സൂക്ഷ്മതയും വിരക്തിയും

അല്ലാഹുവിലേക്കുള്ള മാര്‍ഗത്തില്‍ സുപ്രധാനമായ രണ്ട് തലങ്ങളാണ് 'വറഉം സുഹ്ദും' (സൂക്ഷ്മതയും വിരക്തിയും). എന്താണ് അവ രണ്ടിനുമിടയിലെ വ്യത്യാസം? ഇമാം അബുല്‍ വലീദ് ഇബ്‌നു റുശ്ദ് പറയുന്നു: 'വറഅ്' (സൂക്ഷ്മത) എന്നാല്‍ നിഷിദ്ധങ്ങളില്‍ നിന്നും സംശയമുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കലാണ്. ഒരിക്കല്‍ നബി(സ) പറഞ്ഞു: ''ഹലാലുകള്‍ വ്യക്തമാണ്, ഹറാമുകളും. അവ രണ്ടിനുമിടയില്‍ സംശയകരമായ കാര്യങ്ങളുണ്ട്. സംശയകരമായ കാര്യങ്ങളെ സൂക്ഷിച്ചവന്‍ തന്റെ ദീനിന്റെയും അഭിമാനത്തിന്റെയും കാര്യത്തില്‍ സുരക്ഷിതനായിരിക്കുന്നു.'' നിഷിദ്ധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ നിര്‍ബന്ധമാണ്. അതേസമയം സംശയകരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ അഭികാമ്യമാണ്. നിഷിദ്ധങ്ങള്‍ക്കൊപ്പം സംശയകരമായ കാര്യങ്ങളില്‍ നിന്ന് കൂടി ഒരാള്‍ വിട്ടുനില്‍ക്കുമ്പോഴാണ് അയാളെ കുറിച്ച് സൂക്ഷ്മതയുള്ളവന്‍ എന്ന് പറയുക.

നിഷിദ്ധങ്ങളില്‍ നിന്നും സംശയകരമായ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനൊപ്പം അനുവദനീയമായ താല്‍പര്യങ്ങള്‍ ആസ്വദിക്കാതിരിക്കലാണ് സുഹ്ദ് (വിരക്തി). സുഹ്ദ് പുലര്‍ത്തുന്ന എല്ലാവരും 'വറഅ്' ഉള്ളവരായിരിക്കും. അതേസമയം 'വറഅ്' ഉള്ള എല്ലാവരും 'സുഹ്ദ്' ഉള്ളവരാവണമെന്നില്ല. സുഹ്ദിന്റെ മുന്നോടിയായി ആദ്യം ഉണ്ടാവേണ്ടത് 'വറഅ്' ആണ്.

സൂക്ഷ്മതക്കും വിരക്തിക്കും ജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് പൂര്‍വികരായ മഹാന്‍മാരുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. ഹസന്‍ പറയുന്നു: 'ഒരു അണുവിന്റെ തൂക്കം 'വറഅ്' ഉണ്ടാകുന്നതാണ് ആയിരം അണുവിന്റെ തൂക്കം നോമ്പിനേക്കാളും നമസ്‌കാരത്തേക്കാളും നല്ലത്.'

പരീക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മെ സൃഷ്ടിച്ചിട്ടുള്ളതെന്നത് സംശയത്തിന് ഇടയില്ലാത്ത വിധം ഖുര്‍ആനും പ്രവാചക വചനങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ ഈമാനും ഇസ്‌ലാമും അല്ലാഹുവിനോടുള്ള അടിമത്തവുമാണ് പരീക്ഷിക്കപ്പെടുന്നത്. 'എനിക്ക് ഇബാദത്ത് ചെയ്യാനായിട്ടല്ലാതെ മനുഷ്യരെയും ജിന്നുകളെയും നാം പടച്ചിട്ടില്ല.'' (അദ്ദാരിയാത്ത്: 56) എന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്.

അപ്രകാരം ഭൂമിയില്‍ അവന്റെ പ്രാതിനിധ്യം വഹിക്കലും നമ്മുടെ ഉത്തരവാദിത്തമാക്കിയിരിക്കുന്നു. അതില്‍ സത്യവും നീതിയും നന്മയും സ്ഥാപിക്കലും തിന്മയും അനീതിയും അതിക്രമങ്ങളും തുടച്ചു നീക്കലും ആ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ''ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ നിയോഗിക്കുകയാണ്.'' (അല്‍ബഖറ: 30) എന്നാണ് ആദമിന്റെ സൃഷ്ടിപ്പിനെ കുറിച്ച് മലക്കുകളോട് അല്ലാഹു പറഞ്ഞിട്ടുള്ളത്.

അല്ലാഹു നമ്മെ ഏല്‍പിച്ചിരിക്കുന്ന മറ്റൊരു കാര്യം ഭൂമിയുടെ പരിപാലനമാണ്. അല്ലാഹു പറയുന്നു: ''അവനാകുന്നു നിങ്ങളെ ഭൂമിയില്‍നിന്നു സൃഷ്ടിച്ചതും അതില്‍ പരിപാലകരാക്കിയതും.'' (ഹൂദ്: 61) അഥവാ ഭൂമിയെ നശിപ്പിക്കാനല്ല, അതിനെ പരിപാലിക്കാനാണ് നമ്മെ നിയോഗിച്ചിട്ടുള്ളത്. മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നു: ''ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി അതില്‍ നാശമുണ്ടാക്കാതിരിക്കുവിന്‍.'' (അല്‍അഅ്‌റാഫ്: 56) ജീവിത യോഗ്യമായി അല്ലാഹു ഭൂമിയെ സംവിധാനിച്ചിരിക്കുകയാണ്. അതിന്റെ വാസയോഗ്യമായ അവസ്ഥ നശിപ്പിക്കരുതെന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു പറയുന്നു: ''നാം നിങ്ങളെ ഭൂമിയില്‍ അധികാരത്തോടുകൂടി വസിപ്പിക്കുകയും, അതില്‍ ജീവിത വിഭവങ്ങള്‍ ഒരുക്കിത്തരുകയും ചെയ്തു. പക്ഷേ, നിങ്ങള്‍ തുച്ഛമായേ നന്ദി കാണിക്കുന്നുള്ളൂ.'' (അല്‍അഅ്‌റാഫ്: 10) ''നാം നിങ്ങളെ ഭൂമിയില്‍ അധികാരത്തോടുകൂടി വസിപ്പിക്കുകയും, അതില്‍ ജീവിത വിഭവങ്ങള്‍ ഒരുക്കിത്തരുകയും ചെയ്തു. പക്ഷേ, നിങ്ങള്‍ തുച്ഛമായേ നന്ദി കാണിക്കുന്നുള്ളൂ.'' (അല്‍മുല്‍ക്: 15)

അടിമത്തം അല്ലാഹുവിന്, എങ്ങനെ?
അല്ലാഹു നമ്മെ ഏല്‍പിച്ച അവന്റെ അടിമയായിരിക്കല്‍, പ്രാതിനിധ്യം, ഭൂമിയുടെ പരിപാലനം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് അവന്റെ ഗ്രന്ഥത്തിലൂടെയും ദൂതനിലൂടെയും നമ്മെ അറിയിച്ച മാര്‍ഗം പിന്തുടരേണ്ടതുണ്ട്. സന്‍മാര്‍ഗവും സത്യദീനുമായിട്ടാണ് അല്ലാഹു അവന്റെ ദൂതനെ നിയോഗിച്ചിരിക്കുന്നത്. സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും ഇച്ഛകളില്‍ നിന്ന് മോചിതരാവല്‍ അല്ലാഹുവിന്റെ മാത്രം അടിമയാവുന്നതിന്റെ തേട്ടമാണ്. ദൈവിക ശരീഅത്ത് മനുഷ്യനെ സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും ഇച്ഛകളില്‍ നിന്ന് മോചിപ്പിക്കുയാണ് ചെയ്യുന്നത്. ''ദൈവികമാര്‍ഗദര്‍ശനമില്ലാതെ, സ്വേച്ഛകളെ പിന്‍പറ്റുന്ന മനുഷ്യനേക്കാള്‍ വഴിപിഴച്ചവനാരുണ്ട്?'' (അല്‍ഖസസ്: 50)

അല്ലാഹുവിനുള്ള അനുസരണമാണ് മറ്റൊന്ന്. അല്ലാഹുവിന് കീഴ്‌പ്പെടലും അവന്റെ തൃപ്തിക്ക് വേണ്ടി പ്രവര്‍ത്തിക്കലുമാണ് യഥാര്‍ഥത്തില്‍ ദീന്‍. ''ഏതൊരുവന്‍ കര്‍മത്താല്‍ നല്ലവനായിഅല്ലാഹുവിന് സ്വയം സമര്‍പ്പിക്കുന്നുവോ,അവന്‍ വാസ്തവത്തില്‍ ഒരു ബലിഷ്ഠമായ പിടികയറില്‍ പിടിച്ചിരിക്കുന്നു.'' (ലുഖ്മാന്‍: 22)
''ഏതൊരുവന്‍ കര്‍മത്താല്‍ നല്ലവനായിഅല്ലാഹുവിന് സ്വയം സമര്‍പ്പിക്കുന്നുവോ,അവന്‍ വാസ്തവത്തില്‍ ഒരു ബലിഷ്ഠമായ പിടികയറില്‍ പിടിച്ചിരിക്കുന്നു.'' (അന്നിസാഅ്: 125)

അല്ലാഹു അവന്റെ അടിമകളെ പ്രയാസങ്ങള്‍ കൊണ്ട് പരീക്ഷിക്കും. അല്ലാഹു പറയുന്നു: ''മനുഷ്യനെ നാം മിശ്രിതമായ ശുക്ലകണത്തില്‍നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി.'' (അല്‍ഇന്‍സാന്‍: 2) ആകാശ ഭൂമികള്‍ക്ക് മുന്നില്‍ വെച്ചപ്പോള്‍ അവ ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഉത്തരവാദിത്വമാണ് മനുഷ്യന്‍ ഏറ്റെടുത്തിരിക്കുന്നത്. ആ ഭാരിച്ച ഉത്തരവാദിത്വത്തിന്റെ ഭാരം മനുഷ്യന്‍ വഹിക്കേണ്ടതുണ്ട്. പരലോകത്തെ ശാശ്വത ജീവിതത്തിനായി അവനെ കടഞ്ഞെടുക്കുകയാണ് അതിലൂടെ ചെയ്യുന്നത്. അതിനായി അല്ലാഹു മനുഷ്യന് ബുദ്ധിയും ചിന്താശേഷിയും നല്‍കി അനുഗ്രഹിക്കുകയും ദൂതന്‍മാരെയും ഗ്രന്ഥത്തെയും അവതരിപ്പിച്ചു നല്‍കുകയും ചെയ്തു.

സ്രഷ്ടാവിന്റെ കല്‍പനകള്‍ അനുസരിക്കലും അവന്‍ വിലക്കിയതില്‍ നിന്ന് വിട്ടുനില്‍ക്കലും അവനോടുള്ള അടിമയുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അല്ലാഹുവിലേക്കുള്ള സരണിയെന്നത് ഈയര്‍ഥത്തിലുള്ള പ്രവര്‍ത്തനവും ഉപേക്ഷിക്കലുമാണ്. വിട്ടുനില്‍ക്കലിന്റെ ഭാഗമാണ് 'വറഉം' 'സുഹ്ദും'. അല്ലാഹു നിഷിദ്ധമാക്കിയ, അവന്‍ വിലക്കിയ, അവന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ വെടിയലാണ് 'വറഅ്'. അല്ലാഹുവിനുള്ള ഇബാദത്തിന്റെ ഭാഗമാണത്. ആരാധനാ കര്‍മങ്ങള്‍ മാത്രമല്ല ഇബാദത്ത്. അല്ലാഹുവിന്റെ കോപത്തിന് കാരണമാകുന്ന വാക്കുകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും വിട്ടുനില്‍ക്കലും അതിന്റെ ഭാഗമാണ്. '' തെളിഞ്ഞ പാപങ്ങളെ വര്‍ജിക്കുവിന്‍; ഒളിഞ്ഞ പാപങ്ങളെയും. പാപം സമ്പാദിച്ചുകൊണ്ടിരിക്കുന്നവര്‍, തങ്ങള്‍ നേടിയതിന്റെ പ്രതിഫലം കണ്ടെത്തുകതന്നെ ചെയ്യും.'' (അല്‍അന്‍ആം: 120)

''നിഷിദ്ധങ്ങളെ സൂക്ഷിക്കുക, എങ്കില്‍ നീ ഏറ്റവും നല്ല ഇബാദത്തെടുക്കുന്ന ആളാവും'' എന്ന പ്രവാചക വചനം അതാണ് വിളിച്ചോതുന്നത്. അല്ലാഹു വിലക്കിയവയില്‍ നിന്ന് വിട്ടുനില്‍ക്കല്‍ അവനുള്ള ഇബാദത്താണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചില റിപോര്‍ട്ടുകളില്‍ 'നീ വറഅ് ഉള്ളവനാവുക എങ്കില്‍ നീ ഏറ്റവും നല്ല ഇബാദത്തെടുക്കുന്ന ആളാവും' എന്നും കാണാം.

അപ്രകാരം സുഹ്ദും ഒരര്‍ഥത്തിലുള്ള വെടിയലാണ്. അല്ലാഹുവിന്റെ അടുക്കലുള്ളത് പ്രതീക്ഷിച്ച് ഐഹികലോകത്തിന്റെ സുഖസൗകര്യങ്ങളും ആനന്ദങ്ങളും വെടിയലാണത്. ചിലപ്പോഴത് നിഷിദ്ധങ്ങളില്‍ നിന്നുള്ള വിട്ടുനില്‍ക്കലാവാം. മറ്റു ചിലപ്പോള്‍ സംശയകരമായ കാര്യങ്ങളില്‍ നിന്നോ അനുവദനീയതയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ നിന്നോ ഉള്ള വിട്ടുനില്‍ക്കലാവാം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അല്ലാഹുവില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ വെടിയലാണത്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus