ഇസ്തംബൂള്‍ നൈറ്റ് ക്ലബ്ബ് ആക്രമണം ലക്ഷ്യം വെക്കുന്നത്

പുതുവത്സര രാത്രിയില്‍ ഇസ്തംബൂളിലെ നൈറ്റ് ക്ലബ്ബില്‍ സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ഭീകരന്‍ നല്‍കിയ സമ്മാനം രക്തമയമായിരുന്നു. ആഘോഷത്തിനെത്തിയ നാല്‍പതോളം പേരുടെ ജീവനത് അപഹരിക്കുകയും എഴുപതിലധികം ആളുകള്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ അപകടം പ്രകടമാക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. തലസ്ഥാനമായ അങ്കാറയില്‍ ആക്രമണം നടന്ന് മൂന്നാഴ്ച്ച മാത്രം പിന്നിട്ടിരിക്കെയാണിത് സംഭവിച്ചിരിക്കുന്നത് എന്നതാണ് ഒന്നാമത്തേത്. പ്രസ്തുത ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. അതിലേറെയും പോലീസുകാരായിരുന്നു. രണ്ടാമതായി ആക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല എന്നതാണ്. പോലീസ് അയാള്‍ക്കായി തെരെച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു ചാവേറാക്രമണത്തിന് പകരം വളരെ നല്ല ആസൂത്രണത്തോടെ നടത്തിയ ഒന്നാണ് നൈറ്റ് ക്ലബ്ബിലെ ആക്രമണം എന്നാണത് വ്യക്തമാക്കുന്നത്. പരമാവധി ആള്‍നാശമുണ്ടാക്കുന്നതിനുള്ള കൃത്യമായ ആസൂത്രണം അതിന് പിന്നിലുണ്ടായിട്ടുണ്ട്. ഒരു വ്യക്തിയില്‍ നിന്നുണ്ടായ പ്രവര്‍ത്തനമല്ല, അതിന് പിന്നില്‍ വലിയൊരു സംഘമുണ്ടെന്ന സൂചനയാണത് നല്‍കുന്നത്.

അങ്കാറ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു കുര്‍ദ് സംഘടന ഏറ്റെടുത്തിട്ടുണ്ട്. പി.കെ.കെ ക്ക് കീഴിലുള്ള ഒരു സംഘമാണതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നൈറ്റ് ക്ലബ്ബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടത്ത് ഒരു സംഘടനയും രംഗത്ത് വന്നിട്ടില്ല. രണ്ട് ദിശകളിലേക്കാണ് ആരോപണത്തിന്റെ വിരലുകള്‍ ചൂണ്ടപ്പെടുന്നത്. ഒന്നാമതായി അത് കുര്‍ദ് തീവ്രവാദ സംഘടനകളിലേക്കാണ്. അവ സിറിയയില്‍ നിന്നുള്ളതോ തുര്‍ക്കിയില്‍ തന്നെയുള്ളതോ ആവാം. രണ്ടാമത്തെ സാധ്യത ഐഎസിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിറിയയിലെ അല്‍ബാബില്‍ നിന്നും അവരെ പുറത്താക്കുന്നതിനുള്‌ല പോരാട്ടത്തിലാണല്ലോ തുര്‍ക്കിയിപ്പോള്‍. സിറിയയുടെ വടക്കന്‍ പ്രദേശമായ ജറാബുലുസില്‍ ഐഎസ് സാന്നിദ്ധ്യം ഇല്ലാതാക്കുന്നതില്‍ തുര്‍ക്കി വിജയിച്ചിട്ടുമുണ്ട്.

ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നത് ആക്രമി അറബി സംസാരിച്ചിരുന്നു എന്നാണ്. അദ്ദേഹം ഐഎസിന്റെ ആളാണെന്ന് സൂചിപ്പിക്കുന്ന ഒന്നാണത്. എന്നാല്‍ ആക്രമണം നടത്തിയത് ഐഎസോ അവരോട് അനുസരണ പ്രതിജ്ഞ ചെയ്തവരോ ആണെങ്കില്‍ മണിക്കൂറുകള്‍ക്കകം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രഖ്യാപനം നടത്തുന്ന രീതിയാണ് നാം കണ്ടിട്ടുള്ളത്. പാരീസ് സ്‌ഫോടനങ്ങളിലും നീസില്‍ ട്രക്കുപയോഗിച്ച് നടത്തിയ ആക്രമണത്തിലും ഒരാഴ്ച്ച മുമ്പ് ബര്‍ലിനില്‍ നടന്ന ആക്രമണത്തിലും പാരീസ്, ബ്രസ്സല്‍സ് ആക്രമണങ്ങളിലും അതാണ് നാം കണ്ടത്.

ആക്രമണത്തിനായി നൈറ്റ് ക്ലബ്ബിനെയും പുതുവത്സര രാവിനെയും തെരെഞ്ഞെടുത്തത് പ്രസിഡന്റ് എര്‍ദോഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്കും അലോസരമുണ്ടാക്കും വിധം ഇസ്‌ലാമുമായി ആക്രമണത്തെ ബന്ധിപ്പിക്കുന്നതിനാണ്. നവ ഓട്ടോമന്‍ ഭരണാധികാരിയെന്ന നിലയിലാണ് അദ്ദേഹം അവതരിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമിസ്റ്റുകളില്‍ ചിലരെയെങ്കിലും എര്‍ദോഗാനെതിരെ തിരിക്കുക എന്നത് ആക്രമണത്തിന് പിന്നിലെ ശക്തികള്‍ അതിനായി സമയവും സ്ഥലവും തെരെഞ്ഞെടുത്തപ്പോള്‍ പരിഗണിച്ചിട്ടുണ്ട്. കിഴക്കന്‍ അലപ്പോ നഗരം സിറിയന്‍ സൈന്യം തിരിച്ചു പിടിക്കുന്നത് തടയാന്‍ അദ്ദേഹം ഇടപെടാത്ത കാരണത്താല്‍ സിറിയന്‍ വിമതര്‍ക്കിടയില്‍ പ്രത്യേകിച്ചും സലഫികള്‍ക്കിടയില്‍ അദ്ദേഹത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളത്.

തുര്‍ക്കിയുടെ രണ്ട് തലസ്ഥാന നഗരികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണങ്ങള്‍ ലക്ഷ്യം വെക്കുന്നത് തുര്‍ക്കിയുടെ സ്ഥാനവും സുസ്ഥിരതയും ഇല്ലാതാക്കലും നിലവിലെ അവിടത്തെ ഭരണകൂടത്തിന്റെ ചിത്രം വികലമാക്കലും സാമ്പത്തിക പ്രതിസന്ധി കടുപ്പിക്കലും രാജ്യത്ത് അരാജകത്വം വ്യാപിപ്പിക്കലുമാണ്. അതിലൂടെ തുര്‍ക്കി സുരക്ഷിതമായ ഒരു ഇടമല്ലെന്ന് വരുത്തിത്തീര്‍ക്കല്‍ ആക്രമികളുടെ ലക്ഷ്യമാണ്.

അലപ്പോയില്‍ സിറിയന്‍ ഭരണകൂടത്തിനും റഷ്യക്കും ഇറാനുമുണ്ടായിരിക്കുന്ന നേട്ടത്തിന് ശേഷം സിറിയന്‍ പ്രതിസന്ധിക്ക് പുതിയ രാഷ്ട്രീയ പരിഹാരം തെളിയാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയിലെ ഈ ആക്രമണം. പ്രാദേശികവും അന്തര്‍ദേശീയവുമായ എല്ല സമവാക്യങ്ങളെയും തകിടം മറിച്ചു കൊണ്ട് തുര്‍ക്കിയും അതില്‍ ചേര്‍ന്നിരിക്കുന്നു. തുര്‍ക്കിയുടെ നിലപാടില്‍ വന്നിരിക്കുന്ന ഈ മാറ്റം അടുത്ത് മാത്രം ഉണ്ടായതാണ്. നേരത്തെ സിറിയന്‍ സായുധ പ്രതിപക്ഷത്തെ സഹായിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച രാജ്യമാണത്. നിലപാട് മാറ്റത്തിലൂടെ തുര്‍ക്കി അയല്‍ നാടുകളില്‍ ശത്രുക്കളെ സൃഷ്ടിച്ചിരിക്കുകയാണ്.

ഈ ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ അവര്‍ എതിരാളികള്‍ക്കെതിരെയുള്ള പ്രതികാരമെന്ന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഗള്‍ഫ് നാടുകളില്‍ ഏട്ട് പോഷകഘടകങ്ങളുണ്ടാക്കുമെന്ന അതിന്റെ വെല്ലുവിളിയെ ഗൗരവത്തില്‍ തന്നെയെടുക്കണമെന്നാണത് സൂചിപ്പിക്കുന്നത്. പുതുവത്സരാഘോഷത്തിന് സംരക്ഷണമൊരുക്കാന്‍ 17,000 പോലീസുകാരെ നിയോഗിച്ചിട്ടും സാന്താക്ലോസിന്റെ വേഷത്തില്‍ ക്ലബ്ബിലെത്തിയ ആക്രമിയെ തടയാന്‍ സാധിച്ചില്ല. അതല്ല, കുര്‍ദ് ഭീകരസംഘടനകളാണ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കില്‍ പ്രതികാരം ചെയ്യുന്നതിലുള്ള കുര്‍ദ് തന്ത്രമാണ് അത് പ്രകടമാക്കുന്നത്. തുര്‍ക്കിയെ സംബന്ധിച്ചടത്തോളം ഐഎസിനേക്കാള്‍ വലിയ അപകടമാണ് അതുണ്ടാക്കുക. കാരണം തുര്‍ക്കി സമൂഹത്തിന്റെ തന്നെ ഭാഗമാണ് കുര്‍ദുകള്‍. അങ്കാറയിലെയും ഇസ്തംബൂളിലെയും പ്രദേശങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും കുറിച്ച് നല്ല ധാരണയുള്ളവരാണവര്‍.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics