സദ്ദാം ഉണ്ടായിരുന്നെങ്കില്‍..

സദ്ദാം ഹുസൈന്റെ പതനവും തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ തൂക്കിലേറ്റലും ഇറാഖിന്റെ പുതിയ തുടക്കമൊന്നുമായിരുന്നില്ല. സദ്ദാമിന്റെ ഒഴിവിലേക്ക് ഇറാന്‍ കടന്ന് വരികയും, ഇറാഖിലും സിറിയയിലുമുള്ള ദശലക്ഷകണക്കിന് പേരുടെ ജീവനെടുക്കുകയും ചെയ്തു കഴിഞ്ഞു.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2006 ഡിസംബര്‍ 30-ന് മുഖംമൂടിയണിഞ്ഞ ശിയാ സായുധസംഘത്താല്‍ ഇറാഖ് മുന്‍ പ്രസിഡന്റും, ഏകാധിപതിയുമായിരുന്ന സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ടു. മിലീഷ്യകള്‍ തീപ്പൊരി നേതാക്കളായ മുഖ്തദ സദ്‌റിനെ പോലെയുള്ള മതപണ്ഡിതരുടെ പേരുകള്‍ ഉച്ചത്തില്‍ ഉരുവിടുന്നുണ്ടായിരുന്നു. അവര്‍ സദ്ദാമിന്റെ ചോരക്ക് വേണ്ടി മുറവിളികൂട്ടി. അതെല്ലാം കേട്ടുകൊണ്ട് തൂക്ക്കയറിന് മുന്നില്‍ സദ്ദാം ശാന്തനായി നിന്നു. അതിനിടെ അവരുടെ പുരുഷത്വത്തെ സദ്ദാം കളിയാക്കുന്നുണ്ട്. അവസാനം തൂക്കിലേറ്റുമ്പോള്‍ ശഹാദത്ത് കലിമ ചൊല്ലുന്ന സദ്ദാമിനെയാണ് ലോകത്തുടനീളമുള്ള ആളുകള്‍ കണ്ട്. പക്ഷെ, സദ്ദാമിന്റെ ചോര കൊണ്ട് ഇറാന്‍ പിന്തുണയോടെ നിലവില്‍ വന്ന 'ജനാധിപത്യ'ത്തിന്റെ ദാഹം അടങ്ങിയില്ല. അവരുടെ അടങ്ങാത്ത രക്തദാഹമാണ് നാമിന്ന് സിറിയയിലും കണ്ടുകൊണ്ടിരിക്കുന്നത്.

സദ്ദാമിനെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ച്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ നിങ്ങളുടെ രാജ്യത്തിനും അനുഭവങ്ങള്‍ക്കും  വലിയ പങ്കുണ്ട്. 2003-ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശം ഒരു ദുരന്തമായി മനസ്സിലാക്കാന്‍ സാധ്യതയില്ലാത്ത ഒരു ശരാശരി പാശ്ചാത്യന്‍ പക്ഷെ കുര്‍ദുകളെയും, ശിയാക്കളെയും കൊന്ന് തള്ളിയ ഒരു ഭ്രാന്തന്‍ എന്ന നിലക്കാണ് സദ്ദാമിനെ മനസ്സിലാക്കുക. 1990-ലെ ഗള്‍ഫ് യുദ്ധമായിരുന്നു ഈ വീക്ഷണനിര്‍മിതിയുടെ കാരണം. എന്നാല്‍, അറബ് ലോകത്തിന്റെ കിഴക്കന്‍ കവാടമായിരുന്നു സദ്ദാമിന്റെ ഇറാഖ് എന്നത് അധികമൊന്നും പറയപ്പെടാത്ത ഒരു വസ്തുതയാണ്.

ഇന്ന്, മേഖലയിലെ ദശലക്ഷണക്കിന് വരുന്ന മനുഷ്യജീവനുകള്‍ കശാപ്പ് ചെയ്തു കൊണ്ട് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന പ്ലേഗ് സമാനമായ ഒരു ഭീഷണിക്കെതിരെ അന്ന് ഉറച്ച് നിന്നത് സദ്ദാമിന്റെ ഇറാഖായിരുന്നു. ഒരുപാട് കാലത്തോളം, ഈ ഭീഷണിക്കെതിരെ ഒരു ഡാം പോലെ ഇറാഖ് നിലകൊണ്ടു. സദ്ദാമിന്റെ ഇറാഖായിരുന്നു ആ പ്രളയസമാനമായ ഭീഷണിയെ തടഞ്ഞ് നിര്‍ത്തി അറബ് ലോകത്തെ രക്ഷിച്ചത്.

വിഘടനവാദ ഇറാനിയന്‍ ശിയാ മൗലികവാദമായിരുന്നു ആ ഭീഷണി. മിഡിലീസ്റ്റിലെ ഭൂരിപക്ഷ വിഭാഗമായ സുന്നി അറബികള്‍ക്കെതിരെയുള്ള വംശഹത്യക്ക് മേല്‍നോട്ടം വഹിക്കുന്നത് ഈ ശിയാ മിലീഷ്യകളാണ്. ഇറാഖ് ചിന്നഭിന്നമായി. അറബ് ലോകത്തിന്റെ കിഴക്കന്‍ കവാടം മലര്‍ക്കെ തുറക്കപ്പെട്ടു. സൗദി അറേബ്യയുടെ അബ്ദുല്ല രാജാവ്, അറേബ്യന്‍ ഗള്‍ഫില്‍ നിന്നുള്ള മറ്റു ചില ഭരണാധികാരികള്‍ തുടങ്ങി, അറബികളുടെ സഹായത്തോടെ തന്നെയായിരുന്നു ആ ദുരന്തം സംഭവിച്ചത്. സദ്ദാമിനെ തകര്‍ക്കാന്‍ അവരെല്ലാം അമേരിക്കയുമായി കൈകോര്‍ത്തു. അതേ രാഷ്ട്രങ്ങള്‍ തന്നെയാണ് സദ്ദാമിനെ തൂക്കിലേറ്റിയതില്‍ ഇന്ന് സങ്കടപ്പെടുന്നത്. അവര്‍ സദ്ദാമിനോട് മാത്രമല്ല വഞ്ചനകാട്ടിയത്, മറിച്ച് ഇറാഖ് എന്ന ദേശത്തോടും, അവിടുത്തെ ജനതയെയും ആ അറബ് രാഷ്ട്രങ്ങള്‍ വഞ്ചിച്ച് കൊലക്ക് കൊടുത്തു. ഇറാന്റെ വിഭാഗീയ ഭീഷണിയും, സാമ്രാജ്യത്വ അഭിലാഷങ്ങളും തങ്ങളെ കൂടി വിഴുങ്ങുമോ എന്ന ആശങ്കയിലാണ് ആ അറബ് രാഷ്ട്രങ്ങള്‍ ഇപ്പോഴുള്ളത്.

അലപ്പോയും അവസാനശ്വാസം വലിച്ചു. സിറിയന്‍ ബഅസിസ്റ്റുകളെ സദ്ദാം എതിര്‍ത്തിരുന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം. സദ്ദാമിന്റെ കാഴ്ച്ചപ്പാടില്‍ അറബ് ഐക്യത്തിന് തുരങ്കം വെക്കുന്നവരായിരുന്നു സിറിയന്‍ ബഅസിസ്റ്റുകള്‍. അറബ് ഐക്യത്തിലാണ് ഇറാഖി ബഅസിസം ഇന്നും വിശ്വസിക്കുന്തന്. ഇറാഖി ബഅസിസത്തിന്റെ സിറിയന്‍-ക്രിസ്ത്യന്‍ സ്ഥാപകനായ മിശേല്‍ അഫ്‌ലഖും, ഇറാഖി ബഅസിസ്റ്റുകളും സിറിയന്‍ ബഅസിസ്റ്റുകളെ, പ്രത്യേകിച്ച് അസദ് ഭരണകൂടത്തെ (ഹാഫിസുല്‍ അസദ്) നിശിതമായി വിമര്‍ശിച്ചിരുന്നു. അറബ് ദേശീയതക്ക് പകരം വ്യക്തിഗത അഭിലാഷങ്ങളാണ് അവരുടെ ലക്ഷ്യം എന്നായിരുന്നു സിറിയന്‍ ബഅസിസ്റ്റുകള്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം.

ഇക്കാരണത്താലാണ്, 1982-ല്‍ സിറിയന്‍ വിപ്ലവകാരികളായ സിറിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന് സദ്ദാം പിന്തുണ നല്‍കിയത്. സിറിയന്‍ ജനതയുടെയും അറബ് ലോകത്തിന്റെയും നിര്‍ഭാഗ്യമെന്ന് പറയട്ടെ, വിപ്ലവം പരാജയപ്പെട്ടു. തുടര്‍ന്നാണ് ഹാമ കൂട്ടക്കൊല അരങ്ങേറിയത്. സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടക്കം വിപ്ലവത്തെ പിന്തുണച്ച 40000 പേരെ ഹാഫിസുല്‍ അസദിന്റെ സൈന്യം കൂട്ടക്കൊല ചെയ്തു. പിതാവിന്റെ പാതയില്‍ തന്നെയാണ് മകന്‍ ബശ്ശാറുല്‍ അസദും എന്നതിന് ഇന്നത്തെ സിറിയ സാക്ഷിയാണ്.

'ഞങ്ങള്‍ക്കിന്ന് 1000 സദ്ദാമുമാരുണ്ട്', ഇറാഖികള്‍ മാത്രമല്ല അറബികളും സദ്ദാമിനെ ഓര്‍ക്കുന്നുണ്ട് എന്നതിന്റെ സാക്ഷ്യമാണ് ഈ പ്രസ്താവന. സഖ്യരാഷ്ട്രങ്ങളും ഇറാനുമായി ചേര്‍ന്ന് അമേരിക്ക സദ്ദാമിനെ അട്ടിമറിച്ചതിന് ശേഷം ഇറാഖിലും മേഖലയിലും സംഭവിച്ച അതിക്രമങ്ങളെ അളക്കാന്‍ ആ ഒരു പ്രസ്താവനയിലൂടെ കഴിയും.

എതിര്‍ ശബ്ദങ്ങളെയും, വഴിമുടക്കുന്നവരെയും ഉന്മൂലനം ചെയ്തിരുന്ന ക്രൂരനായ ഏകാധിപതിയായിരുന്നു ആ മനുഷ്യന്‍ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സദ്ദാമിന്റെ അടിച്ചമര്‍ത്തല്‍ നയം കാരണമാണ് എന്റെ കുടുംബത്തിന് ബ്രിട്ടനിലേക്ക് താമസം മാറേണ്ടി വന്നത്. ഞാന്‍ വളര്‍ന്നത് ബ്രിട്ടനിലാണ്. ബഅസിസ്റ്റുകള്‍ക്കെതിരെ സംസാരിക്കുന്നത് സുന്നി അറബികളായും ശരി, ശിയാ അറബികളായാലും ശരി സദ്ദാം വെച്ചുപൊറുപ്പിച്ചിരുന്നില്ല. സുന്നി അറബികളാണ് എന്റെ കുടുംബം. സുന്നി അറബികളോട് വളരെ മയത്തിലാണ് സദ്ദാം പെരുമാറിയിരുന്നത് എന്ന ആരോപണങ്ങള്‍ക്ക് നേര്‍വിപരീതമാണ് എന്റെ അനുഭവങ്ങള്‍. ആ മനുഷ്യന്‍ ഒരു വിഘടനവാദിയോ, സുന്നി പക്ഷപാതിയോ ആയിരുന്നില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും.

അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന ബഅസിസ്റ്റുകളില്‍ ഒരുപാട് പേര്‍ ശിയാക്കളായിരുന്നു. സദ്ദാമിന്റെ ബഅസിസ്റ്റ് എലീറ്റുകളില്‍ ഒരാളാണ് മുഹമ്മദ് ഹംസ അല്‍ സുബൈദി. ക്രിസ്ത്യാനിയായ താരിഖ് അസീസായിരുന്നു സദ്ദാമിന്റെ വിദേശകാര്യമന്ത്രി. ഇറാഖിലെ പുതിയ ജനാധിപത്യവാദികളുടെ ദ്രോഹങ്ങള്‍ക്ക് വിധേയമായ ശേഷം ഈയടുത്താണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സുന്നിയാവട്ടെ, ശിയയാവട്ടെ, ക്രിസ്ത്യനിയാവട്ടെ, കുര്‍ദാവട്ടെ, തന്റെ സിംഹാസനത്തിന് ഭീഷണി ഉയര്‍ത്തുന്നത് ആരുതന്നെയായാലും ശരി അവരെയെല്ലാം സദ്ദാം നിഷ്‌കരുണം ഉന്മൂലനം ചെയ്തിരുന്നു.

2003-ല്‍ ബാഗ്ദാദിലെ ഫിര്‍ദൗസ് സ്‌ക്വയറിലെ സദ്ദാമിന്റെ പ്രതിമക്ക് ചുറ്റിക കൊണ്ട് അടിച്ച് പ്രസിദ്ധനായി മാറിയ ശിയാ അറബി ഖാദിം ഹസ്സന്‍ അല്‍ജിബൂരി ഇന്ന് സദ്ദാം എന്ന ഏകാധിപതി തിരിച്ച് വന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആളാണ്. 'ഇന്ന്, ആ പ്രതിമക്കടുത്ത് കൂടി പോകുമ്പോള്‍ എനിക്കൊരു തരം വേദനയും നാണക്കേടും അനുഭവപ്പെടും. ഞാന്‍ എന്നോട് തന്നെ പറയും- എന്തിനാണ് ഞാന്‍ സദ്ദാമിന്റെ പ്രതിമ തള്ളിതാഴെയിട്ടത്? ശിയാ മിലീഷ്യകള്‍ എന്നെ കൊന്നുകളയുമെന്ന ഭയമില്ലായിരുന്നെങ്കില്‍ ഞാന്‍ അത് പുനഃസ്ഥാപിക്കുമായിരുന്നു.' അല്‍ജിബൂരി പറഞ്ഞു.

'സദ്ദാം പോയി, അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇന്ന് ഞങ്ങള്‍ക്ക് 1000 സദ്ദാമുമാരുണ്ട്,' അല്‍ജിബൂരി ബി.ബി.സി-യോട് പറഞ്ഞ വാക്കുകളാണിത്.

സദ്ദാം പകുതിയോളം ശരിയായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ക്രൂരനായ ഏകാധിപതിയായിരുന്നെങ്കിലും സദ്ദം ഒരിക്കലും ഇറാഖിനെയും ഇറാഖികളെയും വഞ്ചിച്ചിട്ടില്ല. മറിച്ച്, ബോധപൂര്‍വ്വം അദ്ദേഹത്തെ അട്ടിമറിച്ചവരും, ഇറാഖിനെയും ഇറാഖി ജനതയെയും വിറ്റ് കാശാക്കിയവരുമാണ് യഥാര്‍ത്ഥ വഞ്ചകര്‍. ആദ്യ പ്രതി അമേരിക്കയാണ്, പിന്നെ ഇറാനും. സദ്ദാമിന്റെ കാലത്തിനേക്കാള്‍ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ.

എന്തുകൊണ്ടാണ് അറബ് ലോകത്തെ ഒരുപാട് പേര്‍ ഇന്ന് സദ്ദാമിനെ മഹത്വവത്കരിക്കുന്നത്, വാഴ്ത്തുന്നത് എന്ന് ചോദിക്കുന്നവര്‍, സദ്ദാമിന് ശേഷം എന്താണ് സംഭവിച്ചത് എന്നതിലേക്കും, ഇപ്പോഴത്തെ 'ജനാധിപത്യ' വാഴ്ച്ചയിലേക്കും ഒന്ന് കണ്ണോടിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും.

കടപ്പാട്: middleeastmonitor
മൊഴിമാറ്റം: irshadshariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics