മൂസില്‍ വിധവകള്‍; മരണത്തിന്റെ രുചിയുള്ള ജീവിതം

Jan 06 - 2017

22 വയസ്സ് തികയാത്ത മൂസില്‍ സ്വദേശിയായ യുവതിയാണ് ഉമ്മു അദ്‌റാഅ്. കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തില്‍ ഐഎസ് ഭീകരരുടെ വെടിയേറ്റ് ഭര്‍ത്താവ് ഖാലിദ് മുഹമ്മദിനെ അവര്‍ക്ക് നഷ്ടമായിരിക്കുന്നു. തന്റെ കഥ വിവരിക്കാന്‍ ആദ്യം അവള്‍ തയ്യാറായിരുന്നില്ല. വടക്കന്‍ ഇറാഖിലെ മൂസില്‍ നഗരത്തിലുള്ള 'ഹസന്‍ ശാമി' ക്യാമ്പിലെ ടെന്റിന്റെ മറക്ക് പിന്നില്‍ നിന്ന് സംസാരിക്കാന്‍ അവസാനം അവര്‍ സമ്മതിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ചവള്‍ വിവരിച്ചത്. ''കിണറില്‍ നിന്നും വെള്ളമെടുക്കാനുള്ള ബാരലുമായി കിഴക്കന്‍ മൂസിലിലെ ഞങ്ങളുടെ വീട്ടില്‍ നിന്നും പുറപ്പെട്ടതാണ് അദ്ദേഹം. ആഴ്ച്ചകളായി ഞങ്ങളുടെ പ്രദേശത്ത് വെള്ളമില്ലായിരുന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങി പത്ത് മിനുറ്റ് കഴിഞ്ഞപ്പോഴേക്കും തലക്ക് വെടിയേറ്റ് ഒരു മൃതദേഹമായി അദ്ദേഹം മാറിയിരുന്നു. റോഡിലേക്ക് ഇറങ്ങിയ എനിക്ക് വിശ്വസിക്കാനാവുന്നതായിരുന്നില്ല ആ കാഴ്ച്ച. രക്തം കൊണ്ട് അദ്ദേഹത്തിന്റെ മുഖം തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. എന്നില്‍ നിന്നുമുയര്‍ന്ന നിലവിളി തെരുവിനെ ഞെട്ടിച്ചു. അത് കേട്ടവരെല്ലാം കരഞ്ഞു. പിന്നീടെനിക്ക് ബോധം നഷ്ടമായി. അടുത്ത ദിവസമാണ് ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചത്.'' വിതുമ്പി കൊണ്ടവള്‍ പറഞ്ഞു.

ഭര്‍ത്താവ് നഷ്ടപ്പെട്ട ഉമ്മു അദ്‌റാഇന് മുമ്പില്‍ പലായനമല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. രണ്ട് പിഞ്ചുകുട്ടികളെ സംരക്ഷിക്കാനും വിധവകളെ ഐഎസ് അംഗങ്ങള്‍ക്ക് നിര്‍ബന്ധിച്ച് വിവാഹം ചെയ്തു കൊടുക്കാന്‍ പ്രവര്‍ത്തിക്കുന്ന ആയുധധാരികളില്‍ നിന്ന് രക്ഷപെടാനും അത് മാത്രമായിരുന്നു അവര്‍ക്ക് മുന്നിലുള്ള വഴി.

മൂസിലില്‍ പലയിടത്തുമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന വിധവകളുടെ കഥകളും ഉമ്മു അദ്‌റാഇല്‍ നിന്ന് വ്യത്യസ്തമല്ല. ഹൃദയഭേദകവും കണ്ണുകളെ ഈറനണിയിപ്പിക്കുന്നതുമായ കഥകളാണ് ഓരോരോ ക്യാമ്പില്‍ നിന്നും കേള്‍ക്കാനാവുക. ഉമ്മു അദ്‌റാഅ് കഴിയുന്ന ടെന്റില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയുള്ള ടെന്റിലാണ് റനാ കഴിയുന്നത്. മൂസിലില്‍ പോരാട്ടം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പിതൃവ്യ പുത്രനുമായുള്ള അവരുടെ വിവാഹം നടക്കുന്നത്. നഗരത്തിന്റെ കിഴക്കു ഭാഗത്തെ ഖുദ്‌സ് സ്ട്രീറ്റില്‍ ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഒരുമിച്ച് ജീവിച്ചത്. യുദ്ധം ശക്തമായതോടെ ഖദ്‌റാഅ് സ്ട്രീറ്റിലുള്ള അവളുടെ വീട്ടിലാക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. അവളെയും കൂട്ടി നഗരം വിട്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്താനായിരുന്നു അദ്ദേഹമത് ചെയ്തത്.

എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പ്രിയതമന്റെ മരണവാര്‍ത്തയാണ് റനായെ തേടിയെത്തിയത്. അവരുടെ വീടിന് സമീപത്തെ ഐഎസിന്റെ ടാങ്കറിന് നേരെ അന്താരാഷ്ട്ര സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ ഭര്‍ത്താവും ആറ് പേരടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബവും കൊല്ലപ്പെടുകയായിരുന്നു. നിറകണ്ണുകളോടെ അവള്‍ പറഞ്ഞു: ''ഈ വേര്‍പാട് എനിക്ക് സഹിക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ കുഞ്ഞ് എന്റെയുള്ളില്‍ വളരുന്നുണ്ട്. ആ കുഞ്ഞിലൂടെ അദ്ദേഹത്തിന്റെ സവിശേഷതകളും മണവും ഒരിക്കല്‍ കൂടി കാണാമെന്ന പ്രതീക്ഷിയിലാണ് ഞാനിപ്പോള്‍.'' അത് ആണാണെങ്കിലും പെണ്ണാണെങ്കിലും ഭര്‍ത്താവിന്റെ പേര് തന്നെ അതിന് നല്‍കുമെന്നും അവള്‍ പറയുന്നു.

'ഹസന്‍ ശാമി' ക്യാമ്പില്‍ മാത്രം മൂസില്‍ സംഘര്‍ഷത്തില്‍ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ട 361 സ്ത്രീകളുണ്ട്. ക്യാമ്പിലെ അഭയാര്‍ഥികളുടെ ചുമതല വഹിക്കുന്ന അദിയ് യൂനുസ് അത്ത്വാഇയുടെ വാക്കുകളാണിത്. മൂസിലിലെ മറ്റ് അഭയാര്‍ഥി ക്യാമ്പുകളിലും ഇങ്ങനെ നിരവധി വിധവകളുണ്ടെന്നും അതിന് പുറമെ നഗരത്തിലെ തങ്ങളുടെ വീടുകളില്‍ തന്നെ കഴിയാന്‍ നിശ്ചയിച്ച നിരവധി വിധവകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെട്ട സ്ത്രീകള്‍ വേഗം നഗരം വിട്ടുപോകാനാണ് തീരുമാനിക്കുന്നതെന്ന് മൂസില്‍ വീണ്ടെടുക്കാനുള്ള പോരാട്ടം നിരീക്ഷിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമിര്‍ യൂസുഫ് പറഞ്ഞു. ഐഎസ് അംഗങ്ങളുടെ പിടിയില്‍ അകപ്പെട്ട് അവരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുമോ എന്ന ഭീതിയാണ് അതിന്നവരെ പ്രേരിപ്പിക്കുന്നത്. ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്നതിന് സമ്മതിപ്പിക്കുന്നതിനായി ഐഎസിന്റെ ഭാഗമായ സ്ത്രീകളുടെ സംഘം വിധവകളെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് സമ്മതം മൂളാത്തവരെ തടവിലിട്ട് വിവിധ ക്ലാസുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. വിവാഹത്തിന്റെ പ്രാധാന്യവും ഒറ്റക്ക് കഴിയുന്നതിന്റെ അപകടത്തെ കുറിച്ചുമുള്ള ദീര്‍ഘിച്ച ക്ലാസ്സുകളാണ് അവര്‍ക്കവിടെ നല്‍കുന്നത്.

മൂന്ന് മക്കളുടെ ഉമ്മയാണ് ഖാലിദ. അവളുടെ മൂത്തമകന് ഒമ്പത് വയസ്സാണ് പ്രായം. ഒക്ടോബര്‍ അവസാനത്തില്‍ ഇറാഖ് സൈന്യം തെറ്റിധാരണയുടെ അടിസ്ഥാനത്തില്‍ കൊലപ്പെടുത്തിയതാണ് അവരുടെ ഭര്‍ത്താവിനെ. അതിനെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു അവരുടെ മറുപടി. തന്റെയും മക്കളുടെയും കണ്‍മുന്നില്‍ വെച്ച് എങ്ങനെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അവര്‍ വിവരിച്ചു. അവര്‍ കഴിഞ്ഞിരുന്ന സഹ്‌റാഅ് സ്ട്രീറ്റില്‍ ഏറ്റുമുട്ടല്‍ നടന്നു കൊണ്ടിരിക്കെ എല്ലാവരും കൂടി അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ ഭര്‍ത്താവിനെ ഐഎസ് ചാവേറാണെന്ന് തെറ്റിധരിച്ച് ഇറാഖ് സൈന്യം വെടിവെക്കുകയായിരുന്നു. യുദ്ധക്കെടുതിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കുന്നതിന് വഴിതേടി മുന്നില്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമം സൈന്യം നടത്തിയെങ്കിലും അപ്പോഴേക്കും അദ്ദേഹം ജീവന്‍ വെടിഞ്ഞിരുന്നു. മരണത്തിനല്ലാതെ മറ്റൊന്നിനും ആ രംഗം ഖാലിദയുടെ ജീവിതത്തില്‍ നിന്നും മായ്ച്ചു കളയാനാവില്ല.

ഭര്‍ത്താവിനെ നഷ്ടപ്പെട്ട മറ്റൊരു സ്ത്രീ ഫോണിലൂടെ തന്റെ കഥ വിവരിച്ചു. കഴിഞ്ഞ ആഗസ്റ്റ് 17നായിരുന്നു അത് സംഭവിച്ചത്. പടിഞ്ഞാറന്‍ മൂസിലിലെ നജ്ജാര്‍ സ്ട്രീറ്റിലുള്ള അവരുടെ വീട്ടിലേക്ക് ഇരച്ചു കയറിയ ഐഎസ് സായുധ സംഘം ഭര്‍ത്താവിനെയും കൂട്ടി എവിടേക്കോ പോവുകയായിരുന്നു. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസത്തിന് ശേഷം മൂന്ന് ആയുധധാരികള്‍ വീട്ടിലെത്തി. ഭര്‍ത്താവിന്റെ ഉപ്പയോട് മകനെ കാണാന്‍ അടുത്ത ദിവസം ബാബ്തൂബില്‍ എത്താന്‍ അവര്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം രാവിലെ തന്നെ ഭര്‍തൃപിതാവ് പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം ഒരക്ഷരം പോലും മിണ്ടാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞതിന് ശേഷമാണ് ഐഎസ് മകനെ വധിച്ച കാര്യം അദ്ദേഹം പറഞ്ഞത്. കെട്ടിടത്തിന്റെ ചുമരില്‍ ഐഎസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ അവര്‍ ചുമത്തിയ കുറ്റം. ആ വേദന മറക്കാന്‍ അവള്‍ക്ക് സാധിക്കുന്നേയില്ല. ഭര്‍ത്താവിന്റെ മൃതദേഹം ഐഎസ് വിട്ടുനല്‍കിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ പോലും അവരെ അനുവദിച്ചില്ല. തങ്ങളുടെ ജീവിതത്തിലുണ്ടായ വിടവ് കാലം നികത്തുമോ എന്നാണ് തന്നെ പോലുള്ള വിധവകളെ പ്രതിനിധീകരിച്ച് അവള്‍ ചോദിക്കുന്നത്.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics