ഇന്ദിര ഗാന്ധിക്ക് പഠിക്കുന്ന നരേന്ദ്ര മോദി

1971-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സും, മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി കെ. കാമരാജിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക കോണ്‍ഗ്രസ്സും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. വ്യക്തിരാഷ്ട്രീയത്തിന് തെരഞ്ഞെടുപ്പ് സാക്ഷിയായി. 'ഇന്ദിര ഹഠാവോ' (ഇന്ദിരയെ പുറത്താക്കുക) എന്ന ഹിന്ദിയിലുള്ള മുദ്രാവാക്യവുമാണ് ഔദ്യോഗിക കോണ്‍ഗ്രസ്സ് രംഗത്ത് വന്നത്. ഇന്ദിരാഗാന്ധി ബുദ്ധിപരമായി തിരിച്ചടിച്ചു, 'വോ കെഹ്‌തെ ഹേം 'ഇന്ദിര ഹഠാവോ'; മേം കെഹ്തി ഹൂം ഗരീബി ഹഠാവോ'. അവര്‍ പറയുന്നു, ഇന്ദിരയെ പുറുത്താക്കുക എന്ന്, ഞാന്‍ പറയുന്നു, ദാരിദ്ര്യത്തെ ഇല്ലാതാക്കുക എന്ന്'.

44 ശതമാനം പൊതുജനങ്ങളുടെ വോട്ടും, ലോകസഭയിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഇന്ദിരഗാന്ധി നേടി, 1971-നെ 'ഇന്ദിര തരംഗം' എന്ന് വിളിക്കാം. 2014-ലും ഒരു തരംഗമുണ്ടായി, അതാണ് മോദി തരംഗം. എങ്കിലും ഇന്ദിരഗാന്ധി നേടിയ വിജയത്തിന്റെ തിളക്കം മോദിയുടെ വിജയത്തിനില്ലെന്നത് ഒരു വസ്തുതയാണ്.

ജനങ്ങള്‍ ഇന്ദിരയും നരേന്ദ്രയും തമ്മിലുള്ള സാമ്യതകള്‍ നോക്കികൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച്ച, ചില സാമ്യതകളൊക്കെ ഉണ്ടെന്ന് മോദി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് കാമ്പയിന് ലഖ്‌നോയില്‍ വെച്ച് തുടക്കം കുറിച്ച് കൊണ്ട് മോദി പ്രസ്താവിച്ചു, 'വോ കെഹ്‌തേ ഹേം 'മോദി ഹഠാവോ'; മേം കെഹ്താ ഹൂം കാലാ ധന്‍ ഹഠാവോ'. അവര്‍ പറയുന്നു, 'മോദിയെ പുറത്താക്കുക' എന്ന്, ഞാന്‍ പറയുന്നു, 'കള്ളപ്പണത്തെ നശിപ്പിക്കുക' എന്ന്.

ഇന്ദിരാ ഗാന്ധിയുടെ മുദ്രാവാക്യം കോപ്പിയടിച്ച് മോദി ഔദ്യോഗിക പ്രസ്താവന നടത്തുന്നതിന് മുമ്പ് തന്നെ അവര്‍ തമ്മിലുള്ള സാമ്യതകള്‍ സാമൂഹിക മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നു കഴിഞ്ഞിരുന്നു. ട്വിറ്ററില്‍ @NarIndra Modi എന്ന ഒരു പാരഡി അക്കൗണ്ട് ഉണ്ട്. ഈ പാരഡി അക്കൗണ്ട് വ്യക്തമാക്കുന്നത് പോലെ, മോദിയെയും ഗാന്ധിയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് അധികാരം അവരില്‍ തന്നെ കേന്ദ്രീകരിക്കാനുള്ള അവരുടെ പ്രവണത. 1969-ല്‍, പ്രധാനമന്ത്രി പദത്തെ ഇന്ദിരാഗാന്ധി ആധുനീകരിച്ചു. യൂണിയന്‍ ഗവണ്‍മെന്റിന്റെ മറ്റു ഘടകങ്ങളുടെയെല്ലാം മേലെ അവര്‍ പരമാധികാരം നേടി. ഇതു തന്നെയാണ് പ്രധാനമന്ത്രി മോദിയും പിന്തുടര്‍ന്നത്. നിലവിലെ കേന്ദ്ര സര്‍ക്കാറില്‍, പ്രധാനമന്ത്രിയാണ് പരമാധികാരി. മറ്റു മന്ത്രാലയങ്ങളെല്ലാം പ്രധാനമന്ത്രി എന്താണോ പറയുന്നത് അത് അനുസരിക്കുന്നു എന്ന് മാത്രം. ഏഷ്യന്‍ ഗെയിംസ് മുതല്‍ ഗംഗാ പുനരുദ്ധാനരണ പദ്ധതി വരെ, മറ്റു മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സൂക്ഷ്മതലത്തില്‍ വരെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഇങ്ങനെ അധികാരം ഒന്നടങ്കം കൈപിടിയില്‍ ഒതുക്കി സൂക്ഷിക്കുന്നതിന്റെ ഭാഗമായി, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് പകരം ബ്യൂറോക്രാറ്റുകളുമായാണ് ഗാന്ധിയും മോദിയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും. ഇന്ദിര ഗാന്ധിയുടെ ഭരണത്തില്‍ ബ്യൂറോക്രാറ്റുകളായ പി.എന്‍ ഹസ്‌കര്‍, പി.എന്‍ ധര്‍, പി.സി അലക്‌സാണ്ടര്‍ തുടങ്ങിയവരെ പോലെയുള്ളവര്‍ക്ക് കേന്ദ്രമന്ത്രിമാരെക്കാള്‍ കൂടുതള്‍ അധികാരമുണ്ടായിരുന്നു. ഇതേ മാതൃക തന്നെയാണ് മോദിയും പിന്തുടരുന്നത്.

ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ പിറന്ന ഇന്ദിരാ ഗാന്ധിക്ക്, അവരെ പോലെയുള്ള കാശ്മീരി ബ്രാഹ്മണന്‍മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു 'കാശ്മീരി മാഫിയ' ഉണ്ടായിരുന്നു. അതുപോലെ ഗുജറാത്തി ബ്യൂറോക്രാറ്റുകളോടാണ് മോദിക്ക് ഇഷ്ടം കൂടുതല്‍. ഗാന്ധിനഗറില്‍ നിന്നും അദ്ദേഹം ന്യൂഡല്‍ഹിയിലേക്ക് താമസം മാറിയതിന്റെ കൂടെ അദ്ദേഹത്തിന്റെ ഇഷ്ടക്കാരായ സംസ്ഥാന സര്‍ക്കാറിലെ ബ്യൂറോക്രാറ്റുകള്‍ ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. കേന്ദ്രത്തില്‍ മോദിക്കൊപ്പം ജോലി ചെയ്യുന്നതിന് വേണ്ടിയായിരുന്നു അത്. മോദിയുടെ ഏറ്റവും വലിയ നയപരിപാടിയായ നോട്ട് അസാധുവാക്കലിന് ഗുജറാത്തി ബ്യൂറോക്രാറ്റായ ഹഷ്മുഖ് ആദിയയാണ് പ്രഥമ പദ്ധതിയൊരുക്കിയത്. മന്ത്രിമാര്‍ക്ക് പോലും ചര്‍ച്ചക്ക് പുറത്തായിരുന്നു സ്ഥാനം.

ഇത്തരത്തിലുള്ള അധികാര കേന്ദ്രീകരണത്തിന്റെ ആദ്യത്തെ ഇര കേന്ദ്ര സര്‍ക്കാര്‍ തന്നെയായിരിക്കും. പിന്നീട് മറ്റു സ്ഥാപനങ്ങളും വീഴാന്‍ തുടങ്ങും. പ്രധാനമന്ത്രിമാര്‍ അമിതമായി കരുത്താര്‍ജ്ജിക്കുന്നത് ദുര്‍ബലമായ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയാണ് ആദ്യമായി ബാധിക്കുക. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് സംസ്ഥാനഭരണം രാഷ്ട്രപതി ഏറ്റെടുക്കുന്നതിനെയാണ് രാഷ്ട്രപതി ഭരണം എന്ന് വാക്ക് കൊണ്ട് സൂചിപ്പിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്തം വേണ്ട രീതിയില്‍ നിര്‍വഹിക്കാന്‍ ഒരു സംസ്ഥാന ഗവണ്മെന്റിന് കഴിയാതെ വരുമ്പോള്‍ ഗവണ്മെന്റിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതി ഈ അധികാരം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഈ ഭരണഘടനാ വകുപ്പിനെ ഇന്ദിരാ ഗാന്ധി കാറ്റില്‍പറത്തി. അതിനേക്കാളുപരി, കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരെല്ലാം തന്നോട് വിധേയത്വമുള്ളവരാണെന്ന് അവര്‍ ഉറപ്പുവരുത്തി. ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥയെ അവര്‍ അതിഗംഭീരമായി അട്ടിമറിച്ചു. ഉദാഹരണമായി, 1978-നും 1983-നും ഇടക്ക് ആന്ധ്രാപ്രദേശില്‍ നാല് മുഖ്യമന്ത്രിമാര്‍ വന്നു. എല്ലാവരെയും നിയമിച്ചതും നീക്കം ചെയ്തതും ഇന്ദിരാ ഗാന്ധി തന്നെയാണ്. സംസ്ഥാനങ്ങളില്‍ ഒരു വിധത്തിലുള്ള സ്വതന്ത്ര അധികാര ശക്തികളും ഉയര്‍ന്ന് വരാതിരിക്കാനുള്ള അവരുടെ തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.

സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത ആളുകളെ മുഖ്യമന്ത്രിമാരായി നിയോഗിച്ച് കൊണ്ട് മോദിയും ഗാന്ധിയുടെ അതേ പാതയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്. ഗോവയിലും ഗുജറാത്തിലുമുള്ള ബി.ജെ.പി മുഖ്യമന്ത്രിമാര്‍ എല്ലാ അര്‍ത്ഥത്തിലും മോദിയെ മാത്രം ആശ്രയിക്കുന്നവരാണ്. മഹാരാഷ്ട്രയിലും, ഹരിയാനയിലുമുള്ള മുഖ്യമന്ത്രിമാര്‍ ഭൂരിപക്ഷ ജാതികളില്‍ നിന്നുള്ളവരല്ലാതിരിക്കാന്‍ മോദി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 1980-ല്‍ മറാത്ത ലോബിയെ ഒതുക്കാന്‍ ഇന്ദിര എ.ആര്‍ ആന്തുലയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി നിയമിച്ചത് പോലെ.

ഈ അധികാരകേന്ദ്രീകരണത്തിനെ പിന്തുണക്കാന്‍ ഒരു കൂട്ടരുണ്ട്: പ്രധാനമന്ത്രിയുടെ വമ്പിച്ച ജനകീയത ഈ അധികാരമുഷ്ടിക്ക് എല്ലാവിധ അംഗീകാരവും നല്‍കും. 1971-ലെ ഇന്ദിരാ ഗാന്ധിയുടെ വിജയം കോണ്‍ഗ്രസ്സിലെ പഴയ നേതാക്കള്‍ക്കെതിരെയുള്ള വിജയം കൂടിയായിരുന്നു. മഹാത്മ ഗാന്ധി മുന്‍കൈയ്യെടുത്ത് രൂപപ്പെടുത്തിയ കോണ്‍ഗ്രസ്സിന്റെ ഘടനയും, സംഘടനയും അരനൂറ്റാണ്ട് കാലത്തോളം നിലനില്‍ക്കാന്‍ പോന്നതായിരുന്നു. പക്ഷെ 1971-ലെ തെരഞ്ഞെടുപ്പ് ഫലത്തെ, ഔദ്യോഗിക കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒന്നിനും കൊള്ളാത്തതാണെന്ന് വരുത്തി തീര്‍ക്കുന്ന ജനഹിതമെന്ന നിലക്കാണ് ഇന്ദിരാ ഗാന്ധി ഉപയോഗിച്ചത്.

അതേസമയം മോദിക്ക് അത്തരത്തിലുള്ളൊരു സംഘടിത പ്രതിപക്ഷത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. 2014-ലെ ഏറ്റവും സംഘടിത പാര്‍ട്ടി ബി.ജെ.പിയായിരുന്നു. മോദിയുടെ വ്യക്തിപ്രഭാവം തന്നെയാണ് ബി.ജെ.പി-യെ ആദ്യമായി ലോകസഭയില്‍ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കാരണമായത് എന്നത് തന്നെയാണ് സത്യം. 2014-ലെ തെരഞ്ഞെടുപ്പില്‍ വെസ്റ്റ്ബംഗാള്‍ പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും 17 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ഇതെല്ലാം മോദി തരംഗം കാരണമായി ഉണ്ടായത് തന്നെയാണ്.

തന്റെ വ്യക്തിപ്രഭാവം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി, പോപ്പുലിസത്തിന്റെ എല്ലാ അടവുകളും ഇന്ദിര പരീക്ഷിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 1969-ല്‍ ബാങ്കുകള്‍ ദേശസാത്കരിച്ചു. വലത്പക്ഷ പോപ്പുലിസത്തിനും, ഭൂരിപക്ഷവാദത്തിനും അവരുടെ രാഷ്ട്രീയം വഴിതുറന്നു. പിതാവില്‍ നിന്നും വ്യത്യസ്തമായി, ഒരു ഹിന്ദു നേതാവ് എന്ന നിലയിലാണ് അവര്‍ എല്ലായ്‌പ്പോഴും സ്വയം അവതരിപ്പിച്ചിരുന്നത്. അവര്‍ 'ധര്‍മ്മ യുദ്ധത്തെ' കുറിച്ച് സംസാരിക്കും. വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്താണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും അസമിലും.

മോദിയുടെ സ്വന്തം രാഷ്ട്രീയവും ഇന്ദിരയുടെ രാഷ്ട്രീയവും ഒന്നുതന്നെയാണ്. ഭരണകൂടസര്‍വ്വാധിപത്യത്തിന്റെ വ്യാപക വികാസമാണ് അദ്ദേഹം തന്റെ സാമ്പത്തിക പോപ്പുലിസത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാത്കരണം പോലെ, മോദിയുടെ നോട്ട് അസാധുവാക്കല്‍ പദ്ധതി സമ്പന്നനെ വില്ലന്‍വത്കരിച്ചും, ദരിദ്രര്‍ക്ക് നേട്ടമുണ്ടാകും എന്ന പൊള്ളയായ വാഗ്ദാനത്തിനും മേലാണ് നിലനില്‍ക്കുന്നത്. വര്‍ഗീയതയുമായുള്ള മോദിയുടെ ബന്ധത്തിന് തെളിവുകള്‍ അനവധിയാണ്.

തന്റെ മുഖ്യശത്രുവായ കേണ്‍ഗ്രസ്സിനെയും, അതിന്റെ നേതാക്കളില്‍ ഒരാളെ മോദി കോപ്പിയടിക്കും എന്നത് വിരോധാഭാസമായി തോന്നുമെങ്കിലും, പക്ഷെ അത് എന്തിനാണെന്ന് വളരെ വ്യക്തമാണ്. ജീവിതകാലത്ത് ഇന്ദിരാ ഗാന്ധിക്ക് വമ്പിച്ച ജനപിന്തുണയുണ്ടായിരുന്നു. 1984-ല്‍ അവര്‍ വധിക്കപ്പെട്ടപ്പോള്‍ ഉണ്ടായ സഹതാപതരംഗത്തിലൂടെയാണ് ലോകസഭയില്‍ 404 സീറ്റുകള്‍ നേടി കൊണ്ട് കോണ്‍ഗ്രസ്സ് വമ്പിച്ച ഭൂരിപക്ഷം കരസ്ഥമാക്കിയത്. മോദിയും അത്തരമൊരു വ്യക്തിഗത വിജയം നേടാന്‍ അതിയായി ആഗ്രഹിക്കുമെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

പക്ഷെ, ബി.ജെ.പിയുടെ പരിപ്രേക്ഷ്യത്തില്‍ നിന്ന് നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. അവസാനം, ഗാന്ധിയുടെ അനിയന്ത്രിതമായ അധികാരകേന്ദ്രീകരണം കോണ്‍ഗ്രസ്സിനെ വലിയ അളവില്‍ ദുര്‍ബലപ്പെടുത്തി. ആന്ധ്രാപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സിനെ കൈവിട്ടു. വെസ്റ്റ് ബംഗാളിലെ മമതാ ബാനര്‍ജിയെ പോലുള്ള ശക്തരായ സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസ്സ് വിട്ടു. കാരണം അന്ന് ഡല്‍ഹിക്ക് പുറത്തുള്ള ഒരു കോണ്‍ഗ്രസ്സ് അധികാരശക്തിയെ അംഗീകരിക്കാന്‍ ഇന്ദിരയുടെ കോണ്‍ഗ്രസ്സ് തയ്യാറായിരുന്നില്ല. ഇന്ന്, 1984-ല്‍ നേടിയ സീറ്റുകളുടെ 10 ശതമാനത്തിലും താഴെയാണ് ലോക്‌സഭയിലെ കോണ്‍ഗ്രസ്സ് സീറ്റുകളെന്ന് മോദി ഭക്തര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

കടപ്പാട്: scroll
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics