ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് പത്ത് കൃതികള്‍

മുസ്‌ലിംകളെ കുറിച്ചുള്ള തെറ്റായവിവരങ്ങളും, മാധ്യമ വാര്‍പ്പുമാതൃകങ്ങളും ഒന്നും തന്നെ പുതിയതല്ല. ഈ തെരഞ്ഞെടുപ്പാനന്തര ലോകത്ത് ഒരുപാടാളുകള്‍ സഹായഹസ്തവുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും അവര്‍ക്ക് നമ്മളെ കുറിച്ച് കൂടുതലൊന്നും അറിയില്ല. നമ്മുടെ അമേരിക്കന്‍ സഹജീവികള്‍ക്ക് ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടെന്നതിനാല്‍ ഉത്തരങ്ങള്‍ അനിവാര്യമാണ്.

അടുത്തിടെ, ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍, മുസ്‌ലിംകളെ കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ ഉതകുന്ന പുസ്തകങ്ങളെ കുറിച്ച് എന്നോട് ചിലര്‍ ചോദിക്കുകയുണ്ടായി. മുസ്‌ലിംകളെ നേരില്‍ കണ്ട് സംസാരിക്കുന്നത് തന്നെയാണ് അവരെ കുറിച്ച് വായിച്ചറിയുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തമമെന്ന് ഞാന്‍ കരുതുന്നുണ്ടെങ്കിലും ശരി, ആളുകള്‍ പഠിക്കാന്‍ താല്‍പ്പരരാണ് എന്നറിഞ്ഞതില്‍ ഞാന്‍ സന്തോഷവതിയാണ്. പക്ഷെ ലഭ്യമായ വിവരസ്രോതസ്സുകളില്‍ ഏത് തെരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ഒരുപാട് അപകടങ്ങള്‍ പതിയിരിപ്പുണ്ട്. ഉദാഹരണമായി, ആമസോണില്‍ 'മുസ്‌ലിം' അല്ലെങ്കില്‍ 'ഇസ്‌ലാം' എന്ന് തിരഞ്ഞാല്‍ പ്രത്യക്ഷപ്പെടുന്ന പുസ്തകങ്ങളുടെ ശ്രേണി ശരിക്കും ഭയപ്പെടുത്തുന്നതാണ്. ഒരുപാടുള്ളത് കൊണ്ടല്ല, മറിച്ച് അവയില്‍ ഒരുപാടെണ്ണം ഇസ്‌ലാമിനെ കുറിച്ച കൃത്യതയില്ലാത്തതും തെറ്റായതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

മുസ്‌ലിംകളെ കുറിച്ച 'സത്യം' വാഗ്ദാനം ചെയ്യുന്ന പുസ്തകങ്ങളില്‍ പലതും യഥാര്‍ത്ഥത്തില്‍ മുസ്‌ലിം വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞതാണെന്ന് കാണാം. എന്താണ് ശരീഅത്ത് എന്ന് അറിയാത്ത ആളുകള്‍ എഴുതിയ ശരീഅത്തിനെ കുറിച്ച പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയും. 'the religion of peace' എന്ന് പേരുള്ള ഒരു വെബ്‌സൈറ്റ് കണ്ടാല്‍ അതൊരു നല്ല സൈറ്റാണെന്ന് നിങ്ങള്‍ കരുതും, പക്ഷെ തുറന്ന് നോക്കിയാലാണ് സമാധാനത്തിലും, സ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു മതം ആചരിക്കുന്ന ഒരു ബില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്കെതിരെ വെറുപ്പിന്റെ വിഷം വമിപ്പിക്കുന്ന ഒരു വെബ്‌സൈറ്റാണ് അതെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുക.

അറിവാണ് ശക്തി. മുസ്‌ലിംകളെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും നിങ്ങള്‍ക്ക് അറിയണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വായിക്കാവുന്ന, നിങ്ങള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ ഒരു പട്ടിക ഞാനിവിടെ കൊടുക്കുന്നത്. എന്റെ വിദ്യാര്‍ത്ഥികള്‍ക്കും, ഞാന്‍ പ്രഭാഷണം നടത്താറുള്ള ചര്‍ച്ചുകള്‍, സിനഗോഗ് എന്നിവിടങ്ങളില്‍ വരുന്നവര്‍ക്കും നിര്‍ദ്ദേശിക്കാറുള്ളത് ഈ പട്ടികയിലുള്ള പുസ്തകങ്ങളാണ്. കൂടാതെ ഇവ എന്റെ പ്രിയപ്പെട്ടവയുമാണ്.

പഴയതാണെങ്കിലും ഇസ്‌ലാമിന്റെ ഉത്ഭവത്തെ കുറിച്ച് വളരെ നന്നായി പ്രതിപാദിക്കുന്ന ഒന്നാണ് റെസ അസ്‌ലാന്റെ No God but God എന്ന ഗ്രന്ഥം. ഇസ്‌ലാമിന്റെ ഉത്ഭവം, മുന്‍കാല മുസ്‌ലിംകള്‍ എങ്ങനെയുള്ളവരായിരുന്നു, ഒരു വിശ്വാസ സംഹിത എന്ന നിലയില്‍ ലോകത്താകമാനമുള്ള ഇസ്‌ലാമിന്റെ വ്യാപനം എങ്ങനെയാണ് രാഷ്ട്രീയ സാംസ്‌കാരിക ഭൂമികയില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്നൊക്കെ അറിയണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന പുസ്തകം ഇതുതന്നെയാണ്. ഒരു മുസ്‌ലിം എന്ന നിലയിലല്ല മറിച്ച് ഒരു പണ്ഡിതന്‍ എന്ന നിലക്കാണ് അസ്‌ലാന്‍ ഈ ഗ്രന്ഥം എഴുതിയിരിക്കുന്നത് എന്നതാണ് ഈ പുസ്തകത്തെ സംബന്ധിച്ച് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം. അതിനാല്‍, സാധാരണഗതിയില്‍ അമുസ്‌ലിംകള്‍ മുഖം തിരിച്ച് കളയാന്‍ കാരണമാകാറുള്ള വിശ്വാസത്തെ സംബന്ധിച്ച ആവേശം കൊള്ളിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കിതില്‍ കാണാന്‍ സാധിക്കില്ല.

ലോകത്തിന്റെ ചില ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ എങ്ങനെയാണ് യുക്തിചിന്തയില്‍ നിന്നും യുക്തിബോധത്തില്‍ നിന്നും അകന്ന്മാറി അക്ഷരവായനയിലും, തീവ്രവാദത്തിലും, ചില സമയങ്ങളില്‍ അക്രമങ്ങളിലും അഭയം പ്രാപിച്ചതെന്ന് വളരെ സമഗ്രമായി വിലയിരുത്തുന്ന കൃതിയാണ് ഖാലിദ് അബുല്‍ ഫദ്‌ലിന്റെ The Great Theft: Wrestling Islam from the Extremists എന്ന പുസ്തകം. സായുധ പ്രത്യയശാസ്ത്രങ്ങളുടെ ഉത്ഭവമടക്കം, മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ഒരു മികച്ച മാര്‍ഗമാണ് യഥാര്‍ത്ഥത്തില്‍ ഈ പുസ്തകം.

മുസ്‌ലിം യുവതയെ സംബന്ധിച്ച ഒരു സര്‍വ്വെയാണ് ഷെലീന ജാന്‍മുഹമ്മദിന്റെ Generation M എന്ന കൃതി. അവര്‍ ചിന്തിക്കുന്നതും, അനുഭവിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം അവരെ വര്‍ത്തമാന ലോകത്തിലെ ഒരു അതുല്ല്യ ശക്തിയാക്കി മാറ്റുന്നുണ്ട്. സംരഭകത്വം, സാങ്കേതികരംഗം, ഫാഷന്‍, ഭക്ഷണം, ഉപഭോക്തൃസംസ്‌കാരം, കാലാവസ്ഥാമാറ്റം തുടങ്ങിയ ഒട്ടനവധി മേഖലകളെ കൈപിടിയിലൊതുക്കിയിരിക്കുന്ന അവരെ വളരെ സ്പഷ്ടമായി വരച്ചിടുന്നതാണ് ഈ പുസ്തകം.

ഖുര്‍ആനിന്റെ മതപരവും, സാംസ്‌കാരികവും, രാഷ്ട്രീയപരവുമായ പ്രാധാന്യത്തെ വളരെ വ്യക്തമായ ഭാഷയില്‍ നമുക്ക് പറഞ്ഞു തരുന്ന ഒരു ചെറിയ പുസ്തകമാണ് ഇന്‍ഗ്രിഡ് മാറ്റ്‌സണിന്റെ The story of Quran എന്ന കൃതി. ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഈ ഗ്രന്ഥത്തിന് എന്ത് പങ്കാണുള്ളത്, ആരാണ് ഇത് എഴുതിയത്, അതുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മതപണ്ഡിതയും, അധ്യാപികയുമായ ഇന്‍ഗ്രിഡ് മാറ്റ്‌സണ്‍ ഉത്തരം നല്‍കുന്നുണ്ട്.

എല്ലാ മുസ്‌ലിംകളാലും ആദരിക്കപ്പെടുന്ന ആ സവിശേഷ വ്യക്തിത്വത്തിന്റെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ജീവചരിത്രമാണ് കരന്‍ ആംസ്‌ട്രോങിന്റെ Muhammad: A Prophet for Our Time എന്ന കൃതി. ഇസ് ലാമിന്റെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ ആംസ്‌ട്രോങ് രചിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവ തന്നെയാണ്. പക്ഷെ ഈ ഗ്രന്ഥം പ്രവാചകനെ കുറിച്ച് അധികമൊന്നും അറിയാത്ത ആളുകള്‍ക്ക് വളരെ സഹായകരമാകുന്ന ഒന്നാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. കാര്യങ്ങള്‍ നിഷ്പക്ഷമായി അവതരിപ്പിക്കുന്ന ഈ ചരിത്രം ഗ്രന്ഥം, നിങ്ങള്‍ ഏത് മതവിശ്വാസിയായി കൊള്ളട്ടെ, കാലം വായിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ്.

എന്താണ് മുസ്‌ലിംകള്‍ ഈ ലോകത്തിന് നല്‍കിയിട്ടുള്ളത് എന്ന് ചോദിക്കുന്ന ഇസ്‌ലാം വിമര്‍ശകര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് സാലിം അല്‍ഹസ്സാനിയുടെ 1001 Inventions: The Enduring Legacy of Muslim Civilizations എന്ന കൃതി. നാഷണല്‍ ജ്യോഗ്രഫിയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുസ്‌ലിംകളാല്‍ കണ്ടുപിടിക്കപ്പെട്ട്, ഇന്നും ഉപയോഗത്തിലിരിക്കുന്ന വ്യത്യസ്ത ശാസ്ത്രീയ, സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ ഈ പുസ്തകം വിശദമായി പ്രതിപാദിക്കുന്നുണ്ട്. പുസ്തകത്തിന്റെ കുട്ടികള്‍ക്ക് മാത്രമുള്ള പതിപ്പും ഇറക്കിയിട്ടുണ്ട്. മുസ്‌ലിംകളുടെ സംഭാവനകള്‍ അമൂല്യമാണെന്ന് ഈ പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഏതൊരു നിഷ്പക്ഷബുദ്ധിക്കും ബോധ്യപ്പെടും.

എല്ലാ മുസ്‌ലിംകളും അറബികളാണ്, ദക്ഷിണേഷ്യക്കാരാണ്, അല്ലെങ്കില്‍ ഈ രാജ്യത്ത് (അമേരിക്കയില്‍) പുതുതായി എത്തിയവരാണ് എന്ന വാര്‍പ്പുമാതൃകയെ തകര്‍ക്കുന്നതാണ് സില്‍വിയന്‍ എ. ദിയൂഫിന്റെ Servants of Allah: African Muslims Enslaved in the Americas എന്ന കൃതി. ആഫ്രിക്കന്‍ അടിമകളോടൊപ്പമുള്ള ഇസ്‌ലാമിന്റെ ആഗമനവും, മതാതിജീവനത്തിന് വേണ്ടിയുള്ള അവരുടെ പോരാട്ടവും സംബന്ധിച്ച സൂക്ഷ്മപഠനമാണ് ഈ ഗ്രന്ഥം.

Muslims and the Making of America എന്ന ആമിര്‍ ഹുസൈന്റെ കൃതി അമേരിക്കന്‍ മുസ്‌ലിംകളെ കുറിച്ചുള്ള മറ്റൊരു പുസ്തകമാണെങ്കിലും തികച്ചും വ്യത്യസ്തമായ മറ്റൊരു പരിപ്രേക്ഷ്യത്തില്‍ നിന്നാണ് അദ്ദേഹം കാര്യങ്ങളെ നോക്കികാണുന്നത്. മുസ്‌ലിംകള്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച സംഗീതം, രാഷ്ട്രീയം, ആര്‍ക്കിടെക്ച്ചര്‍, കായികം തുടങ്ങിയ അമേരിക്കന്‍ ജനകീയ സംസ്‌കാരിക ഇടങ്ങളെ ഹുസൈന്‍ എടുത്ത് കാണിക്കുന്നുണ്ട്. ചെറിയ പുസ്തകമാണെങ്കിലും ഒരുപാട് വിവരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട് എന്ന് ഇതിന്റെ ഒരു സവിശേഷതയാണ്.

വിശ്വാസജീവിത യാത്രയിലെ തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് 40 അമേരിക്കന്‍ മുസ്‌ലിം സ്ത്രീകള്‍ എഴുതിയ ലേഖനങ്ങളുടെ ഒരു പരമ്പരയാണ് I Speak for Myself: American Women on Being Muslim എന്ന പുസ്തകം. എല്ലാവരുടെയും മതം ഒന്നാണെങ്കിലും, അവരുടെ വ്യക്തിഗത ആഖ്യാനങ്ങളും, പശ്ചാത്തലങ്ങളും പൂര്‍ണ്ണമായും വ്യത്യസ്തമാണ്. ഇത് ഇസ് ലാമിന്റെ വൈവിധ്യപൂര്‍ണ്ണമായ മനോഹാരിതയെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നിടുന്നുണ്ട്.

ഇസ്‌ലാമോഫോബിയ അഥവാ മുസ്‌ലിംകളെ കുറിച്ചുള്ള യുക്തിരഹിതവും അടിസ്ഥാനരഹിതവുമായ ഭയം എന്ന പ്രതിഭാസത്തെ സംബന്ധിച്ച ഒരു സമഗ്രപഠനമാണ് ടോഡ് എച്ച്. ഗ്രീനിന്റെ The Fear of Islam: An Introduction of Islamophobia in the West എന്ന കൃതി. ഈ പ്രതിഭാസത്തിന്റെ ചരിത്രപരമായ ഉത്ഭവം മുതല്‍ക്ക് മാധ്യമങ്ങളുടെ വാര്‍പ്പുമാതൃകാനിര്‍മിതി വരെ എത്തിക്കുന്ന നില്‍ക്കുന്ന വര്‍ത്തമാനകാല വിഷയങ്ങളെ സംബന്ധിച്ച് വായനക്കാരെ മുഷിപ്പിക്കാതെ അറിവ് പകര്‍ന്ന് കൊടുക്കാന്‍ ഈ പുസ്തകം സഹായിക്കും.

കടപ്പാട്: huffingtonpost

 

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics