ശിവജിയുടെ പ്രതിമയും ആര്‍.എസ്.എസ് നുണകളും

ശിവജിയുടെ 192 മീറ്റര്‍ വലിപ്പമുള്ള പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. 3600 കോടി രൂപയുടെ വമ്പിച്ച ചെലവുള്ള പ്രതിമയുടെ നിര്‍മാണത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

നാല് വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നാണ് വിമര്‍ശകര്‍ ഇതിനെ എതിര്‍ക്കുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും. ഒന്നാമത്തെ കാരണം ഇതിന്റെ അമിത ചെലവാണ്, രണ്ടാമത്തേത് സാമൂഹിക പ്രസക്തിയുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയുമായിരുന്ന പണം പാഴായി പോകുന്നതുമായി ബന്ധപ്പെട്ടാണ്, മൂന്നാമത്തേത് മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടും എന്നതാണ്, നാലാമത്തേത് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്കളാണ്.

# ശിവജി പ്രതിമയുടെ നിര്‍മാണ ചെലവ് ലോകത്തിലെ മറ്റു കൂറ്റന്‍ പ്രതിമകളുടെ നിര്‍മാണ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് ഇരട്ടി അധികമാണ്.
# മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഒരു വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റിനേക്കാള്‍ അധികമാണ് ശിവജിയുടെ ഒരു പ്രതിമ നിര്‍മിക്കാന്‍ വേണ്ടി വരുന്ന ചെലവ്. മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള മൊത്തം സ്‌കൂളുകള്‍ക്ക് വേണ്ടി ബഡ്ജറ്റില്‍ നീക്കിവെച്ച 2400 കോടി രൂപയും, ഗ്രാമപ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് വേണ്ടി നീക്കിവെച്ച 2500 കോടി രൂപയും, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പദ്ധതിക്കായി നീക്കിവെച്ച 270 കോടി രൂപയും ശിവജിയുടെ ഒരു പ്രതിമക്ക് വേണ്ടി നീക്കി വെച്ച തുകയേക്കാള്‍ എത്രയോ കുറവാണെന്ന് കാണാം.
# മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിന് മുകളിലാണ് ശിവജിയുടെ പ്രതിമ കെട്ടിപ്പൊക്കാന്‍ പോകുന്നത്. പ്രതിമയുടെ സംസ്ഥാപനത്തിന് കണ്ടുവെച്ചിരിക്കുന്ന സ്ഥലം 32-ഓളം ഇനങ്ങളില്‍പ്പെട്ട വിവിധയിനം മത്സ്യങ്ങളുടെ പ്രജനനസ്ഥലമാണ്. പദ്ധതി മൂലം 80000 വരുന്ന മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം അപകടത്തിലാവും.
# പദ്ധതി അറബിക്കടലിലെ സമുദ്രജീവികള്‍ക്കും, അവരുടെ ആവാസവ്യവസ്ഥക്കും മാരകമായ പരിക്കുകളേല്‍പ്പിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ശിവജി സ്മാരക നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കാന്‍ പോകുന്ന, മെട്രോ പ്രൊജക്റ്റിന്റെ ബാക്കിപത്രമായ 5.4 ദശലക്ഷം ടണ്‍ ചെളിമണ്ണ് സമുദ്രത്തിലേക്ക് മാരകമായ അന്യപദാര്‍ത്ഥങ്ങള്‍ എത്തിച്ചേരുന്നതിന് വഴിവെക്കും. തല്‍ഫലമായി സമുദ്ര ആവാസ വ്യവസ്ഥ താളംതെറ്റുകയും, മത്സ്യതൊഴിലാളികളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

ഒരുപാട് വിമര്‍ശനങ്ങള്‍ നാലുപാട് നിന്നും ഉയര്‍ന്നെങ്കിലും, അതെല്ലാം അവഗണിച്ച് പ്രതിമ നിര്‍മാണത്തിന് സര്‍ക്കാര്‍ തറക്കല്ലിട്ടു. ശിവജി എന്ന ചിഹ്നം ഹിന്ദുത്വ ശക്തികളെ സംബന്ധിച്ചേടത്തോളം പ്രത്യയശാസ്ത്ര പ്രസക്തിയുള്ള ഒന്നാണ്. ഹിന്ദുത്വ സൈന്യത്തിന്റെ പ്രത്യയശാസ്ത്ര ആഖ്യാനത്തില്‍, മുസ്‌ലിം വിരുദ്ധനും, ജാതിവെറിയനും, മതവിശ്വാസിയുമായ ശിവജിയെയാണ് കാണാന്‍ കഴിയുക. ഹിന്ദുരാഷ്ട്രം എന്ന അവരുടെ ആശയ നിര്‍മിതിയില്‍ ഇത്തരമൊരു ആഖ്യാന നിര്‍മിതിക്ക് വളരെയധികം പ്രധാന്യമുണ്ട്.

ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ പറയുന്നു, 'ശിവജിയെ നമ്മുടെ ആദര്‍ശപുരുഷനായി സ്വീകരിക്കുകയാണെങ്കില്‍, ഹിന്ദുത്വ സംരക്ഷണത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വീരകൃത്യങ്ങള്‍ നാം എന്നും ഓര്‍മിക്കും. കാവി പതാകയിലേക്ക് നോക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് വരുന്ന ചരിത്രം, അതില്‍ നിന്നും നമുക്ക് ലഭിക്കുന്ന പ്രചോദനം, അതേ വികാരം ശിവജി മഹാരാജിന്റെ ജീവിതത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. മണ്ണില്‍ പുതഞ്ഞ് കിടന്ന കാവിക്കൊടി എടുത്തുയര്‍ത്തി, ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിച്ച്, മരണത്തിന്റെ വക്കിലെത്തിയ ഹിന്ദുത്വത്തെ പുനഃനരുജ്ജീവിപ്പിച്ചത് ശിവജിയാണ്. ആയതിനാല്‍, ആരെയെങ്കിലും ആദര്‍ശപുരുഷനായി സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ശിവജിയെ സ്വീകരിക്കുക.'

ശിവജിയെ മതത്തിന് വേണ്ടി യുദ്ധം ചെയ്ത ഒരു പോരാളിയായി ചിത്രീകരിച്ചു കൊണ്ട് ആര്‍.എസ്.എസ് ചീഫ് മോഹന്‍ ഭഗവത് പറയുകയുണ്ടായി, '350 വര്‍ഷത്തെ വിദേശികളുടെ ഭരണം സമൂഹത്തെ മുഴുവന്‍ അശുഭാപ്തിയില്‍ ആഴ്ത്തുകയും, ചുറ്റുപാട് മുഴുവന്‍ വിഷാദം മൂടി നില്‍ക്കുകയും ചെയ്ത സമയത്താണ് ശിവജി മുന്നില്‍ നിന്നും പടനയിച്ചു കൊണ്ട് രംഗത്തുവരുന്നത്. മാനസികവും ശാരീരികവുമായ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ ശിവജി ജനമനസ്സുകളില്‍ പുത്തനുണര്‍വ്വ് നിറച്ചു. മഹത്തായ ഒരു രാഷ്ട്രം അദ്ദേഹം സ്ഥാപിച്ചു, അതിനെ വിജയത്തിലേക്ക് നയിച്ചു, ദേശീയതാബോധം എല്ലായിടത്തേക്കും വ്യാപിപ്പിച്ചു.' വിദേശികളുടെ ഭരണം എന്നത് കൊണ്ട് ഭഗവത് ഉദ്ദേശിക്കുന്നത് മുസ്‌ലിം ഭരണകാലഘട്ടത്തെയാണ്.

മുസ്‌ലിംകളോട് യുദ്ധം ചെയ്യുന്ന ഒരു ഹിന്ദു പോരാളിയായി ശിവജിയെ ചിത്രീകരിക്കുന്നത് ഹിന്ദുത്വ അജണ്ടയുടെ ശാക്തീകരണത്തിനും വ്യാപനത്തിനും വളരെ പ്രധാനമാണെന്ന വസ്തുത പരിഗണിക്കുമ്പോള്‍, ശിവജി പ്രതിമയുടെ തറക്കല്ലിടല്‍ ചടങ്ങിന്റെ സമയത്ത് സ്ഥലത്ത് നൂറുകണക്കിന് കാവിക്കൊടികള്‍ പാറികളിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

ശിവജിയെ കുറിച്ച ബദല്‍ ആഖ്യാനങ്ങള്‍ ഇല്ലാത്തത് കൊണ്ടൊന്നുമല്ല. ശിവജി മുന്‍ഗണന നല്‍കിയിരുന്നത് പൊതുജനക്ഷേമത്തിനും, എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നതിനുമായിരുന്നു എന്ന കാരണത്താല്‍ അദ്ദേഹമൊരു ജനകീയ രാജാവായിരുന്നു എന്നാണ് യുക്തിവാദിയായ ഗോവിന്ദ് പന്‍സാര വാദിച്ചത്. ശിവജി മതവിശ്വാസിയായിരുന്നു, പക്ഷെ മുസ്‌ലിം വിരുദ്ധനായിരുന്നില്ല. പന്‍സാരയുടെ അഭിപ്രായത്തില്‍, 'ഒരു ഹിന്ദുവായ രാജാവായിരുന്നു എന്ന കാരണത്താലല്ല ശിവജി ജനകീയനായി മാറിയത്, മറിച്ച് പൊതുജനക്ഷേമത്തിന് മുന്‍ഗണന കൊടുത്തു എന്ന കാരണത്താലാണ്. അദ്ദേഹം നീതിക്ക് വേണ്ടി പോരാടി, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തി, സ്വരാജ്യ എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ജാതിയും മതവും നോക്കാതെ അദ്ദേഹം സൈന്യത്തിലേക്ക് ആളെക്കൂട്ടി.' ശിവജിയെ കുറിച്ചുള്ള ഇത്തരം ബദല്‍ ആഖ്യാനങ്ങള്‍ ഹിന്ദുത്വ ശക്തികളുടെ അധീശാഖ്യാനത്തിന് വെല്ലുവിളി ഉയര്‍ത്തി. ഈ ബദല്‍ ശബ്ദങ്ങള്‍ നിശബ്ദമാക്കാന്‍ അവര്‍ ശ്രമിച്ചതില്‍ അത്ഭുതമൊന്നുമില്ല.

ന്യൂനപക്ഷ വിരുദ്ധ മാനസികാവസ്ഥ ഉണ്ടാക്കിയെടുത്ത് അതിലൂടെ തങ്ങളുടെ ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പം പ്രചരിപ്പിക്കാനുള്ള ഒരു ചിഹ്നത്തെയാണ് ശിവാജിയില്‍ ഹിന്ദുത്വ വക്താക്കള്‍ കാണുന്നത്. ഈ മാനസികാവസ്ഥയെ ഊട്ടിയുറപ്പിക്കുന്നതിനും, ഹിന്ദുത്വത്തെ പ്രചരിപ്പിക്കാനുമുള്ള ഒരു മാധ്യമമായി ശിവജി പ്രതിമ നിലകൊള്ളും.

കടപ്പാട്: countercurrenst
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics