നീ അവരെ പോലെയാവരുത്

എന്നെ കടന്നു പോയ ട്രെയിനിന്റെ ഒരു ബോഗി കാലിയാണെന്ന് അതിന്റെ ശബ്ദത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. പ്രയാസപ്പെട്ട് ആളെ വിളിച്ചു കൂട്ടുന്ന കച്ചവടക്കാരനെ കാണുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത് കാര്യമായ കച്ചവടമൊന്നും അയാള്‍ക്ക് നടത്താനായിട്ടില്ലെന്നാണ്. ഉള്ളു പൊള്ളയാണെങ്കില്‍ മനുഷ്യരാണെങ്കിലും വസ്തുക്കളാണെങ്കിലും അവ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നു. അതേസമയം കാര്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്ന ജോലിക്കാര്‍ ശാന്തരും അടക്കത്തോടെ പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. കാരണം പ്രതാപത്തിന്റെയും വിജയത്തിന്റെയും കോട്ടകള്‍ പണിയുകയാണവര്‍.

നിറയെ ധാന്യമണികളുള്ള കതിരുകളില്‍ താഴ്മയും ശാന്തയുമാണ് പ്രകടമാവുന്നതെങ്കില്‍ ധാന്യമണികള്‍ കുറഞ്ഞ കതിരുകള്‍ കാറ്റിനനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നവയാണ്. ജനങ്ങള്‍ക്കിടയിലുമുണ്ട് ജീവിതമാകുന്ന പാഠശാലയില്‍ പരാജയപ്പെട്ട കാമ്പില്ലാത്ത പാപ്പരായവര്‍. വിജ്ഞാനത്തിന്റെയും കണ്ടെത്തലിന്റെയും നിര്‍മാണത്തിന്റെയും കാര്യത്തില്‍ പരാജിതരാണവര്‍. അവര്‍ ചെയ്യുന്ന പണി വിജയികളായിട്ടുള്ളവരുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുക എന്നതാണ്. ഒരു ചിത്രകാരന്‍ വളരെ മനോഹരമായി പകര്‍ത്തിവെച്ചിട്ടുള്ള കാന്‍വാസിന്റെ മനോഹാരിത നഷ്ടപ്പെടുത്തുന്ന മഹാവികൃതിയായ കുട്ടിയോട് അവരെ ഉപമിക്കാം.

വിഡ്ഢികളും അലസന്‍മാരുമായ ഇക്കൂട്ടരുടെ പ്രവര്‍ത്തനം സംസാരം മാത്രമാണ്. അവരുടെ തെളിവും ന്യായങ്ങളും അട്ടഹാസവും ആര്‍പ്പുവിളിയുമാണ്. അവര്‍ക്ക് സവിശേഷമായ ഒരു പേരെ വിശേഷണമോ നല്‍കാന്‍ സാധ്യമല്ല. സാഹിത്യകാരന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, എഞ്ചിനീയര്‍, കച്ചവടക്കാരന്‍ തുടങ്ങിയ ഗണങ്ങളിലൊന്നും അവരെ എണ്ണാനാവില്ല. ലക്ഷ്യമില്ലാതെ ജീവിക്കുന്ന ഒരു വിലയുമില്ലാത്തവരാണ്. ജീവിതത്തില്‍ എന്തെങ്കിലും ആസൂത്രണമോ നിശ്ചയദാര്‍ഢ്യമോ ഇല്ലാതെ അവര്‍ മുന്നോട്ടു പോകുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശിക്കപ്പെടുകയില്ല. നിലത്തിരിക്കുന്നവന്‍ പിന്നെ വീഴുകയില്ലല്ലോ. ഒരു കാര്യത്തിന്റെ പേരിലും അവര്‍ പ്രശംസിക്കപ്പെടുകയുമില്ല. അതിനുള്ള ശ്രേഷ്ഠഗുണങ്ങളൊന്നുമില്ലെന്നതാണ് കാരണം. അസൂയക്കാരില്ലാത്തതിനാല്‍ അവന്‍ ആക്ഷേപിക്കപ്പെടുകയുമില്ല.

അലസനും പരാജിതനുമായ യുവാവ് പിതാവിന്റെ അടുക്കല്‍ ചെന്ന് പറഞ്ഞു: എന്നെ ആളുകള്‍ പ്രശംസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നില്ല, എന്താണതിന് കാരണം? ആ പിതാവ് പറഞ്ഞു: കാരണം നീ മനുഷ്യ രൂപത്തിലുള്ള കാളയാണ്. അകം പൊള്ളയായ ബുദ്ധിശൂന്യന്‍ മറ്റുള്ളവര്‍ നിര്‍മിച്ചത് നശിപ്പിക്കുന്നതിലാണ് ആനന്ദം കണ്ടെത്തുന്നത്. വിജയികളെ ചെളിവാരിയെറിയുന്നതില്‍ അവര്‍ ആനന്ദിക്കുന്നു. അവര്‍ക്കൊപ്പം മുന്നേറുന്നതിലുള്ള തങ്ങളുടെ അശക്തി അവര്‍ പ്രകടിപ്പിക്കുന്നത് മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ അവഗണിച്ചാണ്. കൃത്യമായി ജോലി ചെയ്യുന്നവന്‍ തന്റെ പ്രവര്‍ത്തന ഫലം ഏറ്റവും മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. മറ്റുള്ളവരുടെ ശവങ്ങള്‍ കൊത്തിപ്പറിക്കാനോ ഖബറുകള്‍ മാന്താനോ അവര്‍ക്ക് സമയമുണ്ടാവില്ല. നിറയെ ഫലങ്ങളുള്ള മാവ് തന്നെ കല്ലെറിയുന്ന വിഡ്ഢിക്കും മധുരമുള്ള ഫലമാണ് നല്‍കുന്നത്. അതേസമയം ആട്ടങ്ങ രുചിയോ കാണാന്‍ ഭംഗിയോ ഇല്ലാത്ത ഒന്നുമാണ്.

എല്ലുകളെ വരെ മുറിക്കുന്ന വാള്‍ വലിയ ശബ്ദമൊന്നുമുണ്ടാക്കുന്നില്ല. അതേസമയം അന്തരീക്ഷം ശബ്ദം കൊണ്ട് നിറക്കുന്ന ചെണ്ടയുടെ ഉള്ള് പൊള്ളയാണ്. മനസ്സിനെ സംസ്‌കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ നന്നാക്കുകയുമാണ് നാം വേണ്ടത്. ജനങ്ങളെ വിലയിരുത്തലും അവരെ നിരീക്ഷിക്കലും നമ്മെ ആരും ഏര്‍പിച്ച കാര്യമല്ല. രഹസ്യവും പരസ്യവും സൂക്ഷ്മമായി അറിയുന്ന അല്ലാഹു അവരെ വിചാരണ ചെയ്തുകൊള്ളും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ട പോലെ ചെയ്തിട്ടും സമയം അവശേഷിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ വിഴുപ്പലക്കുന്നതിനായി അത് ചെലവഴിക്കരുത്. മുറിവുകള്‍ തേടി നടക്കുന്ന ഈച്ചയെ പോലെ ജനങ്ങളുടെ കുറവുകള്‍ നോക്കി നടക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണ്. എന്നാല്‍ പൂക്കളില്‍ നിന്ന് തേന്‍ ശേഖരിക്കുന്ന തേനീച്ചകളെ പോലെ ജനങ്ങളുടെ നന്മകള്‍ പരതുന്നവരുമുണ്ട്. കുതിരപന്തയത്തില്‍ മത്സരിച്ചോടുന്ന കുതിര ആളുകളുടെ ആരവങ്ങള്‍ക്ക് ചെവികൊടുക്കാറില്ല. അങ്ങനെ ചെയ്താല്‍ മത്സരത്തിലത് പരാജയപ്പെടും. അപ്രകാരം വിഡ്ഢികളുടെയോ അസൂയാലുക്കളുടെയോ വാക്കുകള്‍ ചെവി കൊടുക്കാതെ പരിശ്രമിക്കുക.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics