റഷ്യന്‍ അംബാസഡറുടെ വധവും സിറിയന്‍ പ്രതിസന്ധിയും

തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി ആന്ദ്രേ കാര്‍ലോവിന്റെ കൊലപാതകത്തിന് പിന്നിലുള്ള ശക്തികള്‍ ഇരുവശങ്ങളുള്ള സന്ദേശമാണ് നല്‍കാനാഗ്രഹിക്കുന്നത്. അതില്‍ ഒന്നാമത്തേത് സുരക്ഷാസംബന്ധവും രണ്ടാമത്തേത് രാഷ്ട്രീയവുമാണ്. രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണ്. നമുക്ക് സുരക്ഷാവശം കൊണ്ട് തുടങ്ങാം. ആര് തന്നെയാണെങ്കിലും അയാളെ സംബന്ധിച്ചടത്തോളം തുര്‍ക്കി ഒരു സുരക്ഷിത രാജ്യമല്ലെന്ന സന്ദേശം ലോകത്തിനും തുര്‍ക്കിക്കാര്‍ക്കും നല്‍കാനാണ് അവരുദ്ദേശിച്ചതെന്ന് പറയാം. സുരക്ഷാ ഉദ്യോഗസ്ഥന ഉപയോഗിച്ച് ഒരു വലിയ രാജ്യത്തിന്റെ അംബാസഡറുടെ അടുത്തെത്താനും കൊലപ്പെടുത്താനും സാധിച്ചുവെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തില്‍ അത്രയൊന്നും പ്രയാസമില്ലാതെ സാധിക്കുന്ന ഒന്നാണത് എന്ന സന്ദേശമാണത് നല്‍കുന്നത്. ഇറാനും റഷ്യയും തുര്‍ക്കിയിലെ തങ്ങളുടെ കോണ്‍സുലേറ്റുകളെല്ലാം അടച്ചതിലൂടെ അതാണ് വ്യക്തമാകുന്നത്. അതേസമയം ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ എംബസി ജീവനക്കാരുടെ എണ്ണം വെട്ടിചുരുക്കുകയും സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

തുര്‍ക്കിക്കും റഷ്യക്കും ഇടയിലുള്ള ബന്ധം തകര്‍ക്കലും ഇരു രാഷ്ട്രങ്ങളുടെയും പ്രസിഡന്റുമാര്‍ കൈകോര്‍ത്തതിന് ശേഷമുള്ള അടുപ്പം ഇല്ലാതാക്കലുമാണ് അതിന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് വളരെ വ്യക്തമാണ്. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. റഷ്യ, ഇറാന്‍, തുര്‍ക്കി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗം നിശ്ചയിച്ച സമയത്ത് തന്നെ നടന്നു. സമാന്തരമായി പ്രസ്തുത രാഷ്ട്രങ്ങളുടെ പ്രതിരോധമന്ത്രിമാരുടെ യോഗവും നടന്നു. സിറിയന്‍ പ്രതിസന്ധിയെ കൈകാര്യം ചെയ്യാനുള്ള 'മാര്‍ഗരേഖ'യില്‍ യോജിപ്പിലെത്തിയാണ് യോഗത്തില്‍ സമ്മേളിച്ചവര്‍ പുറത്തുവന്നത്.

സമ്മേളനത്തിലെ അറബ് അസാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ ആറ് വര്‍ഷമായി സിറിയന്‍ പ്രശ്‌നത്തില്‍ പ്രധാന ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്നവരുടെ അഭാവം. സൗദി, ഖത്തര്‍ രാജ്യങ്ങളാണ് പ്രധാനമായും ഞാന്‍ ഉദ്ദേശിക്കുന്നത്. സിറിയന്‍ വിമതര്‍ക്ക് വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുകയും പതിനായിരക്കണക്കിന് ടണ്‍ ആയുധങ്ങള്‍ നല്‍കുകയും ചെയ്തവരെ അകറ്റി നിര്‍ത്തിയത് ഉത്തരം കണ്ടെത്തേണ്ട ചോദ്യം തന്നെയാണ്. ഒരുപക്ഷേ വരും ദിവസങ്ങളില്‍ നമുക്കത് കണ്ടെത്താനായേക്കാം അല്ലെങ്കില്‍ അതിന്റെ സൂചനകളെങ്കിലും ലഭിച്ചേക്കാം.

ത്രികക്ഷി സമ്മേളനത്തിലെ സംയുക്ത പ്രമേയത്തിന്റെ ഉള്ളടക്കം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിറിയന്‍ പ്രതിസന്ധിയില്‍ പ്രഥമവും പ്രധാനവുമായ പരിഗണന സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സ്ഥാന ഭ്രഷ്ടനാക്കുന്നതല്ലെന്നും ഭീകരതയെ നേരിടലാണെന്നുള്ളതാണ് അതിലെ മുഖ്യമായ മാറ്റം. സിറിയന്‍ ഭരണകൂടത്തിനും പ്രതിപക്ഷത്തിനുമിടയില്‍ ഉടമ്പടിയുണ്ടാക്കുന്നതിനും അതിന്റെ പ്രായോഗികത ഉറപ്പാക്കുന്നതിനും സഹായിക്കാനുള്ള ഈ മൂന്ന് രാഷ്ട്രങ്ങളുടെയും സന്നദ്ധതയാണ് അതില്‍ പ്രകടിപ്പിച്ചത്.

അമേരിക്കന്‍ കൂടാരത്തില്‍ നിന്ന് പ്രായോഗികമായി തുര്‍ക്കി പുറത്തു കടന്നിട്ടില്ലെങ്കിലും അതില്‍ നിന്നുള്ള പുറത്തു കടക്കലിന്റെ വക്കിലാണ് അവരെന്ന് സൂചിപ്പിക്കുന്നതാണ് ഈ വര്‍ത്തമാനം. തങ്ങളുടെ സ്ഥാനം റഷ്യയുടെയും ഇറാന്റെയും കൂടാരത്തിലായിരിക്കേണ്ടത് അനിവാര്യമാണെന്ന ഉറച്ച ബോധ്യം അവരിലുണ്ടായിരിക്കുന്നു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി അടുത്ത ബന്ധമുള്ള 'യെനി' എന്ന തുര്‍ക്കി പത്രം തുര്‍ക്കിയെ ലക്ഷ്യമാക്കി നടക്കുന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കക്ക് മേല്‍ കെട്ടിവെക്കുക വരെ ചെയ്തിരിക്കുന്നു. തുര്‍ക്കിയുടെ സുസ്ഥിരത തകര്‍ക്കാന്‍ റഷ്യന്‍ അംബാസഡറെ കൊലപ്പെടുത്തിയതിന് പിന്നിലും അവരാണെന്ന് പത്രം ആരോപിച്ചു.

സിറിയന്‍ പ്രതിസന്ധിക്ക് ഇനിയുള്ള പരിഹാരം റഷ്യയുടെയും ഇറാന്റെയും തുര്‍ക്കിയുടെയും മേല്‍നോട്ടത്തിലായിരിക്കും. ജനീവയിലെയും വിയന്നയിലെ ചര്‍ച്ചകള്‍ പോലുള്ള രാഷ്ട്രീയ സൂത്രവാക്യങ്ങളെല്ലാം പഴകി ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു എന്നാണ് റഷ്യന്‍ മന്ത്രി ലാവ്‌റോവിന്റെ വാക്കുകളില്‍ നിന്നും നമുക്ക് ചികഞ്ഞെടുക്കാന്‍ സാധിക്കുന്നത്.

അലപ്പോക്ക് ശേഷമുള്ളത് അതിന് മുമ്പുള്ളതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും. 'വിജയികള്‍' തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കും. 'വിജയികളില്‍' പ്രധാന ഇടമുള്ള റഷ്യ ഐഎസ്, ജബ്ഹത്തുന്നുസ്‌റ പോലുള്ള തീവ്ര ഇസ്‌ലാമിക സംഘങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന തങ്ങളുടെ അജണ്ടയുമായി മുന്നോട്ടു പോകും. സിറിയന്‍ സൈന്യവും അവരുടെ സഖ്യങ്ങളും അലപ്പോയില്‍ രൂക്ഷമായ പോരാട്ടത്തിലായിരുന്നപ്പോള്‍ ഐഎസ് തിരിച്ചു പിടിച്ച പാല്‍മിരയില്‍ ഒരു വലിയ പോരാട്ടം നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് ശേഷം ഇദ്‌ലിബിലും വലിയ യുദ്ധം നടന്നേക്കും. തീവ്രഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളെയും കക്ഷികളെയും ചേര്‍ത്തുവെക്കാനുള്ള റഷ്യയുടെ നയം വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. ഒരു വിട്ടുവീഴ്ച്ചക്കും വഴങ്ങാതെ അത്തരം സംഘങ്ങളെ അടിച്ചമര്‍ത്താന്‍ റഷ്യക്ക് വീണു കിട്ടിയിരിക്കുന്ന കാരണമാണ് അംബാസഡറുടെ വധം. അവര്‍ ഇങ്ങനെയൊരു കാരണം തേടിക്കൊണ്ടിരിക്കുകയായിരുന്നു എന്നോ, അതിന് മുമ്പ് വളരെ കാരുണ്യത്തോടെയായിരുന്നു അവരുടെ ഇടപെടലുകള്‍ എന്നോ അതിന് അര്‍ഥമില്ല.

മിഡിലീസ്റ്റിലെ വന്‍ രാഷ്ട്രമെന്ന സ്ഥാനം റഷ്യ വീണ്ടെടുത്തിരിക്കുന്നു. അവിടത്തെ പ്രധാന കളിക്കാരനായി അത് മാറിയിരിക്കുന്നു. അക്കാര്യം തുര്‍ക്കിയും അതിന്റെ പ്രസിഡന്റ് എര്‍ദോഗാനും തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ വെളിച്ചത്തിലാണ് റഷ്യന്‍ ട്രെയിനിയില്‍ കയറാനുള്ള അവരുടെ തീരുമാനവും. ഇറാനും അതേ വണ്ടിയില്‍ തന്നെയാണുള്ളത്. അതുകൊണ്ടുതന്നെ തുര്‍ക്കി സിറിയന്‍ ഭരണകൂടവുമായി ക്രമേണെ അടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാഷ്ട്രീയ പരിഹാരം സംബന്ധിച്ച തുര്‍ക്കിയുടെ കാഴ്ച്ചപ്പാടിലും അത് മാറ്റങ്ങള്‍ വരുത്തും. ചില പ്രതിപക്ഷ മുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി ദേശീയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കലാണത്.

ഐഎസിനെയും ഇസ്‌ലാമിക ഭീകരരെയും ഭൂഗോളത്തില്‍ നിന്നു തുടച്ചുനീക്കുമെന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന റഷ്യയുടെ പുതിയ പദ്ധതിയെ അനുകൂലിക്കുന്നതാണ്. അതിലൂടെ അദ്ദേഹം തന്റെ സുഹൃത്തായ പുടിന് ധീരമായി ഉറച്ച് മുന്നേറാനുള്ള പച്ചക്കൊടി കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.

അലപ്പോയിലെ പോരാട്ടം അവസാനിച്ചിരിക്കുന്നു. വീണ്ടും സിറിയന്‍ സൈന്യത്തിന്റെ കൈകളില്‍ അതെത്തിയിരിക്കുകയാണ്. അവിടത്തെ പോരാളികള്‍ പച്ച ബസ്സുകളില്‍ പുറത്തു കടക്കുകയും ചെയ്തിരിക്കുന്നു. സിറിയയുടെ കാര്യത്തില്‍ മാത്രമല്ല, മിഡിലീസ്റ്റിനെ മൊത്തത്തില്‍ ബാധിക്കുന്ന വഴിത്തിരിവാണത്. പുതുവര്‍ഷം ആകസ്മികതകളുടേതായിരിക്കും. ചിലര്‍ക്കത് സന്തോഷകരമായിരിക്കുമെങ്കില്‍ മറ്റു ചിലര്‍ക്ക് അങ്ങനെയായിരിക്കില്ല അവ. തങ്ങള്‍ എവിടെയാണ് നിലകൊള്ളുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കുമത്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics