ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക - 3

സ്വന്തം ജീവചരിത്രം രചിക്കുന്നതിന് മുമ്പ് അബുല്‍ ഹസന്‍ നദ്‌വിക്ക് തന്റെ മുന്‍ഗാമികള്‍ രചിച്ചതിനെ കുറിച്ച നല്ല ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗുരുക്കന്‍മാരായ പണ്ഡിതന്‍മാരുടെ ആത്മകഥകളിലേക്ക് അദ്ദേഹം സൂചന നല്‍കുന്നുണ്ട്. അവരില്‍ ചിലര്‍:
1. ശൈഖുല്‍ ഇസ്‌ലാം സയ്യിദ് അഹ്മദ് ഹസന്‍ മദനി 'നഖ്ശുല്‍ ഹയാത്ത്' എന്ന തന്റെ ആത്മകഥ സ്വന്തം ജീവിതകഥ വിവരിച്ചു കൊണ്ടാണ് ആരംഭിക്കുന്നത്. 130ാം പേജില്‍ ജീവിത കഥ പറയുന്നത് അവസാനിപ്പിച്ച അദ്ദേഹം തുടര്‍ന്ന് തന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായ ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസന്‍ ദുയൂബന്ദി സുപ്രധാന പങ്കുവഹിച്ചിട്ടുള്ള വിമോചന പോരാട്ടത്തിന്റെ കഥയാണ് വിവരിക്കുന്നത്.
2. 'ഔജസുല്‍ മസാലികി ഇലാ മുവത്വല്‍ ഇമാം മാലിക്' എന്ന കൃതി രചിച്ച ശൈഖുല്‍ ഹദീസ് മുഹമ്മദ് സകരിയ കാന്‍ദഹ്‌ലവി ഏഴ് വാള്യങ്ങളിലായി തന്റെ ജീവിതം രചിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ അദ്ദേഹമത് പരിമിതപ്പെടുത്തിയിട്ടില്ല. മറിച്ച് താന്‍ ജീവിച്ച കാലഘട്ടത്തെയും ചുറ്റുപാടിനെയും മതവിദ്യാഭ്യാസ രീതിയെയും അതിന്റെ സവിശേഷതകളെയും വ്യതിരിക്തതകളെയും അതില്‍ നിന്നും അറിവ് നേടി പുറത്തുവന്നവരെയും അതിന്റെ നടത്തിപ്പുകാരെയും അവര്‍ വഹിച്ച പങ്കിനെയും കുറിച്ചെല്ലാം അദ്ദേഹം വിവരിക്കുന്നു.
3. സാഹിത്യകാരനായ അബ്ദുല്‍ മാജിദ് ദരിയാബാദിയാണ് മറ്റൊരാള്‍. ഉറുദുവിലും ഇംഗ്ലീഷിലും ഖുര്‍ആന്‍ പരിഭാഷപ്പെടുത്തിയ അദ്ദേഹം വേറിട്ട രീതിയിലാണ് തന്റെ ജീവിതത്തെ കുറിച്ച് രചന നടത്തിയിട്ടുള്ളത്. അതിലൂടെ അദ്ദേഹം ഉപദേശവും ഗുണപാഠവും നല്‍കുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെയും യുവത്വത്തെയും മധ്യവയസ് കാലഘട്ടത്തെയും കുറിച്ച് ആകര്‍ഷണീയമായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മൂന്ന് ആത്മകഥകളും നദ്‌വിക്ക് ആത്മകഥാ രചനക്ക് പ്രചോദനവും പ്രേരണയുമായിട്ടുണ്ട്. ആത്മകഥയില്‍ ചില കാര്യങ്ങള്‍ പ്രയാസത്തോടു കൂടിയാണ് നദ്‌വി അവതരിപ്പിക്കുന്നത്. വ്യക്തികളെയും സംഭവങ്ങളെയും കുറിച്ച് വിവരിക്കുന്നിടത്ത് നേരിട്ടുള്ള പരാമര്‍ശത്തിന് അദ്ദേഹത്തിന്റെ സൂക്ഷ്മത തടസ്സമായി മാറുന്നു. പൂര്‍വികരില്‍ നിന്ന് ആ ശൈലിക്ക് അദ്ദേഹം ന്യായം കണ്ടെത്തുകയും ചെയ്യുന്നു. തന്റെ കുടുംബത്തെയും നാടിനെയും പഠനത്തെയും കൂട്ടുകാരെയും ശിഷ്യന്‍മാരെയും കുറിച്ചാണ് നദ്‌വി ആത്മകഥയില്‍ പറയുന്നത്.

താന്‍ ആത്മകഥ രചിച്ച സാഹചര്യം നമ്മുടെ മുമ്പില്‍ അദ്ദേഹം വെക്കുന്നുണ്ട്. ധാരാളം എഴുതിയിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ അനുഭവിച്ചത്ര മാനസിക സംഘര്‍ഷവും ആശയക്കുഴപ്പവും മറ്റു സന്ദര്‍ഭങ്ങളിലൊന്നും അഭിമുഖീകരിച്ചിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുന്നു. കഴിഞ്ഞ കാലത്തിലേക്കും വര്‍ഷങ്ങളിലേക്കും ഭീതിയോടെയാണ് അദ്ദേഹം ഇറങ്ങി ചെല്ലുന്നത്. താന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവോ അനുഭവ സമ്പത്തുള്ള നേതാവോ പ്രസിദ്ധനോ അല്ലെന്നുള്ള ന്യായങ്ങളും അതിനദ്ദേഹം സമര്‍പിക്കുന്നു. അദ്ദേഹത്തിന്റെ വിനയവും സ്വന്തത്തെ പൊലിപ്പിച്ചു കാണിക്കാത്ത പ്രകൃതവുമായിരുന്നു അതിന് കാരണം.

അപ്രകാരം വീഴ്ച്ചകളും അബദ്ധങ്ങളും സംഭവിക്കുമോ എന്ന അതിയായ ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. സഹപ്രവര്‍ത്തകരെയും കൂട്ടുകാരെയും സമകാലികരെയും കുറിച്ച് വിവരിക്കുമ്പോള്‍ അത് മോശമായ പരാമര്‍ശമായി മാറുമോ, അവരുടെ വികാരത്തെയത് വ്രണപ്പെടുത്തുമോ എന്നദ്ദേഹം ഭയപ്പെട്ടിരുന്നു. എത്രത്തോളമെന്നാല്‍ അവരെ കുറിച്ച പ്രശംസ പോലും അതിരുവിട്ടു പോകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു.

അബുല്‍ ഹസന്‍ നദ്‌വിയുടെ ഈ വിനയത്തെ കുറിച്ച് ശൈഖ് അലി ത്വന്‍ത്വാവി ആത്മകഥയുടെ മുഖവുരയില്‍ അടിവരയിട്ടു വ്യക്തമാക്കുന്നുണ്ട്. അക്കാലഘട്ടത്തിലെ പ്രമുഖ പ്രബോധകരായ ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ്, ബശീര്‍ ഇബ്‌റാഹീമി, അബുല്‍ അഅ്‌ല മൗദൂദി, മുഹിബ്ബുദ്ദീന്‍ ഖതീബ്, ഖദിര്‍ ഹുസൈന്‍, മുഹമ്മദ് മഹ്മൂദ് സവ്വാഫ്, സഈദ് നൂര്‍സി തുടങ്ങിയവരുടെ കൂട്ടത്തിലാണ് നദ്‌വിയെയും അദ്ദേഹം എണ്ണിയിട്ടുള്ളത്. അബുല്‍ ഹസന്‍ നദ്‌വിയുടെ കുടുംബത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നു. വൈദ്യശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ സഹോദരനും വൈദ്യശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ സഹോദരി എഴുത്തുകാരിയാണ്. റിയാളു സ്വാലിഹീന്‍ 'സാദു സഫര്‍' എന്ന പേരില്‍ അവര്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉമ്മയും എഴുത്തുകാരിയും കവയത്രിയും ഗ്രന്ഥകാരിയുമാണ്.

രോഗത്തെ തുടര്‍ന്നുള്ള വിശ്രമ വേളയും തന്റെ ഗ്രന്ഥശാലയില്‍ നിന്നും അകന്നു നിന്നുകൊണ്ടുള്ള അവധിദിനങ്ങളുമാണ് ആത്മകഥാ രചനക്ക് പ്രേരണയായതെന്ന് നദ്‌വി വെളിപ്പെടുത്തുന്നുണ്ട്. എഴുത്തും വായനയുമില്ലാത്ത ഒഴിവുവേള ആത്മകഥക്ക് പറ്റിയ സന്ദര്‍ഭമായിട്ടാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 'ഒരു പണിയുമില്ലാതെ കഴിയുന്നതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും കഠിനവും പ്രയാസകരവുമായ കാര്യം. എഴുത്തോ വായനയോ ഇല്ലാത്ത അവസ്ഥ എന്നെ സംബന്ധിച്ചടത്തോളം ഒരു തരം ശിക്ഷയാണ്.' എന്നാണ് അദ്ദേഹം സ്വന്തം വാക്കുകളില്‍ അതിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. (തുടരും)

വിവ: നസീഫ്‌

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക - 2

ആത്മകഥാ രചന; അബുല്‍ ഹസന്‍ നദ്‌വിയുടെ മാതൃക - 4

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics