ചരിത്രത്തെ കൊള്ള ചെയ്തവര്‍

രണ്ടാം ലോക യുദ്ധത്തിന്റെ വേളയില്‍ ഇറ്റലിയിലെ ചരിത്രപ്രധാന നഗരമായ ഫ്‌ളോറന്‍സിന് ഒരു കോട്ടവും പറ്റാത്തവിധം സഖ്യകക്ഷികള്‍ തങ്ങളുടെ പദ്ധതിക്ക് മാറ്റം വരുത്തിയിരുന്നു. 2003 ഏപ്രില്‍ 9ന് ഇറാഖി മ്യൂസിയത്തിലെ അമൂല്യ ശേഖരങ്ങള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍ അത് കണ്ടാസ്വദിക്കുകയായിരുന്നു അമേരിക്കന്‍ സൈന്യം. അറബ് ഇസ്‌ലാമിക നാഗരികതകളോടുള്ള പാശ്ചാത്യ നിലപാട് വ്യക്തമാക്കുന്നതാണ് മേല്‍പറഞ്ഞ രണ്ടുദാഹരണങ്ങള്‍. ബഗ്ദാദിലെ മ്യൂസിയങ്ങളില്‍ നിന്നും ചരിത്രവും പൈതൃകവും കൊള്ളയടിക്കപ്പെട്ടപ്പോള്‍ അതിന് നേരെ കണ്ണടച്ച അമേരിക്കക്കാര്‍ അവിടത്തെ പെട്രോളിയം സംരക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ വെച്ചത്. ഇറാഖിലെ സ്വര്‍ണം കൈക്കലാക്കുന്നതിനെ കുറിച്ചായിരുന്നു അവരുടെ അന്വേഷണം എന്നാണത് തെളിയിക്കുന്നത്.

ബാഗ്ദാദിലെ നാഷണല്‍ മ്യൂസിയം കൊള്ള ചെയ്യപ്പെടുമ്പോള്‍ അതിന് മുന്നിലെ കവചിത വാഹനങ്ങള്‍ക്കുള്ളിലായിരുന്നു അമേരിക്കന്‍ സൈനികര്‍. മ്യൂസിയം ജീവനക്കാര്‍ സൈനികരുടെ സഹായം തേടി കൊണ്ടിരുന്നെങ്കിലും 'നാഗരികതയുടെ ആളുകള്‍' ഈ ലോകത്ത് മനുഷ്യന്‍ ആദ്യമായി വരച്ചിട്ട അക്ഷരങ്ങള്‍ വരെ സൂക്ഷിച്ചിരുന്ന മ്യൂസിയത്തിന്റെ സംരക്ഷണത്തിനെത്തിയില്ലെന്ന് ന്യൂയോര്‍ക് ടൈംസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട് (2003/04/16).

ഇറാഖി മ്യൂസിയങ്ങളിലെ വൈജ്ഞാനിക ശേഖരങ്ങള്‍ അമേരിക്കന്‍ സൈനികര്‍ പാഴാക്കിയതിനെ കുറിച്ചുള്ള അമേരിക്കന്‍ പത്രത്തിന്റെ റിപോര്‍ട്ടും ഹിജ്‌റ 656ല്‍ മംഗോളിയര്‍ ബാഗ്ദാദില്‍ കടന്നുകയറി അവിടത്തെ ഗ്രന്ഥശാലകളോട് ചെയ്തതിനെ കുറിച്ച് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയതും തമ്മില്‍ ഒരു താരതമ്യം ഞാന്‍ നടത്തി നോക്കി. എതിരാളികളുടെ അടയാളങ്ങള്‍ കൂടി മായ്ച്ചു കളയുന്നിടത്ത് ശത്രു മറ്റൊന്നും പരിഗണിക്കാറില്ലെന്ന നിഗമനത്തിലാണ് അതിലൂടെ ഞാനെത്തിയത്. മംഗോളിയന്‍ സൈന്യത്തിനും അമേരിക്കന്‍ സൈന്യത്തിനുമിടയില്‍ എനിക്ക് തോന്നിയിട്ടുള്ള പ്രകടമായ വ്യത്യാസം അമേരിക്കന്‍ സൈനികര്‍ 'സ്വാതന്ത്ര്യം', 'ജനാധിപത്യം' തുടങ്ങിയ സാങ്കേതിക പദങ്ങളുടെ കൂട്ടുപിടിച്ചിരുന്നു എന്നത് മാത്രമാണ്.

ഇറാഖ് യുദ്ധത്തിന് മുമ്പ് സാംസ്‌കാരിക സംഘടനകള്‍ അവിടത്തെ മ്യൂസിയങ്ങളിലെ അമൂല്യശേഖരങ്ങള്‍ കൊള്ളയടിക്കപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം അത് അപ്പാടെ അവഗണിക്കുകയാണ് ചെയ്തത്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ നിയര്‍ ഈസ്‌റ്റേണ്‍ ലാംഗ്വേജസ് ആന്റ് സിവിലൈസേഷന്‍ പ്രൊഫസര്‍ മക്-ഗ്വിര്‍ ഗിബ്‌സന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ 2003 ജനുവരിയില്‍ പെന്റഗണ്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കന്‍ സൈന്യം സംരക്ഷണം ഒരുക്കുന്നില്ലെങ്കില്‍ മനുഷ്യചരിത്രം സൂക്ഷിച്ചിരിക്കുന്ന ബഗ്ദാദിലെ മ്യൂസിയങ്ങള്‍ ഇല്ലാതാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അപ്രകാരം ബാഗ്ദാദിലെ മ്യൂസിയങ്ങള്‍ക്ക് സംരക്ഷണം നല്‍കാതിരിക്കുന്നതിന്റെ അനന്തരഫലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി കൊണ്ട് ബ്രിട്ടീഷ് ആര്‍ക്കിയോളജിക്കല്‍ അസോസിയേഷന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന് കത്തയച്ചിരുന്നു.

എന്നിട്ടും ആ ദുരന്തം സംഭവിച്ചു. ചരിത്ര ശേഖരങ്ങളും വഹിച്ച് ആറ് ട്രക്കുകള്‍ മ്യൂസിയത്തില്‍ നിന്ന് അജ്ഞാതമായ കേന്ദ്രത്തിലേക്ക് പോയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മ്യൂസിയം ജീവനക്കാരുടെ കണക്കനുസരിച്ച് 1,70,000 ഇനങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ പറയുന്നത് കേവലം 15,000 ഇനങ്ങള്‍ മാത്രമാണ് നഷ്ടമായിട്ടുള്ളതെന്നാണ്. (ന്യൂയോര്‍ക് ടൈംസ് 01/04/2006)

ഖുര്‍ആന്റെ ആദ്യ പതിപ്പ്, തൗറാത്തിന്റെ (ബൈബിള്‍) ഏറ്റവും പഴക്കമുള്ള പ്രതി തുടങ്ങിയ അപൂര്‍വ പുരാവസ്തുക്കള്‍ അപ്രത്യക്ഷമായി. നാലായിരത്തിലേറെ വര്‍ഷം മുമ്പ് മനുഷ്യന്‍ ആദ്യമായി അക്ഷരം കുറിച്ച മണ്‍കഷ്ണവും കാണാതായ കൂട്ടത്തിലാണ്. പുരാവസ്തുക്കളെ കുറിച്ച് അറിയുന്ന വിദഗ്ദരായ ആളുകളാണ് അവ കൊള്ളചെയ്തതെന്ന് പൈതൃകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. അവര്‍ കൊള്ള ചെയ്യുന്നതിനായി തെരെഞ്ഞെടുത്ത വസ്തുക്കളും അതിന് സ്വീകരിച്ച രീതിയും അതാണ് വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു. ബഗ്ദാദ് മ്യൂസിയത്തിലെ സൂക്ഷിപ്പുകളെ കുറിച്ചറിയുന്നവരെയെല്ലാം ഞെട്ടിക്കുന്ന ഒരു സാംസ്‌കാരിക ദുരന്തം തന്നെയാണത്.

അമേരിക്കക്കാര്‍ തന്നെ ലോക പൈതൃകം ബോധപൂര്‍വം നഷ്ടപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ബുഷിന്റെ മൂന്ന് സാംസ്‌കാരിക ഉപദേഷ്ടാക്കള്‍ രാജിവെച്ചു. അവരില്‍ ഒരാളായ റിച്ചാര്‍ഡ് ലാനിയര്‍ പറയുന്നു: അമേരിക്കക്ക് പെട്രോളിയത്തിന്റെ വിലയറിയാം. എന്നാല്‍ ചരിത്ര പൈതൃകങ്ങളുടെ വിലയതിന് അറിയില്ല.

എന്നാല്‍ പാശ്ചാത്യ ക്രിസ്ത്യന്‍ പൈതൃകങ്ങളുടെയും ചരിത്രത്തിന്റെയും വില അമേരിക്കക്ക് നന്നായിട്ടറിയാം എന്ന കയ്പുറ്റ യാഥാര്‍ഥ്യം നാം മനസ്സിലാക്കുന്നു. അതേസമയം അറബ് ഇസ്‌ലാമിക ചരിത്രത്തില്‍ കഥ കഴിക്കേണ്ട ശത്രുവിനെയല്ലാതെ ഒന്നും അവര്‍ കാണുന്നില്ല. അധിനിവേശകന്റെ മൂല്യങ്ങള്‍ സ്വന്തം നാട്ടില്‍ മാത്രമാണെന്ന മാലിക് ബിന്നബിയുടെ വാക്കുകള്‍ വളരെ അര്‍ഥവത്താണ്.

വിവ: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics