജനാധിപത്യ-മതേതര ഇന്ത്യക്ക് വിരുദ്ധമായ അത്തരം ആശയങ്ങളില്‍ താങ്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്, വല്ല തെറ്റുമുണ്ടെങ്കില്‍ മാപ്പാക്കണം: 'ആര്‍.എസ്.എസ് ഭരിക്കുന്ന ഇന്ത്യയില്‍, ജനാധിപത്യ മതേതര ഇന്ത്യയെ തകര്‍ക്കാന്‍ എന്തിനാണ് പാകിസ്ഥാന്‍ അല്ലെങ്കില്‍ മറ്റൊരു വിദേശ ശത്രുരാജ്യം?'

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കുകയാണ്. പാകിസ്ഥാനില്‍ നിന്നോ മറ്റോ ഉള്ള ഇസ്‌ലാമോ ഫാസിസ്റ്റുകളുടെ ഇന്ത്യവിരുദ്ധ ക്രിമിനല്‍ പദ്ധതികളുടെ ഇരകളല്ല ഇന്ത്യന്‍ മുസ്‌ലിംകള്‍, മറിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പതാകവാഹകരായ ആര്‍.എസ്.എസ്സിന്റെ ഇരകളാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നതാണ് വസ്തുത. ജനാധിപത്യ മതേതര ഇന്ത്യയെ തകര്‍ക്കുക എന്ന ഇസ്‌ലാമോ ഫാസിസ്റ്റുകളുടെ ആഗ്രഹം നേരത്തെ നടന്നു കിട്ടാന്‍ വേണ്ടി ഓവര്‍ ടൈം പണിയെടുക്കുന്നവരാണ് ആര്‍.എസ്.എസ്സും കൂട്ടരും. ആര്‍.എസ്.എസ്സിന്റെ ദേശവിരുദ്ധ ആശയങ്ങളെ തള്ളിക്കളഞ്ഞ്, എല്ലാതരത്തിലുള്ള മതരാഷ്ട്ര ദേശീയവാദങ്ങളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താങ്കള്‍ പങ്കുചേരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കടപ്പാട്: countercurrents.com
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics