ഇന്നത്തെ സ്വാതന്ത്ര്യ പോരാളികള്‍; നാളത്തെ ഭീകരവാദികള്‍

ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാത്തവര്‍ പിഴവുകള്‍ ആവര്‍ത്തിക്കുമെന്ന് ജോര്‍ജ്ജ് സന്തായന ദീര്‍ഘദൃഷ്ടിയോടെ പറഞ്ഞിട്ടുണ്ട്. ചരിത്രത്തിലാദ്യമായി താലിബാന്റെയും അല്‍ഖാഇദയുടെയും രംഗപ്രവേശനത്തിന് വഴിവെച്ച 80-കളിലെ അഫ്ഗാന്‍ ജിഹാദും, 2011 മുതല്‍ക്ക് ആരംഭിച്ച ലിബിയന്‍-സിറിയന്‍ ആഭ്യന്തരയുദ്ധങ്ങളും തമ്മിലുള്ള ഏക വ്യത്യാസമെന്താണെന്നാല്‍- അഫ്ഗാന്‍ ജിഹാദ് യാതൊരുവിധ മറയുമില്ലാത്ത പ്രത്യക്ഷ ജിഹാദായിരുന്നു: സി.ഐ.എ-യാണ് പാകിസ്ഥാനി ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് എ.കെ 47-നും, ആര്‍.പി.ജി-കളും, സ്റ്റിംഗറുകളും നല്‍കിയതെന്നും, അവരാണ് അവയെല്ലാം സോവിയറ്റ് സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്ന അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് (സ്വാതന്ത്ര്യ പോരാളികള്‍) വിതരണം ചെയ്തതെന്നും അന്ന് പാശ്ചാത്യ ഭരണകൂടങ്ങളും അവരുടെ മുഖപത്രങ്ങളായ മുഖ്യധാരാ മാധ്യമങ്ങളും വീമ്പ് പറയുമായിരുന്നു.

9/11 ദുരന്തത്തിന് ശേഷം, പാശ്ചാത്യ രാഷ്ട്രീയ സ്ഥാപനങ്ങളും, കുത്തക മാധ്യമങ്ങളും കൂടുതല്‍ സംശയാലുക്കളും, ജാഗ്രതയുള്ളവരുമായി മാറി. അതിനാല്‍ ഇത്തവണ, ലിബിയയിലെ അറബ് ദേശീയവാദിയായ ഗദ്ദാഫിക്കെതിരെയും, സിറിയയിലെ സയണിസ്റ്റ് വിരുദ്ധന്‍ അസദിനെതിരെയും മറഞ്ഞ് നിന്നുള്ള പരോക്ഷ ജിഹാദാണ് നടത്തിയത്. ഇസ്‌ലാമിക് ജിഹാദിസ്റ്റുകള്‍ (എന്ന ഭീകരവാദികള്‍) മതേതര ദേശീയവാദികളായ 'മിതവാദ വിമതര്‍' എന്ന പേരിലാണ് പാശ്ചാത്യ പ്രേക്ഷകര്‍ക്കിടയില്‍ വില്‍ക്കപ്പെട്ടത്.

പ്രസ്തുത രാജ്യങ്ങളിലെ ഭരണമാറ്റം എന്ന ലക്ഷ്യം ഭീകരവിരുദ്ധ യുദ്ധം എന്ന മുഖ്യധാരാ ആഖ്യാനവുമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നപ്പോളാണ് പാശ്ചാത്യ രാഷ്ട്രീയ സ്ഥാപനങ്ങളും, മുഖ്യധാര മാധ്യമങ്ങളും ഭീകരവാദ സംഘങ്ങളെ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ നല്‍കി തരംതിരിക്കാന്‍ ശ്രമം തുടങ്ങിയത്: ചുവപ്പ് നിറം നല്‍കപ്പെട്ട ഐ.എസ് ഭീകരവാദികള്‍ നശിപ്പിക്കപ്പെടേണ്ടവരാണ്; മഞ്ഞ നിറം നല്‍കപ്പെട്ട ജെയ്ശുല്‍ ഇസ്‌ലാം, അഹ്‌റാര്‍ അശ്ശാം തുടങ്ങിയ സംഘങ്ങളുമായി പാശ്ചാത്യ ശക്തികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാം; പച്ച നിറം നല്‍കപ്പെട്ടിരിക്കുന്ന ഫ്രീ സിറിയന്‍ ആര്‍മിയും മറ്റു ചില സംഘങ്ങളുമാണ് 'മിതവാദികള്‍' എന്ന പേരില്‍ അറിയപ്പെടുന്നത്.

സിറിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന 90 ശതമാനം പോരാളികളും ഒന്നുകില്‍ ഇസ്‌ലാമിക് ജിഹാദിസ്റ്റുകളോ അല്ലെങ്കില്‍ സായുധ ഗോത്രവിഭാഗങ്ങളോ ആണെന്നത് അനിഷേധ്യമായ വസ്തുതയാണ്. 10 ശതമാനത്തില്‍ താഴെ വരുന്നവരാണ് ഇപ്പറയുന്ന സിറിയന്‍ സൈന്യത്തില്‍ നിന്ന് വിട്ടുപോന്നവര്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മതേതര ദേശീയവാദ ലക്ഷ്യങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍.

വികസ്വര രാഷ്ട്രങ്ങളിലെ ന്യൂനാല്‍ന്യൂനപക്ഷമായ മതേതര ലിബറല്‍ എലീറ്റുകളെ സംബന്ധിച്ചേടത്തോളം, വേലക്കാര്‍ ഒരു ദിവസം അവധിയെടുത്താല്‍ സ്വന്തം നിലക്ക് പ്രാതല്‍ ഉണ്ടാക്കാന്‍ പോലും അറിയാത്തവരാണ് അവര്‍. സിറിയന്‍ പോരാളികളില്‍ ഭൂരിഭാഗവും ജനാധിപത്യത്തിലും, നിയമവാഴ്ച്ചയിലും, ലിബറല്‍ മൂല്യങ്ങളിലും വിശ്വസിക്കുന്ന, സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള യുദ്ധത്തില്‍ സിറിയന്‍ പ്രതിപക്ഷത്തെ സംരക്ഷിച്ച് കൊണ്ട് കവചം തീര്‍ക്കുന്ന 'മിതവാദ വിമതരാണെന്ന്' കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ നമ്മളെ വിശ്വസിപ്പിച്ചു.

രാഷ്ട്രമീമാംസയില്‍ നാം ഉപയോഗിക്കുന്ന സംജ്ഞകളുടെ നിര്‍വചനങ്ങളിലാണ് ചെകുത്താന്‍ എല്ലായ്‌പ്പോഴും ഉണ്ടാവുക. ഉദാഹരണത്തിന്: ഒരു ഭീകരവാദിയെ അല്ലെങ്കില്‍ മിലിറ്റന്റിനെ നിങ്ങള്‍ എങ്ങനെയാണ് നിര്‍വചിക്കുക? ഇത് മനസ്സിലാക്കുന്നതിന് വേണ്ടി, ഒരു 'മിലിറ്റിന്റ്'ന്റെ മര്‍മ്മത്തെ നാം തിരിച്ചറിയേണ്ടതുണ്ട്, അതായത് മറ്റുള്ളവരില്‍ നിന്നും മിലിറ്റന്റിനെ വ്യത്യസ്തമാക്കുന്ന അനിവാര്യ ഘടകമെന്താണ്? അടിസ്ഥാനപരമായി സ്റ്റേറ്റിന് എതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആയുധധാരിയും ആക്രമാസക്തനുമായ വ്യക്തിയാണ് ഒരു മിലിറ്റന്റ്.

ഇനി നമുക്ക് 'ഹിംസ' എന്ന ആശയത്തെ പരിശോധിക്കാം. ഹിംസ സ്വയം തന്നെ തെറ്റായ ഒരു കാര്യമാണോ, അഥവാ ന്യായമായ ഹിംസ എന്നൊന്ന് നിലനില്‍ക്കുന്നുണ്ടോ? അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പറയുമ്പോള്‍ എല്ലാ തരത്തിലുള്ള ഹിംസയും ആത്യന്തികമായി തെറ്റ് തന്നെയാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം; കാരണം അക്രമം മാര്‍ഗമായി സ്വീകരിക്കുന്ന ഒരു ലക്ഷ്യവും ഒരിക്കലും നല്ലതല്ല. ജനാധിപത്യവും ലിബറല്‍ മൂല്യങ്ങളും മഹത്തായ ലക്ഷ്യങ്ങള്‍ തന്നെയാണ്, പക്ഷെ അത്തരം ലക്ഷ്യങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ സാക്ഷാത്കരിക്കാന്‍ പാടുള്ളു; ആയുധധാരികളും അക്രമികളുമായ ഒരു കൂട്ടം തെമ്മാടികളിലൂടെ ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് ശുദ്ധ അസംബന്ധമാണ്.

അതേസമയം പാശ്ചാത്യ മുഖ്യധാര മാധ്യമങ്ങളും അവരുടെ സില്‍ബന്തികളായ നവഉദാരവാദികളും മറ്റൊരു കാഴ്ച്ചപ്പാടാണ് വെച്ചുപുലര്‍ത്തുന്നത്. അവരെ സംബന്ധിച്ചേടത്തോളം രണ്ട് തരം ഹിംസകളുണ്ട്; ന്യായമായ ഹിംസയും, ന്യായീകരിക്കാന്‍ കഴിയാത്ത ഹിംസയും. ലിബിയയിലും സിറിയയിലും 'ജനാധിപത്യം കൊണ്ടുവരിക' പോലെയുള്ള മതേതര-ദേശീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒരു മിലിറ്റന്റ് ഹിംസയുടെ മാര്‍ഗം സ്വീകരിക്കുന്നതിനെ ഈ ലിബറല്‍ ഇന്റര്‍വെന്‍ഷനിസ്റ്റുകള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും, അത്തരം ഹിംസയെ വാനോളം വാഴ്ത്തുകയും ചെയ്യുന്നത് കാണാം. എന്നാല്‍, അത്തരം മിലിറ്റന്റുകള്‍ പിന്നീട് ലിബിയയിലെ മിസ്‌റാത്ത മിലീഷ്യ അല്ലെങ്കില്‍ സിറിയയിലെ ഐ.എസ്, അല്‍നുസ്‌റ ഫ്രണ്ട് എന്നിവയെ പോലെ ഇസ്‌ലാമിക് ജിഹാദിസ്റ്റുകളായി മാറിയാല്‍, മുഖ്യധാരാ ആഖ്യാനങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഈ നിയോലിബറുകള്‍ ഉടനടി അവരെ 'ഭീകരവാദികള്‍' എന്ന് മുദ്രകുത്തും.

പാശ്ചാത്യ ബുദ്ധിജീവികളുടെയും കോര്‍പ്പറേറ്റ് മാധ്യമ വക്താക്കളും ഇപ്പോള്‍ പറയുന്നത് എന്താണെന്നാല്‍, അഫ്ഗാനിസ്ഥാനില്‍ താലിബാനെയും ഹഖാനി ശൃംഖലയെയും രഹസ്യമായി പിന്തുണച്ചു കൊണ്ട് പാകിസ്ഥാന്‍ അമേരിക്കയെ വഞ്ചിച്ചു എന്നാണ്.

നേരിട്ട് ഇറങ്ങാതെ, മറ്റു പലരെയും വിട്ട് യുദ്ധം ചെയ്യിക്കുന്നതിലൂടെ അന്താരാഷ്ട്ര ശക്തികള്‍ ഒരുപാട് ലാഭങ്ങളുണ്ട്. എന്തെങ്കിലും പ്രതികൂലമായി വരികയാണെങ്കില്‍ എല്ലാ പഴിയും പ്രാദേശിക ഘടകങ്ങളുടെ മേല്‍ ചാര്‍ത്തി അവര്‍ക്ക് രക്ഷപ്പെടാം.

80-കളിലെ കാര്യമെടുത്താല്‍, ശൂന്യതയില്‍ നിന്നും പെട്ടെന്ന് പൊട്ടിമുളച്ചവരല്ല അഫ്ഗാന്‍ 'സ്വാതന്ത്ര്യ പോരാളികള്‍.' ചില ശക്തികള്‍ ഫണ്ട് ചെയ്തു, പരിശീലനം നല്‍കി, ആയുധം നല്‍കി, എന്നിട്ട് ആ മിലിറ്റന്റുകളെ അന്താരാഷ്ട്രതലത്തില്‍ നിയമവിധേയമാക്കുകയും ചെയ്തു. ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെയാണ് അന്നത്തെ കാലത്തെ ആ വന്‍ശക്തിയെ അസംഘടിത മിലിറ്റന്റുകള്‍ക്ക് പരാജയപ്പെടുത്താന്‍ സാധിക്കുക?

പിന്നീട് 2011-ല്‍, ലിബിയയിലെ അറബ് വസന്തത്തിന്റെ ആരംഭദശയില്‍, നേരത്തെ സൂചിപ്പിച്ച അതേ ശക്തികള്‍ ഫണ്ട് ഇറക്കി, പരിശീലനം നല്‍കി, ആയുധങ്ങള്‍ നല്‍കി ഒരു കൂട്ടം ലിബിയന്‍ മിലിന്റുകളെ രംഗത്തിറക്കി. ഗദ്ദാഫിയുടെ 'ഏകാധിപത്യ ദുര്‍ഭരണത്തിനെതിരെ' 'സായുധ' പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ജനാധിപത്യവാദികളായ മിലിറ്റന്റുകള്‍ എന്നാണ് ഈ ശക്തികള്‍ അവരെ വിളിച്ചത്.

സമാനമായി, സിറിയയിലും അതേ വന്‍ശക്തികള്‍ ഒരിക്കല്‍ കൂടി ഫണ്ട് ഇറക്കി, ആയുധ പരിശീലനം നല്‍കി, ആയുധങ്ങള്‍ നല്‍കി സിറിയന്‍ മിലിറ്റന്റുകള്‍ക്ക് നിയമപരിരക്ഷ നല്‍കി. വേറെ എങ്ങനെയാണ് സമാധാനപരവും, ജനാധിപത്യപരവുമായിരുന്ന പ്രതിഷേധങ്ങള്‍ പൂര്‍ണ്ണമായ ഒരു സായുധ സംഘട്ടനത്തിലേക്ക് വഴിമാറുക?

ഇനി ആ ജനാധിപത്യ പ്രതിഷേധങ്ങള്‍ അക്രമമാര്‍ഗത്തിലേക്ക് വഴിമാറിയെന്ന് തന്നെ വെക്കുക, ഏറി പോയാല്‍ ആ സിവിലിയന്‍മാരുടെ പക്കല്‍ കുറച്ച് പിസ്റ്റളുകളും, ഷോട്ട്ഗണ്ണും, റൈഫിളുകളും മാത്രമേ കാണാന്‍ വഴിയുള്ളു. പക്ഷെ എവിടെ നിന്നാണ് ഈ സിവിലിയന്‍മാര്‍ക്ക് മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച പിക്കപ്പ് ട്രക്കുകളും, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും, യു.എസ് നിര്‍മിത ആന്റി-ടാങ്ക് മിസൈലുകളും ലഭിച്ചത്?

ഒരു രാജ്യത്തിന്റെ സംഘടിതവും, വിദഗ്ദ പരിശീലനം സിദ്ധിച്ചവരുമായ, അത്യാധുനിക ആയുധങ്ങളും, പോര്‍വിമാനങ്ങളും, നാവികസേനയും ഉള്ള വന്‍സൈന്യത്തോടാണ് നിരായുധരായ സിവിലിയന്‍ ജനതയും, അസംഘടിത പോരാട്ട സംഘങ്ങളും യുദ്ധം ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ വലിയ സൈനിക നയതന്ത്രജ്ഞനൊന്നും ആവേണ്ട കാര്യമില്ല.

80-കളിലെ സോവിയറ്റ്-അഫ്ഗാന്‍ ജിഹാദും, ഇന്നത്തെ സിറിയന്‍ ആഭ്യന്തര യുദ്ധവും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സൈനികര്‍ക്കെതിരെ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെ അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് വേണ്ടിയുള്ള പരിശീലന ക്യാമ്പുകള്‍ പശ്ചാത്യശക്തികള്‍ സ്ഥാപിച്ചത് അഫ്ഗാന്‍-പാക് അതിര്‍ത്തിയിലായിരുന്നു. സമാനമായി, സിറിയന്‍ പോരാളികള്‍ക്ക് വേണ്ടിയുള്ള പരിശീലന ക്യാമ്പുകള്‍ പാശ്ചാത്യശക്തികള്‍ സ്ഥാപിച്ചിട്ടുള്ളത് സിറിയയുടെ തുര്‍ക്കി-ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ്. ഇവക്ക് തുര്‍ക്കി, ജോര്‍ദാന്‍, സൗദി ഇന്റലിജന്‍സ് ഏജന്‍സികളുടെ എല്ലാവിധ പിന്തുണയും ഉണ്ട്.

സോവിയറ്റ് യൂണിയനെതിരെ പഷ്തൂണ്‍ ജിഹാദികള്‍ക്കാണ് അഫ്ഗാനില്‍ പശ്ചാത്യ ശക്തികള്‍ പരിശീലനവും ആയുധങ്ങളും നല്‍കിയത് എന്നത് ഒരു ചരിത്രസത്യമാണ്. ഈ ജിഹാദികളെയാണ് ആദ്യഘട്ടത്തില്‍ പാശ്ചാത്യമാധ്യമങ്ങള്‍ 'സ്വാതന്ത്ര്യ പോരാളികള്‍' എന്ന് വാഴ്ത്തുകയും, പിന്നീട് ഭീകരവാദികള്‍ എന്ന് മുദ്രകുത്തുകയും ചെയ്തത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സമാനമായി, സിറിയയിലെ ഇസ്‌ലാമിക് ജിഹാദിസ്റ്റുകളായ അല്‍നുസ്‌റ ഫ്രണ്ട്, ജെയ്ശുല്‍ ഇസ്‌ലാം, അഹ്‌റാര്‍ അശ്ശാം തുടങ്ങിയ സംഘങ്ങള്‍ക്കാണ് പാശ്ചാത്യ ശക്തികള്‍ ഇന്ന് 'മിതവാദ വിമതര്‍' എന്ന് വിശേഷിപ്പിച്ച് ആയുധ പരിശീലനവും, ആയുധങ്ങളും, സാമ്പത്തിക സഹായവും നല്‍കുന്നത്.

ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്റെ അവസ്ഥ തന്നെയായിരിക്കും സിറിയക്കും വന്ന് ഭവിക്കാന്‍ പോകുന്നത്.

കടപ്പാട്: countercurrents
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics