സോവിയറ്റ് യൂണിയന്‍ ഇസ്‌ലാമിനെ പിഴുതെറിയാന്‍ ശ്രമിച്ചപ്പോള്‍....

1929-ല്‍ സോവിയറ്റ് നേതാവ് മിഖായേല്‍ കലിനിന്‍ മധ്യേഷ്യയെ സംബന്ധിച്ച തന്റെ ലക്ഷ്യം മുന്നോട്ട് വെച്ചു: 'കിര്‍ഗിസ് സ്‌റ്റെപ്പെയിലെ കോട്ടന്‍ കൃഷിക്കാരായ കുറിയ ഉസ്‌ബെക്കുകളെയും, തുര്‍ക്ക്‌മേനിയന്‍ പൂന്തോട്ടപരിപാലകരെയും ലെനിന്‍ഗ്രാഡ് തൊഴിലാളിയുടെ ആദര്‍ശങ്ങള്‍ പഠിപ്പിക്കുക.'

അതൊരു പ്രയാസകരമായ ദൗത്യമായിരുന്നു, പ്രത്യേകിച്ച് വിഷയം മതവുമായി ബന്ധപ്പെട്ടതാകുമ്പോള്‍. അവിടെയുണ്ടായിരുന്ന ജനസംഖ്യയുടെ 90 ശതമാനവും മുസ്‌ലിംകളായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക മതം നിരീശ്വരവാദമായിരുന്നു. അതുകൊണ്ടു തന്നെ 1920-കളുടെ തുടക്കത്തില്‍ തന്നെ സോവിയറ്റ് ഗവണ്‍മെന്റ് മധേഷ്യയില്‍ വളരെ കാര്യക്ഷമമായി തന്നെ ഇസ്‌ലാം മതം നിരോധിച്ചു. അറബി ഭാഷയില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി. അധികാരസ്ഥാനങ്ങള്‍ വഹിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദം നിഷേധിച്ചു. ഖുര്‍ആനിക് ട്രൈബ്യൂണലുകളും, മദ്രസ്സകളും അടച്ചുപൂട്ടി. മുസ്‌ലിം ആചാരാനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നത് ഏറെക്കുറെ അസാധ്യമായി തീര്‍ന്നു. 1912-ല്‍ മധ്യേഷ്യയില്‍ 26000-ത്തോളം മസ്ജിദുകള്‍ ഉണ്ടായിരുന്നു. 1941-ഓടെ മസ്ജിദുകളുടെ എണ്ണം 1000-ത്തിനടുത്തായി ചുരുങ്ങി.

ഇസ്‌ലാമിനെ മുരടിപ്പിക്കാന്‍ ശ്രമിച്ചത് ഇസ്‌ലാം മതവിശ്വാസികളെ കൂടുതലായി മതമൗലികവാദത്തിലേക്ക് തിരിക്കാന്‍ മാത്രമേ ഉപകരിച്ചുള്ളു. കഴിഞ്ഞ നൂറ്റാണ്ടിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ട ഒരു പ്രവണതയാണത്. ഭീകരതക്കെതിരായ യുദ്ധത്തിന്റെ അപകടകരമായ അനന്തരഫലങ്ങളില്‍ ഒന്നും അതായിരുന്നു. ഇന്ന്, മൗലികവാദത്തിലേക്ക് തിരിയുന്ന മധ്യേഷ്യന്‍ മുസ്‌ലിംകളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ഐ.എസില്‍ ചേര്‍ന്നിട്ടുള്ളത്. തുര്‍ക്കിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞാഴ്ച്ച ഇസ്തംബൂളിലെ നിശാക്ലബില്‍ വെച്ച് 39 പേരെ വെടിവെച്ച് കൊലപ്പെടുത്തിയത് കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഒരു ഉയിഗൂര്‍ വംശജനാണെന്ന് സംശയിക്കപ്പെടുന്നുണ്ട്.

1930-കളില്‍ ഇസ്‌ലാമിനെതിരെയുള്ള സോവിയറ്റ് നീക്കം മിതവാദികളായ ഇമാമുമാരെയും, നേതാക്കളെയും നിശബ്ദരാക്കി. പക്ഷെ തീവ്രമതവാദ നേതാക്കള്‍ സ്വകാര്യമായി അനുയായികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. അവരിലൊരാളാണ് തീവ്രയാഥാസ്ഥിക ഇസ്‌ലാമിക കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തിയിരുന്ന ഉസ്‌ബെക്ക് വംശജനായ ശാമി ദാമുല്ല. 1932-ല്‍ അദ്ദേഹം ജയിലിലടക്കപ്പെട്ടെങ്കിലും, ജയിലിന് പുറത്ത് തന്റെ കാഴ്ച്ചപ്പാടിനാല്‍ സ്വാധീനിക്കപ്പെട്ട നിരവധി ശിഷ്യഗണങ്ങളെ അദ്ദേഹം വാര്‍ത്തെടുത്തിരുന്നു. ഈ ശിഷ്യഗണങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ തീവ്രയാഥാസ്ഥിക വീക്ഷണങ്ങളുടെ പ്രചാരകരായി മാറിയത്. അവര്‍ താല്‍ക്കാലിക മസ്ജിദുകളിലൂടെയും, ഒളിത്താവളങ്ങളിലൂടെയും ശാമി ദാമുല്ലയുടെ വീക്ഷണങ്ങള്‍ പ്രചരിപ്പിച്ചു. പിന്നീട് 1940-കളില്‍ ജോസഫ് സ്റ്റാലിന്‍ ഔദ്യോഗിക മതവുമായി ബന്ധപ്പെട്ട സോവിയറ്റ് യൂണിയന്റെ നിലപാടില്‍ അയവ് വരുത്തിയപ്പോഴാണ് ഈ ആത്മീയ നേതാക്കള്‍ക്ക് സര്‍ക്കാര്‍ തസ്തികളിലും, അധികാര പദവികളിലും ഇരിക്കാന്‍ അനുവാദം നല്‍കപ്പെട്ടത്.

അങ്ങനെ 1970-കളോടെ മധ്യേഷ്യയുടെ ഭൂരിഭാഗം മേഖലകളിലും ഇസ്‌ലാം തിരിച്ചുവന്നു. റമദാനും, വസന്തകാല പുതുവത്സരാഘോഷമായ നവ്‌റൂസും പരസ്യമായി തന്നെ ആചരിക്കപ്പെടുകയും, ആഘോഷിക്കപ്പെടുകയും ചെയ്തു. മസ്ജിദുകള്‍ പോലെ തന്നെ ചായക്കടകളും ഇരട്ടിച്ചു.

1980-കളില്‍, സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശം മതമൗലികവാദികള്‍ ശക്തിപ്പെടുന്നതിന് വീണ്ടും വഴിവെച്ചു. അഫ്ഗാന്‍ അധിനിവേശത്തോടെ മധ്യേഷ്യ ഒന്നടങ്കം സോവിയറ്റ് യൂണിയനെതിരെ തിരിഞ്ഞു. യാത്രാ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതോടെ, മിഡിലീസ്റ്റില്‍ നിന്നുള്ള ആളുകളുടെയും, വിവരങ്ങളുടെയും ഒഴുക്ക് സുഖമമായി.

സോവിയറ്റ് യൂണിയന്റെ പതനത്തോടെ, റാഡിക്കല്‍ മുസ്‌ലിംകള്‍ സുശക്തമായ ശൃംഖലകള്‍ ഉണ്ടാക്കിയിരുന്നു. ഇത് പുതുതായി രൂപം കൊണ്ട രാജ്യങ്ങളിലെ ശൈശവദശയിലുള്ള സര്‍ക്കാറുകള്‍ക്ക് മേല്‍ മേല്‍കൈ നേടാന്‍ അവര്‍ക്ക് അവസരം നല്‍കി. 1991-ല്‍ ഒരു സംഘം മിലിറ്റന്റുകള്‍ ഉസ്‌ബെക്ക് പട്ടണത്തിലെ മുന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിടത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള ഒരു മതരാഷ്ട്രത്തിന്റെ സംസ്ഥാപനമായിരുന്നു അവരുടെ ആവശ്യം. 1992-ല്‍ അതേ മിലിറ്റന്‍ുകള്‍ തന്നെ പ്രദേശിക അധികാരികളെ ബന്ദികളാക്കി. അതേസമയം, രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത്, കൂടുതല്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ ആയിരക്കണക്കിന് വരുന്ന ഇസ്‌ലാമിസ്റ്റുകളെ അന്നത്തെ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് ക്രൂരമായി അടിച്ചമര്‍ത്തി.

കരിമോവും, മേഖലയിലെ മറ്റു നേതാക്കളും പ്രതിഷേധങ്ങളെ വളരെ പെട്ടെന്ന് തന്നെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു. ദൈവഭക്തിയുള്ള മുസ്‌ലിംകള്‍ ആ ഏകാധിപതികള്‍ക്ക് ഒരു ഭീഷണി തന്നെയായിരുന്നു. ഇസ്‌ലാം മതവിശ്വാസത്തെ രാഷ്ട്രീയാധികാരത്തിന്റെ കാല്‍ചുവട്ടില്‍ നിര്‍ത്താന്‍ സോവിയറ്റ് ശൈലിയിലുള്ള മാര്‍ഗങ്ങള്‍ തന്നെയാണ് ആ ഏകാധിപതികള്‍ ഉപയോഗിച്ചത്. ഭരണകൂടത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായ എല്ലാവിധത്തിലുള്ള മതസ്വാതന്ത്ര്യവും, സാഹിത്യവും, പ്രവര്‍ത്തനങ്ങളും ഇന്ന് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. മസ്ജിദിന് പുറത്ത് മതത്തെ കുറിച്ച് സംസാരിച്ചാലോ, സര്‍ക്കാര്‍ അംഗീകരിക്കാത്ത ഖുര്‍ആന്‍ കൈവശം വെച്ചാലോ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന് മധ്യേഷ്യയിലെ മുസ്‌ലിംകള്‍ക്കുള്ളത്. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, മതം ആചരിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് മുസ്‌ലിംകളാണ് മേഖലയില്‍ പീഢിപ്പിക്കപ്പെടുകയും, ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുള്ളത്.

കിര്‍ഗിസ്ഥാനില്‍, മത പ്രഭാഷണങ്ങളുടെ ഉള്ളടക്കം സര്‍ക്കാര്‍ സൂക്ഷ്മപരിശോധന നടത്തും. അതിന് ശേഷം മാത്രമേ പ്രഭാഷണം നടത്താന്‍ പാടുള്ളു. ഉസ്‌ബെക്കിസ്ഥാനില്‍ താടി പോലും നിരോധിക്കപ്പെട്ടിരിക്കുന്നു. അവിടെ ഇസ്‌ലാമിക വസ്ത്രങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണ്, ഹലാല്‍ റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു.

ഈ അടിച്ചമര്‍ത്തലാണ് മുഖ്യധാര മുസ്‌ലിംകളെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയും, ഒരിക്കല്‍ കൂടി മതമൗലികവാദികളുടെ കൈകളില്‍ ചെന്ന് വീഴാനും ഇടയാക്കിയത്. ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം, ഇന്ന് മധ്യേഷ്യയില്‍ 2000-ത്തിനും 4000-ത്തിനും ഇടയില്‍ ആളുകള്‍ മതമൗലികവാദത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെകിസ്ഥാന്‍ താലിബാനുമായി കൈകോര്‍ത്ത് കൊണ്ട് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസൈന്യത്തിനെതിരെ പോരാടിയിരുന്നു.

മതമൗലികവാദത്തില്‍ അഭയം തേടുന്നതില്‍ നിന്ന് ഗവണ്‍മെന്റ് നേതൃത്വങ്ങളില്‍ ഇരിക്കുന്നവരും ഒഴിവല്ല. കഴിഞ്ഞ വര്‍ഷം, താജികിസ്ഥാന്റെ എലീറ്റ് പോലിസ് ഫോഴ്‌സിന്റെ തലവന്‍ ഐ.എസില്‍ ചേരുകയുണ്ടായി. ഗവണ്‍മെന്റിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയില്‍ റഷ്യയിലേക്കും, അമേരിക്കയിലേക്കും പോരാട്ടം വ്യാപിപ്പിക്കുമെന്നും പറയുന്നുണ്ട്.

കടപ്പാട്: washingtonpost
മൊഴിമാറ്റം: irshad shariathi

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics