ഉറക്കമില്ലാത്ത മക്കളും മാതാപിതാക്കളുടെ ആധിയും

മക്കളുടെ രാത്രിയിലെ ഉറക്കമിളക്കലും പകലുറക്കവും ഇക്കാലത്ത് പല മാതാപിതാക്കളുടെയും പരാതിയാണ്. മക്കളുടെ ആരോഗ്യത്തെയും പഠനത്തെയും ജോലിയെയുമെല്ലാം ബാധിക്കുന്ന ഈ ശീലം മാറ്റാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണ് അവരുടെ ആവലാതി. ആ മാതാപിതാക്കള്‍ പറയുന്നത് ന്യായമാണ്. അല്ലാഹു ഒരുക്കിയിട്ടുള്ള മനുഷ്യന്റെ പ്രകൃതത്തിന് വിരുദ്ധവും ശരീരത്തിനും ജീവിതത്തിനും ദോഷകരവുമാണത്. അവരുടെ ബുദ്ധിക്കും മനസ്സിനും വരെ ദോഷകരമാണത്.

അല്ലാഹു പറയുന്നു: ''രാവിനെ, അതില്‍ നിങ്ങള്‍ ശാന്തി നേടുന്നതിനു നിശ്ചയിച്ചുതന്നവനും പകലിനെ വെളിച്ചമുളളതാക്കിയവനും ആ അല്ലാഹു തന്നെയാകുന്നു.'' (യൂനുസ്: 67)
''ആ അല്ലാഹുതന്നെയാകുന്നു ഇരവിനെ നിങ്ങള്‍ക്കു വസ്ത്രവും നിദ്രയെ ശാന്തിയും പകലിനെ നവോന്മേഷ വേളയുമാക്കിയത്.'' (അല്‍ഫുര്‍ഖാന്‍: 47)
രാത്രി വളരെ വൈകി ഉറങ്ങുന്നതാണ് ഉറക്കമിളക്കല്‍. മുഴുലോകത്തെയും പിടികൂടിയിരിക്കുന്ന ഒരു ദുശ്ശീലമാണത്. സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണുകളുമടക്കം സാങ്കേതിക രംഗത്തുണ്ടായ പുരോഗതി അതിന്റെ പ്രധാന കാരണമാണ്.

ഉറക്കമിളക്കലിന്റെ ദോഷങ്ങള്‍
ഉറക്കമിളക്കല്‍ കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നിരന്തരമുള്ള ഉറക്കമിളക്കല്‍ ശരീരത്തെ ക്ഷീണിപ്പിക്കുകയും പ്രതിരോധ ശേഷി കുറക്കുകയും ചെയ്യും. അതിന്റെ ഫലമായി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശക്തി ക്ഷയിക്കും. ബുദ്ധിയുടെ പ്രവര്‍ത്തനത്തെയും തീരുമാന ശേഷിയെയും അത് തളര്‍ത്തും. ഡ്രൈവിങിലും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കത് എത്തിക്കുന്നു. ഓര്‍മശക്തിയെയും ഏകാഗ്രതയെയും അത് ക്ഷീണിപ്പിക്കുന്നു.

രോഗങ്ങള്‍ക്കുള്ള സാധ്യതയും നിലവിലുള്ള രോഗങ്ങളുടെ തീവ്രതയും വര്‍ധിക്കുന്നതിന് ഉറക്കമിളക്കല്‍ കാരണമായി മാറും. സ്ഥിരമായി രാത്രി ഉറക്കമിളക്കുന്നവരില്‍ കോര്‍ട്ടിസോണ്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കുറയും. ദഹനം വളര്‍ച്ച പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെയത് ബാധിക്കും. തുടര്‍ച്ചയായി 18 മണിക്കൂര്‍ ഉറക്കമിളക്കുന്നത് രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് വര്‍ധിക്കുന്നതിന് സമാനമായ അവസ്ഥയിലേക്കെത്തിക്കുമെന്ന് പഠനങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉത്കണ്ഠ, ടെന്‍ഷന്‍, നിരാശ, അശുഭാപ്തി വിശ്വാസം പോലുള്ള മാനസിക പ്രയാസങ്ങള്‍ക്കും അത് കാരണമാകുന്നു. ടെന്‍ഷന്‍ കാരണം പ്രയാസപ്പെടുന്ന 60 ശതമാനം ആളുകള്‍ക്ക് മതിയായ ഉറക്കത്തിലൂടെ തങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിച്ചതായി പ്രായോഗിക പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികളെ സംബന്ധിച്ചടത്തോളം ഉറക്കകുറവ് ശ്രദ്ധയും ഗ്രഹിക്കാനുള്ള ശേഷിയും കുറയുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ക്ലാസ്സുകള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥ അവര്‍ക്കുണ്ടാവും. വ്യക്തികള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ക്ക് പുറമെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉല്‍പാദനത്തെ അതിലെ ജോലിക്കാരുടെ ഉറക്കമിളക്കല്‍ ബാധിക്കും. അപ്രകാരം നിരവധി വാഹനാപകടങ്ങള്‍ക്കും അത് കാരണമായി മാറാറുണ്ട്.

പരിഹാരം എന്ത്?
ഉറക്കമിളക്കലിന്റെ മേല്‍പറഞ്ഞ ദോഷവശങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ഒന്നാമതായി വേണ്ടത്. അത് തങ്ങള്‍ക്ക് എത്രത്തോളം ദോഷകരമാണെന്നത് സംസാരത്തിലൂടെ അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. ഘട്ടംഘട്ടമായി അതില്ലാതാക്കുന്നതിന് അവരെ സഹായിക്കുകയാണ് പിന്നെ വേണ്ടത്. രണ്ട് മണി വരെ ഉറക്കമിളക്കുന്ന കുട്ടിയുടെ ഉറക്കം തുടക്കത്തില്‍ ഒരു മണിയിലേക്കും പിന്നീട് പന്ത്രണ്ട് മണിയിലേക്കും കൊണ്ടുവന്ന് ക്രമേണെ സാധാരണ രീതിയിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടത്.

ഉറക്കമിളക്കുന്നതിന് സഹായകമാകുന്ന കാപ്പി, ചായ പോലുള്ളവയുടെ ഉപയോഗവും വൈകുന്നേരത്തിന് ശേഷം നിയന്ത്രിക്കണം. അവയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ പോലുള്ള പദാര്‍ഥങ്ങളുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്നത് ഉറക്കത്തിന് തടസ്സമായി മാറും. പകരം ഉറക്കത്തിന് സഹായകമാകുന്ന പാല്‍ പോലുള്ള പാനീയങ്ങള്‍ അവര്‍ക്ക് നല്‍കാം. ചൂടുള്ള പാല്‍ കുടിക്കുന്നത് ഉറക്കത്തിന്‍ സഹായിക്കുന്ന മെലാറ്റോനിന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. തേനും ഉറക്കത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ്. കുട്ടികള്‍ വൈകുന്നേരം അസറിന് ശേഷം ഉറങ്ങുന്നത് തടയാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രി നേരത്തെ ഉറങ്ങാന്‍ പകലുറക്കം കുറക്കേണ്ടത് അനിവാര്യമാണ്.

ഇതുസംബന്ധിച്ച നിരവധി നിര്‍ദേശങ്ങളും ഉപദേശങ്ങളും നമുക്ക് പ്രവാചക ജീവിതത്തില്‍ കാണാം. ഇശാഅ് നമസ്‌കാരത്തിന് മുമ്പുള്ള ഉറക്കവും അതിന് ശേഷമുള്ള സംസാരവും നബി(സ)ക്ക് അനിഷ്ടകരമായ കാര്യങ്ങളായിരുന്നു. 'ഇശാഇന് മുമ്പുള്ള ഉറക്കവും അതിന് ശേഷമുള്ള സംസാരവും അദ്ദേഹം വെറുത്തിരുന്നു.' (ബുഖാരി, മുസ്‌ലിം)
പ്രസ്തുത ഹദീഥ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി പറയുന്നു: ഇശാഇന് ശേഷം ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലാതെ സംസാരിക്കുന്നത് കറാഹത്താണെന്നതില്‍ (അനഭികാമ്യം) പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു. (ശറഹ് സ്വഹീഹ് മുസ്‌ലിം, 5/146)
ഹാഫിദ് ഇബ്‌നു റജബ് പറയുന്നു: അനാവശ്യ സംസാരത്തിലേര്‍പ്പെട്ടും അശ്ലീലം പറഞ്ഞും മറ്റുള്ളവരെ കുറ്റംപറഞ്ഞും ഉറക്കമിളക്കുന്നത് എപ്പോഴാണെങ്കിലും മക്‌റൂഹാണ് എന്നതില്‍ സംശയമില്ല. (ഫത്ഹുല്‍ ബാരി, 3/377)

അതിന് പിന്നിലെ കാരണം നവവി വിശദീകരിക്കുന്നു: ഉറക്കമിളക്കലിന് കാരണമാകുമെന്നതാണ് ഇശാഇന് ശേഷമുള്ള സംസാരം കറാഹത്തായതിന്റെ കാരണം. രാത്രി നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, സുബ്ഹി നമസ്‌കാരം തുടങ്ങിയവയെ ഉറക്കം അതിജയിക്കുന്നതിന് അത് കാരണമായേക്കും. സുബ്ഹി നമസ്‌കാരം അതിന്റെ ശ്രേഷ്ഠമായ സമയത്തോ അതിനനുവദിക്കപ്പെട്ട സമയത്തോ നിര്‍വഹിക്കുന്നതിന് ഉറക്കം തടസ്സമായി മാറിയേക്കും. രാത്രിയിലെ ഉറക്കമിളക്കല്‍ പകല്‍ സമയത്തെ പ്രവര്‍ത്തനങ്ങളെ അലസത പിടികൂടുന്നതിനും കാരണമാവും.

ഖുര്‍തുബി പറയുന്നു: അല്ലാഹു രാത്രിയെ ശാന്തമാക്കിയെന്നതാണ് ഇശാഇന് ശേഷം സംസാരം അനഭികാമ്യമാക്കിയതിന്റെ പിന്നിലെ യുക്തി. അഥവാ എല്ലാവരും ശാന്തരായി വിശ്രമിക്കേണ്ട സമയമാണത്. മനുഷ്യന്‍ ആ സമയത്ത് സംസാരിച്ചിരുന്നാല്‍ അവന് ഉപജീവനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട പകലിനെ പോലെയായി രാത്രിയും മാറും. അതുകൊണ്ടു തന്നെ അല്ലാഹു പ്രപഞ്ചത്തില്‍ ഒരുക്കിയിരിക്കുന്ന വ്യവസ്ഥക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന് സമാനമാണത്.

നബി(സ) ഇശാഇന് മുമ്പ് ഉറങ്ങുകയോ അതിന് ശേഷം സംസാരിച്ചിരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ലെന്ന് ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)ല്‍ നിന്നും റിപോര്‍ട്ടുണ്ട്. എന്നാല്‍ അനുവദനീയമായ ഉറക്കമിളക്കല്‍ കൂടിയുണ്ടെന്നത് നാം മനസ്സിലാക്കണം. 'ഖിയാമുല്ലൈല്‍' എന്നാണ് പ്രവാചകന്‍(റ) അതിന് വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ''രാത്രികാലത്ത് ഖുര്‍ആന്‍ ഓതി തഹജ്ജുദ് അനുഷ്ഠിക്കുക.ഇതു നിനക്ക് ഐച്ഛികമായിട്ടുള്ളതാകുന്നു.നിന്റെ നാഥന്‍ നിന്നെ സ്തുത്യര്‍ഹമായ സ്ഥാനത്തേക്കുയര്‍ത്തിയേക്കും.'' (അല്‍ഇസ്‌റാഅ്: 79)
നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള നമസ്‌കാരം രാത്രിയുടെ അന്ത്യയാമങ്ങളിലുള്ള നമസ്‌കാരമാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് ശീലമാക്കാന്‍ നബി(സ) ഉപദേശിച്ചിരുന്നു.

രാത്രിയുടെ ആദ്യ സമയത്ത് തന്നെ നേരത്തെ ഉറങ്ങുക. രാത്രിയുടെ തുടക്കത്തിലുള്ള ഒരു മണിക്കൂര്‍ ഉറക്കം അര്‍ധരാത്രിക്ക് ശേഷമുള്ള മൂന്ന് മണിക്കൂര്‍ ഉറക്കത്തിന് തുല്യമാണെന്ന് ജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട്. ഉറക്കത്തിനും ഉണര്‍ച്ചക്കുമിടയില്‍ ഇത്തരത്തില്‍ മനോഹരമായി സന്തുലിതത്വം പാലിക്കാനാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics